city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെണ്‍ പിറന്നോര്‍ക്ക് സ്വാതന്ത്യമല്ല സംരക്ഷണമാണ് വേണ്ടത്

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 16.05.2017)
അന്ന് അവ്വ്ക്കറിക്ക വീട്ടിലേക്ക് വന്നത് പണികഴിഞ്ഞ് കുളിക്കാതെ അതേ വേഷത്തോടെയാണ്. വന്നപാടെ വീടിന്റെ വരാന്തയില്‍ കയറിയിരുന്ന് എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ വരവും ഇരുത്തവും കണ്ടപ്പോള്‍ തന്നെ എന്തോ കാര്യമായ സംശയമുണ്ടെന്ന് മനസ്സിലായി. എന്തെങ്കിലും ചര്‍ച്ച ചെയ്യാനുണ്ടെങ്കിലേ ഇത്തരത്തിലുള്ള വരവ് അദ്ദേഹത്തിനുണ്ടാവൂ. 'മാഷ് എപ്പോഴും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റും പറയുകയും എഴുതുകയും ചെയ്യാറില്ലേ? മാഷ് നമ്മുടെ യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ കാര്യം ശ്രദ്ധിച്ചുവോ? ഓറ് പറയുന്നതല്ലേ ശരി. 'യോഗി പറഞ്ഞത് എന്ത് കാര്യാ അവ്വക്കറിക്കാ?' 'പെണ്‍ പിറന്നോര്‍ക്ക് സ്വാതന്ത്യമല്ല സംരക്ഷണമാണ് കൊടുക്കേണ്ടത്' എന്നാണ് അദ്ദേഹം പറഞ്ഞത്.

പെണ്‍പിറന്നവര്‍ വീട്ടിനകത്തു തന്നെ അനങ്ങാണ്ടിരുന്നാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലല്ലോ മാഷേ? അവരിങ്ങിനെ വേഷവും കെട്ടി നാട് നീളെ തേരാപാര നടക്കുന്നതല്ലേ പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണം. പുരുഷന്മാരാല്‍ സംരക്ഷിക്കപ്പെടേണ്ടവരല്ലേ സ്ത്രീകള്‍. 'എന്നു പറഞ്ഞാല്‍ മൃഗങ്ങളെ പോലെ കൂട്ടിനുള്ളിലോ ഗുഹയ്ക്കുള്ളിലോ സ്ത്രീകള്‍ കഴിയണമെന്നല്ലേ അവ്വക്കറിക്ക അര്‍ത്ഥം?

മനുഷ്യരായാല്‍ സമൂഹവുമായി ഇണങ്ങി ജീവിക്കേണ്ടേ? ലോക കാര്യങ്ങള്‍ അറിയുകയും ഇടപഴകുകയും വേണ്ടേ?. ലോകത്തുണ്ടാകുന്ന മാറ്റങ്ങളൊക്കെ
ഉള്‍ക്കൊണ്ടാലല്ലേ ഇന്നത്തെ കാലത്ത് ജീവിച്ചുമുന്നേറാന്‍ പറ്റൂ?' 'മാഷ് പറഞ്ഞത് ശരിതന്നെ, പക്ഷെ സ്ത്രീ പീഡനങ്ങളും അക്രമണങ്ങളും ഉണ്ടാവുന്നത് സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള സ്വാതന്ത്ര്യം കൊടുത്തതുകൊണ്ടല്ലേ? 

പെണ്‍ പിറന്നോര്‍ക്ക് സ്വാതന്ത്യമല്ല സംരക്ഷണമാണ് വേണ്ടത്

അതില്ലാതാക്കന്‍ എന്താണൊരുമാര്‍ഗ്ഗം മാഷേ? 'അതോ നിയമം കര്‍ക്കശമാക്കിയാല്‍, ശിക്ഷ ലഭിക്കുമെന്ന ഭയമുണ്ടായാല്‍, ഇത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. അതല്ലേ അവ്വക്കറിക്കാ അറേബ്യന്‍ രാജ്യങ്ങളില്‍ സ്ത്രീ പീഡനങ്ങളും മറ്റും താരതമ്യേന കുറയാന്‍ കാരണം. അവിടെ സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന ചെറിയ കുറ്റങ്ങള്‍ക്കുപോലും കഠിന ശിക്ഷയാണ് നല്‍കുന്നത്. അതേപോലെ തന്നെ അവ്വക്കറിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും സ്ത്രീപീഡന പരാതികള്‍ വളരെ കുറവാണ്. അവരുടെ വേഷവും നടത്തവും എത്രമാത്രം സ്വാതന്ത്ര്യത്തോടുകൂടിയാണ്.

വസ്ത്രധാരണം പേരിന് മാത്രമെ ഉണ്ടാകൂ. പതിനെട്ട് വയസ്സുകഴിഞ്ഞാല്‍ ആണിനും പെണ്ണിനും ഇഷ്ടം പോലെ ജീവിത പങ്കാളികളെ കണ്ടെത്താം. ആ പ്രായമെത്തിയാല്‍ അവര്‍ സ്വതന്ത്രരാണ്.' അതൊക്കെ ശരി തന്നെ മാഷേ പക്ഷേങ്കില്‍ നമ്മുടെ നാട്ടില്‍ ഇതൊന്നുമല്ലല്ലോ സ്ഥിതി. നമ്മുടെ രാജ്യത്ത് ദിനേനയെന്നോണം സ്ത്രീകളെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയല്ലേ. അതുകൊണ്ടാണ് നമ്മള് ആദിത്യനാഥ് പറഞ്ഞതാണ് ശരിയെന്ന് പറയുന്നത്.

'അതൊന്നും നടക്കാത്ത കാര്യമാണ് അവ്വക്കറിക്ക. നമ്മുടെ നാട്ടിലും ചില ആണുങ്ങള്‍ സ്ത്രീകള്‍ അടുക്കളയില്‍ മാത്രം കഴിയേണ്ടവരാണെന്ന് വിശ്വസിക്കുന്നുണ്ട്. ഈയിടെ കുമ്പള ഗ്രാമത്തില്‍ നടന്ന ഒരു വനിതാസെമിനാറില്‍ ഉദ്ഘാടകനായെത്തിയ മുന്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പ്രസംഗ മദ്ധ്യേ പറഞ്ഞ ഒരു പ്രസ്താവന ഞാന്‍ ഓര്‍ക്കുകയാണ്. ആണുങ്ങളില്ലെങ്കില്‍ പെണ്ണുങ്ങളെങ്ങനെ ജീവിക്കും? ഇങ്ങിനെ ചിന്തിക്കുകയും പറയുകയും ചെയ്യുന്നവരാണ് സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കണമെന്ന് വാദിക്കുന്നവര്‍.'

'അല്ല മാഷേ നമ്മുടെ വേഴാമ്പല്‍ പക്ഷിയുടെ ജീവിതവും മനുഷ്യര്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്നതല്ലേ. മുട്ടയിട്ട് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നതുവരെയുള്ള കാലയളവിലേക്കാണെങ്കിലും സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷനാണെന്ന ധര്‍മ്മം ആ പ്രവൃത്തിയില്‍ അടങ്ങിയിട്ടില്ലേ. പെണ്‍പക്ഷിക്ക് മുട്ടയിടുന്നതിന് കൂടൊരുക്കിക്കൊടുത്ത് കൊക്ക് മാത്രം കടത്താന്‍ പറ്റുന്ന അളവില്‍ ധ്വാരം വെച്ച് പെണ്‍പക്ഷിയെ കൂട്ടിനകത്താക്കുന്നു. ആഹാരം തേടാന്‍ പോകുന്ന ആണ്‍പക്ഷി പെണ്‍പക്ഷിക്ക് ആഹാരം എത്തിക്കുന്നത് ആ ദ്വാരത്തിലൂടെയാണ്. മുട്ടവിരിഞ്ഞ് കുഞ്ഞ് പുറത്തുവരുന്നതുവരെ ഈ പ്രക്രിയ ആണ്‍പക്ഷി തുടരുന്നു.

പക്ഷിക്കുഞ്ഞുങ്ങള്‍ പറക്കാന്‍ പ്രായമായാല്‍ പെണ്‍പക്ഷി പ്രത്യേക ശബ്ദം ഉണ്ടാക്കും. കൂട് പൊളിക്കാന്‍ സമയമായി എന്ന നിര്‍ദ്ദേശമാണിത്. ഇവിടെ ആണ്‍പക്ഷി നല്‍കുന്ന പരിചരണവും സംരക്ഷണവും ശ്രദ്ധിക്കപ്പെടേണ്ടതല്ലേ.''അവ്വക്കറിക്കാ ഒരു പക്ഷിക്കഥ പോലെയല്ല മനുഷ്യജീവിതം. നിങ്ങള്‍ക്കറിയോ വീടിനകത്തല്ലേ ഇക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്തത്. രക്ത ബന്ധം ഉള്ളവരോ, അടുത്ത ബന്ധുക്കളോ, കുടുംബ സുഹൃത്തുക്കളോ ആണ് മിക്ക പീഡനങ്ങളുടെയും കാരണക്കാര്‍.

യോഗി ആദിത്യനാഥ് പറയുന്നതുപോലെ പെണ്ണുങ്ങളെ വീട്ടിനകത്ത് തളച്ചിട്ടാല്‍ അവരനുഭവിക്കുന്ന പീഡനങ്ങള്‍ പുറം ലോകമറിയാതിരിക്കുകയും അവരുടെ വിങ്ങലുകള്‍ ആരോരുമറിയാതെ കെട്ടടങ്ങുകയും ചെയ്യും. സ്ത്രീകള്‍ പുറത്തിറങ്ങി സമൂഹ ഇടപെടലുകള്‍ നടത്തുന്നതുമൂലമാണ് അകത്തളങ്ങളിലെ പീഡനാനുഭവങ്ങള്‍ പുറത്തറിയുന്നത്.'

'മാഷ് പറയുന്നത് ശരിയാ പക്ഷേങ്കില് എന്താ ഒരു മാര്‍ഗ്ഗം''ഒറ്റമാര്‍ഗ്ഗമേ ഉള്ളൂ പ്രായപൂര്‍ത്തിയാകുന്നതുവരെ മക്കളെ സംരക്ഷിച്ച് വളര്‍ത്തുക. അതായത് പതിനെട്ട്-ഇരുപത് വയസ്സ് വരെ. അതിനുശേഷം അവരെ സ്വതന്ത്രരായി വിടുക. അവര്‍ സ്വയം കൂട്ടുകാരെ കണ്ടെത്തട്ടെ. അവര്‍ ഒന്നിച്ച് ജീവിത മാര്‍ഗ്ഗം കണ്ടെത്തി യഥേഷ്ടം മുന്നോട്ട് പോകട്ടെ.

അല്ലാതെ എല്ലാകാര്യങ്ങളും അച്ഛനുമമ്മയും തന്നെ ചെയ്ത് കൊടുക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുന്നത്. പരസ്പരം ആലോചിച്ചില്ല എന്ന പരിഭവം ഉണ്ടാകുന്നത്. ഒളിച്ചോട്ടവും, പ്രണയവും, പ്രണയ വിവാഹവും തടസ്സമാകുന്നത്. ചിന്തിക്കാനും പ്രതികരിക്കാനും തന്റെ ജീവിതം എങ്ങിനെയാവണമെന്ന തിരിച്ചറിവും ഉണ്ടായിക്കഴിഞ്ഞാല്‍ പീഡനങ്ങളും മറ്റും ഇല്ലാത്തൊരവസ്ഥയിലേക്ക് ലോകം മാറും. അതിന് നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്കു വേണ്ടത് അടിച്ചമര്‍ത്തപ്പെട്ട സംരക്ഷണമല്ല പകരം സ്വതന്ത്രമായ വിഹായസിലേക്ക് ചിറകുവിടര്‍ത്തി പറന്നുയരാന്‍ കെല്‍പ്പുള്ള അവസ്ഥ ഉണ്ടാക്കിയെടുക്കലാണ്.' ഇത്രയും കേട്ടപ്പോഴേക്കും അവ്വക്കറിക്ക 'എന്ന പിന്നെക്കാണാം മാഷേ' എന്ന് പറഞ്ഞ് യാത്രയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Women, Attack, Molestation, Freedom, Protection, Rules, Punishment, Love, Women needs protection; Not freedom.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia