city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡേത് കുഴിയേത്, കണ്ടുപിടിക്കാന്‍ പ്രയാസം തന്നെ: റോഡുടമകളുടെ അടിയന്തര ശ്രദ്ധയ്ക്ക്...

(www.kasargodvartha.com 30.08.2014) കണ്ടുപിടിക്കുക-റോഡേത്, കുഴിയേത് എന്ന ശീര്‍ഷകത്തില്‍ കാസര്‍കോട് വാര്‍ത്ത നടത്തിയ ഫോട്ടോ പരമ്പരയ്ക്ക് വായനക്കാരുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. നിരവധി സ്ഥലങ്ങളിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ ബോധ്യപ്പെടുത്തുന്ന ഫോട്ടോകള്‍ വായനക്കാര്‍ അയച്ചു തരികയുണ്ടായി.

അതില്‍ ചിലത് ഞങ്ങള്‍ പോസ്റ്റ് ചെയ്യുകയും അതിനെല്ലാം പ്രതികരണവും മറുപ്രതികരണവും
ഫേസ്ബുക്കില്‍ വന്നു കൊണ്ടിരിക്കുകയുമാണ്. ജില്ലയില്‍ തകരാത്ത റോഡുകള്‍ എവിടെയുമില്ല എന്ന നേരറിവാണ് ഫോട്ടോകളിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്. റോഡേത്, കുഴിയേത് എന്ന് കണ്ടുപിടിക്കാനോ, തിരിച്ചറിയാനോ പറ്റാത്ത വിധം റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്.

പണ്ട് ഇതിലൂടെ ഒരു റോഡുണ്ടായിരുന്നു എന്ന് മാത്രം പറയാവുന്ന രീതിയിലാണ് പല റോഡുകളുടേയും സ്ഥിതി. കണ്ടതിലും പറഞ്ഞതിലും ഏറെ ഭീകരമാണ് കാണാത്തതും പറയാത്തതുമായ റോഡുകളുടെ സ്ഥിതി എന്ന തിരിച്ചറിവാണ് ഈയൊരു അന്വേഷണത്തിലൂടെ ലഭിച്ച് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വേനല്‍ക്കാലത്ത് ടാര്‍ ചെയ്ത് സുന്ദരക്കുട്ടപ്പനാക്കിയ ഹൈവേ പോലും മുഖം ചുളിഞ്ഞ്, കുഴിവീണ് പടു വൃദ്ധന്റെ മുഖം പോലെ ആയിരിക്കുകയാണ്. ഭീമന്‍ കുഴികളാണ് റോഡിന്റെ നടുവിലും വശങ്ങളിലും എല്ലാം രൂപപ്പെട്ടിരിക്കുന്നത്.

ഇരു ചക്ര വാഹനങ്ങള്‍ക്ക് കുഴിയില്‍ വീഴാതെ കടന്ന് പോകണമെങ്കില്‍ സര്‍ക്കസുകാരന്‍ കമ്പിയിലൂടെ നടക്കുന്നത് പോലെയുള്ള അഭ്യാസം കാട്ടണം. ഓട്ടോ റിക്ഷകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഇതു പോലുള്ള സാഹസം കാട്ടേണ്ടി വരുന്നു എന്നതും വസ്തുതയാണ്. തകര്‍ന്ന് കിടക്കുന്നതും കുഴി വീണ് കിടക്കുന്നതുമായ റോഡിന്റെ അരികിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും നടന്ന് പോകാന്‍ ഏറെ പ്രയാസം നേരിടേണ്ടി വരുന്നു.

നഗരത്തിലെ റോഡുകളേക്കാളും ഭീകരമാണ് ഉള്‍നാടന്‍ റോഡുകള്‍. തമ്മില്‍ ഭേദം ടാര്‍ ചെയ്യാത്ത റോഡുകളാണെന്ന് വേണം പറയാന്‍. അത്തരം റോഡുകള്‍ നാട്ടുകാര്‍ തന്നെ കല്ലും മണ്ണും കൊണ്ടിട്ട് വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റുന്ന തരത്തില്‍ ആക്കിയിട്ടുണ്ട്. പാടേ തകര്‍ന്നു കിടക്കുന്ന ടാര്‍ റോഡുകളില്‍ മണ്ണും കല്ലും കൊണ്ടിട്ടാലും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. പോരാത്തതിന് റോഡിന്റെ ശോചനീയാവസ്ഥ മുമ്പത്തേതിലും വഷളാവുകയും ചെയ്യുന്നു.

നിര്‍മ്മാണത്തിലെ അപാകതയും ടാര്‍ ചെയ്യുന്നതില്‍ കാട്ടുന്ന കൃത്രിമത്വവും അനാസ്ഥയും മറ്റും റോഡുകള്‍ വേഗം തകരുന്നതിന് കാരണമാവുന്നു. മറ്റെല്ലാ മേഖലയെക്കാളും വലിയ അഴിമതിയും തട്ടിപ്പുമാണ് റോഡുകളുടെ കാര്യത്തില്‍ എന്ന സത്യം ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. തീരെ സഹികെടുമ്പോള്‍ മാത്രമാണ് വാഹന യാത്രക്കാരും ബസുടമകളും നാട്ടുകാരും പലപ്പോഴും പ്രതിഷേധവുമായി രംഗത്ത് വരുന്നത്. അപ്പോള്‍ അവരുടെ കണ്ണില്‍ പൊടിയിടാനെന്ന വണ്ണം കരിങ്കല്‍ ക്വാറയില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന കരിങ്കല്‍ പൊടി കുഴിയില്‍ വിതറി പൊടിപറത്തി സ്ഥലം വിടുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യുന്നത്. ഈ പൊടി മഴ പെയ്താല്‍ ഒലിച്ച് പോവുകയും മഴയില്ലാത്ത സമയത്താണെങ്കില്‍ കാറ്റില്‍ പറന്നു പൊങ്ങി പരിസരമാകെ പൊടിയില്‍ മൂടുകയും ചെയ്യുന്നു.

കാസര്‍കോട്-മംഗലാപുരം ദേശീയ പാത, കാസര്‍കോടു നിന്ന് ചെര്‍ക്കള-മാവുങ്കാല്‍-കാഞ്ഞങ്ങാട് വഴി കാലിക്കടവിലേക്ക് പോകുന്ന പാത, ചന്ദ്രഗിരി റോഡ്, കുമ്പള-ബദിയഡുക്ക റോഡ്, ചെര്‍ക്കള-ബദിയഡുക്ക- പെര്‍ള റോഡ് തുടങ്ങി ഒട്ടുമിക്ക റോഡുകളും പാതാളക്കുഴികള്‍ വീണ് തകര്‍ന്ന് തരിപ്പണമായിക്കിടക്കുകയാണ്.

ഈയിടെ കേന്ദ്ര സര്‍വ്വകലാശാല കെട്ടിടം ഉദ്ഘാടനത്തിന് പെരിയയിലേക്ക് രാഷ്ട്രപതി വരുന്നത് പ്രമാണിച്ച് മംഗലാപുരത്ത് നിന്ന് പെരിയ വരെയുള്ള റോഡിലെ പ്രധാന കുഴികള്‍ നികത്തിയിരുന്നുവെങ്കിലും പിന്നീടുണ്ടായ മഴയില്‍ റോഡ് ഒലിച്ച് പോകുന്ന കാഴ്ച്ചക്കാണ് നാട്ടുകാര്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.

മധൂര്‍-വിദ്യാനഗര്‍-നെല്‍ക്കള കോളനി റോഡ്, എരിയാല്‍-കാവുഗോളി ജി.എല്‍.പി സ്‌കൂള്‍ റോഡ്, ഉര്‍മി പള്ളം റോഡ്, കളനാട്-ചട്ടഞ്ചാല്‍ റോഡ്, ഉളുവാര്‍-ബായിക്കട്ട-പൂക്കട്ട റോഡ്, തെരുവത്ത് ടി.ഉബൈദ് റോഡ്, ഉദുമ നാലാം വാതുക്കല്‍ റോഡ്, പട്‌ല പി.പി നഗര്‍ റോഡ്, കുമ്പള ടൗണ്‍, പച്ചമ്പള-കയ്യാര്‍-ബന്തിയോട്-ധര്‍മ്മത്തടുക്ക റോഡ്, പുലിക്കുന്ന്-കൊറക്കോട് റോഡ് തുടങ്ങി
അനവധി റോഡുകളുടെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോകളാണ് വായനക്കാര്‍ ഞങ്ങള്‍ക്കയച്ച് തന്നത്.

ശരിക്കും റോഡും കുഴിയും തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ള കാഴ്ചകളാണ് ആ ഫോട്ടോകള്‍ കാണിച്ച് തരുന്നത്. കാസര്‍കോട് ടൗണിന്റെ പല ഭാഗത്തും റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് ബസുകളുടെ പാര്‍ക്കിംഗ് ഏരിയ നിറയെ കുഴികളാണ്. കാഞ്ഞങ്ങാട്ടും നീലേശ്വരവും ചെറുവത്തൂരും തൃക്കരിപ്പൂരും സ്ഥിതി വ്യത്യസ്തമല്ല.  കാസര്‍കോട്ട്‌ ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയ കിടങ്ങ് പോലെ കുഴികള്‍ നിറഞ്ഞ് കിടക്കുകയാണ്. ഇതിലൂടെ ബസുകള്‍ കടന്ന് പോകുമ്പോള്‍ യാത്രക്കാരുടെ നടുവൊടിയുന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്കുള്ള കുറച്ച് ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് തങ്ങളുടെ ദൗത്യം പൂര്‍ത്തിയായെന്ന ആശ്വാസത്തിലാണ് നഗരസഭാ അധികൃതര്‍. ബസുടമകളുടെ ഭാഗത്ത് നിന്ന് നിരന്തരം സമ്മര്‍ദ്ദമുണ്ടാവുകയും ഒടുവില്‍ റോഡ് നന്നാക്കാതെ ബസുകള്‍ സ്റ്റാന്‍ഡിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ബസുടമകള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു കോണ്‍ക്രീറ്റ് പണികള്‍.

പി.ഡബ്ല്യൂ.ഡി, നാഷണല്‍ ഹൈവേ വിഭാഗം, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവരാണ് റോഡുകള്‍ നന്നാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍. റോഡുകളെല്ലാം ഓരോരുത്തര്‍ക്കായി വീതിച്ച് നല്‍കിയിട്ടുമുണ്ട്. റോഡിന് പേരിടാന്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബന്ധപ്പെട്ടവരെ കൊണ്ട് റോഡുകള്‍ നന്നാക്കിപ്പിക്കുവാന്‍ ഉത്തരവാദിത്തമുണ്ട്. അവര്‍ അത് ചെയ്യുന്നില്ലെങ്കില്‍ ജനങ്ങളില്‍നിന്ന് അകന്ന് പോവുകയേയുള്ളൂ.

ചില സന്നദ്ധ സംഘടനകളും ക്ലബ് പ്രവര്‍ത്തകരുമാണ് ചിലപ്പോള്‍ റോഡുകളുടെ കുഴിയടച്ച് തങ്ങളുടെ സാമൂഹ്യ ബോധം പ്രകടമാക്കുന്നത്. തകര്‍ന്ന റോഡുകളിലൂടെയുള്ള യാത്ര അപകടവും അപകട സാധ്യതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ ഒരു സ്ഥിതിയിലാണ് മാവേലി മന്നന്‍ ഇപ്രാവശ്യം തന്റെ പ്രജകളെ കാണാന്‍ നാട്ടിലെത്തുന്നത്.

റോഡുകള്‍ എത്രയും പെട്ടെന്ന് നന്നാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കണ്ടുപിടിക്കുക- റോഡേത് കുഴിയേത് എന്ന കാമ്പെയിനിലൂടെ ഞങ്ങള്‍, വായനക്കാര്‍ക്ക് വേണ്ടി ബന്ധപ്പെട്ട എല്ലാ അധികാരികളോടും ആവശ്യപ്പെടുന്നത്.
റോഡേത് കുഴിയേത്, കണ്ടുപിടിക്കാന്‍ പ്രയാസം തന്നെ: റോഡുടമകളുടെ അടിയന്തര ശ്രദ്ധയ്ക്ക്...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:

Keywords:  Kasaragod, Kerala, Road, Photo, Bike, Auto-rickshaw, Readers, Party, Concrete, Peoples, Bus, New bus stand, Parking, 



Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia