city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ദുല്ലക്കുഞ്ഞി മൊഗ്രാൽ: കാസർകോടൻ വാമൊഴിയുടെ സുൽത്താൻ

അസ്‌ലം മാവില

(www.kasargodvartha.com 06.03.2017) ഇത് ഞങ്ങളുടെ ഖന്നച്ച, നാട്ടുകാരുടെ കുൻച്ച, പുറം നാട്ടുകാർക്ക് അബ്ദുല്ല ഭായ്, എഫ്ബിയിൽ അബ്ദുല്ലക്കുഞ്ഞിയും. വെളുത്ത നരച്ച പഞ്ഞിക്കെട്ടുപോലെയുള്ള നീണ്ട താടി, അതിലും തൂവെള്ള നിറത്തിലുള്ള ഒമാനിതൊപ്പി, അതുക്കുംമേലെ തൂവെള്ള മനസ്സിനുടമ. വലതു കയ്യിലെ നാലാം വിരലിൽ വെള്ളിമോതിരം, ഇപ്പോഴും ചെറുപ്പം വിട്ടുമാറാത്ത പാന്റ്സും ഷർട്ടും അതും ഫുൾ പോസിൽ, കീശയിൽ എപ്പോഴും തലപുറത്തു കാണിച്ചു ഒരു ആൻഡ്രോയിഡ് മൊബൈൽ. ഇതൊക്കെയാകുമ്പോൾ ഖന്നച്ചയായി.

അദ്ദേഹത്തെ എവിടെയും കണ്ടില്ലെങ്കിലും ഒരു വിളിക്കപ്പുറത്തായി സോഷ്യൽ മീഡിയയിൽ ഉണ്ടാകും, നിരന്തരം നിർവിഘ്‌നം കാസർകോടൻ ഭാഷയിൽ പുറം ലോകവുമായി സമ്പർക്കം പുലർത്തിക്കൊണ്ട്...

നിങ്ങൾക്കു അദ്ദേഹത്തെ പരിചയപ്പെടാൻ ഇടവന്നിരിക്കുക, മറ്റൊരാൾ നിങ്ങളോട് ഖന്നച്ചയെ വായിക്കാൻ പറഞ്ഞായിരിക്കും. നല്ലൊരു വായനക്കാരനും ഗ്രന്ഥകാരനുമായ എന്റെ അനിയൻ (സലിം പട്‌ല ) പറഞ്ഞിട്ടാണ് ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കാനും വായിക്കാനും തുടങ്ങിയത്.

അബ്ദുല്ലക്കുഞ്ഞി മൊഗ്രാൽ: കാസർകോടൻ വാമൊഴിയുടെ സുൽത്താൻ

കാസർകോടൻ ഭാഷ പൊതുവെ എവിടെയും തഴയപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യാറാണ് പതിവ്. കാസർകോടൻ ശൈലി വാമൊഴിയിൽ മാത്രമൊതുങ്ങി ഒന്നുമല്ലാതായിപ്പോകുന്ന വർത്തമാനകാലത്താണ് അബ്ദുല്ലക്കുഞ്ഞിയുടെ വരമൊഴികൾ ശ്രദ്ധിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ എഴുത്തുകളും ഇടപെടലുകളുമാണ് ഇത്രയും സമ്പന്നമായ വാമൊഴികൾ കാസർകോടൻ മലയാളത്തിനുണ്ടെന്ന് വായനക്കാരെ ഒരുകണക്കിന് ബോധ്യപ്പെടുത്തിയത്.

എട്‌പാലം എട്‌ത്‌റ്റ്‌ പോയി, ചൊഉടും കണ്ണും കേക്കാദെ കണ്‍കെ, പൊന്ന്‌ ബെളീന്നെ മെരം ആയെങ്കും പൊര്‌ക്‌ നേരെ ബെര്‌മ്പൊ കൊത്തണം, ആരാരെ പല്ല്‌നാട്ടിം നല്ലത്‌ ഒറോറെ നൊണ്ണന്നെ, മൂന്ന്‌ ബെയസ്സ്‌ല്‌ മുണ്ട്‌മ്പൊ മുത്ത്‌ ഉദ്‌രും, ലാഉം പോലും ഒരിപോലെന്ന്‌, ഇത്തപ്പായം പൊഉക്കുമ്പൊ കാക്കക്ക്‌ ബായിപ്പുണ്ണു, പൂന്റെ മണ്‍ത്‌ല്‌ ബായെ ബള്ളിക്കും ബെലെ, കണ്ണും ഖബാലൊഉം കാണ്‍ന്ന്‌ല്ല, ആട്‌ കഡ്‌ചെ തൈയും ചൂതര്‌ന്‌ കേറിയെ പൊരെയും ഏളിഗെ ആബേലാ, കൗദനെപ്പോലെ നയ്‌ചെങ്ക്‌ രാജാഅ്‌നെപ്പോലെ തുന്നാം, ബട്ടം തിര്‌ഞിറ്റ്‌ കൊട്ടം കോര്‌ന്നെ, കെതികെട്ടെങ്ക്‌ നെരി പുല്ലും തുന്നൂ തുടങ്ങി ഒരുപാട് പഴമൊഴികൾ (പണ്ടത്തെ ബിസ്യൊ) അദ്ദേഹത്തിന്റെ എഫ്ബി സ്റ്റാറ്റസ് വായിക്കുമ്പോൾ കിട്ടും.

