city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി മിന്നല്‍ മറ്റു ജില്ലകളില്‍ മിന്നുമ്പോള്‍ കാസര്‍കോട്ട് മങ്ങുന്നു

ടി കെ പ്രഭാകരന്‍

(www.kasargodvartha.com 18.07.2017) അതിവേഗത്തില്‍ കുതിക്കുന്ന കെ എസ് ആര്‍ ടി സിയുടെ മിന്നല്‍ ബസ് കാസര്‍കോട്ടേക്കെത്തുമ്പോള്‍ കിതയ്ക്കുകയാണ്. കേരളത്തിലെ മറ്റ് ജില്ലകളിലുള്ള റോഡുകളിലൂടെ ഒരു വിധം ഓടിച്ച് പോവുമ്പോള്‍ കാസര്‍കോട്ടെ റോഡിലൂടെ മിന്നല്‍ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. മുടന്തുകയാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. ട്രെയിനിനെക്കാള്‍ രണ്ട് മണിക്കൂര്‍ മുമ്പ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്ന അവകാശ വാദത്തോടെയാണ് കെ എസ് ആര്‍ ടി സിയുടെ മിന്നല്‍ ബസുകള്‍ നിരത്തിലിറങ്ങിയത്.

പൊതുവെ നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിയെ സമയ ലാഭം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കി മിന്നല്‍ ബസുകളിലൂടെ ലാഭത്തിലേക്ക് കൊണ്ടുവരാമെന്ന കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ട്. എന്നാല്‍ ഇത്തരം ബസുകള്‍ കൊണ്ടുള്ള യാത്രാ സംബന്ധമായ പ്രയോജനം എല്ലാ വിധത്തിലും ലഭിക്കണമെങ്കില്‍ ഇവ സഞ്ചരിക്കുന്ന റോഡുകള്‍ ഗതാഗത യോഗ്യമാണെന്ന് ഉറപ്പ് വരുത്തണം. നിലവില്‍ ദേശീയ പാത വഴിയാണ് മിന്നല്‍ ബസുകളുടെ സഞ്ചാരം. കാസര്‍കോട് ജില്ലയില്‍ ദേശീയ പാതയുടെ അവസ്ഥ എത്ര മാത്രം ദയനീയമാണെന്ന് ഇത് വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് മനസ്സിലാകും.

ബസുകളുടെ നിലവാരം കൂട്ടുന്നതിന് മുമ്പ് റോഡുകളുടെ നിലവാരമാണ് ഉയര്‍ത്തേണ്ടതെന്ന യാഥാര്‍ത്ഥ്യം അധികാരികള്‍ വിസ്മരിക്കുകയാണ്. കാസര്‍കോട്ട് ദേശീയ പാതയില്‍ നിറയെ പാതാളക്കുഴികളാണ്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് ദേശീയ പാതയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെങ്കിലും ഫലപ്രദമായ രീതിയിലുള്ള പ്രവര്‍ത്തികളല്ല നടന്നത്. റോഡ് പണിയുടെ മറവില്‍ പല ഭാഗങ്ങളിലും നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടന്ന് വരികയാണ്. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളികളുടെയും അഴിമതികളുടെയും പരിണിത ഫലങ്ങളാണ് ദേശീയ പാത അടക്കമുള്ള റോഡുകളിലെ വന്‍ കുഴികളെന്ന കാര്യം രഹസ്യമല്ല. ആദ്യത്തെ മഴയ്ക്കു തന്നെ ജില്ലയിലെ റോഡുകള്‍ തകര്‍ന്ന് തുടങ്ങിയിരുന്നു. കാലവര്‍ഷം അവസാനിക്കുമ്പോഴേക്കും റോഡുകള്‍ തന്നെ ഇല്ലാതാകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

റോഡിലെ കുഴികള്‍ കാരണം ഗതാഗത തടസങ്ങളും അപകടങ്ങളും ജില്ലയില്‍ പതിവായിക്കഴിഞ്ഞു. ഗട്ടറുകളില്‍ വീഴുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും യാത്രക്കാരുടെ നടുവൊടിയുകയും ചെയ്യുന്നു. തകര്‍ന്ന റോഡിലൂടെ ഗതാഗതക്കുരുക്കിനെ അതിജീവിച്ച് ഏത് തരത്തിലുള്ള വാഹനത്തിനും മുന്നോട്ട് പോവുകയെന്നത് അങ്ങേയറ്റം ക്ലേശകരമാണ്. സീറ്റ് ക്രമീകരണം അടക്കമുള്ള അത്യന്താധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ മിന്നല്‍ ബസില്‍ യാത്ര സുഗകരമാകണമെങ്കില്‍ ഉയര്‍ന്ന നിലവാരമുള്ള റോഡുകള്‍ തന്നെ വേണം. കുഴികളിലൂടെ ഇഴഞ്ഞും ചരിഞ്ഞും നീങ്ങുന്ന ബസിനകത്ത് നടുതല്ലി വീഴുന്ന യാത്രക്കാര്‍ മിന്നല്‍ ബസിനകത്ത് നക്ഷത്രമെണ്ണുന്ന സ്ഥിതിവിശേഷം അങ്ങേയറ്റം ദയനീയമാണ്. ഗതാഗത മേഖല കാര്യക്ഷമമാക്കുന്നതിനോടൊപ്പം പൊതുമരാമത്ത് രംഗവും മെച്ചപ്പെടണം.

മിന്നല്‍ ബസുകള്‍ക്ക് പുറമെ കെ എസ് ആര്‍ ടി സിയുടെ നിരവധി എ സി ബസുകളും മറ്റു വിവിധയിനം ബസുകള്‍ക്ക് പുറമെ ഇറക്കിയിട്ടുണ്ട്. ഇത് കൊണ്ടൊന്നും യാത്ര സുഗകരമാകണമെന്നില്ല. റോഡുകള്‍ സുഗമമായ യാത്രയ്ക്ക് ഉതകുന്ന വിധത്തില്‍ നന്നാക്കിയെടുക്കുകയും ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്താല്‍ വാഹന ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ സാധിക്കും. നിര്‍ഭാഗ്യവശാല്‍ റോഡുകളുടെ കാര്യത്തില്‍ ഉത്തരവാദിത്വ ബോധത്തോടെയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ഇഛാശക്തിയുള്ള ഭരണകൂടം കേരളത്തില്‍ ഇനിയും വന്നിട്ടില്ലായെന്നത് ഏറെ സങ്കടകരമാണ്.

കെ എസ് ആര്‍ ടി സി മിന്നല്‍ മറ്റു ജില്ലകളില്‍ മിന്നുമ്പോള്‍ കാസര്‍കോട്ട് മങ്ങുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bus, KSRTC, Road, Article, Accident, Vehicles, Vigilance, Strict action, Remedies, Traffic, Passengers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia