city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരണത്തെ ചിരിയാക്കിമാറ്റിയ കുരിക്കള്‍ അദ്‌ലച്ച

-കെ.ടി ഹസന്‍

(www.kasargodvartha.com 21/04/2015) മരണവീട്ടില്‍ ചിരിക്കാമോ? വേര്‍പാടിന്റെ വ്യസനത്താലോ പരേതനോടുള്ള ആദരസൂചകമായോ മൂകതയാണു പതിവ്. ശ്മശാനമൂകത എന്നുതന്നെയല്ലേ പ്രയോഗം! നാട്ടുകാരും വീട്ടുകാരും എന്തു കരുതും എന്നോര്‍ത്തിട്ടെങ്കിലും സകലരും മൗനമവലംബിക്കും.
പക്ഷേ ചെമ്മനാട് കടവത്ത് കുരിക്കള്‍ അബ്ദുല്ല സാഹിബ് മരിച്ചിടത്ത് ഞാന്‍ ചിരിച്ചുപോയി. ജീവിതത്തിന്റെ നിസ്സാരതയെ ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്നുച്ച തൊട്ട് (2015 ഏപ്രില്‍ 21 ചൊവ്വ) നിരന്തരം തമാശകള്‍ പറഞ്ഞും ആസ്വദിച്ചും ഉത്സാഹത്തിലായിരുന്നു അദ്‌ലച്ച. സ്‌കൂള്‍ വരാന്തയില്‍ കേറിപ്പോയ പശുവും എസ്.എസ്.എല്‍.സി പാസായി എന്ന കറുത്ത തമാശയ്ക്ക്, കാസര്‍കോട്ടെ ആസ്പത്രികളിലെ ഐ.സിയുവില്‍ പശുവിനും കയറാം എന്നു പുതുഭാഷ്യമുണ്ടായി.

ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്തു ആശുപത്രി വിടാനിരുന്നതാണ്. പത്തു മികവില്‍ കടന്നതിനു പേരക്കുട്ടി കൊണ്ടുവന്ന മധുരം കഴിച്ചു ചിരിമധുരം വിതറുന്നതിനിടയില്‍, നെഞ്ഞിലൊരു നൊമ്പലം ഇണ്ടാണ്‍ക്കെ ഇണ്ട്ടാ എന്ന്. ആസൂത്രിക്കാറെ ബ്ട്ടു പോന്നേന്റെ ബേജാറിലാന്തൊ എന്നു മകന്റെ പ്രതിവചനം. പിന്നെയും ചിരിമുഴക്കം. സന്തോഷവര്‍ത്തമാനങ്ങള്‍. സെക്കന്‍ഡുകള്‍ക്കകമായിരുന്നു എല്ലാം. എത്ര മധുരതരമായ മരണം! എന്തു നിസ്സാരത.

നിസ്സാരമായിരുന്നു അദ്‌ലച്ചാക്ക് എന്നും ജീവിതം. ലളിതം നിഷ്‌കപടം. അലസമായി മടക്കിക്കുത്തിയ മുണ്ടുടുത്ത് കുപ്പായമിടാതെ നടക്കുന്ന കുരിക്കള്‍ അദ്‌ലച്ച കടവത്തിന്റെ ഒരു ഐക്കണായിരുന്നു, അതിന്റെ പ്രശോഭകാലത്തും ചന്ദ്രഗിരിപ്പാലം വന്നു കടവ് ഒരു ഗൃഹാതുരമധുരമായി മാറിയ ഇന്നും. അദ്ദേഹമെന്നും നാടിന്റെ നൂറായിരം കഥകള്‍ പറഞ്ഞുതന്നു.

ഔപചാരിക ബിരുദക്കാരെ കവച്ചുവയ്ക്കുംവിധം മികച്ച മോട്ടോര്‍ മെക്കാനിക്കായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ ഓരോ തലത്തിലും മാതൃകകള്‍ ഒളിപ്പിച്ചു വച്ചൊരാള്‍. ഞാന്‍ അദ്ഭുതത്തോടെ നോക്കിക്കണ്ട മഹാമനീഷി. അടുത്തു പരിചയിച്ചിട്ടുള്ള ഓരോരുത്തര്‍ക്കും മഹാസംഭവമായിരിക്കും അദ്‌ലച്ച. ഇങ്ങനെ ജീവിക്കുന്നവരെയാണ് സൂഫി എന്നു വിളിക്കേണ്ടത്. ഗുരോ, വിട. താങ്കള്‍ ഞങ്ങളെ ചിരിപ്പിക്കുമ്പോഴും പ്രകൃതി ഇടിമുഴക്കത്തോടെ കണ്ണീര്‍ വാഴ്ത്തുന്നുണ്ട്, ഈ വേനലിലും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മരണത്തെ ചിരിയാക്കിമാറ്റിയ കുരിക്കള്‍ അദ്‌ലച്ച

Related News: 
ചെമ്മനാട് കടവത്തെ അബ്ദുല്ല കുരിക്കള്‍ നിര്യാതനായി

Keywords : Kasaragod, Kerala, Article, Chemnad, Abdulla Kurikkal, KT Hassan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia