city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുധാകരന്റെ ആ വിളി

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 16.08.2017) തലശ്ശേരി ബ്രണ്ണന്‍ കോളജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മാതൃഭൂമിയുടെ കാസര്‍കോട് മുന്‍ ലേഖകനുമായിരുന്ന കെ വി സുധാകരന്റെ അപകടമരണം ഇപ്പോഴും വിശ്വസിക്കാനേ കഴിയുന്നില്ല. ജീവിതത്തിന്റെ അത്യന്തം മധുരതരമായ ഒരു അവസ്ഥയില്‍ കഴിയുമ്പോഴാണ് എന്റെ പ്രിയപ്പെട്ട ആ സുഹൃത്തിനെ മരണം തട്ടിയെടുത്തത്. കോളജ് അധ്യാപകന്റെ ജോലിയും സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളും പുതിയ വീട്ടിലെ താമസവും പുതിയ കാറിലെ യാത്രയും ഭാര്യ ഷില്‍നയുമൊത്തുള്ള വിനോദ സഞ്ചാരവും എഴുത്തിന്റെയും വായനയുടെയും പഠനത്തിന്റെയും മനന യാത്രയും... അങ്ങനെ ജ്വലിച്ചു നില്‍ക്കുകയായിരുന്നു സുധാകരന്‍. സ്ഥലകാല ബോധമില്ലാത്ത മരണമെന്ന കോമാളി നിലമ്പൂരില്‍ വെച്ചാണ് ടിപ്പര്‍ ലോറിയുടെ രൂപത്തില്‍ ഇടിച്ചു വീഴ്ത്തി പിടികൂടിയത്.

സുധാകരന്റെ ആ വിളി

പത്തു വര്‍ഷം മുമ്പ് കാസര്‍കോട്ട് മാതൃഭൂമി ലേഖകനായി വന്നപ്പോഴാണ് സുധാകരനുമായി അടുപ്പത്തിലായത്. ഞാനന്ന് ഉത്തരദേശത്തിലായിരുന്നു. എന്നും കാണും, സംസാരിക്കും. കവിതയും കഥയുമെല്ലാം സംസാരത്തില്‍ നിറയും. ആയിടയ്ക്ക് അദ്ദേഹത്തിന്റെ ഒരു ലഘു നോവല്‍ ഉത്തരദേശം വാരാന്തപ്പതിപ്പില്‍ വരികയും ചെയ്തു. കലാകൗമുദി, ഭാഷാപോഷിണി, മാധ്യമം, ചന്ദ്രിക ആഴ്ചപ്പതിപ്പുകളിലും മാതൃഭൂമി വാരാന്ത്യത്തിലുമെല്ലാം സുധാകരന്റെ കഥയും കവിതയും വന്നു കൊണ്ടിരുന്നു. നല്ല ആഴമുള്ള, മൂല്യമുള്ള സൃഷ്ടികളായിരുന്നു അവയെല്ലാം.

ഫേസ്ബുക്കിലെ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ക്ക് നിരീക്ഷണത്തിന്റെയും സത്യസന്ധതയുടെയും ഒരു തരം ആകര്‍ഷകത്വം ഉണ്ടായിരുന്നു. ഭാഷയില്‍ നല്ല അവഗാഹമുണ്ടായിരുന്ന സുധാകരന് ഏതു വിഷയത്തെക്കുറിച്ചും അനായാസമായി സംസാരിക്കാന്‍ കഴിയുമായിരുന്നു. ആരുമായും സൗഹൃദം സ്ഥാപിക്കാനും അത് നിലനിര്‍ത്താനുമുള്ള സുധാകരന്റെ കഴിവില്‍ അത്ഭുതം തോന്നിയിട്ടുണ്ട്. ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു സുധാകരന്‍.

മരണ വാര്‍ത്ത അറിഞ്ഞതുമുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകളും ആദരാഞ്ജലി അര്‍പ്പിക്കലുകളും സുധാകരന്‍ ആര്‍ക്കൊക്കെ പ്രിയങ്കരനും അടുപ്പമുള്ള ആളുമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ജനകീയനായ പത്രക്കാരന്‍, അധ്യാപകന്‍, സാഹിത്യകാരന്‍, പ്രഭാഷകന്‍... അങ്ങനെ പലതുമായിരുന്നല്ലോ സുധാകരന്‍.

സുധാകരന്റെ ആ വിളി


കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തില്‍ കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം സംഘടിപ്പിച്ച കവിയരങ്ങില്‍ കവിത വായിക്കാന്‍ ചെന്നപ്പോഴായിരുന്നു അവസാനമായി സുധാകരനെ നേരില്‍ കണ്ടത്. അവിടെ സെമിനാറില്‍ വിഷയം അവതരിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. പതിവു പോലെ എന്റെ പാടിയേട്ടാ... എന്നു വിളിച്ചു കൊണ്ടായിരുന്നു സുധാകരന്റെ സ്‌നേഹപ്രകടനം. ഈ കൂടിക്കാഴ്ചയെക്കുറിച്ച് സുധാകരന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുകയും ചെയ്തു. ഞങ്ങള്‍ ഒന്നിച്ചുള്ള അദ്ദേഹമെടുത്ത സെല്‍ഫിയും ചേര്‍ത്തുള്ള ആ പോസ്റ്റ് ഞാന്‍ ഇന്നലെ വീണ്ടും പോസ്റ്റു ചെയ്തു.

വീണ്ടുമൊരിക്കല്‍ കാണണമെന്നും കുറേ സംസാരിക്കണമെന്നും നിനച്ചിരിക്കേയാണ് ആ മരണ വാര്‍ത്തയെത്തിയത്. ഇനി കുറേ ഓര്‍മകള്‍ മാത്രം. സുധാകരാ, എന്റെ കണ്ണ് നനയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Remembrance, Death, Accident, Media Worker, KV Sudhakaran, Ravindran Pady.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia