city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിലരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നല്ലതാണ്; അവരിലൊരാളാണ് നമ്മോടൊപ്പമുള്ള അബ്ബാസ് മാസ്റ്റര്‍

അസ്ലം മാവില

(www.kasargodvartha.com 06.04.2018) ഒരു മനുഷ്യനെ പരിചയപ്പെടുത്താം. പരിചയപ്പെടുത്തലുകളാവശ്യമില്ലാത്ത ഒരാളെ. നാടിന്റെ സ്പന്ദനം നാഡീമിടിപ്പ് പോലെ അറിയുന്ന വ്യക്തി. വാര്‍ദ്ധക്യത്തിലും ക്ഷുഭിത യൗവ്വനത്തിന്റെ ഊര്‍ജസ്വലതയുള്ള ഒരാള്‍. ജാഡയില്ലാത്ത പച്ചമനുഷ്യന്‍. സേവനമേഖലയില്‍ തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയ മനീഷി.

ഒരു കാലത്ത് അദ്ദേഹം പട്‌ല സ്‌കൂളിന്റെ ഊടും പാവുമായിരുന്നു. ഉയിരും ഊര്‍ജ്ജവുമായിരുന്നു. സ്വപിതാവും മറ്റു രണ്ട് ഉദാരമതികളും സര്‍ക്കാറിന് കൈമാറിയ വിദ്യാഭ്യാസ സ്ഥാപനത്തെ, അത് നാട്ടുകാരെ ഏല്‍പിച്ചു എന്നതിന്റെ പേരില്‍ അങ്ങിനെ തന്നെ വിട്ടേച്ച് പോകാതെ ദീര്‍ഘകാലം പട്‌ല സ്‌കൂളിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തി. അബ്ബാസ് മാസ്റ്ററെ കുറിച്ച് പറയാന്‍ ഒരുപാടൊരുപാട്.

ചിലരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നല്ലതാണ്; അവരിലൊരാളാണ് നമ്മോടൊപ്പമുള്ള അബ്ബാസ് മാസ്റ്റര്‍

പി ടി എയുടെ ഭരണസാരഥ്യം ഒസ്യത്ത് പോലെ, ദീര്‍ഘകാലമദ്ദേഹമേറ്റെടുത്തു. പകുതി വഴിക്ക് ഉത്തരവാദിത്വമൊഴിയാതെ നീണ്ടകാലം സ്‌കൂള്‍ വികസനത്തിന് മുന്നില്‍ ധൈര്യസമേതം നടന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്ററെ വരെ മദ്രസ്സയുടെ കുടുസ്സായ ഒരൊഴിഞ്ഞ മുറിയില്‍ താമസിപ്പിച്ചിരുന്ന കാലമായിരുന്നു അത്. അധ്യാപകരുടെ അപര്യാപ്തത, ഉള്ള അധ്യാപകരില്‍ തന്നെ ഇവിടെയുള്ള അസൗകര്യങ്ങളോടുള്ള പൊരുത്തക്കേടുകള്‍, കുട്ടികളുടെ ദയനീയമായ ഹാജര്‍ നില, രക്ഷിതാക്കളുടെ നിരുത്തരവാദിത്തപരമായ സമീപനം, പഠനത്തില്‍ കുട്ടികള്‍ കാണിക്കുന്ന അശ്രദ്ധ... ഇതൊക്കെ വലിയ വെല്ലുവിളികളായിരുന്നു.

1970 കളുടെ അവസാനം എന്റെ ഓര്‍മ്മയിലുണ്ട്. നമ്മുടെ സ്‌കൂള്‍ യു പി പദവിയിലെത്തുന്നതും പുതിയ കെട്ടിട വര്‍ക്ക് നടക്കുന്നതും. മര്‍ഹൂം എം എ മൊയ്തീന്‍ കുഞ്ഞി സാഹിബാണ് ഇന്ന് പടിഞ്ഞാറ് വശം കാണുന്ന യു പി ബ്ലോക്കിന്റെ കരാര്‍ ജോലി ഏറ്റെടുത്ത് ചെയ്യിപ്പിക്കുന്നത്. അത് ഉദ്ഘാടനത്തിനോ തറക്കല്ലിടലിനോ മന്ത്രി സി എച്ചാണ് വന്നത്. അന്ന് സ്‌കൂള്‍ പി ടി എ നേതൃത്വം അബ്ബാസ് മാഷിനായിരുന്നു.

1980 കളുടെ തുടക്കം, ഹൈസ്‌ക്കൂള്‍ വേണമെന്ന ആവശ്യം ശക്തം. ഞങ്ങള്‍ കുട്ടികള്‍ നാടുചുറ്റി ഈ സമരത്തിനിറങ്ങുന്നു. അതൊരു വാര്‍ത്തയാക്കാന്‍ വേണ്ടി അബ്ബാസ് മാസ്റ്ററെ പോലുള്ളവരുടെ തലയിലുദിച്ച ആശയമായിരുന്നത്. ഗവ. വിജ്ഞാപനം വന്നു, ഹൈസ്‌ക്കൂള്‍ സാന്‍ക്ഷനായി. എല്ലാവരും സന്തോഷിച്ച ദിവസങ്ങള്‍, പക്ഷെ, അബ്ബാസ് മാസ്റ്ററുടെയും പി ടി എ നേതൃത്വത്തിന്റെയും മുഖങ്ങളില്‍ മാത്രം ആ സന്തോഷം കണ്ടില്ല.

അതിനുള്ള കാരണം പിന്നീടാണറിഞ്ഞത്. 'ഹൈസ്‌കൂള്‍ സംവിധാനം തത്വത്തില്‍ അനുവദിച്ചു തരും, പക്ഷെ, കെട്ടിടം നാട്ടുകാര്‍ പണിത് നല്‍കണം. അവര്‍ പറഞ്ഞ അളവിലും 'തൂക്കത്തിലും', മെല്ലെയല്ല, ദിവസങ്ങള്‍ക്കുള്ളില്‍ ' - ഒരു ദിവസം രാത്രി എന്റെ ഉപ്പയുടെ സംസാരത്തില്‍ നിന്ന് ഇത്രയും ഞാന്‍ കേട്ടത്.

കെട്ടിടം നാട്ടുകാര്‍ കെട്ടണം പോല്‍, എന്നാല്‍ ഹൈസ്‌ക്കൂള്‍ പദവി കിട്ടും പോല്‍, വേറെപ്പണിയില്ലേ നാട്ടുകാര്‍ക്ക്? ഇവിടെ ഹൈസ്‌ക്കൂളില്ലെങ്കില്‍ കുട്ടികള്‍ ബോര്‍ഡ് സ്‌കൂളില്‍ പഠിക്കട്ടെ, പറ്റാത്തവര്‍ ബോംബയിക്ക് (പണിക്ക്) പോകട്ടെ - അതൊരു വലിയ തമാശ പോലെ ആളുകള്‍ ചിരിച്ചും നേരമ്പോക്കിയും തള്ളിയ നേരം. ഹൈസ്‌ക്കൂള്‍ എന്നത് സ്വപ്നത്തില്‍ നിന്ന് വരെ ഒഴിവാക്കിയത് പോലെ. പക്ഷെ, അന്നത്തെ ഒരു നാട്ടു നേതൃത്വമുണ്ടായിരുന്നു - ബി .എസ് .ടി അബൂബക്കര്‍ , പി . സീതിക്കുഞ്ഞി, എം എ മൊയ്തീന്‍ കുഞ്ഞി, പി മുഹമ്മദ് കുഞ്ഞി തുടങ്ങിയവരെ പോലുള്ള ഒരു പാട് ഇരുത്തം വന്ന വ്യക്തികളടങ്ങിയവരുടെ നേതൃത്വം. അവരില്‍ നിന്ന് അവരെയത്രയൊന്നും പൊക്കമില്ലാത്ത അബ്ബാസ് മാസ്റ്റര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു; നമുക്ക് കെട്ടിടം പണിയാം, പറ്റാവുന്ന വിധത്തില്‍. അബ്ബാസ് മുന്നില്‍ ഉണ്ടാകട്ടെ.

ബസ് സൗകര്യം പോലുമില്ലാത്ത ഈ ഓണം കേറാ മൂലയില്‍ ഹൈസ്‌ക്കൂള്‍ എന്ന സ്വപ്നം ഇനി ഒരു പക്ഷെ പൂര്‍ത്തികരിച്ചു കാണാന്‍ ഇനി ഒരവസരം ലഭിച്ചെന്ന് വരില്ല. ഈ വെല്ലുവിളിക്കുള്ള മറുപടി ഇച്ഛാശക്തിയും കഠിനപ്രയത്‌നവും തന്നെ; അബ്ബാസ് മാസ്റ്ററെ പോലുള്ളവര്‍ കണക്ക് കൂട്ടി കാണണം. പിന്നെ നടന്നത്, ഇടതടവില്ലാത്ത, രാപ്പകല്‍ പണി. അന്ന് സ്‌കൂള്‍ മുറ്റം നിറയെ സേവനക്കാരായിരുന്നു, പണിക്കാരായിരുന്നില്ല. പണം നല്‍കാന്‍ പറ്റാത്തവര്‍ നീരും വിയര്‍പ്പും നല്‍കി അന്ന് സഹകരിച്ചിട്ടുണ്ട്.

അന്നത്തെ പോരായ്മകള്‍ ഇന്നത്തെ സാഹചര്യം കൊണ്ട് അളക്കുന്ന നമ്മുടെ ഇളംബുദ്ധിക്ക് ഒരു പക്ഷെ ഇത്തരം പരിചയപ്പെടുത്തലുകളും ഓര്‍മ്മ പുതുക്കലുമൊക്കെ എങ്ങിനെ ദഹനപ്രക്രിയയില്‍ എളുപ്പംഡൈജസ്റ്റാകുമെന്ന്എനിക്കറിയില്ല. അതും പറയണമല്ലോ. നീണ്ട പതിനാറ് വര്‍ഷം പട്‌ല സ്‌കൂള്‍ പി ടി എ പ്രസിഡന്റായ ചരിത്രവും അദ്ദേഹത്തിന് തന്നെ

പോസ്റ്റ് മാഷ് എന്നത് അന്നൊരു വിളിപ്പേര് മാത്രമല്ല; സ്ഥാനപ്പേരു കൂടിയായിരുന്നു. പ്രായമുള്ളവരുടെയിടയില്‍ ഒരു ചെറിയ ബാല്യേക്കാരന്‍ അവരേക്കാളേറെ പാകതയും പക്വതയും കാണിച്ചുവെന്നതാണ് അമ്പാച്ചായെ, അബ്ബാസ് മാഷെ വ്യത്യസ്തനാക്കുന്നത്.

നാട്ടിലെ ഓരോ ചെറുതും വലുതുമായ സംരംഭങ്ങളിലും സന്ദര്‍ഭങ്ങളിലും അബ്ബാസ് മാസ്റ്റര്‍ കയ്യൊപ്പ് വെച്ചിട്ടുണ്ട്. പള്ളികളാണെങ്കിലും മദ്രസ്സുകളാണെങ്കിലും പള്ളി -മദ്രസ്സ യോടനുബന്ധിച്ചുള്ള കൊമേഷ്യല്‍ സ്ഥാപനങ്ങളാണെങ്കിലും അതിന്റെ നിര്‍മ്മാണ സംരംഭങ്ങളില്‍, ഫണ്ട് കണ്ടെത്തുന്നതില്‍, എല്ലാം അബ്ബാസ് മാസ്റ്റര്‍ മുന്നിലുണ്ട്. തായല്‍ ജുമുഅ: മസ്ജിദ്, സലഫി ജുമുഅ: മസ്ജിദ്, തഖ്വാ മസ്ജിദ്, എം.എച്ച്. മദ്രസ്സ, ഇസ്ലാഹി മദ്രസ്സ, മദ്രസ്സകള്‍ക്ക് വേണ്ടിയുള്ള വരുമാന സ്ഥാപനങ്ങള്‍... എല്ലായിടത്തും അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. സര്‍വ്വേയിംഗ് മുതല്‍ കമ്മീഷനിംഗ് വരെയുള്ള മുഴുവന്‍ ഘട്ടങ്ങളിലുമദ്ദഹം ഉണ്ടായിരുന്നു.

ഒരു കളക്ഷന്‍ വേണം, ചെറുതല്ല, വലുത്, വലിയ ബഡ്ജറ്റ്. ആ സദസ്സില്‍ അബ്ബാസ് മാസ്റ്റര്‍ ഉണ്ടെങ്കില്‍ അതിന്റെ ചുക്കാനും അദ്ദേഹത്തിന് തന്നെ. ഏല്‍ക്കാനാദ്യം വൈമനസ്യം കാണിക്കുമെങ്കിലും ഏറ്റാല്‍ പിന്നെ അത് നടന്നിരിക്കുമെന്നത് അദേഹത്തിന് നാട്ടുകാര്‍ നല്‍കിയ കര്‍മ്മകാണ്ഡപ്രത്യേകതയായിരുന്നു (ഈ പദം ഒരു പക്ഷെ, ഭാഷയില്‍ കണ്ടേക്കില്ല). പൊതുമനസ്സില്‍ അത്തരമൊരു മാസ്സ് കോന്‍ഫിഡന്‍സ് നല്‍കാന്‍ പാകപ്പെടുമാറ് അബ്ബാസ് മാഷ് കര്‍മ്മനിരതനാണ്.

ചില പൊതു സദസ്സുകളും പൊതുകൂടിച്ചേരലുകളുമുണ്ട്. വിവാഹം അതിലൊന്നാണല്ലോ, അമ്പാച്ചാന്റെ സേവനങ്ങള്‍ അനുഭവിക്കാത്ത കുടുംബങ്ങള്‍ ഇയ്യിടം വരെ പട്‌ലയില്‍ വളരെക്കുറവ്. ശീതള പാനീയ വിതരണം മുതല്‍ സ്വീകരിച്ചാനയിക്കല്‍ വരെ സ്വര്‍ണ്ണക്കട പരസ്യം തേച്ച് മുറിക്കയ്യന്‍ കുപ്പായവുമിട്ട ഇവന്റ് മാനേജ്‌മെന്റിലൊതുക്കിയ ഇന്നത്തെതിന് തികച്ചും വ്യത്യസ്തമായ പൊയ്‌പ്പോയ ഒരു കാലമുണ്ടായിരുന്നു എന്റെയൊക്കെ ഓര്‍മ്മയില്‍. ആ സന്തോഷദിനങ്ങളില്‍ തന്റെ അസൗകര്യങ്ങള്‍ മാറ്റിവെച്ച് അബ്ബാസ് മാസ്റ്റര്‍ മുന്നില്‍ നിന്നിട്ടുണ്ട്. മരണ വീട്ടിലുംഅനുബന്ധ നടപടിക്രമങ്ങളിലും അദ്ദേഹം ഉണ്ടായേ തീരൂ.

പട്‌ല പുഴയുടെ (ചെക്ക് ഡാം) വര്‍ഷാവര്‍ഷ ബണ്ട് നിര്‍മാണം ഫര്‍ദുല്‍ കിഫ പോലെയാണ് എല്ലാ കൊല്ലവും അംഗുലീ പരിമിത സഹായികളെയും കൊണ്ടദ്ദേഹം ഇപ്പോഴും ചെയ്യുന്നത്. നിര്‍ബന്ധമില്ല, ആര്‍ക്കും ആ സേവനത്തിന്റെ ഭാഗമാകാം. ചുറ്റുവട്ടം പച്ചകാണുന്നതും കിണറുകളില്‍ വെള്ളം താഴാതെ നിലനില്‍ക്കുന്നതും ഇതൊക്കെ ഉള്ളത് കൊണ്ടൊക്കെ തന്നെയാണ്, അല്ലാതെ നമ്മുടെ പത്രാസ് കൊണ്ടല്ല.

അബ്ബാസ് മാഷെ കുറിച്ച് ചെറിയ ഒരു ഭാഗം ഞാനെഴുതിയെന്നേയുള്ളൂ. ഓണ്‍ലൈന്‍ വായനയില്‍ നീണ്ട കുറിപ്പിന് വലിയ പ്രസക്തിയില്ലല്ലോ.

എഴുത്തിലും സേവനരംഗങ്ങളിലും താത്പര്യമുള്ളവര്‍, ഇദ്ദേഹത്തെ പോലുള്ളവരുടെ അനുഭവങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ് ഒരു നല്ല റിക്കോര്‍ഡ് തയ്യാറാക്കാന്‍ പറ്റുമെങ്കില്‍ വരും തലമുറകള്‍ക്ക് അവ റെഫറന്‍സിന് ഒരുപാട് ഉപകാരപ്പെടും.

അറുപത്തെട്ടിന്റെ നിറവിലും അബ്ബാസ് മാഷെപ്പോലുള്ളവര്‍ ഒരു കാരണവരെ പോലെ നമ്മുടെ ഇടയില്‍ ജീവിക്കുന്നുവെന്നത് വലിയ നന്മകളിലൊന്നാണ്. നമ്മുടെ സൗഭാഗ്യമാണ്.

അദ്ദേഹത്തിന് ആരോഗ്യപൂര്‍ണമായ ദീര്‍ഘായുസിന് വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Aslam Mavile, school, Patla, PTA, Abbas Master, Social Worker, Money, Natives, Collection, High School, River, Check Dam, Article Of Aslam Mavila About Abbas master

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia