city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടിക്കാനും കൊഴുക്കാനും കുറുക്കു വഴി: വാറ്റുവ്യവസായം ന്യൂ ജന്റായി തിരിച്ചു വരുന്നു; ഒന്നര മാസത്തിനിടെ ജില്ലയില്‍ 106 കേസുകളെടുത്തു, 6,377 ലിറ്റര്‍ വാഷ് നശിപ്പിച്ചു; പുതിയ ശിക്ഷയെ കുറിച്ച് എക്‌സൈസ് കമ്മീഷണര്‍ക്ക് പറയാനുള്ളത്

പ്രതിഭാരാജന്‍

(www.kasargodvartha.com 10.05.2020) മലമടക്കുകളും താണ്ടി വാറ്റു ചാരായം ഇടനാടിലേക്കും തീരപ്രദേശത്തുമെത്തുന്നു. കുടിയന്മാരുടെ ചെറു സംഘങ്ങള്‍ ഒത്തു ചേര്‍ന്ന്  രാത്രിയുടെ മറവിലാണ് ന്യൂജന്‍വാറ്റ് തരപ്പെടുത്തുന്നത്.  ആവശ്യത്തിനുമധികം വാറ്റി  കുടിച്ചു കൂത്താടി മിച്ചം വരുന്നത് മറിച്ചു വില്‍ക്കാന്‍  ഏജന്റുമാരും റെഡി.

അന്നും ഇന്നും വാറ്റിലെ താരം കശുമാങ്ങ തന്നെയാണ്. പഴങ്ങള്‍, ശര്‍ക്കര, പഞ്ചസാര തുടങ്ങിയവ കൊണ്ടും വാറ്റു നടത്തുന്നു. വാറ്റു ചാരായം അഥവാ 'സ്വയംഭു' എന്ന പദം തന്നെ മദ്യപര്‍ക്ക് ജിവന്‍ തുടിക്കാന്‍ പോന്നവയാണ്. സംസ്‌കൃത പദമായ 'സാരകം' എന്ന പദത്തില്‍ നിന്നുമാണ് ചാരായമുണ്ടാകുന്നത്. 1996 ഏപ്രില്‍ ഒന്നിനു എ.കെ ആന്റണി നിരോധിക്കും വരെ  സര്‍ക്കാര്‍ നേരിട്ട് തന്നെ സ്പിരിറ്റും, ഈതേല്‍ മിശ്രിതവും കൂട്ടിയോചിപ്പിച്ച് കൃത്രിമ ചാരായമുണ്ടാക്കി വിറ്റിരുന്നു. അതിന്റെ ഓമനപ്പേരായിരുന്നു കുപ്രസിദ്ധ പട്ടച്ചാരായം. കേരളത്തിന്റെ ദുഖസ്മാരകമാണല്ലോ കല്ലുവാതുക്കല്‍ ദുരന്തം.

അടഞ്ഞ കടകളുടെ മറവിലും സ്‌കൂള്‍ കെട്ടിടങ്ങളുടെ ഇരുണ്ട മൂലകള്‍ തുടങ്ങി വെട്ടം വീഴാത്ത സുരക്ഷിത കേന്ദ്രങ്ങളില്‍ കുടിയന്മാര്‍ ഒത്തു ചേരുന്നു. വീട്ടിലേക്ക് പാമ്പായി  തിരിച്ചെത്തുന്നു. ഇതില്‍ കുടുംബനാഥന്‍ മുതല്‍ വിദ്യാര്‍ത്ഥി വരെ പെടും.  മാനം കാക്കാന്‍ പോലീസിനേയും എക്സൈസിനേയും ഭയന്ന് അമ്മമാരും, കുടുംബനികളും സത്യം പുറത്തു പറയുന്നില്ല. ഇതിന്റെ മറവില്‍ കുടിയന്മാര്‍ കോവിഡ് ആഘോഷം പൊടിപൊടിക്കുകയാണ്.
 കുടിക്കാനും കൊഴുക്കാനും കുറുക്കു വഴി: വാറ്റുവ്യവസായം ന്യൂ ജന്റായി തിരിച്ചു വരുന്നു; ഒന്നര മാസത്തിനിടെ ജില്ലയില്‍ 106 കേസുകളെടുത്തു, 6,377 ലിറ്റര്‍ വാഷ് നശിപ്പിച്ചു; പുതിയ ശിക്ഷയെ കുറിച്ച് എക്‌സൈസ് കമ്മീഷണര്‍ക്ക് പറയാനുള്ളത്

സ്വന്തമായ ആവശ്യത്തിനു വാറ്റുന്ന സ്വയംഭൂ എന്ന ഓമനപ്പെരുള്ള 'കശുമാങ്ങാ തീര്‍ത്ഥ'ത്തിന്  വിലകൂടിയ വിദേശ മദ്യത്തിനേക്കാള്‍ ലഹരിയും രുചിയുമുണ്ടെന്നത് കുടിയമതം. വാഴയില കൊണ്ടുള്ള അടപ്പിട്ട കുപ്പി കാണുന്നത് തന്നെ ഇവര്‍ക്ക് മനംമയക്കുന്നലഹരിയാണ്.

രാത്രി അടിച്ചു കഴിഞ്ഞാല്‍ (പ്രത്യേകിച്ച് സ്വയംഭൂ)  അടുത്ത ദിവസം 11 മണിവരെ പുറത്തിറങ്ങാത്തതു കൊണ്ട് രഹസ്യ കേന്ദ്രത്തേക്കുറിച്ചുള്ള വിവരം ചോര്‍ന്നു പോകുന്നില്ല.  വാഷ് തയ്യാറാക്കുവാനാവശ്യമായ പഴങ്ങള്‍, കരിപ്പട്ടി അഥവാ ശര്‍ക്കര അടക്കമുള്ള വസ്തുക്കള്‍ വളരെ രഹസ്യമായാണ് ഇവര്‍ സ്വരൂപിക്കുന്നത്.
വാറ്റു കേന്ദ്രങ്ങള്‍ കണ്ടെത്താനും രഹസ്യ വിവരങ്ങള്‍ തരപ്പെടുത്താനും ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ പോകുന്നതിനു കാരണം കുടിയന്മാരുടെ സംഘടിത ശക്തി ഒന്നു തന്നെയാണ്.  വീട്ടുകാരികള്‍ പോലുമറിയാതെ കുടുംബത്തിനകത്തു തന്നെ വാറ്റുന്നവരുമുണ്ട്. പ്രഷര്‍ കുക്കറാണ് ഇതിനായി പ്രയോജനപ്പെടുത്തുക. വെല്ലം അഥവാ ശര്‍ക്കര വേണ്ടെത്ര ലഭിക്കാതിടത്ത് പഞ്ചസാര ലായനി ഉപയോഗിച്ച് വാറ്റുന്നു.  ഈ ലായനിയില്‍ വേണ്ടതിലധികം ഈസ്റ്റ് ചേര്‍ത്താല്‍ മൂന്നാം ദിവസം വാഷ് റെഡിയാകുമത്രെ.

തികച്ചും വിജയകരമായി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചെറുകിട വ്യാജവാറ്റ് യൂണിറ്റുകള്‍ ബീവറേജിന്റെ ഔട്ട്ലെറ്റ് തുറന്നാല്‍ പോലും തുടര്‍ന്നും സജീവമാകാനാണ് സാധ്യത. ശീലിച്ചാല്‍ പിന്നെ മാറ്റാന്‍ കഴിയുന്ന വികാരമല്ലല്ലോ വാറ്റിന്റെ രുചിക്കൂട്ട്.

ആയിരം രൂപാ മുടക്കി തയ്യാറാക്കിയ വാഷില്‍ നിന്നും പതിനായിരം രൂപക്കു വരെ വാറ്റ് സാധ്യമാണത്രെ. അരിഷ്ടത്തില്‍ ചേര്‍ത്തു  സേവിക്കുന്നവരുമുണ്ട്. അധികൃതര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതും, എത്തിപ്പെട്ടാല്‍ തന്നെ സുരക്ഷിതമായി മറഞ്ഞു നില്‍ക്കാനും പിടി കൊടുക്കാതിരിക്കാനും സൗകര്യമുള്ള ഇടങ്ങളാണ് വാറ്റിനായി കണ്ടെത്തുന്നത്.

സ്ഥിരം വാറ്റിലേര്‍പ്പെടുന്ന കുറ്റവാളികള്‍ക്കു പുറമെ കോവിഡ് കാലത്തോടെ  പുതിയ സംരംഭകര്‍ കൂടി തലപൊക്കിത്തുടങ്ങിയതായി കാസര്‍കോട് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.കെ. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മെയ് ആറുവരേക്കുമുള്ള  കണക്കെടുത്തു നോക്കിയാല്‍ 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇതില്‍ 88 കേസുകളും അബ്കാരിയുമായി ബന്ധപ്പെട്ടതാണ്. 28 ലിറ്റര്‍ ഐ.എം.എഫ്.എല്‍, 6,,377 ലിറ്റര്‍ വാഷ്, 104 ലിറ്റര്‍ ചാരായം, 20 ലിറ്റര്‍ കള്ള്, എട്ട് ലിറ്റര്‍ വൈന്‍, 21 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവക്കു പുറമെ ഒരു ഓട്ടോയും രണ്ടു കാറും കസ്റ്റഡിയിലെടുത്തതായും ഡെ.കമ്മീഷണര്‍ പറഞ്ഞു.

മദ്യം വിഷമാണെന്ന കാര്യം ഏവര്‍ക്കുമറിവുള്ളതാണെന്നും, പരമാവധി അത്തരം ശീലങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതും എന്നാല്‍ ശീലിച്ചവര്‍ ശാസ്ത്രീയവും വിധിപ്രകാരവും തയ്യാറാക്കി സര്‍ക്കാര്‍ വില്‍പ്പനക്കു വെച്ചവ മാത്രമേ ഉപയോഗിക്കാവു എന്നും അല്ലാത്തവയെല്ലാം തന്നെ ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കുന്നതാണെന്നും അദ്ദേഹം ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ നിലവിലുള്ളതിനേക്കാള്‍ ശക്തമായ നിലയില്‍ പരിശോധന തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാജവാറ്റിനിറങ്ങുന്നവര്‍ പുതിയ നിയമത്തിലെ കനത്ത ശിക്ഷയെ കുറിച്ചും ബോധവാന്‍മാരാകണംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod, Kerala, Article, Prathibha-Rajan, Excise, 106 cases registered by excise with in a month

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia