കഠിനാധ്വാനത്തിലൂടെ നേട്ടങ്ങള്‍ കറന്നെടുത്ത് രമണി
Jul 19, 2012, 12:34 IST
Ramani |
പത്ത് മുപ്പത് കൊല്ലം മുമ്പുളള ബന്ധമാണ് രമണി ഓര്‍മ്മപ്പെടുത്തിയത്. രമണി ചെറുവത്തൂരില്‍ പുതിയകണ്ടം എന്ന സ്ഥലത്താണ് ജനിച്ചതും വളര്‍ന്നതും. വിവാഹിതയായി കരിന്തളത്ത് എത്തിയതാണ്. 43 വയസ്സിലെത്തിയ രമണി കഠിനാധ്വാനിയാണ്. മുന്നു മക്കളുടെ അമ്മയായി. മൂത്തമകള്‍ രമ്യ വിവാഹിതയായി. രാജീവും രശ്മിയും വിദ്യാര്‍ത്ഥികളാണ്. തെങ്ങ് കയറ്റ തൊഴിലാളി കെ. സുരേന്ദ്രനാണ് ഭര്‍ത്താവ്. റിട്ടയേര്‍ഡ് ജവാന് ടി. കുഞ്ഞിരാമന്റെയും, എ.വി. പാറുവിന്റെയും മകളാണ് രമണി. ഒരു പക്ഷേ മിലിട്ടറിക്കാരനായ അച്ഛന്റെ ശിക്ഷണമായിരിക്കാം ചിട്ടയായ ജീവിത ശൈലിയും, കഠിനാധ്വാനം ചെയ്യാനുളള മനസ്സും മകള്‍ക്ക് ലഭ്യമായത്.
പ്രീഡിഗ്രിവരെ പഠിച്ച രമണിക്ക് സ്വന്തം കാലില്‍ നില്‍ക്കാനുളള ആഗ്രഹം മൂലം എന്തെങ്കിലും തൊഴില്‍ കെണ്ടത്തണമെന്ന് തോന്നി. ഭര്‍ത്താവിന്റെ കയ്യില്‍ നിന്ന് കിട്ടി ജീവിക്കുന്നതിനേക്കാള്‍ അന്തസ് സ്വയം വരുമാനം കണ്ടെത്തുന്നതാണെന്ന് രമണി വിശ്വസിച്ചു. മറ്റൊന്നും കിട്ടാത്തപ്പോള്‍ സ്വകാര്യ ബീഡികമ്പനിയില്‍ ബീഡിതെറുപ്പ് ജോലിയില്‍ ചേര്‍ന്നു. തന്റെ ഒപ്പം ബീഡിതെറുക്കുന്ന സ്ത്രീകള്‍ ആഴ്ചയില്‍ 100-150 രൂപയ്ക്ക് പണിയെടുക്കുമ്പോള്‍ രമണി 600 രൂപയ്ക്ക് മേല്‍ പണിചെയ്യും സമയം വൃഥാ കളയാന്‍ രമണിയുടെ മനസ്സ് അനുവദിക്കില്ല. മറ്റുളളവര്‍ വിളക്കണച്ച് ഉറക്കത്തിലാവുമ്പോള്‍ രമണി ഉണര്‍ന്ന് പ്രവര്ത്തിക്കുകയാവും.
തന്റെ കൂടെ പഠിച്ചവര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു മാന്യമായി ജീവിക്കുമ്പോള്‍ അധ്വാനത്തിലൂടെ അവരേക്കാള്‍ നന്നായി ജീവിക്കാനാവുംമെന്ന് രമണി പ്രവര്‍ത്തിയിലൂടെ കാണിച്ചു തരികയായിരുന്നു. അധ്വാനത്തോടൊപ്പം സാമൂഹ്യ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ രമണിക്കു സാധിക്കുന്നു. കുടുംബ ശ്രിയാണ് തന്റെ വഴികാട്ടിയെന്ന് രമണി എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുന്നുണ്ട്. സി.പി.എം കരിന്തളം ബ്രാഞ്ച് അംഗമാണ് രമണി. മഹിളാ അസോസിയേഷന് കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റി അംഗമാണ്. കുടുംബശ്രി പതിനാറാം വാര്‍ഡ് എ.ഡി.എസ്. വൈസ് ചെയര്‍ പേഴ്സനാണ്. ഈ പ്രവര്‍ത്തനത്തിന്റെയൊക്കെ സജീവ സാന്നിദ്ധ്യമാണ് രമണി.
'സമയം കിട്ടുന്നില്ല;' 'സമയം പോരാ' എന്നൊക്കെ പറഞ്ഞ് പല പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി നില്ക്കുന്ന ആളുകള്‍ക്ക് രമണി ഒരു മാതൃക തന്നെയാണ്. രമണിയുടെ ദിവസം ആരംഭിക്കുന്നത് പുലര്‍ച്ചെ നാലുമണിക്കാണ്. തല ചായ്ക്കുന്നത് പലപ്പോഴും രാത്രി പന്ത്രു മണി കഴിഞ്ഞാവും. അത്രയും സമയം ജോലി ചെയ്യുന്നതില്‍ ഒരു പരിഭവവും രമണിക്കില്ല. തികഞ്ഞ ചാരിതാര്‍ത്ഥ്യമാണ് രമണിക്ക്. അധ്വാനിക്കാനുളള കര്‍മ്മശേഷി മാത്രമല്ല, ആ അധ്വാനം ആസ്വദിച്ചു കൊണ്ട് ചെയ്യാന്‍ പറ്റുന്നു എന്നുളളതാണ് രമണിയുടെ ജീവിത വിജയം.
ബീഡി തെറുപ്പില്‍ നിന്ന് പശൂവളര്ത്തലിലേക്ക് മാറിയ അനുഭവകഥ രമണി പറയുന്നു. കുടുംബശ്രിയില്‍ നിന്ന് പശൂവളര്ത്തലിന് പത്തായിരം രൂപ കിട്ടി. അന്ന് എച്ച്. എഫ്. ഇനത്തില്‍ പെട്ട രണ്ടു പശൂക്കളെ വാങ്ങി. ഇതൊരു നല്ല മാര്‍ഗ്ഗമാണെന്ന് രമണി തിരിച്ചറിഞ്ഞു. താലിമാല പണയം വെച്ച് ഒന്നിനെ കൂടിവാങ്ങി. പശൂവിനെ വളര്‍ത്തുക എളുപ്പമുളള പണിയല്ല കഠിനധ്വാനം വേണം. നല്ല ശ്രദ്ധവേണം ഊണും ഉറക്കവും ഉപേക്ഷിക്കേണ്ടിവരും. രമണിയിലെ സ്ത്രീമനസ്സ് ഇതിനൊക്കെ പാകപ്പെട്ടു വന്നു. പശൂപരിപാലനം ഹരമായിത്തീര്‍ന്ന രമണി ഒരു ലക്ഷം രൂപ ബാങ്ക് ലോണ്‍ എടുത്തു. ലക്ഷ്യം പശൂക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതുതന്നെ കേവലം പതിനഞ്ച് സെന്റ് ഭൂമി മാത്രമുളള രമണി ഈ പരിമിതമായ സ്ഥലത്ത് പതിനെട്ട് പശൂക്കളെ വളര്ത്തുകയാണിന്ന്.
ആധുനിക രീതിയില്‍ പശൂത്തൊഴുത്ത് ക്രമീകരിച്ചിട്ടുണ്ട്. ജലവിതരണ സംവിധാനങ്ങള്‍ തൊഴുത്തിനകത്തുണ്ട്. വീട്ടില്‍ അടുപ്പ് വിളക്ക് ഇവയ്ക്കാവശ്യമുളള ഊര്‍ജ്ജം ബയോഗ്യാസ് പ്ലാന്റില്‍ നിന്ന് ലഭിക്കുന്നു. വര്‍ഷത്തില്‍ ലോഡ്
കണക്കിന് ചാണകം വില്പന നടത്താന്‍ കഴിയുന്നു. ദിവസവും 85 ലിറ്ററില്‍ കൂടുതല്‍ പാല് ഇപ്പോള്‍ ലഭ്യമാവുന്നുണ്ട്. ചിലപ്പോള്‍ ഇതില്‍ കൂടുകയോ, കുറയുകയോ ചെയ്യാം. ലിറ്ററിന് 24 രൂപവെച്ച് സൊസൈറ്റിയില്‍ നിന്ന് ലഭിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ദിവസം രണ്ടായിരത്തില്‍ പരം രൂപ പാല് വില്പനയില് നിന്ന് മാത്രം ലഭിക്കും. എല്ലാ ചെലവുകളും കഴിച്ചാല്‍ അധ്വാനത്തിന് ദിനം പ്രതി ആയിരം രൂപ മിച്ചം കിട്ടും. ഏത് സര്‍ക്കാര്‍ ജോലിയേക്കാളും മെച്ചമല്ലേ ഇത്? ആരുടെയും അടിമയായി, ചൊല്‍പ്പടിക്ക് നിന്ന്, ഭയപ്പെട്ട് കഴിയാതെ സ്വന്തം അധ്വാനത്തിലൂടെ കെണ്ടത്തുന്ന ഈ വരുമാനത്തേക്കാള്‍ അന്തസ്സ് മാറ്റേതിനുണ്ട്.
പശുക്കള്‍ മാത്രമല്ല രമണിയുടെ കൂട്ടുകാര്‍ ഈ കുറഞ്ഞ സ്ഥലത്ത് കോഴികളെയും ആടുകളെയും വളര്‍ത്തുന്നുണ്ട്. എല്ലാത്തില്‍ നിന്നും വരുമാനം ലഭിക്കുന്നുമുണ്ട്. രമണി ഒന്നു കൂടി ഉറപ്പിച്ച് പറയുന്നത്. ഇന്ന് എനിക്ക് ആരെയും ആശ്രയിക്കേണ്ടി വരുന്നില്ല. ഞാന്‍ ഇഷ്ടം പോലെ ചെലവാക്കുന്നു ഇഷ്ടമുളളത് വാങ്ങുന്നു. സുഖമായി ജീവിക്കുന്നു. ഭര്‍ത്താവിനും ഇതില്‍ എതിര്‍പ്പൊന്നുമില്ല കുട്ടികള്‍ക്കും നല്ല സന്തോഷം ആരോഗ്യമുളളിടത്തോളം അങ്ങിനെ തന്നെ ജിവിക്കണമെന്നാണ് മോഹം.
രമണിയുടെ ജീവിത രീതിയും, അധ്വാന ശൈലിയും കാണാനും പഠിക്കാനും ആളുകള്‍ വരുന്നുണ്ട്. ഈയിടെ കോഴിക്കോട് നിന്ന് ഒരു ഗ്രൂപ്പ് ആളുകള്‍ വന്നു. എല്ലാം ചോദിച്ചു, പഠിച്ചും, കണ്ടറിഞ്ഞും അവര്‍ പോയി. ഇതൊക്കെ കണ്ടും കേട്ടും അറിഞ്ഞ് ആളുകള്‍ ഇനിയും വരും. പക്ഷെ രമണിക്കൊന്നേ പറയാനുളളു. കഠിനമായി അധ്വാനിക്കണം. പ്രശ്നങ്ങള്‍ കണ്ടും അറിഞ്ഞും പരിഹരിക്കണം. പ്രവൃത്തിക്കുന്നത് ആരുടെയും നിര്‍ബ്ബന്ധത്തിന് വഴങ്ങി ആയിരിക്കരുത്. ആസ്വദിച്ചു കൊണ്ട് പണിയെടുക്കണം വിജയം നേടാന്‍ കഴിയും.
സഹ പ്രവര്‍ത്തകരില്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് 'ഇങ്ങിനെ കഠിനാധ്വാനം ചെയ്യുന്നതെന്തിന്?' ജീവിക്കാന്‍ പണിയെടുക്കണം. അല്ലാതെ 'ഇങ്ങിനെ വീണു ചാവുന്നതെന്തിന്? ഈ ചോദ്യത്തിനുളള മറുപടി രമണി പലപ്പോഴും ചിരിയില്‍ ഒതുക്കാറാണ് പതിവ്. പക്ഷെ രമണി എന്നോടു പറഞ്ഞു ഇങ്ങിനെ അധ്വാനിച്ചത് കൊണ്ടല്ലേ സാര്‍ എനിക്ക് ഈ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത്? അതുകൊണ്ടല്ലേ എനിക്കീ അവാര്‍ഡ് കിട്ടിയത്? കഠിനാധ്വാനം ചെയ്യുന്നത് കുറ്റകരമല്ല എന്നാണ് എന്റെ വിശ്വാസം'
പശൂക്കളെ എനിക്ക് മക്കളേക്കാള്‍ ഇഷ്ടമാണ്. ഞാന്‍ അവയെയും, അവ എന്നെയും സ്നേഹിക്കുന്നു. അവയെ പരിപാലിക്കുന്നതിനനുസരിച്ച് അവ പാല് ചുരത്തുന്നു. സ്നേഹം പ്രകടിപ്പിക്കുന്നു. ആദ്യം വാങ്ങിയ പശൂവിന്റെ പേര് രമണി പറഞ്ഞു. 'ഉണ്ണിമായ' അവള് ഏറെ സുന്ദരിയാണ്. സൗമ്യയാണ്. വീട്ടില്‍ വരുന്നവരൊക്കെ 'ഉണ്ണിമായെ'ക്കുറിച്ചന്വേഷിക്കും.
കഠിനാധ്വനത്തിലൂടെ നേട്ടങ്ങള്‍ കറന്നെടുക്കുന്ന രമണി സ്ത്രീ സമൂഹത്തിന് മാതൃകയാണ്. രമണിയെക്കുറിച്ചും, അവളുടെ ദൈനംദിന ജീവിത രീതിയെക്കുറിച്ചും അധ്വാനശൈലിയെക്കുറിച്ചും, ആത്മവിശ്വാസത്തെക്കുറിച്ചും പഠിക്കാന്‍ കരിന്തളം പാറയിലേക്ക് നമുക്കുചെന്നു നോക്കാം.
-കൂക്കാനം റഹ്മാന്
Keywords: Milk Farmer, Ramani, Award, Article, Kookanam Rahman