എന്തിനെക്കുറിച്ചും അദ്ദേഹം അഭിപ്രായം എഴുതും. എല്ലാത്തിലും അല്പം കാര്യമുണ്ടാകും, അതും നർമ്മത്തിൽ ചാലിച്ചാകുമ്പോൾ വായനക്കാരുടെ എണ്ണം കൂടും. അതൊക്കെ തനി കാസർകോടൻ ശൈലിയിൽ പത്തരമാറ്റ് കാസർകോടൻ ചുവയിൽ. നമുക്കൊരു തിരുത്ത് പോലും എഴുതാൻ പറ്റാത്തത്ര കൃത്യമായിരിക്കും ഓരോ അക്ഷരവും.

മുറുക്കാൻ കടയിൽ ബീഡ മേക്കിങ്ങിനെ കുറിച്ചുള്ള അബ്ദുല്ലക്കുഞ്ഞിയുടെ വിവരണം വായിച്ചാൽ പിന്നെ അതിന്റെ ട്രൈനിങ്ങിന് പോകണമെന്നില്ല - ''രണ്ട്‌ ബെത്തലെ എഡ്ത്‌റ്റ്‌ ചൊട്ട്‌ നുള്ളണം,അന്ന്‌റ്റായ്‌റ്റ്‌ ഒന്ന്‌ന്റെമേക്ക്‌ പിന്നൊന്ന്‌ ബെച്ചിറ്റ്‌ ബെത്തല്‍ന്റെ തായന്ന്‌ ചെർങ്ങനെ മഡ്‌ക്കീറ്റ്‌്‌ പുടിക്കണം, ചൊണ്‍ങ്ങീറ്റ്‌ പൂള്‌പൂളാക്കീറ്റ്‌ ബെച്ചെ അട്‌ക്കാക്കണ്ടം അയ്‌ന്റെ ഉള്ളേക്ക്‌ ബെച്ചിറ്റ്‌ ചെർങ്ങനെ കണ്ടങ്കണ്ടം ആക്കീറ്റ്‌ ബെച്ചെ ചപ്പ്‌ അയ്‌ല്‍ക്ക്‌ ഇടണം, പിന്നെ ബേറൊരി ബെത്തലെ കീറ്റാക്കീറ്റ്‌ ഒരി കീറ്റ്‌ല്‌ കൊർച്‌ നൂറും അയ്‌ന്റെക്ക ബെക്കണം,എനി തായന്ന്‌ പുട്‌ചിറ്റ്‌ കൊട്ട്‌ളെ കണ്‍ക്കെ ആക്കിയെ ബെത്തല്‍നെ മീതല്‍തെ കൊടീന്ന്‌ തായക്ക്‌ മട്‌ക്കണം,അന്ന്‌റ്റായ്‌റ്റ്‌ നൂറ്‌തേച്ചെ കോല്‍ക്കണ്ടത്തല്‌ കൂട്ടിപ്പുടിച്ചെ ബെത്തല്‍ക്ക്‌ ഒരി തൊളെ ഇടണം. അന്ന്‌റ്റായ്‌റ്റ്‌ ബെത്തലേന്ന്‌ നുള്ളീറ്റെട്‌തെ ചൊട്ട്‌നെ അയ്‌ന്റെ ഉള്ളേക്ക്‌ നൂത്തണം. പണ്ടത്തെ നാള്‍ല്‌ നാട്ട്‌ലെ ഒരി ബഗെ എല്ലാപീടിയേലും ബീഡെ കെട്ടീറ്റ്‌ ബിക്കല്‌ണ്ടാഞ്ഞി.''

ചില എഴുത്തുകളൊക്കെ തീർത്തും ചെറുകഥകൾ തന്നെ. അതിലൊന്ന് ''എന്റെ സ്വന്തം സുലേഖ(ഞ്ഞ)''. ഇത് വായിച്ചാൽ ഒരു ബഷീർകഥ വായിച്ച സുഖം ലഭിക്കും സുലേഖയെ കുറിച്ചുള്ള അതിമനോഹരമായ വർണ്ണന നിങ്ങൾ അദ്ദേഹത്തിന്റെ എഫ്ബി പേജ് പരതി വായിക്കുക. ആ രചനയുടെ ഏറ്റവും അവസാനം അദ്ദേഹം ഉമ്മയുടെ സ്നേഹത്തെക്കുറിച്ചു എഴുതിയതാണ് എന്നെ അതിലും കൂടുതൽ ആകർഷിച്ചത്.
''പാക്ക്‌ പൊന്തിച്ച്‌റ്റ്‌ പഞ്ചാരെ മേങ്ങീനാമോനെന്ന്‌ ഉമ്മ കേക്ക്‌ന്നെ കേട്ടപ്പൊ പാക്ക്‌ലുള്ള പഞ്ചാര്‌ന്റെ കെട്ട്‌ അസൂയപ്പെട്ടിട്ടുണ്ടാവും, ബികോസ്‌ മദർസ്‌ ലവ്- സ്നേഹം നിറഞ്ഞ്‌ തുളുമ്പുന്നുണ്ടായിരുന്നു അതില്. ''

''ശറാബിയുമൊത്തുള്ള യാത്ര'' അവസാനത്തെ ബസ്സിൽ കൂടെയിരുന്ന ഒരു കള്ളുകുടിയന്റെ ചേഷ്ടകളും സംസാരങ്ങളും അങ്ങിനെതന്നെ എഴുതി വെച്ചതാണ്. അതിലെ ഖന്ന-ടച്ചാണ് വായനാസുഖം നൽകുന്നത്. ഒരുപാട് എഴുത്തുകൾ അദ്ദേഹത്തിന്റെ പേജിലുണ്ട്. സുലൈമാൻ - ഫിഷ്ഹോം ഡെലിവെറി ബോയ്, നെയ്‌തൊണ്ടന്‌, ആയിഷയും ബപ്പുട്ടിമൊയിലാർചാഉം, ഒക്കാ ബാലേകാരാ, തേനീചെ കൂട്‌ലേക്ക്‌ - ചിലത് മാത്രം. ഇതൊക്കെ ഓരോ കഥകളായി കരുതി വായിക്കാനാണ് എനിക്ക് ഇഷ്ടം.

മലായ്‌ പനീർ,/രസ്‌ മലായി, ചെറുപുളി (ചെറുനാരങ്ങ), തെളി (കഞ്ഞിവെള്ളം) എല്ലാം അബ്ദുല്ലക്കുഞ്ഞി ഇരുത്തം വന്ന ഒരു പാചകക്കാരന്റെ കെട്ടിലും മട്ടിലുമാണ് എഫ്‌ബിയിൽ കുറിച്ചിടുന്നത്. ഒന്നും അദ്ദേഹത്തിന് അന്യമല്ല, എല്ലാത്തിനോടും അദ്ദേഹം പൊരുത്തപ്പെട്ടുപ്പോകുന്നു.

അതിശയോക്തിയിൽ ഖന്നച്ച ചിലതൊക്കെ പറയുമ്പോൾ ചിരിക്കാത്തവനും കൂടെ ചിരിച്ചുമരിക്കും. സഊദിയിൽ പ്രവാസിയായി കഴിയുന്ന ഒരു തണുപ്പ് കാലം അദ്ദേഹം ''മൈ ഫസ്‌റ്റ്‌ വിന്‍റ്റർ എക്‌സ്‌പീരിയെന്‍സ്‌ എബ്രോഡ്‌!'' എന്ന തലക്കെട്ടിൽ വിവരിക്കുന്നുണ്ട്. അതിലെ ഒരു ഭാഗമിങ്ങനെ - “ഞാന്‌ സൗദീല്‌ണ്ടാമ്പൊ ഒരി വിന്‍ടർ ടൈംല്‌ കാല്‍തെ മൂത്രം ബീതാന്‌ കുത്തിര്‌ന്ന്‌റ്റാമ്പൊ ക്‌ളോസെറ്റ്‌ലേക്ക്‌ കിണികിണീന്ന്‌ എന്തോ ബൂന്നെ കൂറ്റ്‌ കേട്ട്‌, എപ്പളും കുത്തിര്‌ന്ന്‌റ്റാമ്പൊ പ്‌സീങ് ചിർർർന്ന്‌ല്ലേ കേക്കല്‌, ഇന്നെന്ന്‌ന്റെ കിണികിണീന്ന്‌ ബൂന്നെന്നെല്ലീറ്റ്‌ തല താതീറ്റ്‌ കുണ്‍ഞിറ്റ്‌ നോക്കുമ്പൊ അദ്‌സിയത്തന്റെ നാളേ, ബീതിയെ മൂത്രം അയ്‌സായിറ്റ്‌ തായക്ക്‌ ബൂന്നെ കാണ്‍ന്ന്‌.; അക്കാല്ലത്തെ ചളിക്ക്‌ എന്തോരി കുള്‍പന്നേഞ്ഞി, കാല്‍തെ എണ്‍ചിറ്റ്‌ പൊർത്‌ കീഞ്ഞിറ്റ്‌ ആരോടും മുണ്ടീറാന്‌ കയ്യലില്ല, ബായ്‌ന്ന്‌ ബിസിയം ബൂവലും അപ്പത്തന്നെ ബിസിയം കട്ടെകെട്ടും, എനി ഒക്കത്തെ നട്‌ന്നോന്റെ കയ്‌ പുട്‌ചിറ്റ്‌ നട്‌ന്ന്‌റാന്നെല്ലിയെങ്ക്‌ ആ പുടിച്ചെ കയ്‌ ബിഡീക്കാന്‌ ബേറാള്‌ ഒരി മുട്ടീംകൊണ്ട് ബെർണം ''

ദൈനുവും മാപ്പളെയും പിന്നെ മൊയിച്ചിയും'' മറ്റൊരു ബഷീർകഥയുടെ തനി കാസർകോടൻ പകർപ്പ് തന്നെ. ആ രചനയിലെ ദ്വയാർത്ഥപ്രയോഗങ്ങൾക്ക് വരെ കാലാംശമുണ്ട്. വീടുവീടാന്തരം മീനുമായി കൊട്ടയും തലയിലേറ്റി വരുന്ന മൊയിച്ചി (മീന്കാരി )യാണ് ഇതിൽ കേന്ദ്ര കഥാപാത്രം. ആ കഥ (കഥയെന്നു തന്നെ പറയട്ടെ ) അവസാനിക്കുന്നത് ഇങ്ങനെ - ''അഡ്ഡക്കണ്ണ്‌ലെ മൊയ്‌ചിനെ നോകീറ്റ്‌ ദൈഌ ചട്ടി എട്‌കാന്‌ പൊര്‌ന്റെ ഉള്ളേക്ക്‌ പോമ്പൊ ദൈനൂന്റെ മാപ്പളെ ഉക്കത്ത്‌ന്ന്‌ ഒരി ബീഡിയെട്‌ത്‌റ്റ്‌ ബായ്‌ല്‌ ബെച്ചിറ്റ്‌ തീപെട്ടി ഒര്‌ചെ ഒരേല്‌ കത്തിയെ തീപെട്ടിക്കോല്‌ ബള്‍പ്‌ലെ പൂല്ല്‌ല്‌ ബൂണ്‍ട്ട്‌ തീ പൂട്‌ചി, ഞിങ്ങൊ എന്ത്‌ ഒരെ ഒര്‌ചിറ്റേന്ന്‌ കേട്ട്‌റ്റ്‌ മൊയിച്ചി പോയ്‌റ്റ്‌ ദൈനൂന്റെ മാപ്പള്‍ന്റെ മേക്ക്‌ ഒറ്റ ബുവലും അത്‌ കണ്ടെ ദൈഌ കണ്ണ്‌ മയ്യാള്‍ചിറ്റ്‌ മീന്‍ന്റെ ബട്ടിക്ക്‌ ദ്‌ഡൂം....

പച്ചമലയാളം അബ്ദുല്ലക്കുഞ്ഞിയുടെ പേനയ്ക്ക് വഴങ്ങുന്നില്ലെന്ന് കരുതരുത്. അദ്ദേഹത്തിന്റെ പേനയിൽ കാസർകോടൻ മലയാളം പോലെത്തന്നെ പച്ച മലയാളവും ഇംഗ്ലീഷും ഉറുദുവും യഥേഷ്ടം വരും. എന്തെഴുതിയാലും അതിന്റെ അവസാനം തന്റെ പെറ്റഭാഷ നിർബന്ധം.

''മാവിനോട്‌ ചങ്ങാത്തം'' എന്ന തലക്കെട്ടിൽ അദ്ദേഹം ഫിക്ഷൻ ശൈലിയിൽ ഇങ്ങിനെ തുടങ്ങുന്നു. '' കൂടണയാനെത്തിയ പക്ഷികളെ മാവിന്‍ ചില്ലയിലേറ്റി താലോലിക്കുന്ന മന്ദമാരുതന്‍ ഒരു ചെറുതെന്നലായ്‌ മാറും, മാവിന്‍ കൊമ്പത്ത്‌ തെന്നല്‍ തത്തിക്കളിക്കുമ്പോള്‍...,'' എന്ന് എഴുതിത്തുടങ്ങി ഉടനെ കാസർകോട്ടേക്ക് ചാടും. ''നല്ലെ പൊഉതെ പൊഉതെ ളണ്ണിമാങ്ങ ഓരോന്നായി മെല്ലെ മെല്ലെ നെല്‍ത്‌ ബൂഉം, പുള്ളറെ പാചലും പുഡിയും കൂറ്റും ഗൗജിയും കേക്കുമ്പൊ പേട്‌ചിറ്റ്‌ ബെർചിറ്റ്‌ കാകേം പസ്‌കീം എറൊല്‍തീറ്റ്‌ മാഅ്‌ന്റെ മെര്‌ത്‌ന്ന്‌ തടിതപ്പും, പുള്ളറ്‌ ഉണ്ണി മാങ്ങ ഉമ്പിക്കോണ്ട്‌ ഉസാർലെ നട്‌ന്ന്‌റ്റ്‌ പോമ്പൊ പാക്‌ലും കൊറെ ഉണ്ണിമാങ്ങ ഇണ്ടാഉം ''

അബ്ദുല്ലക്കുഞ്ഞിയുടെ എഫ്ബി ടൈംലൈൻ ഒരു ചെറിയ ഇംഗ്ലീഷ് പഠന സഹായി കൂടിയാണ്. വളരെ നല്ല ഭാഷ. രസകരമായ ഒരു ബസ് യാത്ര തുടങ്ങുന്നത് തന്നെ ഇംഗ്ലീഷിൽ. മൈ കൊ ട്രാവല്ലർ വാസ്‌ എ ഹ്യുജ്‌ ഗായ്‌ വിത്ത്‌ തിക്‌ലീ ഗ്രോണ്‍ മുസ്‌റ്റാച്ച്‌! ഒരിക്കൊ ഓന്റെ മൂട്ടേക്ക്‌ നോക്കിയതന്നെ മതിആയ്‌ന്‌, മഡീല്‌ ഒരി തോല്‍ന്റെ ബാഗും ബെച്ചിറ്റ്‌ രണ്ട്‌ കാലും ഒല്‍തീറ്റ്‌ ഇര്‌ന്ന്‌റ്റാമ്പൊ മുക്കാപാതിയും സീറ്റ്‌ ഓന്റെ ചന്തിന്റഡീല്‌, ഞാന്‌ പിന്നെം കൊർച്‌ ചന്തി നെര്‌കീറ്റാമ്പൊ ഹി വാസ്‌ ബിറ്റ്‌ കംഫർട്ടെബ്‌ള്‍!

“നെയ്‌ക്കെളവനി’’ലെ ഇംഗ്ലീഷ് ഭാഗങ്ങളിലൊന്ന് : വെരി എക്‌സിക്യുട്ടീവ്‌ ലുക്കിങ്ങ്‌ ആന്റ്‌ എ വെരി എലിഗെന്റ്‌ മാച്യൂർഡ്‌ മാന്‍, എസ്‌, വി യൂസ്‌ ടു കാള്‍ ഹിം മസ്‌കാതൊണ്ടന്‍ വിച്‌ മീന്‍സ്‌ നൈകിളവന്‍ ഇന്‍ ഔർ ഓണ്‍ കാസ്രോഡ്ന്‍ സ്‌ലാംഗ്. ഇത്ര സുന്ദരമായി അദ്ദേഹത്തിന് ഇംഗ്ലീഷ് പഠിപ്പിച്ചത് ഫ്രീപ്രെസ്സ്‌ ജേർണലിസ്‌റ്റായിരുന്ന ദിവംഗതനായ നടരാജനാണത്രെ. ഉർദു ഗുരുനാഥൻ അദ്ദേഹത്തിന്റെ പിതാവിന്റെ സുഹൃത്തായ ഹൈദരാബാദ്‌കാരനായ ഒരു അഹ്‌മദ്‌ ബെയ്‌ഗുമാണ്‌.

ചുറ്റുപാടിൽ നടക്കുന്ന ഓരോന്നും അദ്ദേഹത്തിന്റെ എഫ്ബി സ്റ്റാറ്റസിന് വിഷയമാകും. വർദ്ധിവരുന്ന റോഡപകടങ്ങൾക്ക് പരിഹാരം അദ്ദേഹം രണ്ടേ രണ്ടു വാക്കിൽ, ഹിന്ദിയിൽ ഒതുക്കി - ''പഹ്‌ലെ ആപ്‌'', അതായത്‌ ആദ്യം നിങ്ങള്‍ എന്ന മനോഭാവം.

ഒന്നൊന്നര മണിക്കൂറിൽ മാത്രമൊതുങ്ങുന്ന മദ്രസ്സാപഠനത്തിന് അധ്യാപകർ കാണിക്കുന്ന ലാഘവസമീപനത്തെ ഒരു സാമൂഹ്യനിരീക്ഷകന്റെ കണ്ണ് വെച്ചാണ് ഖന്നച്ച നോക്കുന്നത് - മദ്രസ്സ്‌ല്‌ ആകെ ക്ലാസ്സ്‌ നട്‌ക്ക്‌ന്നത്‌ കണ്ണ്‌ചിമ്മീറ്റ്‌ മീക്ക്‌ന്നത്തരെ നേരം, (അദർ വയ്‌സ്‌ ചില്‍ഡ്രെന്‍സ്‌ മിസ്‌ ദേർ സ്‌കൂള്‍ ബസ്സ്‌) അയ്‌ന്റെഡ്‌ക്‌ ഞിങ്ങളെ ഫോണെപ്പളും റെസ്‌റ്റ്‌ലെസ്‌, മുണ്ടീറ്റ്‌ ഫോണ്‌ ബെച്ചിറ്റാമ്പൊ പിന്നെ (ചെലെ) ഉസ്‌താദ്‌മാറ്‌ ബിസി ഇന്‍ വാട്ട്‌സപ്പ്‌, എന്ത്‌ ദീന്‌, എന്ത്‌ ദിനിയാബ്‌? നാളെ ആഖർത്‌ല്‌ ഞിങ്ങക്കെന്ത്‌ ജവാബ്‌?

റോഡിനു കുറുകെ അശാസ്ത്രീയമായി ഹമ്പ് കയറ്റുന്നവരെ അദ്ദേഹം കണക്കിന് കളിയാക്കുന്നത് വായിക്കുക - ''മാർക്കത്ത്‌ല്‌ ഹംപ്‌ എങ്ങനെ ഇടണോന്നറിയാത്ത ഹംകോള്‌!!, ഇത്തരെ ഏര്‌ത്‌ല്‌ ഹംപ്‌ടല്‌ണ്ടാ? ഒപ്പ്‌ഡി ജാഗ്ര്ദെ ആക്കീറ്റ്‌ലാങ്ക്‌ നഡൂന്റെ കീലന്നെ എളീപോട്ടേഞ്ഞി!!''


ഭരണാധികാരികളെ പോലും അദ്ദേഹം ഓർമ്മപെടുത്തുന്നുണ്ട്. - ബിഫോർ ഓപണ്‍ യുവർ മൗത്‌ എന്‍ഗേജ്‌ യുവർ ബ്രൈന്‍ പ്ലീസ്‌, മിസ്‌റ്റർ ..... മിനിസ്‌റ്റർ! ട്രംപ് വൈറ്റ് ഹൌസിൽ അധികാരത്തിലെത്തിയപ്പോൾ കാസര്കോട്ടുകാർക്ക് അവരുടെ ഭാഷയിൽ ചുരുക്കി എഴുതിയത് അബ്ദുല്ലകുഞ്ഞി മാത്രം - ബെള്‍തെ പൊര്‌കിന്ന്‌ ബേറാള്‌ ബന്ന്‌! ! !, !! എന്ത്‌ല്ലാങ്കും ആ ചങ്ങായി (ഒബാമ ) ബെള്‍തെ പൊര്‌ക്‌ മീതെകേർമ്പൊ പർഞെ ബിസിയോങ്കും കേക്കാന്‌ ചേല്‌ണ്ടാഞ്ഞി, ഇന്ന്‌ ബന്ന്‌റ്റ്‌ മീതെകേറിയെ ഈ ചങ്ങായിക്ക്‌ (ട്രംപ്) ബിസിയം പറയാന്‌ അർമെ അറീന്ന്‌ല്ല !

ചൂടുകാലത്തിന്റെ മുന്നറിയിപ്പുകാരനായി അബ്ദുല്ലക്കുഞ്ഞി വരുന്നത് ഈ വാർത്തയും കൊണ്ടാണ്, ആകാശത്തു പൊടിപടലങ്ങൾ സൃഷ്‌ടിക്കുന്ന വെള്ളമൂറ്റികാറ്റിനെ കുറിച്ചുള്ള ഭീതിപ്പെടുത്തന്ന വാർത്തകൂടിയാണത് - കാറ്റടിക്ക്‌ന്നാണ്‍കെ കെന്‍ത്‌ലെ തണ്ണി ആറിക്കോണ്ട്‌ പോന്ന്‌, ഇന്നലേന്നീട്‌ക്‌ ഞങ്ങളെ കെന്‍ത്‌ല രണ്ട്‌ പടെ തണ്ണി താണ്‍ന്‌, ഗള്‍ഫ്‌ല്‌ സാന്റസേ്‌റ്റോമെന്നും ഉത്തരേന്ത്യാല്‌ ലൂ എന്നും ചെല്ല്‌ന്നെ ഈ കാറ്റ്‌ന്‌ ഗറം ഹവാന്നും ചെല്ലല്‌ണ്ട്‌, ദൂളും പൊടിയും നൊർചും ആഗാസ്‌ത്‌ല്‌ നൊർഞിറ്റ്‌ണ്ട്‌!..''

‘’ഒരു പഴയകാല കത്തെഴുത്തില്‍ നിന്ന്‌’’ എന്ന ആർട്ടിക്കിൾ തുടങ്ങുന്നതും ഒടുങ്ങുന്നതും ബഹുരസമാണ്. ഏകഇലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രിയ മകന്‍ അറിയുന്നതിന്ന്‌ ഉമ്മ എഴുതുന്നത്‌, ഞാന്‌ കോയിക്ക്‌ ബെച്ചികൊട്‌ത്ത്‌റ്റ്‌ കൊർച്ച്‌ കോയിയോളെ ആക്കി ബെച്ചിന്‌ ഇപ്പോ ഈലെ കോയിക്ക് സീക്ക് ബന്നിറ്റ്‌ ചാവാന്‌ തൊടങ്ങീന്ന്‌ ചെല്ല്‌ന്ന കേക്ക്‌ന്ന്‌ ഞമ്മളെ കോയിയോളെ അള്ളാ കാക്കട്ട്‌, ഒരി പൂവനെ ബദ്‌ർ മൗലൂദ്‌ന്‌ നേർച്ചാക്കീന്‌. നീ ബെരുമ്പൊ ഉപ്പാക്ക്‌ 80/80 മൗലാനാ കമ്പായം കാന്‍ത്തിനിരിക്കുമ്പൊ ഉട്‌ക്കാന്‌ കൊണ്ട്‌ വരണം, ഉപ്പാഉം ഞാനും നിന്റെ തലയും തടവി ദുവാസെലാം

കാസർകോടൻ വാമൊഴി മറ്റെവിടെയുള്ള വാമൊഴിപോലെ മഹത്തരമാണ്, അത് നിലനിൽക്കേണ്ടതും തലമുറകൾ കൈമാറേണ്ടതും ഒരു അമാനത്താണെന്നു കരുതുന്നവരുടെ കൂട്ടത്തിലാണ് അബ്ദുല്ലക്കുഞ്ഞി. അതിനെ വികലമാക്കി സോഷ്യൽ മീഡിയയിൽ കാസർത് കാണിക്കുന്നവരെ നോക്കി അബ്ദുല്ലക്കുഞ്ഞി രോഷത്തോടെ പറയുന്നത് ഇത്രമാത്രം - ''വളരെ ലളിതവും സരളവും സുന്ദരവുമായ ഞങ്ങളുടെ കാസ്രോഡന്‍ വാമൊഴിയെ വികലമാക്കി ഇവിടെ പോസ്‌റ്റിടുന്നവർ ഒരിക്കലും മാപ്പ്‌ അർഹിക്കുന്നില്ല. എനിയങ്കും അങ്ങന്‍തെ ബിസിയം പർഞിറ്റ്‌ ഒപ്പ്‌ഡി മെര്‌യാദിക്ക്‌ ബിസിയം പറീന്നാളെ ബിസിയത്ത്‌നെ ആരും ബെഡ്‌കാക്കാന്‌ നോക്കണ്ട! ചെല്ലീല്ലാന്ന്‌ ബേണ്ട,! കാസർകോടൻ വാമൊഴിയെ മലയാള വായനാമുറിയിൽ എത്തിച്ചു ജനകീയമാക്കിയ അബ്ദുല്ലക്കുഞ്ഞിയെ സഹൃദയർ ‘’മൊഗ്രാൽ സുൽത്താനെ’’ന്നു പേര് വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

എഴുത്തിനെ വളരെ ഗൗരവമായിട്ടാണോ അദ്ദേഹമെടുത്തിട്ടുള്ളതെന്നെനിക്കറിയില്ല. നാടന്‍ ബിസിയം എഴുത്തിലൂടെ പ്രചരിപ്പിക്കുക എന്നതാണ് എഫ്ബി പോലെയുള്ള സോഷ്യൽ മീഡിയ കൂട്ടുകൂടാൻ കാരണമെന്ന് അദ്ദേഹം പറയുന്നു. ‘’അച്ചടിയന്ത്രങ്ങള്‍ കാസ്രോഡന്‍ വാക്കുകള്‍ക്ക്‌ വഴങ്ങാത്ത അവസ്ഥയില്‍ കയ്‌വിരലുകളെ കൂട്ട്‌പിടിച്ച്‌ ഞാന്‍ കോറിയിടുന്ന എന്റെ നാടന്‍ ബിസിയത്ത്‌നെ പർക്കും അലോരസമായി തോന്നാന്‍ തുടങ്ങിയത്‌ ഞാനൊരു ചാലഞ്ചായെടുത്ത്‌ സമയം അനുവദിക്കുന്നതിനുസരിച്ച്‌ എഴുതാന്‍ ശ്രമിക്കുന്നു, ആരെന്ത്‌ പറഞ്ഞാലും ഐ വോന്‍ട്‌ ഗൊ ബേക്ക്‌ ഫ്രം മൈ ഒറിജിനല്‍ തോട്‌സ്‌’’ - എനിക്ക് അയച്ചുതന്ന എഫ്ബി മെസ്സേജിൽ ഖന്നച്ചയുടെ വാക്കുകൾ വജ്രം പോലെ ഉറച്ചത്. എങ്കിൽ തീർച്ചയായും മലയാളം അദ്ദേഹത്തിൽ നിന്ന് കിടയറ്റ രചനകളാണ് പ്രതീക്ഷിക്കുന്നത്. നരച്ച പ്രായവും പുതിയ സങ്കേതവും അതിനൊരു തടസ്സമല്ലെന്ന് ഖന്നച്ച ഇതിനകം തെളിയിച്ചു കഴിഞ്ഞു.

സ്വദേശം മൊഗ്രാൽ, ബദിയടുക്കയ്‌ക്കടുത്തുള്ള ബീജന്തട്‌കയില്‍ മിനാർ ഫ്യൂള്‍സ്‌ എന്ന ഐ. ഒ.സി ഔട്‌ലെറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നു. 66 വയസ്സായെന്ന് അദ്ദേഹത്തിന്റെ എഫ്.ബി. പേജ്. ഭാര്യ ബീഫാത്തിമ. മക്കൾ അഞ്ചുപേർ - ഷകീൽ, സുഹൈൽ, സൈഫുറഹ്മാൻ, മിസ്‌രിയ , തസ്‌രിയ . ബി. എം. ഹാജിയുടെയും ആസിയഉമ്മയുമാണ് മാതാപിതാക്കൾ ഖാദർ, സിയ, ഹംസ എന്നിവർ സഹോദരങ്ങൾ. ശബാന, ഹമീദ്, ഷറഫു ജാമാതാക്കളും. ഇളയ മകൻ സൈഫു –(സയ്‌ഫുല്‍ റഹ്‌മാന്‍ ബാർകോഡ്‌), കാസർകോട്ടെ അറിയപ്പെടുന്ന ഒരു വെഡ്ഡിങ്ങ്‌ കോസ്‌ട്യൂം ഡിസൈനറാണ്‌.

എട്ടു വരെ പഠനം. പിന്നെ മുംബൈയില്‍ പിതാവിന്റെ കൂടെ കുറെകാലം. അത് കഴിഞ്ഞു സഊദിയിൽ. മുംബയിലെ ജീവിതമാണ് അദ്ദേഹത്തിന് ഏറെ ഓർമകളും അനുഭവങ്ങളും ഒരുക്കൂട്ടിയത്. ഇംഗ്ലീഷും ഉറുദുവും വായനയും മാത്രമല്ല, ഒരുപാട് പച്ചയായ അനുഭവങ്ങൾ മുംബൈകാലം അദ്ദേഹത്തിന് സമ്മാനിച്ചതെന്ന് മുഖപുസ്തകത്തിലെ സംഭാഷണത്തിൽ നിന്ന് ഞാൻ ഊഹിച്ചെടുത്തു.

കാസർകോടൻ വാമൊഴിയുടെ സുൽത്താന്റെ കൂടെ നമുക്കും കൂട്ടുകൂടാം, അതിലൊരാളാകാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Aslam Mavile, Mogral, Social Media, Abdulla Kunhi Mogral, Kasargod, Language, Local, Writer, 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia