city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിക്കര അപകടത്തിന്റെ പാഠം: ആവര്‍ത്തിക്കാതിരിക്കാന്‍ ചെയ്യേണ്ടത്

പ്രതിഭാരാജന്‍

(www.kasargodvartha.com 16.06.2016) കെഎസ്ടിപി റോഡില്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ പൊഴിഞ്ഞു പോയത് 11 പേരുടെ ജീവന്‍. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 50ല്‍പരം വാഹനാപകടങ്ങള്‍ നടന്നു. അതില്‍ അതീവ ഗുരുതരാവസ്ഥയില്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ പിടഞ്ഞു കഴിയന്നവര്‍ 20ഓളം പേര്‍. അസഹനീയമാണ് ഇത്തരം കണക്കുകള്‍. ഇതിന് ഇനി എന്താണ് ഒരു പ്രതിവധി? പോലീസ് കൈമലര്‍ത്തുന്നു. എംഎല്‍എ ഇടപെട്ട്, കലക്ടര്‍ മീറ്റിങ്ങ് വിളിച്ച് എല്ലാവരും ചേര്‍ന്ന് പ്രസ്താവനയിറക്കിയിട്ടെന്തു കാര്യം? അപകടമരണം അനുദിനം പെരുകിവരികയാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് ബസ് കണ്ടക്ടറായ കളനാട്ടെ രവിയുടെ ഭാര്യ സരള കളനാട് റെയില്‍പ്പാലത്തിനു സമീപം വാഹനമിടിച്ച് മരിച്ചു. അതിനു തൊട്ടു മുമ്പ് പള്ളത്തെ ബാലകൃഷ്ണന്‍, പാക്യാരയിലെ പിഎ അബ്ദുല്ല പള്ളിയില്‍ നിന്നും ഇറങ്ങി വരവെ ബൈക്ക് തട്ടിയും ബേക്കലിലെ ദിലീപ് വീടിന് സമീപം നടന്നു പോകവെ വാഹനമിടിച്ചും തിരുവക്കോളിയിലെ ശ്യാം പ്രസാദ് കോട്ടിക്കുളത്തു വെച്ച് മോട്ടോര്‍ സൈക്കിള്‍ ഇടിച്ചും മരിച്ചു. ഇപ്പോഴിതാ ചേറ്റുകുണ്ടിലെ ഒരു കുടുംബത്തിലെ ആറ് പേര്‍ പള്ളിക്കരയില്‍ വെച്ച് ദാരുണമായി മരിച്ചു. ഇനി അടുത്തതാര് എന്ന ചോദ്യമാണ് എല്ലാവരില്‍ നിന്നും ഉയരുന്നത്. നെഞ്ചിടിപ്പോടെയാണ് ജനം റോഡിലേക്കിറങ്ങുന്നത്.

വാഹന നിയമങ്ങള്‍ കര്‍ശനങ്ങളല്ലാത്തതും റോഡ് സുരക്ഷാ ശീലങ്ങള്‍ പാലിക്കാത്തതിന്റെയും പേരില്‍ അപകടങ്ങളും അതുവഴി മരണവും സര്‍വ്വ സാധാരണമാകുന്ന അപരിഷ്‌കൃത സംസ്ഥാനങ്ങളുള്ളത് ദക്ഷിണ ആഫ്രിക്കയിലാണ്. കേരളം-പ്രത്യേകിച്ച് കാസര്‍കോടിന്റെ തീരദേശ ഹൈവേ അവരേപ്പോലും കടത്തിവെട്ടുന്നതാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

നാറ്റ്പാക് (നാഷണല്‍ ട്രാസ്‌പോര്‍ട്ടേഷന്‍ പ്ലാനിങ്ങ് ആന്റി റിസേര്‍ച്ച് സെന്റര്‍) എന്ന സ്ഥാപനത്തിന്റെ കൈയ്യില്‍ ഒരു പഴയ കണക്കുണ്ട്. 2011 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മാത്രം 35,309 റോഡപകടങ്ങള്‍. അതുവഴി 3,990 മരണം. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 31 ശതമാനം അധികരിച്ചതാണ് ഈ മരണസംഖ്യ. ഇന്നത്തെ അവസ്ഥയില്‍ ദിനം പ്രതി ശരാശരി 12 പേര്‍ എന്ന കണക്കില്‍ കേരളത്തില്‍ അപകട മരണം നടക്കുന്നു. എന്നാല്‍ കളനാടിനും പള്ളിക്കരയ്ക്കും ഇടയില്‍ മാത്രം ആറു മാസത്തില്‍ 11 മരണവും, 50ല്‍പ്പരം അപകടങ്ങളുമെന്ന് പറയുമ്പോള്‍ ആരുടെ മനസാണ് ഒന്ന് പിടയാതിരിക്കുക.

35 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് 2009ല്‍ ഒരു ലോകോത്തര പഠനം നടത്തിയപ്പോള്‍ അതില്‍ ഏറ്റവും കുടുതല്‍ അപകട മരണം രേഖപ്പെടുത്തിയിട്ടുള്ളത് ഇന്ത്യയിലാണ്. 1,25,660 പേര്‍. അമേരിക്ക 33,808 മരണവുമായി രണ്ടാം സ്ഥാനത്തും, മുന്നാമാതായി 7,324ലില്‍ അര്‍ജന്റീനയുമാണ്. കേരളത്തെ ഒരു രാജ്യമായി സങ്കല്‍പ്പിച്ചാല്‍ 3,831 പേരെ റോഡില്‍ ഹോമിച്ച് ലോകത്തിലെ 11ാം സ്ഥാനത്തിലെത്തി നില്‍ക്കും കേവലം കൊച്ചു സംസ്ഥാനം മാത്രമായ കേരളം. നാം മാത്രം എന്തെ ഇങ്ങനെ മരിച്ചു വീഴുന്നു? വിട്ടുമാറാത്ത നമ്മുടെ ചില ശീലങ്ങളാണ് പ്രധാനം. അതിലേക്ക് പിന്നീട് വരാം.

ഗതാഗത തടസം തീരദേശ പാതയുടെ തീരാശാപമായി മാറിക്കൊണ്ടിരിക്കുകയാണ്. പണിതീരാത്ത റോഡില്‍ തിരക്ക് കൂട്ടുന്നവര്‍ സ്‌കൂള്‍ ബസും, ചെറുകാറുകളും, സര്‍വ്വീസ് ബസുകളുടെ മത്സരഓട്ടവുമാണെങ്കില്‍, അവയിലൊക്കെ കൃത്യമായ ചര്‍ച്ച അനിവാര്യമാണ്. ഗതാഗതം സ്തംഭിപ്പിക്കുന്നത് അധികവും ടിപ്പറുകളും ടാങ്കറുകളുമാണ്. കഴിഞ്ഞ ദിവസം മരിച്ചവരുടെ മയ്യത്ത് അടക്കം ചെയ്യുന്ന ചടങ്ങുകള്‍ക്കിടയില്‍ ചിത്താരിപ്പാലത്തില്‍ വീണ്ടും തടസമുണ്ടായി. വന്നു കൂടിയ ടിപ്പര്‍ ലോറികളും ടാങ്കറുകളും ഉണ്ടാക്കിയ ഗതാഗത കുരുക്കാണ് അതിനു കാരണമായത്.

മരിച്ചവീട്ടിലേക്ക് സന്ദര്‍ശകരായെത്തിയവര്‍ മിക്കവരും നാം സ്വീകരിക്കാറുള്ള ശീലങ്ങളെന്ന പോലെ അലസമായി വണ്ടി പാര്‍ക്കു ചെയ്തതോടെ യാത്രക്കാര്‍ പെരുവഴിയിലായി. പോലീസും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. (അപകടമുണ്ടായപ്പോഴും സംസ്‌ക്കാര ചടങ്ങിന്റെ സമയത്തും നാട്ടുകാരും പരിസരവാസികളും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്.)

തീരദേശ ഹൈവെ നന്നാവുകയും, ദേശീയ പാതയിലൂടെ പോയ്‌ക്കൊണ്ടിരുന്ന ഹെവി വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നതും അതുവഴി അവര്‍ക്ക് എട്ടോളം കിലോമീറ്റര്‍ ദൂരവും സമയവും ലാഭിക്കാമെന്നതും ഒക്കെ ശരിതന്നെ. കഴിഞ്ഞ 9 മാസത്തിനിടെ സംസ്ഥാനത്ത് ടിപ്പര്‍ ലോറി ഇടിച്ചു മാത്രം മരിച്ചത് 106 പേരാണ്.

പട്ടണങ്ങളിലല്ല, ഗ്രാമങ്ങളിലാണ് ഇതിലധികവും മരണം. കേരളത്തിലെ ക്രൈം റിക്കാര്‍ഡ്‌സ് ബ്യുറോ നിയമസഭാ സമിതിക്കു നല്‍കിയ കണക്കാണിത്. പതിനായിരക്കണക്കിന് ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് തീരദേശം. ഇത് മലമ്പാതയല്ല. വന്‍കിട വാഹനങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിലും അവരെ നിയന്ത്രിക്കുന്ന ജനപ്രതിനിധികള്‍ മുന്നോട്ടു വരണം. 2010 ഏപ്രില്‍ മുതല്‍ 2011 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തില്‍ 689 ആളുകളെ ടിപ്പര്‍ മാത്രം ഇടിച്ചു കൊന്നു. മാത്രമല്ല, കാല്‍ നടക്കാരായ യാത്രക്കാരെ ഏറ്റവും അധികം ഇടിച്ചു വീഴ്ത്തുന്നതും ടിപ്പറുകളാണ്.

2009ല്‍ 1,229 കാല്‍നടക്കാരായി മരിച്ചതെങ്കില്‍ 2011ല്‍ അത് 1370 ആയി വര്‍ദ്ധിച്ചു. ഈ ശരാശരിയെ അതിജീവിച്ചു കൊണ്ട്, ജനത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടും തീരദേശ ഹൈവ്വേയില്‍ അപകടങ്ങള്‍ പെരുകുകയാണ്. ഇതിനു തടയിടാന്‍ കെഎസ്ടിപി അടിയന്തിരമായും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അതു മാത്രമല്ല തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ വാഹനപകടം തടയാന്‍ നാം നമ്മുടെ ശീലങ്ങള്‍ മാറ്റേണ്ടതുണ്ട്. അപകടങ്ങള്‍ കുറഞ്ഞേ മതിയാകൂ. അതിനു വേണ്ടി പോലീസിന് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കാനുണ്ട്.

ഏത്രയും വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് റോഡ് വാഹനങ്ങള്‍ക്കായി വിട്ടു കൊടുക്കണം. ആവശ്യമുള്ളിടത്തെല്ലാം തെരുവു വിളക്കുകളും, പ്ലാഷ് ലൈറ്റുകളും, സിഗ്നലും, ഡിവൈഡറും മറ്റും എത്രയും വേഗത്തില്‍ സ്ഥാപിക്കണം. ആറ് എല്‍പി സ്‌കുളുകളുണ്ട് പരിസരത്ത്. ഒരിടത്തു പോലും സീബ്രാ ലൈന്‍ പോലുമില്ല. റിഫ്ലക്ടര്‍ ഇല്ല. റേഡിനിരുവശവും നിര്‍മ്മാണ അവശിഷ്ടം കുട്ടിയിട്ടിരിക്കുന്നതിനു മുകളിലേക്ക് കുടി വാഹനം പാഞ്ഞു കേറി അപകടമുണ്ടാകുന്നു.

ഇനി അടിയന്തിരമായി ചെയ്യേണ്ടത്

നിരീക്ഷണ ക്യാമറ വെച്ച് പിഴ ചുമത്തി അമിത വേഗം തടയാന്‍ പോലീസിനെ അനുവദിക്കണമെന്നും പോലീസിന് അഭിപ്രായമുണ്ട്. ഇപ്പോള്‍ നിയമപ്രകാരം ഒരു ബാരിക്കേഡ് വെച്ച് അപകടം നിയന്ത്രിക്കാന്‍ പോലും പോലീസിന് ഈ റോഡില്‍ അനുമതിയില്ല. മനുഷ്യര്‍ ഇങ്ങനെ മരിച്ചു വീഴുന്നത് കണ്ട് സഹിക്കവയ്യാതെയാണ് ഒന്നുരണ്ടിടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ബേക്കല്‍ പ്രിന്‍സിപ്പല്‍ സബ്ഇന്‍സ്‌പെക്ടര്‍ ആദംഖാന്‍ പറയുന്നു.

പണ്ടേ ശീലിച്ച റോഡ് ഉപഭോഗ രീതിയില്‍ നിന്നും റോഡു നന്നായിട്ടും, വാഹനക്കാരും നടവഴിയാത്രക്കാരും ഇനിയും മാറാന്‍ കൂട്ടാക്കാത്തതാണ് മറ്റൊരു പ്രശ്‌നമെന്ന് പോലീസ് കരുതുന്നു. കാലം മാറിയതിനനുസരിച്ച് പരിസരവാസികള്‍ മാറിയിട്ടില്ല. അലസമായി മുറിച്ചു കടക്കല്‍, റോഡിന്റെ കരയിലുടെ നിയമം ലംഘിച്ചു നടക്കല്‍ എന്നിവയെല്ലാം കുററമാണെന്ന് പലര്‍ക്കുമറിയില്ല. അറിഞ്ഞാല്‍ പോലും അതു അംഗീകരിക്കാനോ കേസെടുത്താല്‍ ഉള്‍ക്കൊള്ളാനോ ജനം തയ്യാറല്ല. സമൂഹത്തിന്റെ ദീര്‍ഘായുസിനുള്ള യജ്ഞം അവരില്‍ നിന്നു തന്നെയാണ് തുടങ്ങേണ്ടത്. നമുക്കും വേണ്ടെ, പക്വമായ ഒരു ഡ്രൈവിങ്ങ് - ഉപഭോഗ - ഹാബിറ്റ്. അമിതവേഗതയും നിയമ നിഷേധവും ഇന്നും പലര്‍ക്കും ഹരമാണ്. ഹെല്‍മറ്റ് ധരിക്കാതെയും, സീറ്റു ബെല്‍റ്റിടാതേയും, മദ്യപിച്ചുമുള്ള ഓട്ടം ജനം ഫാഷനാക്കുകയാണ്. വിളക്കുകാലുകളും, ടെലിഫോണ്‍ പോസ്റ്റും അപകടം ക്ഷണിച്ചു വരുത്തുന്നു.

ഇങ്ങനെ എണ്ണിയാല്‍ തീരാത്ത നിയമലംഘനങ്ങളാണ് റോഡിലെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. പുതുതായി ലൈസന്‍സ് എടുക്കുന്നവരെ നിയമം കര്‍ശനമായി പഠിപ്പിച്ചതിനു ശേഷം മാത്രവും, പഴയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ ശ്രദ്ധിച്ചും മനസു വെച്ചാല്‍ സര്‍ക്കാരിനു തന്നെ ഏറെ മാറ്റാന്‍ കഴിയും. സേഫ് ഡിസ്റ്റന്‍സ് പരിധി സൂക്ഷിക്കാതെ ഡ്രൈവ് ചെയ്താല്‍ പോലും പിഴ വാങ്ങണം. വിദേശത്തേതു പോലെ കര്‍ശന ശിക്ഷ ഉറപ്പാക്കണം. കമ്പ്യൂട്ടറിനോ മനുഷ്യന്റെ മസ്തിഷ്‌ക്കത്തിനോ കണക്കെടുത്തു സൂക്ഷിക്കാന്‍ പോലും കഴിയാത്തത്രയും ട്രാഫിക്ക് ലംഘനങ്ങള്‍ ശീലങ്ങളായ നാടാണിത്. ഇതിനൊക്കെ തടയിടാന്‍ ഇവിടെ നിലവിലെ സംവിധാനങ്ങള്‍ മതിയാകില്ല. രജിസ്റ്റര്‍ ചെയ്യുന്ന ആകെ കേസുകളില്‍ 99 ശതമാനവും ഹെല്‍മറ്റില്ലാത്തതും, മദ്യപിച്ചതും, സീറ്റു ബെല്‍റ്റിടാത്തതും മാത്രമാണ്. അത്രക്കു മാത്രമെ പോലീസിനു പറ്റുന്നുള്ളു. അതോ ബാക്കിയുള്ളതെല്ലാം മുങ്ങിപ്പോകുന്നതോ?

പണമുണ്ടെന്നു കരുതി യഥേഷ്ടം വാഹനങ്ങള്‍ തരാതരം വാങ്ങാന്‍ അനുവദിക്കരുത്. വാഹനം പൊതു സ്വത്താണെന്ന ധാരണ നാട്ടില്‍ പടര്‍ത്താന്‍, സമ്പത്തിന്റെ ആഢ്യത്വത്തിന്റെ ഉരക്കല്ല് കുടുംബത്തിലെ വാഹനങ്ങളുടെ എണ്ണത്തില്‍ വിലയിരുത്തുന്ന സ്ഥിതി മാറണം. ബസ് യാത്രക്ക് മാന്യത കൈവരണം. സൗകര്യമുള്ള ബസുകള്‍ ധാരാളം ഉണ്ടാകണം. ദീര്‍ഘദുര ഡ്രൈവര്‍മാര്‍ക്ക് സത്രവും മറ്റു സൗകര്യങ്ങളും ഒരുക്കി ഈ മേഘലയിലെ തൊഴിലാളികളേയും യാത്രക്കാരേയും ജനങ്ങളേയാകെയും ഒരു ചരടില്‍ കോര്‍ത്ത പുഷ്പം പോലെ കൂട്ടി യോചിപ്പിക്കാന്‍ കഴിയുന്ന ആര്‍ജ്ജവമുള്ള സര്‍ക്കാരും അതിനോടൊപ്പം നമുക്കും ഒന്നാകാം, കേരളത്തിന് ഒന്നാമനാകാം.

പള്ളിക്കര അപകടത്തിന്റെ പാഠം: ആവര്‍ത്തിക്കാതിരിക്കാന്‍ ചെയ്യേണ്ടത്


Keywords: Article, Prathibha-Rajan, Accident, Heavy Vehicles, Passenger, Coastal, Parking, Highway, March, Increase.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia