city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാപ്പിളപ്പാട്ടിന്റെ അരിമുല്ലപ്പൂമണം, എരഞ്ഞോളി മൂസ; ജനകീയ ഗായകന്റെ വേർപാടിന് ഒരു വർഷം

മനു

(www.kasargodvartha.com 06.05.2020) "മിഹ് രാജ് രാവിലെ കാറ്റേ.... മരുഭൂ തണുപ്പിച്ച കാറ്റേ....." മൂസാക്ക ഈ പാട്ട് പാടുമ്പോൾ കേട്ടിരിക്കുന്നവരിലും ഒരു നനുത്ത കാറ്റ് വീശിയിരുന്നു. കരൾ പൊട്ടുന്ന വേദനയിലും ചുട്ടുപൊള്ളുന്ന വെയിലിലും മരുഭൂമിയിൽ അഹോരാത്രം കഷ്ടപ്പെടുന്നവർക്ക് തണുത്ത കാറ്റായിരുന്നു മൂസാക്കയുടെ ആലാപനം. വിട പറഞ്ഞിട്ട് ഒരു വർഷം തികയുമ്പോഴും വലിയകത്ത് മൂസ എന്ന എരഞ്ഞോളി മൂസ എന്നും മാപ്പിളപ്പാട്ടിന്റെ രാജൻ തന്നെയാണ്.
പാടുന്നതിനൊപ്പം ആ ഭാവം ആസ്വാദകരിലും കേൾക്കുന്നവരിലും എത്തിക്കാൻ കഴിഞ്ഞുവെന്നതാണ് മൂസാക്കയെ എന്നും വേറിട്ട് നിർത്തിയത്. "മിസിരിലെ രാജൻ" പാടുമ്പോൾ മാപ്പിളപ്പാട്ട് സ്നേഹികളുടെ മനസിലും "ഇശക്ക കടലിന്റെ മോസ പൊട്ടിമറിയുമായിരുന്നു". തല ഉയർത്തി, കണ്ണടച്ചുള്ള ആലാപന ശൈലി.. അത് മലയാളത്തിന്റെ മൂസാക്കക്കു മാത്രം സ്വന്തം.

വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ എരഞ്ഞോളി മൂസ മലയാള ഗാനശാഖയിൽ എരഞ്ഞോളി എന്ന പേര് അടയാളപ്പെടുത്തിയാണ് വിട പറഞ്ഞത്. രണ്ടായിരത്തോളം വേദികളിൽ ഇശൽ പെയ്യിച്ച മൂസ എരഞ്ഞോളി പ്രവാസികളുടെ പ്രിയപ്പെട്ട ഗായകനായിരുന്നു. തിങ്ങിനിറഞ്ഞ് കഴിയുന്ന ചെറിയ മുറികൾക്കത്ത് കാസറ്റുകളിലൂടെ മാപ്പിളപ്പാട്ടുകളിലുമൊക്കെയായി മൂസാക്ക പാടുമ്പോൾ പ്രവാസികളുടെ പ്രണയത്തിനും വിരഹത്തിനും ഓർമകൾക്കും ഈ സ്വരം അകമ്പടിയായി.

മാപ്പിളപ്പാട്ടിന് ഇത്രയേറെ ജനസമ്മതി ഉണ്ടാക്കിയ മറ്റൊരാളില്ല. സാധാരണക്കാരനായി ലയിച്ചുപാടുന്ന എരഞ്ഞോളി മൂസ ഗാനവേദികളിൽ വിസ്മയമായിരുന്നു. പട്ടിണിയോടും പരിവട്ടത്തോടും പടവെട്ടിയായിരുന്നു ആദ്യകാലങ്ങളിലെ ജീവിതം. തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം വലിയകത്ത് മൂസ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയുള്ള വളർച്ച പടിപടിയായി ഉയർന്നു. ശരത്ചന്ദ്ര മറാഠേയുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും തിരുവങ്ങാട് കുഞ്ഞിക്കണ്ണന്‍ ഭാഗവതരുടെ കീഴില്‍ കർണാടക സംഗീതവും പഠിച്ച എരഞ്ഞോളി മൂസയുടെ ജീവിതവും സംഗീതം പോലെയായിരുന്നു. വടക്കൻ മലബാറിന്റെ, പ്രത്യേകിച്ച് കാസർകോടൻ ഗ്രാമങ്ങളുടെ വികാരമായിരുന്നു എരഞ്ഞോളി മൂസ. കല്യാണപ്പന്തലുകളിലും മണവാളനൊപ്പം പോകുമ്പോഴും മിക്കപ്പോഴും അകമ്പടിയായത് ആ ഗാനങ്ങൾ തന്നെ.
മാപ്പിളപ്പാട്ടിന്റെ അരിമുല്ലപ്പൂമണം, എരഞ്ഞോളി മൂസ; ജനകീയ ഗായകന്റെ വേർപാടിന് ഒരു വർഷം

അരിമുല്ലപ്പൂമണം ഉള്ളോളെയും മിസിരിലെ രാജനും മാണിക്യ മലരായ ബീവി, പടപ്പ് പടപ്പോട് പിരിശത്തില്‍ നിന്നോളീ, കെട്ടുകൾ മൂന്നും കെട്ടി, മിഹ്രാജ് രാവിലെ കാറ്റേ.... തുടങ്ങിയ ഗാനങ്ങൾ എന്നും മലയാളിക്കൊപ്പമുണ്ട്.  നാടൻപാട്ടുകളുടെ സാധ്യത വളരെയേറെ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. അന്തരിക്കുമ്പോൾ കേരള ഫോക്ക്‌ലോർ അക്കാദമി വൈസ് ചെയർമാനായിരുന്നു.

വ്യക്തിപരമായ ഒരോർമയാണ്....വർഷങ്ങൾക്ക് മുമ്പ് മൊഗ്രാലിൽ മൂന്നു നാൾ നീണ്ടുനിന്ന മാപ്പിളപ്പാട്ട് സെമിനാറും സാഹിത്യസദസ്സും ചർച്ചയും. ഒപ്പം ഓരോ ദിവസവും മാപ്പിളപ്പാട്ട് ഗാനമേളയും. ആലപ്പുഴ റംല ബീഗവും ആയിഷ ബീഗവും വി എം കുട്ടിയും പീർ മുഹമ്മദുമൊക്കെ സമ്പന്നമാക്കിയ വേദികൾ, സജ്ജീവമായ സംവാദങ്ങൾക്ക് നേതൃത്വം നൽകി അന്തരിച്ച ബാലകൃകൃഷ്ണൻ വള്ളിക്കുന്നും കെ എം അഹമ്മദ് മാഷുമൊക്കെ നിറഞ്ഞു നിന്ന കൂട്ടായ്മ. അവസാനദിവസം കുമ്പള മത്സ്യമാർക്കറ്റിൽ പതിവുലും കുറഞ്ഞ തിരക്ക്. കൊണ്ടുവന്ന മീൻ വിൽക്കാൻ ആളില്ലാത്ത സ്ഥിതി. കാരണം അന്വേഷിച്ചപ്പോൾ സുഹൃത്ത് പറഞ്ഞതിങ്ങനെ-  "എന്നിന്റെറാ, ഇന്ന് ഗാനമേള ഉണ്ട് ആരെന്നറിയോ മൂസേ എരിഞ്ഞോളി...". അതായിരുന്നു മൂസാക്ക. അന്ന് ആ ഗാനമേള കേൾക്കാൻ വിട്ട്ലയിൽ നിന്നും ബെദ്രമ്പളയിൽ നിന്നും മണിയംപാറയിൽ നിന്നുമൊക്കെ ആ പഴയ 'ഫോർവീൽ' ജീപ്പിൽ തിങ്ങിനിറഞ്ഞും തൂങ്ങിപ്പിടിച്ചും വന്നിരുന്ന ആളുകൾ ഇപ്പോഴും മനസിലുണ്ട്... മൂസാക്കയുടെ പാട്ടു പോലെ.



Keywords:  Kerala, Article, Death, Singer, 1 year of Eranholi Moosa's death

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia