city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആട്ടക്കാരും ജാതി വ്യവസ്ഥ നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നു

നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍
തെയ്യങ്ങള്‍ വിശ്വാസങ്ങള്‍ക്കുമപ്പുറത്തേക്ക് വാള്‍ വീശുമ്പോള്‍-3

(www.kasargodvartha.com 23.05.2018) പാലക്കുന്ന് കഴകത്തില്‍പെട്ട പ്രാദേശിക ഗ്രാമമാണ് ചാത്തങ്കൈ. കര്‍ക്കടകത്തില്‍ വീട്ടില്‍ കുടിയേറിയ മുശ്ശേട്ടയെ തുരത്തുക എന്ന വിശ്വാസത്തിന്റെ ഭാഗമായി തെയ്യക്കാര്‍ക്കുള്ള അഷ്ടിക്കു വക കണ്ടെത്താന്‍ കള്ളക്കര്‍ക്കടകം പതിനെട്ടു കഴിഞ്ഞാല്‍ ആടിയും വേടനും ഇറങ്ങും. ജാതി വ്യവസ്ഥ മൂര്‍ത്തമായ കാലത്തെ നാടുവാഴിയുടെ കല്‍പ്പനയായിരുന്നു അത്. നായര്‍, വാണിയ, തീയ്യ തുടങ്ങി കീഴ്‌പ്പോട്ടു ജാതി തരം തിരിച്ചു മാത്രമേ അന്നത്തെ കാലത്ത് തെയ്യാട്ടത്തിനു അനുമതി ലഭിച്ചിരുന്നുള്ളു. നാടുവഴിയുടെ തിരുവാക്കിനു എതിര്‍ വാ പാടില്ലല്ലോ.

കാലം മാറി. ഇന്നും ഈ തിട്ടുരം തുടരുകയാണ് ചാത്തംങ്കൈയില്‍. ഇന്നത്തെ കാലത്ത് പൊതുവേ ന്യൂനപക്ഷങ്ങളായി തീര്‍ന്നു വരുന്ന നായര്‍ നാലുകെട്ടിലെ ആട്ടം കഴിഞ്ഞ് തൊട്ടടുത്ത തീയ്യപുരയും, അടിയാപ്പട്ടവും, വാണിയംവീടും(നോക്കണം, താമസിക്കുന്ന വീടിനു പോലും ജാതി തിരിച്ചുള്ള പേര്‍വിളിയുണ്ടായിരുന്നു) വകഞ്ഞു മാറ്റി അടുത്ത സവര്‍ണനെ ലക്ഷ്യം വെച്ച് തെയ്യാട്ട സംഘം നീങ്ങും. ജാതി വ്യവസ്ഥയില്‍ മാറ്റം കാംക്ഷിക്കുന്ന ചാത്തങ്കൈയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഇതിനെ എതിര്‍ത്തു. ജാതി വകതിരിച്ച് ആടുന്നത് നിര്‍ത്തുന്നില്ലെങ്കില്‍ ഇനിമുതല്‍ തീയ്യപുരയില്‍ ആട്ടം വേണ്ടാ എന്ന് അവര്‍ കട്ടായം പറഞ്ഞു. ഇപ്പോള്‍ മുന്നു വര്‍ഷത്തോളമായി മലയ സമുദായം ക്ഷേത്ര കഴകത്തിലെ ചാത്തങ്കെ പരിധിയിലെ തീയ്യപുരയില്‍ കര്‍ക്കട തെയ്യാട്ടമില്ല. ജാതി വ്യവസ്ഥ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന തെയ്യാട്ടത്തിന്റെ ചുമതലക്കാരായ പെരുമലയനും തെയ്യാട്ടത്തിലുടെ കഴിവു തെളിയിച്ച പണിക്കര്‍മാരും ജാതി വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുന്നതിനെ എതിര്‍ക്കുന്നു. പണ്ട് അത്താഴ പഷ്ട്ണി അകറ്റാനാണ് തെയ്യാട്ടമെങ്കില്‍ ഇന്ന് വിശ്വാസങ്ങള്‍ അവര്‍ക്ക് സമ്പാദ്യത്തിനുള്ള മുലധനമാണ്. ഇന്ന് കര്‍ക്കടക തെയ്യാട്ടം ആടിയിട്ടു വേണ്ട അവര്‍ക്ക് കഴിഞ്ഞു കൂടാന്‍. സമ്പാദ്യത്തിനു വയനാട്ടു കുലവന്റെ മഹോല്‍സവങ്ങള്‍ കൊല്ലത്തില്‍ ഒന്നു തന്നെ ധാരാളം.

ആട്ടക്കാരും ജാതി വ്യവസ്ഥ നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നു

മദ്യ ഉപഭോഗ ആസക്തിയില്‍ നിന്നും പൊതു സമുഹത്തെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തിനോട് തെയ്യം കല വിയോജിക്കുന്നു. കലശം എന്ന മദ്യ പ്രസാദത്തിന്റെ പരസ്യമായ ഉപഭോഗം അതിനുദാഹരണമാണ്. പരസ്യ മദ്യപാനം നിയമം മുലം നിരോധിക്കപ്പെട്ട ഒരു സംസ്ഥാനത്തെ ആചാരങ്ങള്‍ മദ്യസേവയെ ന്യായീകരിക്കുന്നു. അവ ഉത്സവ വേളകളില്‍ അടക്കം പരസ്യമായി ഉപയോഗിക്കപ്പെടുന്നു. രാവു പകലാക്കി മദ്യ രസത്തില്‍ സ്വയം മറന്ന് ഏതോ സ്വപ്ന ലോകത്ത് വിഹരിക്കുന്ന ഭക്തരെ തെയ്യോത്സവങ്ങളുടെ പരിസരങ്ങളില്‍ കുഴഞ്ഞും, തലകുത്തിയും, പാമ്പായി കിടക്കുന്നതു കാണാം.

മദ്യ സേവക്കു ശേഷം പാകം ചെയ്തു കിട്ടുന്ന മാംസം പ്രസാദമായി അംഗീകരിക്കപ്പെടുന്നു. കോഴിയെ കഠിനമായി പീഡിപ്പിച്ചതിന് ശേഷം കടിച്ചു പറിക്കുകയും തുടര്‍ന്ന് കഴുത്തറുത്ത് ചോരകൂടി കുടിക്കുകയും, തൂവലോട് കൂടിയ പച്ച ഇറച്ചി കടിച്ചു പറിച്ചു തിന്നുന്നതും കാണാം. പരിപാവനമാകേണ്ടുന്ന ദേവസ്ഥാനത്തിന്റെ തിരുമുറ്റത്ത് വെച്ച് രക്തം കലര്‍ന്ന ഗുരുസി തെയ്യത്തിന്റെ രൂപം പ്രാപിച്ച ദൈവം തേവുമ്പോള്‍ ഭക്തര്‍ കൈക്കുപ്പി വന്ദിക്കുന്നു. ഇത് അതിപ്രാചീനവും ശിലായുഗ സംസ്‌കാരവുമാണ്. സവര്‍ണ ജാതിക്കാരായ ബ്രാഹ്മണന്‍ തൊട്ട് നായര്‍ വരെ, അവര്‍ കൂടി ഉള്‍ക്കൊള്ളുന്ന ജന്മിയേയും മൂര്‍ത്തിയേയും ആരാധിച്ചില്ലെങ്കില്‍ ഇതായിരിക്കും ഫലം എന്ന ഭീഷണിയിലൂടെയാണ് ഗുരുസിയുടെ മനശാസ്ത്രം കടന്നു പോകുന്നത്. ഇന്ന് സമുഹം മാറി. ജാതിയുടേയും, അടിമത്വത്തിന്റെയും ഭീഷണി നിലനില്‍ക്കുന്നില്ല. അതുകൊണ്ടു തന്നെ അത്തരം ആചാരങ്ങള്‍ അപ്രസക്തമാകേണ്ടിയിരിക്കുന്നു. ദൈവപ്രീതിക്കായി ഇന്നും ഇത്തരം ആചാരങ്ങള്‍ പിന്തുടരുന്നത് പ്രോല്‍സാഹ ജനകമോ എന്ന് ആത്മീയ വാദികള്‍ ആലോചിക്കണം. പണ്ഡിത സദസുകളില്‍ ചര്‍ച്ചയായി ഉയര്‍ന്നു വരണം.

അനുഷ്ഠാന കല എന്ന പ്രത്യേകത ഉണ്ടെങ്കില്‍ പോലും കൂലി കൊടുത്തു ആടിക്കുന്ന ഒരു കലമാത്രമാണ് തെയ്യം. തെയ്യക്കാരന്‍ എന്നാല്‍ ആ ജോലി ഉപജീവനമാക്കുന്നവന്‍ എന്നേ പുതിയ യുഗത്തില്‍ അര്‍ത്ഥമാക്കേണ്ടതുള്ളു. ഈ കല ആസ്വാദകന്റെ ശ്രേയസിനും, ശാന്തിക്കും വേണ്ടി വേണം പ്രയോജനപ്പെടാന്‍. തെയ്യം കെട്ടിയ നടന്‍ വായ്ക്കുരയിട്ടാടുന്നത് ഗുണം വരണം എന്ന ആശയത്തിനു വേണ്ടിയായിരിക്കണം. അതില്‍ ഭീഷണിയുടെ തരിമ്പു പോലും പാടില്ല. 'തെയ്യം എന്ന ദൃശ്യകല' എത്ര മനോഹരമാണത്. എന്ത് സൗന്ദര്യമാണതിന്. തെയ്യം എന്നാല്‍ ദൈവം എന്നാണ് വിവക്ഷ. നമ്മുടെ ദൈവങ്ങള്‍ക്ക് ഇത്രമാത്രം സൗന്ദര്യമുണ്ടായിരുന്നുവോ എന്നു തോന്നിപ്പോകും തെയ്യം കണ്ടാല്‍.

ഈ കുറിപ്പിനെ വ്യത്യസ്ഥ കാഴ്ച്ചപ്പാടുകളോടു കൂടി കാണുന്നവര്‍ കാണും. തെയ്യം അതിമനോഹരവും, ദൃശ്യമധുരം നിറഞ്ഞു തുളുമ്പുന്നതുമാണെന്നും, ആ അര്‍ത്ഥത്തില്‍ ആസ്വദിക്കാനുള്ള അവസരമാണ് വര്‍ദ്ധിച്ചു വരേണ്ടത് എന്ന പക്ഷക്കാരും കുറവല്ല. വെട്ടിനും കുത്തിനും ശിക്ഷിക്കാനും, ശാപത്തിന്റെ പേരില്‍ കുടുംബം കലക്കാതെ സമാധാനത്തിനു പ്രത്യാശക്കും, മനസുഖത്തിനും വേണ്ടി വേണം തെയ്യാട്ടങ്ങള്‍ നിലകൊള്ളേണ്ടതെന്ന വാദത്തിനു ശക്തി പ്രാപിച്ചു വരുന്നു. തില്ലങ്കേരിയിലെ ഒരു വിഭാഗം അവിടെ സ്വീകരിച്ച നിലപാട് അതാണ്. തെയ്യാട്ടക്കാരന്‍ മനോജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വാശി പിടിച്ചത് അവരാണ്.

തെയ്യങ്ങള്‍ നഗരസഭ എന്ന പേരില്‍ കരകള്‍ കേന്ദ്രീകരിച്ചാണ് നടത്താറ്. പഴയ കാലത്തെ ഒരു കരാധികാരിയായ ജന്മിക്കുവേണ്ടി നടത്തപ്പെടുന്ന തെയ്യത്തോടനുബന്ധിച്ച് കോഴിക്കെട്ട്, ചീട്ടു കളി, മദ്യസേവ, ചൂതാട്ടം, കരക്കാര്‍ തമ്മില്‍ അടി എന്നിവ ഉണ്ടാകാറുണ്ട്. നാടുവാഴികളുടേയും ജന്മിമാരുടേയും താല്‍പ്പര്യങ്ങളാണ് ഇതിനു കാരണം. രണ്ടു കരക്കാര്‍ തമ്മില്‍ ആശയ വ്യതിയാനം നിലനില്‍ക്കേണ്ടതും, അതിനു വേണ്ടി കരക്കാര്‍ തമ്മില്‍ പോരടിക്കേണ്ടതും നാടുവഴിയുടെ ആവശ്യവും, അടവുനയങ്ങളുമാണ്. അക്കാര്യം പഴമക്കാര്‍ മനസിലാക്കിയിരുന്നില്ല, അല്ലെങ്കില്‍ പ്രതികരിക്കാന്‍ കൈയ്യില്‍ കോപ്പുകളുണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. പിന്നീട് കാലം മാറിയപ്പോള്‍ എന്തെ ഇവിടെ മാത്രം അനാചാരങ്ങള്‍ നിലനിന്നു പോന്നു?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha Rajan, Theyyam, Rituals, Religion, Article of prathibha rajan on theyyam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia