city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സത്യത്തില്‍ ഈ പ്രവാസികളുടെ ഭാര്യമാര്‍ എത്ര ഭാഗ്യവതികള്‍

സുമയ്യ എന്‍ എം, തളങ്കര

(www.kasargodvartha.com 01.04.2016) സത്യത്തില്‍ ഈ പ്രവാസികളുടെ ഭാര്യമാര്‍ എല്ലാം എത്ര ഭാഗ്യവതികള്‍ ആണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. കാരണം ലീവ് കഴിഞ്ഞു നാട്ടില്‍ നിന്നും പോരുമ്പോള്‍ പ്രവാസി ഭര്‍ത്താക്കന്‍മാര്‍ തങ്ങളുടെ ഖല്‍ബ് വീട്ടില്‍ വെച്ചാണ് വരുന്നത്. ജീവിത പ്രയാസങ്ങള്‍ തീര്‍ക്കുവാന്‍ വിമാനം കയറി വരുന്ന പ്രവാസികളുടെ ഭാര്യയാവാന്‍ തയ്യാറായ യുവതികളുടെ മനസ്സ് പലപ്പോഴും വിരഹം കൊണ്ടും നൊമ്പരങ്ങള്‍ കൊണ്ടും വീര്‍പ്പ് മുട്ടുമ്പോഴും അവര്‍ക്ക് ആശ്വാസത്തിന്റെ, സന്തോഷത്തിന്റെ കുളിര്‍കാറ്റായി മരുഭൂമിയുടെ ചൂടേറ്റു നില്‍ക്കുന്ന ഈത്തപ്പഴങ്ങളുടെ നാട്ടില്‍ നിന്നും ഭര്‍ത്താവ് എന്നും മുടങ്ങാതെ വിളിക്കുന്നു .

ഫോണിന്റെ രണ്ടറ്റങ്ങളില്‍ നിന്ന് ജീവിതത്തിലെ സന്തോഷ ദുഃഖ നിമിഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഒരു പക്ഷെ ഭര്‍ത്താവുമായി ജീവിക്കുന്ന ഭാര്യമാരേക്കാള്‍ സന്തോഷം പ്രവാസിയുടെ ഭാര്യമാര്‍ അനുഭവിക്കുന്നുണ്ടാവാം. വര്‍ഷങ്ങള്‍ കഴിഞ്ഞു ലീവിന് വരുന്ന പ്രവാസി ഭാര്യയുടെ സ്‌നേഹത്തേ പത്തരമറ്റായി കാണുന്നു. ഭാര്യ പ്രസവിച്ചതറിഞ്ഞു മിനിട്ടുകള്‍ ഇടവിട്ട് കുട്ടിയുടെ വിശേഷങ്ങള്‍ ചോദിക്കുന്ന, ഊര വേദന കൊണ്ട് വീട്ടു ജോലി എടുക്കാന്‍ കഴിയാത്ത ഭാര്യയെ ആശ്വാസ വാക്കുകള്‍ കൊണ്ട് മൂടുന്നവരും, കല്യണം കഴിഞ്ഞു ഒരു മാസം പ്രിയതമയുടെ കൂടെ കഴിഞ്ഞു മടങ്ങി വന്നു കരഞ്ഞു കൊണ്ടിരിക്കുന്നവരും, ഇതെല്ലാം കണ്ടു കല്ല്യാണപെണ്ണ് എവിടെയാണ് എന്ന് പോലും അറിയാതെ മണിയറയിലെ മുല്ല പൂക്കളുടെ സുഗന്ധം ആസ്വദിക്കാന്‍ മഹറിന്റെ പൈസയുണ്ടാക്കുന്ന കൂട്ടുകാരും എല്ലാം ഞാന്‍ കണ്ട പ്രവാസികളാണ്.

ഒരു ദിവസം വിളിക്കാതിരുന്നാല്‍ തിരിച്ചു വിളിച്ചു 'എന്താ വിളിക്കാത്തെ' എന്ന് ചോദിക്കുന്ന പ്രവാസികളുടെ ഭാര്യമാര്‍. ജോലിയുടെ തിരക്കിനിടയിലും സന്തോഷത്തോടെ കുട്ടികളുടെയും പ്രിയതമയുടെയും വിശേഷങ്ങള്‍ ചോദിക്കുവാനും അറിയാനും വേണ്ടി വെമ്പി നടക്കുന്നവന്‍ അല്ലെ നിങ്ങളുടെ പ്രവാസിയായ ഭര്‍ത്താവ് ..? എന്ന് ഞാന്‍ ചോദിച്ചാല്‍ അതെ അതെ എന്ന് പറഞ്ഞു കൊണ്ട് ഇത് വായിക്കുന്ന പ്രവാസികളുടെ ഭാര്യമാര്‍ തലയാട്ടും എന്നെനിക്കുറപ്പാണ് ...!!

ഗള്‍ഫിലേക്ക് തിരിക്കുന്ന ദിവസം കാറില്‍ കയറുന്നതിനു മുന്‍പ് റൂമില്‍ കയറി തന്റെ ഖല്‍ബിന്റെ ഖല്‍ബായ ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി നൊമ്പരങ്ങളുടെ കനലുകള്‍ കടിച്ചമര്‍ത്തി അവനവളുടെ കണ്ണുകള്‍ തുടച്ചു കൊണ്ട് പറയുന്നു 'ഞാന്‍ പോയിട്ടടുത്ത് തന്നെ വരില്ലേ.. ഇങ്ങനെ കരഞ്ഞെന്നെ വിഷമിപ്പിക്കല്ലേ'.. എന്ന് പറഞ്ഞു കൊണ്ട് കണ്ണുകള്‍ തുടക്കുമ്പോള്‍ ആ നിമിഷത്തില്‍ ഭാര്യ അനുഭവിക്കുന്ന ആ അനുഭൂതി ഹോ അതനുഭവിക്കാന്‍ ഒരു പ്രവാസിയുടെ ഭാര്യക്ക് മാത്രമേ കഴിയൂ. ഒരു പ്രവാസിയുടെ ഭാര്യക്ക് വിരഹം കൂടുതലായിരിക്കാം, കണ്ണുനീര്‍ ഒഴുകുമായിരിക്കാം പക്ഷെ അവളെ പ്രവാസി സ്‌നേഹിക്കുന്നത് പോലെ സ്‌നേഹിക്കാന്‍ മറ്റൊരാള്‍ക്കും ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല.

പ്രവാസിയുടെ ശരിരം ഗള്‍ഫിലായിരിക്കുമ്പോള്‍ മനസ്സും ചിന്തയും നാട്ടിലാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും മുഹബ്ബത്തിന്റെ അനുരാഗത്തിനു ഒരു ചെറിയ ക്ലാവ് പോലും പിടിക്കാതെ പ്രവാസി എന്നും ഭാര്യയെ സ്‌നേഹിച്ചു കൊണ്ടിരിക്കുന്നു... ഇനിയുമുണ്ടൊരുപാട് പറഞ്ഞാല്‍ തീരാത്ത പ്രവാസിയുടെ സ്‌നേഹം, എഴുതിയാല്‍ തീരാത്ത പ്രവാസിയുടെ മനസ്സ്, വര്‍ണ്ണിക്കാന്‍ കഴിയാത്ത പ്രവാസിയുടെ സഹനം ഇതെല്ലാം ഒരു പ്രവാസിക്ക് മാത്രം പറഞ്ഞതാണ്... പ്രവാസിയെയും പ്രവാസത്തെയും അറിയാത്തവര്‍ക്ക് ഇതൊക്കെ പുച്ചമായേക്കും.
സത്യത്തില്‍ ഈ പ്രവാസികളുടെ ഭാര്യമാര്‍ എത്ര ഭാഗ്യവതികള്‍

Keywords:  Article, marriage, Gulf, Phone-call, Pravasi, 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia