നാടിന്റെ വഴിവിളക്കായിരുന്ന കന്യാപ്പാടി ബി എ ഇബ്രാഹിം ഹാജി
Jun 21, 2012, 15:46 IST
B.A Ibrahim Haji |
പറഞ്ഞ് കേട്ടവര്‍ക്ക് അദ്ദേഹം കന്യാപ്പാടി ഇബ്രാഹിംച്ചയായിരുന്നു. പരിചയപ്പെട്ടവര്‍ക്ക്, വിനയവും ലാളിത്യവും നിറഞ്ഞ മനുഷ്യനായിരുന്നു. എന്നാല്‍, അടുത്തറിയുന്നവര്‍ക്ക് മുന്നില്‍ മനുഷ്യസ്‌നേഹത്തിന്റെ, സാമൂഹിക സമര്‍പ്പണത്തിന്റെ, വികസനകാഴ്ചപ്പാടുകളുടെ സമാനതകളില്ലാത്ത ജീവിതം അദ്ദേഹം തുറന്നുവെച്ചു. സ്വാര്‍ത്ഥചിന്തകളില്ലാതെ, സദാ കര്‍മനിരതമായിക്കൊണ്ടിരിക്കുന്ന ആ ജീവിതം സമൂഹത്തിന്റെ താഴേത്തട്ടില്‍ കഷ്ടപ്പെടുന്നവരെപ്പറ്റി എന്നും ആശങ്കപ്പെട്ടുകൊണ്ടേയിരുന്നു. അവരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങളെ, പുതുജീവിത സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍ യത്‌നിച്ചു. നമ്മെയൊക്കെ അത്ഭുതപ്പെടുത്തുന്ന നിഷ്ടകളായിരുന്നു ആ ജീവിതത്തെ വേറിട്ടതാക്കിയത്.
ചെറുപ്പംതൊട്ടേ ഒതുങ്ങിക്കൂടാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയവും സാമൂഹികവുമായ കര്‍മ്മമണ്ഡലങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു കൊണ്ടേയിരുന്നു. പിതാവിനൊപ്പം സീതാംഗോളിയില്‍ പലചരക്ക് കച്ചവടവുമായി മുന്നോട്ടു പോകുമ്പോഴാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വന്നത്. പിന്നെ, കച്ചവടത്തേക്കാളും താല്‍പര്യം സമൂഹവും അതിലെ പ്രശ്‌നങ്ങളുമായി. അതിനുശേഷം വ്യാപാര ആവശ്യങ്ങളുമായി മുംബൈയില്‍ സ്ഥിരതാമസമാക്കി. അവിടെ വെച്ച് വെല്‍ഫെയര്‍ ലീഗിന്റെ സജീവ പ്രവര്‍ത്തകനായി മാറി. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ അലസത എന്ന വാക്കിന് സ്ഥാനമില്ലായിരുന്നു. എപ്പോഴും പ്രവര്‍ത്തിച്ച് കൊണ്ടേയിരിക്കാന്‍ അദ്ദേഹം താത്പര്യപ്പെട്ടു. ആ കാലത്ത് സി എച്ച് മുഹമ്മദ് കോയയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാനമായ വഴിത്തിരിവായി മാറി.
നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം മുസ്ലിം ലീഗില്‍ സജീവമായി. ബദിയഡുക്ക പഞ്ചായത്തില്‍ മുസ്ലിംലീഗിന് വേരോട്ടമുണ്ടാക്കുന്നതിലും വളര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായും, ജില്ലാ കൗണ്‍സിലറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ, തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒരിടത്തും സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല എന്ന് തറപ്പിച്ച് പറയാന്‍ കഴിയും. രോഗബാധിതനായിരുന്ന നേരത്ത് തന്നെ കാണാനെത്തിയവരോടും അദ്ദേഹം പ്രസ്ഥാനത്തെപ്പറ്റിയും പൊതുകാര്യങ്ങളെക്കുറിച്ചും ചോദിച്ചു. അദ്ദേഹത്തിന്റെ കൂടി അധ്വാനത്തില്‍ ബദിയഡുക്ക പഞ്ചായത്തില്‍ മുസ്ലിംലീഗ് നേടിയ വളര്‍ച്ച അദ്ദേഹത്തെ ഏറെ ആഹ്ലാദിപ്പിച്ചിരുന്നു. പൊതുപ്രവര്‍ത്തനത്തിലെ ആദ്യ ഘട്ടത്തില്‍ തന്നെ ചെര്‍ക്കളം അബ്ദുല്ല, ടി എം കുഞ്ഞി തുടങ്ങിയവരുമായും ഇദ്ദേഹം സൗഹൃദം സ്ഥാപിച്ചിരുന്നു.
കുമ്പഡാജെയില്‍ എട്ട് പെണ്‍കുട്ടികള്‍ക്കുള്ള ഒരു കുടുംബത്തിന്റെ ദുരിതത്തെപ്പറ്റിയുള്ള വാര്‍ത്ത സായാഹ്നപത്രത്തില്‍ വന്നു. ആ വാര്‍ത്ത വായിച്ച് അവരെ സഹായിക്കാന്‍ അദ്ദേഹം കാണിച്ച ഉത്സാഹം, ഇന്നു ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നു. മതരാഷ്ട്രീയഭേദമന്യേ എല്ലാ മനുഷ്യരെയും സഹായിക്കാന്‍ അദ്ദേഹം മുമ്പന്തിയായിരുന്നു. പക്ഷെ, അതൊന്നും ഒരു വാര്‍ത്തയാക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.
സമൂഹത്തിന് വേണ്ടി സമര്‍പ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. ഇതിലേക്ക് തന്റെ കുടുംബത്തെ കൂടി ചേര്‍ത്ത് നിര്‍ത്താന്‍ അദ്ദേഹം മറന്നിരുന്നില്ല. അങ്ങനെയൊരു അസുലഭ സൗഭാഗ്യം കൂടി അദ്ദേഹം നാടിന് സമ്മാനിച്ചാണ് കടന്നുപോയത്.
ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം സെക്രട്ടറിയായ സലാം കന്യാപ്പാടി, ഒ ഐ സി സി ജില്ലാ സെക്രട്ടറി നൗഷാദ്, കെ എം സി സി പ്രവര്‍ത്തകനായ മുഷ്ത്താഖ് എന്നീ മക്കളിലൂടെ അദ്ദേഹം കാഴ്ച്ചവെച്ച പ്രവര്‍ത്തനങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും മരണമുണ്ടാവില്ലെന്ന് ഉറപ്പാണ്.
സുന്നിസ്ഥാപനങ്ങള്‍, ജമാഅത്ത് കമ്മിറ്റി, വിദ്യാഭ്യാസ സംരംഭങ്ങള്‍ തുടങ്ങിയവയുടെ അമരത്തിരുന്നുകൊണ്ടാണ് അദ്ദേഹം നമ്മുടെ നാടിനെ നന്മയിലേക്ക് നയിച്ചത്. ഒരു പുരുഷായുസ് മുഴുവന്‍ വിശ്രമമില്ലാതെ ജനങ്ങള്‍ക്കിടയിലൂടെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന ആ മഹാമനസ്‌കത തുളുമ്പുന്ന അദ്ദേഹത്തിന്റെ ഓര്‍മകളെ കാലത്തിന് പോലും കെടുത്താനാകില്ല.
- മാഹിന്‍ കേളോട്ട്
Keywords: Kasaragod, Mahin Kelot, Kannyapadi B.M Ibrahim Haji, Article.