city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരാധീനതകള്‍ക്ക് പിന്നാലെ അവഗണനയും തുടര്‍ക്കഥ; വേണം കാസര്‍കോടിനും ശാപമോക്ഷം

നൗഷാദ് നെല്ലിക്കാട്

(www.kasargodvartha.com 14.06.2018) പരാധീനകള്‍ക്ക് നടുവില്‍ കാസര്‍കോട് ജില്ല വീര്‍പ്പുമുട്ടുമ്പോള്‍ തുടര്‍ക്കഥയായി മാറുന്ന അവഗണനയും. പിറവി എടുത്തു മൂന്നു പതിറ്റാണ്ടു പിന്നിട്ടിട്ടും വികസനം എത്തി നോക്കാതെ കാസര്‍കോട് ജില്ല. സപ്തഭാഷകളുടെ സംഗമ ഭൂമി എന്ന് അഭിമാനത്തോടെ പറയുകയും ബേക്കല്‍ മുതല്‍ തുളുനാടും കാവേരിയും അറബിക്കടലും കഥ പറയുന്ന സ്വപ്ന ഭൂമി. പക്ഷെ അടിസ്ഥാന സൗകര്യങ്ങളോ മറ്റു ആധുനിക വികസന പ്രവര്‍ത്തനങ്ങളോ ഇന്നും ജില്ലയ്ക്കു അന്യമാണ്.

പിന്നോക്ക ജില്ലയായിട്ട് കൂടി കേന്ദ്ര- കേരള സര്‍ക്കാരുകളും മറ്റും നിരന്തരം പ്രഖ്യാപിച്ച പദ്ധതികള്‍ ഒക്കെയും വഴിമുട്ടിയ അവസ്ഥയാണ് ജില്ലയ്ക്ക്. ഏറ്റവും അവസാനമായി കൊട്ടിഘോഷിച്ചു ഓടിത്തുടങ്ങിയ അന്ത്യോദയ ട്രെയിന്‍ കാസര്‍കോട് ജില്ലയില്‍ കണ്ണും പൂട്ടി ഓടി. ഈ ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ കാസര്‍കോട് ജില്ലയിലെ യാത്രക്കാരുടെ കുറച്ചു പ്രശ്‌നങ്ങളെങ്കിലും തീരുമെന്ന് കരുതി. അതും നിര്‍ത്താതെ പോകുമ്പോള്‍ നിസ്സഹായമായി നമ്മള്‍ നോക്കുകുത്തിയായി മാറിയത് കാസര്‍കോട് ജില്ലയിലെ വികസന പ്രേമികളെ തീര്‍ത്തും നിരാശയിലാക്കിയിരിക്കുകയാണ്.

കേരളത്തില്‍ മെഡിക്കല്‍ കോളേജ് ഇല്ലാത്ത ജില്ലയും കാസര്‍കോട് മാത്രമാണ്. ലോകം ചര്‍ച്ച ചെയ്ത എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലം സംസ്ഥാനത്ത് വലിയ ദുരിതം അനുഭവിക്കുന്ന ജില്ലയാണ് കാസര്‍കോട് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം. മെഡിക്കല്‍ കോളേജിന് പുറമെ നല്ലൊരു ലോ കോളേജ്, മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്കെ ജില്ലയിലെ ജനങ്ങളുടെ വലിയ പ്രതീക്ഷയും സ്വപ്നവുമാണ്.

ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞു നീങ്ങുകയാണ് കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണം. രാഷ്ട്രീയ- ജാതി- മത- ഭേദമന്യേ ജനങ്ങളുടെ മുറവിളി സര്‍ക്കാരുകള്‍ അവഗണിക്കുന്നത് ഒരു പ്രദേശത്തെ സാമൂഹിക സ്ഥിതിയെ തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. കാസര്‍കോട്ടെ ജനങ്ങളും നികുതി ദായകരാണ് എന്ന സോഷ്യല്‍ മീഡിയ വാക്കുകള്‍ അര്‍ത്ഥവത്താവുന്ന സമീപകാല സംഭവങ്ങള്‍ ഏറെ ചിന്തിപ്പിക്കേണ്ടതുണ്ട്. മഞ്ചേശ്വരം മുതല്‍ പയ്യന്നൂര്‍ വരെ നീണ്ടുകിടക്കുന്ന പാര്‍ലമെന്റ് മണ്ഡലം ഭൂരിഭാഗമായി ഉള്‍കൊള്ളുന്ന ഒരു എം പി, അഞ്ചു നിയോജക മണ്ഡലം എം എല്‍ എ മാരും ഒരു ജില്ലാ പഞ്ചായത്തും മൂന്നു മുനിസിപ്പാലിറ്റികളും അടങ്ങുന്ന വലിയ ഒരു ജനാധിപത്യ സംവിധാനത്തിലെ ജനപ്രതിനിധികളും ഭരണ-പ്രതിപക്ഷ നിരയില്‍ മന്ത്രിമാരടങ്ങുന്ന വമ്പന്‍ നേതൃ നിര ഉണ്ടായിട്ടും നാളിതുവരെയായി ജില്ലയുടെ വികസനപരമായ കാര്യങ്ങളില്‍ ഒരിക്കല്‍പോലും യോജിച്ച പ്രവര്‍ത്തനങ്ങളോ കൂടിയാലോചനകളോ നടത്തിയതായി കാണാത്തതും ഖേദകരമാണ്.

ഏറെ മുറവിളികള്‍ക്ക് ശേഷം അനുവദിച്ച പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടന സമയത്തു പോലും ജനപ്രതിനിധികളുടെ പരസ്പര വിഴുപ്പലക്കലുകള്‍ കണ്ട് പൊറുതിമുട്ടിയ കാസര്‍കോട്ടെ ജനതയ്ക്ക് ആ നിലയില്‍ ഒരാശ്വാസം പ്രതീക്ഷിക്കേണ്ടതില്ല. ഓരോ മണ്ഡലത്തിലും സര്‍ക്കാര്‍ വക ആതുരാലയങ്ങളുടെ പരിതാപകരമായ അവസ്ഥ ഈ നിഷ്‌ക്രിയത്വം നമ്മെ ബോധ്യപ്പെടുത്തുന്നണ്ട്. ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ലക്ഷകണക്കിന് രൂപയുടെ ഉപകരണങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നതും പരിശോധിക്കാന്‍ ഒ.പി യില്‍ പോലും ഡോക്ടര്‍മാരില്ലാത്തതും ഇവിടെ വലിയ വാര്‍ത്തയെ അല്ല. ജില്ലയോളം പഴക്കമുള്ള ബാവിക്കര കുടിവെള്ള പദ്ധതി പുഴപോലെ വരണ്ടുണങ്ങിയിട്ട് നാളേറെയായി. മാത്രമല്ല പരാതികള്‍ വിട്ടൊഴിയാതെ എന്‍ഡോസള്‍ഫാനും ആരോഗ്യ മേഖലയും, ജില്ലാ- ജനറല്‍ ആശുപത്രികളും മറ്റു പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്കും ഒരു പൂര്‍ണാരോഗ്യ ചികിത്സാ അത്യന്താപേക്ഷിതമാണ്.

നിര്‍ത്താതെ ചീറിപ്പായുന്ന രാജധാനി എക്‌സ്പ്രസ്, സര്‍ക്കാര്‍ ഓഫീസിലെ ഒഴിഞ്ഞ കസേരകള്‍, ടൂറിസം സാധ്യതകളെ അര്‍ഹിക്കും വിധം  പരിചയപ്പെടുത്താത്ത ഡി ടി പി സി, കാറ്റ് നിറച്ച എഫ് എം സംവിധാനം, തുടര്‍ പഠനങ്ങള്‍ക്ക് മംഗളൂരുവിലെയും ബംഗളൂരുവിലെയും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ഒരു സമൂഹം, രാഷ്ട്ര കവി ഗോവിന്ദ പൈയും ടി ഉബൈദും കുട്ടമത്ത് ഒക്കെ സ്വപ്നം കണ്ട ഈ സാക്ഷരമണ്ണ് ഇപ്പോഴും പിച്ചവെച്ചു തുടങ്ങിയിട്ടില്ല. ഇങ്ങനെ ഒരു ഗതികേടുമായി വിദ്യാഭ്യാസ മേഖലയുള്ള ജില്ല കാസര്‍കോടല്ലാതെ മറ്റെവിടെയാണ്.

കുടിവെള്ള പ്രശ്‌നങ്ങള്‍. ഇനിയും നീളുന്ന പരിഭവങ്ങളുടെ മാരത്തോണ്‍ ലിസ്റ്റിലേക്ക് പുതിയ അതിഥി കൂടിയാണ്. ദയയില്ലാത്ത അന്ത്യോദയ, സ്മാര്‍ട്ട് സിറ്റി പോലെയുള്ള വമ്പന്‍  വ്യവ്യസായ സംരംഭങ്ങള്‍ക്കോ, നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോയ്ക്ക് വേണ്ടിയോ അല്ല കാസര്‍കോട്ടുകാരുടെ  മുറവിളി. സാധരണക്കാരന്റെ വിദ്യാഭ്യാസവും, ആരോഗ്യവും, കുടിവെള്ളവും പോലെയുള്ള അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് ഈ നാട് മുറവിളി കൂട്ടുന്നത് എന്നതാണ് കൗതുകം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൂപ്പര്‍ സോണിക് റെയില്‍ സംവിധാനങ്ങളും ഉള്ള രാജ്യത്ത് ഒരു ജില്ല ഇന്നും നല്ലൊരു ആശുപത്രിയും അവിടെ ഒരു ഡോക്ടര്‍ക്കും വേണ്ടി അലമുറയിടേണ്ടി വരുന്നത് ഇവിടെത്തെ ഭരണ പ്രതിപക്ഷത്തെയും ഓരോ ജനപ്രതിനിധികളുടെയും തികഞ്ഞ അലംഭാവമല്ലാതെ മറ്റെന്താണ്?. എക്‌സ്പ്രസ് വേ കള്‍ക്കും ദേശീയപാതക്കും ജനങ്ങളെ ആട്ടിപ്പായിക്കുന്ന നാട്ടില്‍ അത്യാവശ്യ ഘട്ടത്തില്‍ ഒന്ന് കുഴിയില്‍ വീഴാതെ, നടുവൊടിയാതെ യാത്ര പോകാനുള്ള റോഡിനു വേണ്ടി, മിനിമം ഗതാഗത സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ നാട് നിലവിളിക്കുന്നതെന്ന് ഓര്‍മ്മവേണം. കൃത്യമായി നികുതി അടച്ച് പൊതു ഖജനാവ് വീര്‍പ്പിക്കുന്ന ഞങ്ങള്‍ക്ക് അതിനുള്ള അവകാശമില്ലെന്ന് മാത്രം പറയരുത്.

ഈ പ്രധിഷേധങ്ങളും സമരങ്ങളും സാധാരണക്കാരന്റെ മാത്രം മുദ്രാവാക്യമാവുന്ന കലികാലത്തിലാണ് കാസര്‍കോട്. വികസനം തേടിയുള്ള ഒരു യാത്രയിലും ഉത്തരവാദിത്ത ബോധമുള്ള ഒരു ജന നായകരെയും കാണാന്‍ പറ്റാത്തതും ഈ ജില്ലയെ നാഥനില്ലാക്കളരിയാക്കി മാറ്റി. ഇവിടെ ഇങ്ങനെയൊക്കെ മതി എന്ന ആരുടെയോ മുന്‍വിധികള്‍ ശിരസ്സുകൊണ്ട് ഏറ്റെടുത്ത ജനപ്രധിനിധികളാണ് എല്ലായ്പ്പോഴും ഇവിടെ ജയിച്ചു കയറാറ് എന്നതാണ് വിചിത്രം. കേവലം ഭാഷയിലെ ട്രോള്‍ പേജിലും നവമാധ്യമ കൂട്ടായ്മകളും ചെറു പ്രതീക്ഷകള്‍ തരുന്നത് ആശ്വാസവും മരിച്ചിട്ടില്ലെന്ന ഓര്‍മപ്പെടുത്തലുമാണ്. അതുകൊണ്ടു തന്നെയാണ് ജനപ്രതിനിധികളുടെ വാക്കുകളേക്കാള്‍ ട്രോള്‍ പോയിന്റുകള്‍ വര്‍ത്തയിലിടം നേടുന്നത്.

എം പി യുടെയോ എം എല്‍ എ മാരുടെയോ സാന്നിധ്യത്തിനു പകരം ജില്ലയിലെ ജനങ്ങള്‍ പൊതു പ്രവര്‍ത്തകരായ ഇരുട്ടി മുഹമ്മദിനെ പോലുള്ളവരുടെ സാനിധ്യം കാംക്ഷിക്കുന്നത്. ഇതില്‍ നിന്നെങ്കിലും ഒരല്‍പം തിരിച്ചറിവ് നമുക്ക് ഉണ്ടാവണം. വികസനം തേടുക എന്നതിനപ്പുറം ഈ നാടിന്റെ ശാപമായ ഭരണസിരാ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ അടിമകള്‍ക്ക് പകരം നാടിന്റെ രോദനങ്ങള്‍ക്കും വലിയ പ്രതീക്ഷകള്‍ക്കും ഒപ്പം നില്‍ക്കുന്ന മനുഷ്യഹൃദയം ഉള്ളവരെ കൊണ്ടെത്തിക്കുക എന്നതാണ് ഏക പോംവഴി. വരൂ പ്രിയ യുവസമൂഹമേ...നാളെ ഇതൊരു ശ്മശാന ഭൂമിയായി ആളുകള്‍ അടുക്കാതിരിക്കാനും അകന്നു നില്‍ക്കാനും ശ്രമിക്കുന്നോരിടമായി കാസര്‍കോട് ജില്ല മാറാതിരിക്കാന്‍ ഉറക്കം വെടിഞ്ഞേ മതിയാവൂ.
പരാധീനതകള്‍ക്ക് പിന്നാലെ അവഗണനയും തുടര്‍ക്കഥ; വേണം കാസര്‍കോടിനും ശാപമോക്ഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം  - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kasaragod, Kerala, District, Noushad Nellikkadu, Article about Govt's neglect against Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia