Memories | കാടങ്കോട്ടെ ക്ലാസ് മുറിയിൽ നിന്നും സിനിമാ ലോകത്തേക്ക് പറന്ന അഷ്‌റഫ്; കാലം മായ്ക്കാത്ത ഗുരുശിഷ്യ ബന്ധത്തിൻ്റെ ഹൃദയസ്പർശിയായ ഓർമകൾ
● അഷ്‌റഫ് ക്ലാസ്സിൽ താളം പിടിച്ചിരുന്നതിനാൽ പലപ്പോഴും പുറത്താക്കപ്പെട്ടു.
● ഗുരു അഷ്‌റഫിന്റെ സംഗീത കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചു.
● അഷ്‌റഫ് ഇന്ന് പ്രശസ്ത സിനിമാ പിന്നണി ഗായകനാണ്.
● ഗുരുവിന്റെ പ്രോത്സാഹനം അഷ്‌റഫിന്റെ വളർച്ചക്ക് കാരണമായി.
കൂക്കാനം റഹ്‌മാൻ
(KasargodVartha) വർഷങ്ങൾക്കപ്പുറമുള്ള മധുരോർമ്മകൾ മനസ്സിന്റെ ചെപ്പിലെ മധുരമായി പൊതിഞ്ഞു സൂക്ഷിക്കുകയും അവസരം കിട്ടുമ്പോഴൊക്കെ അതയവിറക്കുകയും ചെയ്യുക എന്നത് ചിലർക്കിടയിൽ വല്ലാത്ത സന്തോഷം നൽകുന്ന ഒന്നാണ്. അതിൽ പെടുന്ന ഒരാളാണ് എന്റെ പ്രിയ ശിഷ്യൻ അഷ്‌റഫ് പയ്യന്നൂർ. മാർച്ച് 17ലെ കൂടിക്കാഴ്ചയിൽ കൂടെ 1980ലെ കാടങ്കോട് ഫിഷറീസ് ഹൈസ്കൂളിലെ ഓർമ്മ അവൻ പൊടി തട്ടിയെടുത്തു. കരിവെള്ളൂർ ബസാറിലെ തേളപ്രത്ത് നബീസുമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അവിടെ എത്തിപ്പെട്ടവരായിരുന്നു ഞങ്ങൾ.
അമ്പത് വർഷം മുമ്പ് ക്ലാസുമുറിയിൽ കണ്ട ആളായിരുന്നില്ല അവൻ. താടിയും മുഖവും രൂപവും ഭാവവും ഒക്കെ മാറി. ആദ്യം കണ്ടപ്പോൾ എനിക്കാളെ മനസ്സിലായതേയില്ല. പരിചയപ്പെടുത്തിയപ്പോഴാണ് ഓർമ്മകളോരോന്നും മനസ്സിനെ തലോടിക്കൊണ്ട് കടന്നു വന്നത്. ചെറുവത്തൂരിലെ ഡോ. മുഹമ്മദലിയുടെയും തുരുത്തിയിലെ അഡ്വ. ഷുക്കൂറിൻ്റെയും കൂടെ പഠിച്ചവനാണിവൻ. എന്നെ അടുത്തിരുക്കൊണ്ട് അഷറഫ് പി കുഞ്ഞിക്കണ്ണനോട് പഴയ ഓർമ്മകൾ പങ്കിട്ടു കൊണ്ടിരുന്നു.
'മാഷിന്റെ ക്ലാസിൽ എന്നും ബഹളം വെക്കുന്ന കുട്ടി ഞാനായിരുന്നു. മാഷ് ക്ലാസെടുത്തു കൊണ്ടിരിക്കുമ്പോൾ ഡസ്ക്കിൽ താളം പിടിച്ചു കൊണ്ട് ആസ്വദിക്കുകയായിരിക്കും ഞാൻ. അത് കരുതിക്കൂട്ടി ചെയ്യുന്നതല്ലായിരുന്നു. താളം എന്നിൽ അലിഞ്ഞു ചേർന്ന ഒരു വികാരമായിരുന്നു. പക്ഷെ അത് കേൾക്കുമ്പോൾ മാഷിന് ദേഷ്യം വരും. എന്നെ ക്ലാസിന് പുറത്തു നിർത്തും. മാഷിൻ്റെ പിരീഡുകഴിഞ്ഞാൽ ഞാൻ ക്ലാസിൽ കയറും. ഇങ്ങിനെ ഒരു തവണയല്ല പല തവണ മാഷിൻ്റെ ദേഷ്യത്തിന് ഞാൻ പാത്രീഭൂതനായിട്ടുണ്ട്.
പഠനത്തോടൊപ്പം ഗാനമൽസരങ്ങളിൽ ഞാനെന്നും ഒന്നാം സ്ഥാനക്കാരനായിരുന്നു. അത് കണ്ടതോടെ എൻ്റെ കഴിവ് മനസ്സിലാക്കി മാഷ് പലപ്പോഴും പ്രോത്സാഹിപ്പിച്ചു സംസാരിച്ചിട്ടുണ്ട്. ക്ലാസിൽ ചിട്ടയോടെ ഇരിക്കാൻ സ്നേഹത്തോടെ നിർദ്ദേശിക്കും. അതങ്ങനെ കൂടി വന്നപ്പോൾ ഞാൻ നല്ല കുട്ടിയായിരിക്കാൻ ശ്രമിച്ചു തുടങ്ങി. ക്രമേണ ഞാൻ അറിയപ്പെടുന്ന ഒരു പാട്ടുകാരനായി മാറാൻ തുടങ്ങി. പല സ്ഥലങ്ങളിൽ നിന്നും സമ്മാനങ്ങൾ ലഭിച്ചു തുടങ്ങി.
ഒടുവിൽ എൻ്റെ നാട്ടിലെ ക്ലബ്ബ് എന്നെ അനുമോദിക്കാൻ ഒരു ചടങ്ങു വെച്ചു. റഹ് മാൻ മാഷിനെയാണ് പരിപാടി ഉൽഘാടനം ചെയ്യാൻ ക്ഷണിച്ചത്. ചടങ്ങിൽ എന്നെ പൊന്നാടയണിയിച്ച് ആദരിക്കുന്നതും മാഷ് തന്നെ. അത് കേട്ടപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായി. പല പ്രാവശ്യം ക്ലാസിലെ ശല്യക്കാരനായ എന്നെ പുറത്താക്കിയ ഗുരുനാഥൻ എന്നെ പൊതു സ്ഥലത്തു വെച്ച് പൊന്നാട അണിയിക്കുകയാണ്. അതിൽ പരം സന്തോഷം എന്ത് വേണം'.
ഇത്രയും കേട്ടപ്പോഴേക്കും എൻ്റെ ചിന്ത കാടങ്കോട് ഗവ: ഫിഷറീസ് ഹൈസ്കൂളിലെത്തി. ശല്യക്കാരനായ അഷറഫ് എന്ന കുട്ടി മുന്നിൽ നിൽക്കുന്നതായി തോന്നി. എത്ര തന്മയത്വത്തോടെയാണ് ആ വിദ്യാലയ കാലത്തെ ഓർമ്മകൾ അവൻ കാത്തുസൂക്ഷിച്ചതും പങ്കിടുന്നതും. അതോർത്തപ്പോൾ എനിക്കും വല്ലാത്ത സന്തോഷം തോന്നി. അവനിന്ന് പേരു കേട്ട സിനിമാ പിന്നണി ഗായകനാണ്. ആകാശവാണിയിലും ചാലനുകളിലും ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ന് സ്വന്തമായി റിക്കാർഡിംഗ് സ്റ്റുഡിയോയുണ്ട്.
അവൻ്റെ വളർച്ചയിൽ എനിക്ക് അഭിമാനം തോന്നി. കുഞ്ഞുങ്ങളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ തിരിച്ചറിയാൻ പറ്റാതെ പോവുന്നതിനെക്കുറിച്ച് സ്വയം ശപിച്ചു. ഏതായാലും അവൻ എന്നെ വെറുത്തില്ലല്ലോ, മനസാ പൂജിക്കുകയല്ലേ. അതല്പം ആശ്വാസം തന്നു. എന്റെ ഓരോ പുറത്താക്കലും കുറേക്കൂടി കരുത്തുനേടാൻ അവനെ സന്നദ്ധമാക്കി. തളർന്നു പോകാതെ പൊരുതി വിജയിച്ചു. പ്രിയപ്പെട്ട അഷറഫ് ഇന്ന് നിന്റെ വളർച്ച കാണുമ്പോൾ നീ എന്റെ ശിഷ്യനായതിൽ വല്ലാത്ത അഭിമാനം തോന്നുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Ashraf’s journey from a playful student to a renowned playback singer highlights the impact of mentorship and unforgettable memories from school days.
#Ashraf #TeacherStudentBond #PlaybackSinger #Kadankode #Memories #Mentorship