സമ്പൂര്‍ണ്ണ ശുചിത്വത്തില്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ പഞ്ചായത്തുകളുടെ ശ്രദ്ധയ്ക്ക് ജില്ലയില്‍ ശുചിത്വമെവിടെ?
Oct 4, 2011, 12:27 IST
ജില്ലയില്‍ ജനകീയ ആസൂത്രണ പ്രകാരം സമ്പൂര്‍ണ്ണ ശുചിത്വ പരിപാടിയിലൂടെ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ മിക്ക ശുചീകരണ പരിപാടികളിലും തുടര്‍ പ്രവര്‍ത്തനങ്ങളില്ലാതെ താളം തെറ്റുകയാണ്. കാസര്‍കോട് ജില്ലയില്‍ പിലിക്കോട് പഞ്ചായത്ത്, കയ്യൂര്‍ ചീമേനി പഞ്ചായത്ത്, ചെര്‍ക്കളം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ശുചിത്വ വാരാചരണവും മറ്റു പരിപാടികളും സംസ്ഥാന-ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ ആകര്‍ഷിച്ചതാണ്.
-സന്ദീപ് കൃഷ്ണന്‍
അതേ സമയം ഇവിടങ്ങളില്‍ ദേശീയ അവാര്‍ഡുകളും സംസ്ഥാന അവാര്‍ഡുകളും ശുചിത്വ പരിപാലന രംഗത്ത് നേടിയെടുത്തെങ്കിലും പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പഞ്ചായത്തുകള്‍ പിന്നാക്കം പോകുന്നതായാണ് ജനങ്ങളുടെ പരാതി. ശുചിത്വ പദ്ധതി അവതാളത്തിലായതോടെ സാംക്രമിക രോഗങ്ങളും, കൊതുക് പകര്‍ത്തുന്ന രോഗങ്ങളും കൊണ്ട് പഞ്ചായത്ത് നഗരസഭകളിലാകമാനം പനിയും പകര്‍ച്ച വ്യാധികളും പടര്‍ന്ന്പിടിക്കുകയാണ്. പിലിക്കോട്, കയ്യൂര്‍, ചീമേനി പഞ്ചായത്തിന് കീഴെ പ്രവര്‍ത്തിക്കുന്ന ഓരോ കച്ചവട സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശുദ്ധമായ കുടിവെള്ളവും, മലമൂത്ര വിസര്‍ജനവും നടത്തുന്നതിന് സൗകര്യങ്ങലില്ലെന്നതാണ് പരക്കെയുള്ള പരാതി. കാസര്‍കോട്ടെയും, കാഞ്ഞങ്ങാട്ടേയും ബസ് സ്റ്റാന്‍ഡുകളിലുള്ള മൂത്രപുരകളില്‍ അല്‍പ്പ നേരം നിന്ന് വിസര്‍ജനം നടത്തുന്നതിന് സാധിക്കാത്ത ഒട്ടനവധി സ്ത്രീ പുരുഷന്മാരുണ്ട്. ആരോട് പരാതി പറയും, ആരോട് സങ്കടങ്ങള്‍ പറയും. ആരും കേള്‍ക്കില്ല. ആരും സഹായിക്കില്ല. ആര്‍ക്കും പരാതി നല്‍കാനുമാകില്ല.
തത്വത്തില്‍ നല്ല പഞ്ചായത്തെന്നും, ശുചിത്വ പഞ്ചായത്തെന്നുമുള്ള ബഹുമതിയും താമ്ര പത്രങ്ങളും നേടിയെടുത്തിട്ടും സര്‍ക്കറിന്റെ ലക്ഷക്കണക്കിന് രൂപ അവാര്‍ഡായി ലഭിച്ചിട്ടും ഇക്കാര്യത്തില്‍ പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്തുണ്ട് എന്ന ഒരു പുനരന്വേഷണം ആരെങ്കിലും നടത്തുന്നുണ്ടോ? സര്‍ക്കാര്‍ കാര്യം മുറപോലെ. കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതുപോലെ നമുക്കും കിട്ടണം പണം ജനങ്ങള്‍ പോയി തുലയട്ടെ. ഭരണം നല്ലരീതിയില്‍ നടത്തണം. അതിന് പഞ്ചായത്തിന് ഒരു പാട് ഫണ്ടുകള്‍ വേണം. ഇതുമാത്രമാണ് ഇന്ന് കേരളത്തിലെ മിക്ക പഞ്ചായത്തുകളുടേയും അവസ്ഥ.
ഏറ്റവുമധികം ആളുകള്‍ വന്നുപോകുന്ന നഗരങ്ങളിലും പട്ടണങ്ങളിലും പൊതു ടോയ്‌ലറ്റുകള്‍ നന്നേ കുറവുണ്ട്. ഇരുപത് ഇരിപ്പിടങ്ങളില്‍ കൂടുതലുള്ള ഹോട്ടലുകളില്‍ ടോയ്‌ലറ്റുകള്‍ വേണമെന്നാണു ചട്ടം. ഇല്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു നടപടിയെടുക്കാം. മിക്ക ഹോട്ടലുകളിലെയും ടോയ്‌ലറ്റുകള്‍ക്കു വേണ്ടത്ര നിലവാരമില്ല. പെട്രോള്‍ ബങ്കുകളില്‍ ടോയ്‌ലറ്റുകള്‍ വേണമെന്നു നിയമത്തില്‍ പറയുന്നു. അതു പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കരടു നയത്തില്‍ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആഗോളനിലവാരമുള്ള ടോയ്‌ലറ്റുകള്‍ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാത്രമല്ല, മറ്റു പൊതുസ്ഥലങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും റയില്‍വേ സ്‌റ്റേഷനുകളിലും അത്യാധുനിക ടോയ്‌ലറ്റുകള്‍ എന്നതായിരിക്കണം നമ്മുടെ നയം. ഇക്കാര്യത്തില്‍ മന്ത്രിതലത്തില്‍ തന്നെ ശ്രദ്ധ ഉണ്ടാകേണ്ടതുമുണ്ട്.
എണ്‍പതു ശതമാനം സ്‌കൂളുകളിലും ശുദ്ധജലവും ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങളുമുണ്ടെന്ന സര്‍ക്കാര്‍ കണക്കില്‍ കോടതിക്ക് അത്ര വിശ്വാസം പോരാ. ഹൈക്കോടതി പലതവണ ഇടപെട്ടിട്ടും സര്‍ക്കാര്‍ അനാസ്ഥയുടെ ദുര്‍ഗന്ധമുള്ള ഉദാഹരണങ്ങള്‍ തുടരുകയാണ്.
എണ്‍പതു ശതമാനം സ്‌കൂളുകളിലും ശുദ്ധജലവും ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങളുമുണ്ടെന്ന സര്‍ക്കാര്‍ കണക്കില്‍ കോടതിക്ക് അത്ര വിശ്വാസം പോരാ. ഹൈക്കോടതി പലതവണ ഇടപെട്ടിട്ടും സര്‍ക്കാര്‍ അനാസ്ഥയുടെ ദുര്‍ഗന്ധമുള്ള ഉദാഹരണങ്ങള്‍ തുടരുകയാണ്.
ആധുനിക ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിനു സേവനസംഘടനകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തം കേരളത്തിനു പുറത്തും പല നഗരങ്ങളിലും ഉണ്ടായിട്ടുണ്ട്. അവിടങ്ങളില്‍ കോര്‍പറേഷന്റെയും സംഘടനകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും ടോയ്‌ലറ്റുകള്‍ ഇടവിട്ടാണു നിര്‍മിച്ചിരിക്കുന്നത്. യൂസര്‍ ഫീയും പരസ്യവരുമാനവും ചേര്‍ന്നു നടത്തിപ്പിനുള്ള പണം ലഭിക്കുന്നുമുണ്ട്. ഈ മാതൃക നമ്മുടെ നഗരസഭകളും മുനിസിപ്പാലിറ്റികളും കെഎസ്ആര്‍ടിസിയും അനുകരിക്കുക തന്നെ വേണം.
സ്ത്രീകള്‍ക്കാണ് ശുചിത്വ സംവിധാനങ്ങളുടെ കുറവ് മൂലം ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സഹിക്കേണ്ടി വരുന്നത്. ആണുങ്ങളെ പോലെ പരസ്യമായി നിന്ന് മൂത്രമൊഴിക്കാന്‍ പറ്റാത്ത അവസ്ഥ സ്ത്രീകള്‍ക്കുണ്ടെന്ന കാര്യം ഭരണ തലപ്പത്തുള്ളവര്‍ ശ്രദ്ധിക്കണം. നമുക്ക് ഒരു ശുചിത്വ കേരളം വേണം. ശുചിത്വ സംസ്‌ക്കാരവും ഇതിനായി ഓരോ പഞ്ചായത്തുകളും, നഗരസഭകളും വേണ്ട നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതുണ്ട്.
Keywords: Article, Sandeep-Krishnan, Public-toilet