അന്‍ഫലിന്റെ മനസ്സില്‍ ബൗണ്ടറിയും സിക്സറും മാത്രം
Nov 12, 2012, 10:04 IST
Anfal |
ക്രിക്കറ്റില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ തയ്യാറെടുക്കുന്ന കാസര്‍കോട് പള്ളത്തെ പി.എം. അന്‍ഫലിന്റെ(19) മനസ്സില്‍ സിക്സറും ബൗണ്ടറിയും കാണികളുടെ ആരവവും മാത്രവുമാണ് ഇപ്പോള്‍. കാണികളുടെ ആരവങ്ങള്‍ കരുത്ത് പകര്‍ന്നാല്‍ അന്ഫലായിരിക്കും ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത കേരളീയ ക്രിക്കറ്ററെന്ന് ഉറപ്പിക്കാവുന്നതാണ്. ടിനു യോഹന്നാനും, ശ്രീശാന്തിനും ഇന്ത്യന്‍ ടീമില്‍ ഇടംകണ്ടെത്താന്‍ കഴിഞ്ഞത് ബൗളര്മാരായതുകൊണ്ടാണ്. എന്നാല്‍ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ബൗളിംഗിലും കഴിവു തെളിയിച്ച് മികച്ചൊരു ഓള്‍റൗണ്ടറാണെന്ന് അന്‍ഫല്‍ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്.
നവംബര്‍ 20ന് ഡല്‍ഹിയില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് മത്സരത്തിന്റെ കേരള ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അന്‍ഫല്‍ കഠിനമായ പരിശീലനത്തില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍. പെരിന്തല്‍മണ്ണയില്‍ നവംബര്‍ ആറിന് തുടങ്ങിയ ക്യാമ്പിലേക്ക് കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ ശേഷമാണ് അന്‍ഫല്‍ പുറപ്പെട്ടത്. ഒമ്പത് വര്‍ഷമായി കേരള ടീമില്‍ കളിക്കുന്ന അന്‍ഫലിന് ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന അംഗീകാരം ലഭിച്ചതിന്റെ അമിത ആഹ്ലാദമൊന്നുമില്ല. തിരുവനന്തപുരം ലയോള ക്രിക്കറ്റ് അക്കാഡമിയില്‍ പഠനവും പരിശീലനവും നടത്തി വരുന്ന അന്‍ഫലിന് ഓള്‍റൗണ്ടറെന്ന പ്ലസ് പോയിന്റ് വലിയൊരു അനുഗ്രഹമാണെന്ന് പരിശീലകന് എസ്.എസ്.ഷൈന്‍ പറയുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള അന്‍ഫലിന്റെ ചുവടുവെപ്പായിരിക്കും ഡല്‍ഹിയില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് മത്സരമെന്ന് കോച്ച് പറയുന്നു. 2003ല്‍ ചെന്നൈ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗോവയ്ക്കെതിരെ അണ്ടര്‍ 13 മത്സരത്തില്‍ 153 റണ്‍സ് അടിച്ചുകൂട്ടിയതാണ് അന്‍ഫലിന്റെ കരിയറിലെ ടോപ്പ് സ്കോര്‍. എട്ട് വയസ്സു മുതല്‍ ക്രിക്കറ്റ് കളിയിലേര്പ്പെട്ടുകൊണ്ടിരിക്കുന്ന അന്‍ഫലിന്റെ കോച്ചും വഴികാട്ടിയും സഹോദരന് ആസിഫാണ്.
കേരള ജിംഖാന ടീമിന്റെ കളിക്കാരനായിരുന്ന ആസിഫ്, മുംബൈയില്‍ നടന്ന സ്കൂള്‍ ടീമിലും കളിച്ചിരുന്നു. പള്ളം എല്‍.പി സ്കൂള്‍, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലും യു.പി.സ്കൂള്‍, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ അന്‍ഫല്‍ 2004 ലാണ് തിരുവനന്തപുരം ലയോള ക്രിക്കറ്റ് അക്കാഡമിയില്‍ ചേര്‍ന്ന് പഠനം തുടങ്ങിയത്. അഞ്ച് വര്‍ഷമായി കോച്ച് ഷൈനിനു കീഴില്‍ കഠിനമായ പരിശീലനമാണ് നടത്തിവന്നത്. ലയോള ക്രിക്കറ്റ് അക്കാഡമിയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനത്തിനുശേഷം മഹാത്മാഗാന്ധി കോളേജില്‍ രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണ് അന്‍ഫല്‍.
റൈറ്റ് ഹാന്റ് ബാറ്റിംഗും, റൈറ്റ് ഹാന്റ് ഓഫ് സ്പിന്നറുമാണ് അന്‍ഫല്‍. ഈ വര്‍ഷം ആന്ധ്രക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ കളി ജയിപ്പിച്ചത് 35 പന്തില്‍ നിന്നും 56 റണ്‍സ്(നോട്ടൗട്ട്) നേടിയ അന്‍ഫലിന്റെ ഉജ്ജ്വല പ്രകടനമാണ്. മൂന്നാമതായാണ് അന്‍ഫല്‍ ബാറ്റിംഗിനിറങ്ങുന്നത്. രഞ്ജി ക്രിക്കറ്റ് ക്യാമ്പില്‍ ക്യാപ്റ്റന്‍ ശ്രീശാന്തിനും കോച്ച് അനന്തപത്മനാഭനുമൊപ്പം പങ്കെടുത്തിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. 2008 ജൂണില്‍ 13 മുതല്‍ 40 ദിവസം ഓസ്ട്രേലിയയില്‍ കേരളത്തില്‍ നിന്നും പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 25 കളിക്കാരില്‍ ഒരാളാണ് അന്‍ഫല്‍. ബിസ്ബണില് വെച്ചാണ് പരിശീലനം ലഭിച്ചത്. വിശാഖപട്ടണത്ത് നടന്ന ട്വന്റി ട്വന്റി കേരള ക്രിക്കറ്റ് ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും കളിക്കാന്‍ അന്‍ഫലിന് ഭാഗ്യമുണ്ടായിരുന്നില്ല. രാഹുല്‍ ദ്രാവിഡാണ് അന്‍ഫലിനെ സംബന്ധിച്ചിടത്തോളം മികച്ച ക്രിക്കറ്റ് താരം. ദ്രാവിഡിന്റെ ക്രിക്കറ്റ് കളിയിലെ ക്ഷമയും ബാറ്റിംഗ് ശൈലിയും മാതൃകയാക്കാന്‍ ആഗ്രഹമുണ്ടെന്ന് അന്‍ഫല്‍ പറയുന്നു. മാച്ചസ് കോഡോഫ് കോണ്ടാക്ട് അനുസരിച്ച് കളിച്ചാല്‍ യാതൊരു ശിക്ഷണ നടപടിയും നേരിടാതെ ഫീല്‍ഡില്‍ പിടിച്ചു നില്ക്കാന് സാധിക്കുമെന്ന് ശ്രീശാന്തിന് ടീമില്നിന്നുണ്ടായ അനുഭവത്തെകുറിച്ച് അന്‍ഫല്‍ പ്രതികരിച്ചു. പരേതനായ പള്ളം കൊപ്പല്‍ മുഹമ്മദ് കുഞ്ഞിയുടെയും സുഹറ(കൊച്ചി) യുടെയും മകനാണ് അന്‍ഫല്‍. ഏഴ് സഹോദരങ്ങളുണ്ട്.
Photo: Achu Kasaragod & File
Written by Kunhikkannan Muttath
09th November 2009 07:58:56 PM
Also Read:
അന്‍ഫലിന്റെ മികവില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്
Keywords: K asaragod, Article, Anfal, Cricket, Kerala