city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപകടം നടക്കുമ്പോള്‍ മാത്രം ഉണര്‍ന്നാല്‍ മതിയോ?

സമീര്‍ ഹസന്‍

(www.kasargodvartha.com 23/07/2015) ഏത് അനിഷ്ട സംഭവത്തിന്റെ പേരിലായാലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. അത് അതിരുവിടാതെ നോക്കേണ്ടത് പൗരന്റെ ഉത്തരവാദിത്വമാണ്.

അപകടം നടക്കുമ്പോള്‍ മാത്രം നാം ഉണര്‍ന്നത് കൊണ്ട് റോഡിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനാകുമോ. 28 കാരിയായ അണങ്കൂരിലെ റസിയയാണ് ഏറ്റവും ഒടുവില്‍ ബസിന്റെ അമിതവേഗത മൂലം കാസര്‍കോട് നഗര ഹൃദയത്തില്‍ രക്തസാക്ഷിയായത്. നഗരത്തെ നടുക്കിയ ഈ ദാരുണ അപകടം അറിഞ്ഞയുടന്‍ വ്യാപാരികളും, നഗരത്തിലെത്തിയവും ഒന്നടങ്കം അധികാരികള്‍ക്കെതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

ഇതിനിടയില്‍ ജനരോഷം അണപൊട്ടി ഒരുസംഘം ബസ് കല്ലെറിഞ്ഞ് തകര്‍ക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വന്‍ സംഘര്‍ഷാവസ്ഥയായിരുന്നു നഗരത്തില്‍ ഈ സമയം നിലനിന്നിരുന്നത്. ദേശീയ പാതയിലെ ഗതാഗതം സ്തംഭിച്ചതോടെ വിദ്യാനഗര്‍ മുതല്‍ അടുക്കത്ത് ബയല്‍ വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.

സ്ഥലത്തെത്തിയ ആള്‍ക്കൂട്ടം പോലീസ് ചീഫിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. ബസുകളുടെ മത്സരയോട്ടവും, അമിത വേഗതയുമാണ് അപകടത്തിന് വഴിവെച്ചതെന്നായിരുന്നു ഭൂരിഭാഗം പേരുടെയും പരാതി. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് അപകടം വരുത്തിയ ബസിന്റെ ഡ്രൈവറെ പോലീസ് സുരക്ഷിത സ്ഥാനത്ത് എത്തിച്ചുവെന്നായിരുന്നു ചിലര്‍ പരാതിപ്പെട്ടത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ആരോപണമുയര്‍ന്നു. ഇപ്പോള്‍ തന്നെ ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നായി ചിലര്‍.

ബസുകളുടെ വേഗപ്പൂട്ട് പരിശോധിക്കുക, ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. എല്ലാത്തിനും പരിഹാരം കാണാമെന്ന് ജില്ലാ പോലീസ് ചീഫ് ഉറപ്പു നല്‍കിയതിന് ശേഷമാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. എന്നാല്‍, സാധാരണ രീതിയില്‍ ഇത്തരം അപകടം ഉണ്ടാകുമ്പോള്‍ നല്‍കുന്ന ഉറപ്പൊന്നും അധികാരികള്‍ പാലിക്കാറില്ലെന്ന യാഥാര്‍ത്ഥ്യവും ചിലര്‍ വിളിച്ചുപറഞ്ഞു.

കാര്യങ്ങള്‍ ഇങ്ങിനിയൊക്കെയാണെങ്കിലും ഒരു അപകടം നടന്ന ശേഷം ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്താല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി എന്നാണ് ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നത്. സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരോടും ചിലര്‍ കയര്‍ക്കുന്നുണ്ടായിരുന്നു. പിന്നാലെ വന്ന ബസുകളിലെ യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ടും ചിലര്‍ സായൂജ്യമടഞ്ഞു. കൈക്കുഞ്ഞുമായി കരഞ്ഞുകൊണ്ട് ബസിറങ്ങിയ സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്തുചെയ്യണമെന്നറിയാതെ അന്താളിച്ചു നില്‍ക്കുന്ന അവസ്ഥ.

എവിടെ അധികാരികള്‍?

അപകടം നടന്നാല്‍ മാത്രം പേരിനൊരു നടപടി. പിന്നെ എല്ലാം തോന്നുംപോലെ. ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് ബസ് അപകടത്തില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ മരിക്കാനിടയായ അപകടം ഉണ്ടായപ്പോഴാണ് അധികാരികള്‍ ഏറ്റവും ഒടുവിലായി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. പിന്നെ ബസുകള്‍ കയറി പരിശോധന, വേഗപ്പൂട്ട്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ മിന്നല്‍ പരിശോധന...എല്ലാം ഒന്നോ രണ്ടോ ആഴ്ച മാത്രം നീണ്ടുനിന്നു.

പിന്നെ എല്ലാം പഴയപടി. അധികൃതരുടെ ഈ അനാസ്ഥയുടെ ജില്ലയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അണങ്കൂരിലെ റസിയ. നഗര മധ്യത്തിലും ഏറെ തിരക്കുള്ള ദേശീയ പാതയിലുമാണ് ഇപ്പോള്‍ ഭൂരിഭാഗം ബസുകളുടെയും മത്സരയോട്ടം നടക്കുന്നത്. ഇത് പലപ്പോഴും അധികാരികളുടെ കണ്‍ മുന്നിലൂടെയും. വ്യാഴാഴ്ച അപകടമുണ്ടായ പുതിയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ദേശീയ പാതയിലാണ് ആര് മുന്നില്‍ എന്ന രീതിയില്‍ ബസുകള്‍ മത്സരിക്കുന്നത്.

ഐ.ഡി.ബി.ഐ ബാങ്കിന് മുന്‍വശത്ത് നിയമം ലംഘിച്ച് ബസുകള്‍ നിര്‍ത്തി ആളെയിറക്കുന്നത് പതിവ് കാഴ്ചയാണ്. ചില സമയങ്ങളില്‍ റോഡിന് നടുവില്‍ നിര്‍ത്തിയാണ് ആളെ ഇറക്കാറ്. പിറകില്‍ വാഹനങ്ങള്‍ ഉണ്ടോയെന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ഡ്രൈവര്‍മാര്‍ സഡന്‍ബ്രൈക്കിടുന്നത് മറ്റുള്ളവരുടെ ജീവിതത്തിലേക്കാണ്.

വീണ്ടും വീണ്ടും നമ്മുടെ റോഡുകള്‍ കുരുതിക്കളമായി മാറുമ്പോള്‍ ചില നേരത്തേക്ക് മാത്രം നാം പ്രതികരണ ശേഷിയുള്ളവരാകുന്നു. അത് അക്രമത്തിലേക്ക് നീങ്ങുന്നതിന് പകരം വിവേക പൂര്‍ണവും നിരന്തരവുമായ പ്രതിഷേധങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും വഴിമാറട്ടെ എന്ന് ആശിക്കാം.

ഇനിയെങ്കിലും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായേ തീരൂ.
Keywords : Accident, Kasaragod, Kerala, Article, Woman, Natives, Bus, Road, Rasiya, An Accident and after mark.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia