city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വോട്ടര്‍മാരെ ഇനിയും കുരങ്ങുകളിപ്പിക്കരുത്

(www.kasargodvartha.com 13.05.2016) തെരഞ്ഞെടുപ്പ് പ്രചാരണം അവസാനനിമിഷങ്ങളിലാണ്. ഇപ്പോള്‍ രാഷ്ട്രീയക്കാരെയൊക്കെ  വീട്ടില്‍ തന്നെ കാണാം. അല്ലാത്തപ്പോഴൊക്കെ ഈ നാട്ടില്‍ തന്നെ കാണാന്‍ കിട്ടാറില്ല. ഇനിയിപ്പോ ഇലക്ഷനല്ലേ. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമല്ലോ എന്ന് കരുതിയിട്ടാണ് സ്ഥാനാര്‍ഥിയാകുന്ന ആള്‍സ്വയം പ്രത്യക്ഷപ്പെടുന്നതും ചിലപ്പോള്‍ ശിങ്കിടികളെ അയക്കുന്നതും. ഇങ്ങേരുടെ കാണാതാവല്‍ കണ്ടിട്ട് നമ്മുടെ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പോലും ത്രില്ലടിച്ചത്രെ. മുങ്ങല്‍ വിദഗ്ധന്മാരായ രാഷ്ട്രീയക്കാര്‍ ഇനി പൊങ്ങുക അടുത്ത ഇലക്ഷന്‍ സമയത്തായിരിക്കും.  ഏതായാലും നാടിനു വേണ്ടി   പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പമാണ് ഞാന്‍ എന്ന് പറയുന്നവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ അറിഞ്ഞ് തന്നെ നോട്ട എന്ന സ്വിച്ച് സൃഷ്ടിച്ചത്. കഴിഞ്ഞ ഇലക്ഷനില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഇനി ഒന്നാം സ്ഥാനത്തെത്തിയാലും അത്ഭുതപ്പെടാനില്ല. അത്രയേറെ ജനമനസ്സുകള്‍ കീഴടക്കിക്കൊണ്ടാണ് നോട്ട നിശബ്ദപ്രകടനം നടത്തുന്നത്.

ഇപ്പോ നേതാക്കള്‍ വോട്ട് ചോദിക്കാനായി കണ്ണില്‍ കണ്ട വീടായ വീടൊക്കെ കയറിയിറങ്ങുമ്പോള്‍ രാഷ്ട്രീയക്കാരുടെ മുഖത്ത് വിരിയുന്ന ഒരു പ്രത്യേകതരം ചിരിയുണ്ട്. തട്ടത്തിന്‍ മറയത്തിലെ സ്ലാങ്ങില്‍ പറഞ്ഞാല്‍ ഇലക്ഷന്‍ സമയത്ത് മാത്രം നേതാക്കളുടെ മുഖത്ത് വീശുന്ന ഒരു പ്രത്യേകതരം കേരള ചിരിയുണ്ട് സാറെ എന്ന പോലെ. ആ ചിരി ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ സെന്റര്‍ ഫ്രഷിന്റെ പരസ്യത്തിലെ ആ കഴുതയുടെ മുഖത്തുണ്ടാവുന്ന ആ ചിരി അവരുടെ മുഖത്ത് ഒട്ടിച്ച് വെച്ചതാണെന്നേ തോന്നൂ.

വോട്ട് ചോദിക്കുമ്പോള്‍ ആ മുഖത്തുണ്ടാകുന്ന ആ  ഭവ്യത, നിഷ്‌കളങ്കത . ഹോ! എം ജി ആറും അമിതാഭ് ബച്ചനും വരെ തലകുനിക്കും .വഴിതെറ്റി വന്ന നടന്മാരാണ് രാഷ്ട്രീയക്കാരാണെന്നാണ് പലപ്പോഴും ചിന്തിച്ചിട്ടുള്ളത്. നടന്മാരുടെ അഭിനയം സ്‌ക്രീനിലാണെങ്കില്‍ ഇവന്മാര്‍ ജീവിതത്തിലാണ് അഭിനയിക്കുന്നത്. കാലത്തിനൊപ്പം കോലം മാറുന്നവരാണ് ഭൂരിപക്ഷ രാഷ്ട്രീയക്കാരും.

വഴിയോരത്തും പുഴയോരത്തും മലയോരത്തും തുടങ്ങി പാടത്തും പറമ്പത്തും വരെ പാര്‍ട്ടിക്കാര്‍ ഫഌക്‌സ് നാട്ടിയും തൂക്കിയും കഴിഞ്ഞു. പല പോസുകളിലുമുള്ള ഇങ്ങേരുടെ ഫോട്ടോ കണ്ട് ഫേസ്ബുക്കില്‍ കേറി നിരങ്ങുന്ന ഫ്രീക്കന്മാരാണ് ഇവന്മാരേക്കാള്‍ ഭേദം എന്ന് തോന്നിപ്പോയി. അതിനൊപ്പം കാക്കത്തൊള്ളായിരം വാഗ്ദാനങ്ങളും കുമ്പളങ വലിപ്പത്തിലുള്ള അക്ഷരങ്ങളില്‍ എഴുതി വെച്ചിരിക്കുന്നു. കഴിഞ്ഞ ഇലക്ഷനില്‍ വീശിയ അതേ വല തന്നെയാണ് ഇത് എന്നത് ഇപ്പോഴെങ്കിലും മനസ്സിലായാല്‍ നന്ന്. എവിടെന്ന് വിദ്യാഭ്യാസം എത്രയുണ്ടായിട്ടെന്താ തേങ്ങ എത്ര അരിഞ്ഞാലെന്താ താളല്ലെ കറി എന്ന അവസ്ഥയാണ് മലയാളിക്കൊരു ശാപമായിട്ട് എന്നുമുള്ളത്.

ഇഞ്ചികടിച്ച പോലത്തെ ചിരിയും അതിനൊത്ത മോന്തയും കൂടി ബിരിയാണിക്കൊപ്പം മീന്‍കറി ഒഴിച്ച  പ്രതീതിയുണ്ടാക്കുന്ന ഒരു മാതിരി വെറുപ്പിക്കുന്ന കൈകൂപ്പലുകളാണ് എല്ലായിടത്തും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇനിയെല്ലായിടത്തും പന്തലുയരുന്നത് കാണാം. ഒരാള്‍ എതിര്‍ പാര്‍ട്ടിയുടെ തിന്നതും കുടിച്ചതും അങ്ങനെ സകലമാന കാര്യങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കി കൊണ്ട് അതിനെ കുറിച്ച് സംസാരിക്കും. സംസാരിക്കും എന്നത് എങ്ങനെയെന്ന് നിങ്ങളുടെ ഭാവനയി്ല്‍ കാണാം. രണ്ടാമത്തെയാള്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് സംസാരിക്കും. മൂന്നാമതായിരിക്കും നമ്മുടെ കഥാനായകന്‍ അഥവാ സ്ഥാനാര്‍ത്ഥി സംസാരിക്കുക. രാഷ്ട്രീയക്കാരുടെ വീട്ടില്‍ കള്ളന്‍ കയറാത്തതിന്റെ കെമിസ്ട്രി എന്താണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെയൊക്കെ തീപ്പൊരി പ്രസംഗം കേട്ട് ത്രില്ലടിച്ച് വോട്ട് ചെയ്യുന്നവരോട്. കഴിഞ്ഞ ഇലക്ഷനിലും നീ സ്വിച്ച് ഞെക്കിയത് ഇതേ ത്രില്ലിലല്ലേ? എന്നിട്ടെന്തുണ്ടായി? പ്രസംഗം കേട്ടാല്‍ തോന്നും ഗാന്ധിജിക്ക് വേദമോതി കൊടുത്തത് ഇങ്ങേരാണെന്ന്.

ഇലക്ഷന്‍ എത്താറായി എന്ന് വെളിപാടുണ്ടാകുമ്പോള്‍ എല്ലാനേതാക്കളും ഇറക്കുന്ന തന്ത്രമാണ് ഈ റോഡ് പണിയല്‍. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ആ ബ്രിട്ടീഷുകാര്‍ക്ക് റോഡ് കൂടി പണിയാനുള്ള സാവകാശം കൊടുക്കണമായിരുന്നുവെന്ന്. അവര്‍ നിര്‍മിച്ച റെയില്‍വെ ട്രാക്ക് ഇന്നും കേടുപാടുകളൊന്നും കൂടാതെ നില്‍ക്കുന്നുണ്ട്. നമ്മുടെ രാഷ്ട്രീയക്കാരുണ്ടാക്കുന്ന റോഡിന് വാറണ്ടിയുമില്ല ഗ്യാരണ്ടിയുമില്ല. ആറു മാസം നിന്നാല്‍ അത് ഭാഗ്യത്തിന്റെ പുറത്താണെന്ന് കരുതിയാല്‍ മതി. ഇവരുണ്ടാക്കുന്ന റോഡ് മഴക്കാലത്ത് കണ്ട ഒരു സായിപ്പ് നാട്ടില്‍ പോയി ഇങ്ങനെ പറഞ്ഞത്രെ: കേരളത്തില്‍ ഭയങ്കര സെറ്റപ്പാ. അവര് റോഡിന്  നടുവിലാണ് സ്വിമിങ് പൂള്‍ നിര്‍മിക്കുന്നതെന്ന്. അത് നമ്മുടെ നാടിന്റെ മാത്രം പ്രത്യേകതയാണ്. മലയാളികള്‍ക്ക് ഈ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡറില്‍ പോകണമെന്നുണ്ടെങ്കില്‍ ഇരുപത് രൂപയുടെ ടിക്കറ്റെടുത്ത് ഒരു ബസ് യാത്ര നടത്തിയാല്‍ മതി. കുറച്ച് കൂടി ഇഫക്ട് കിട്ടാന്‍ ബാക്ക് സീറ്റില്‍ ഇരിക്കണം. ഇനി ആ യാത്ര കഴിയില്ല. കാരണം ഇനി ഇലക്ഷനല്ലെ. റോഡായ റോഡെല്ലാം ദ്രുതവേഗതയില്‍ നന്നായി കൊണ്ടിരിക്കുന്നു.

സാധാരണ ജനങ്ങളെ കുരങ്ങുകളിപ്പിക്കുക എന്ന പ്രക്രിയ കാലാകാലങ്ങളായി പാര്‍ട്ടി ഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരും നടത്തി വരുന്ന കാര്യമാണ്. മനുഷ്യനല്ലെ ഇത്തിരി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ടി വരും. അതിന് ചില കളികളൊക്കെ കളിക്കേണ്ടി വരും എന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരോട് ഈയുള്ളവന് പറയാനുള്ളത് നിങ്ങളെത്ര വേണേലും കളിച്ചോ . പക്ഷേ, വിശ്വസിച്ച് വോട്ട് ചെയ്യുന്ന അല്ലെങ്കില്‍ വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് ചെയ്യിപ്പിക്കുന്ന പാമരരായ ആബാലവൃദ്ധം ജനങ്ങളെ കുരങ്ങുകളിപ്പിക്കരുതെന്ന് മാത്രം. കാരണം പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനാണ് ഭരണഘടനയില്‍ വിശ്വസിക്കുന്ന നാട്ടുകാര്‍ അടുപ്പത്തുള്ള ചോറ് വേവാന്‍ വിട്ട് നിങ്ങളെയൊക്കെ കഷ്ടപ്പെട്ട് ക്യൂവില്‍ നിന്ന് ജയിപ്പിക്കുന്നത്. ചേറ് മാത്രമല്ല ചോറും തിന്ന് ജീവിക്കുന്നവരും ഈ നാട്ടിലുണ്ടെന്ന് അറിയുന്നത് നന്ന്.


വോട്ടര്‍മാരെ ഇനിയും കുരങ്ങുകളിപ്പിക്കരുത്


Keywords: Election, Political Party, Article, Candidates, NOTA, Facebook, Gandhiji, Road, Guarantee, Waranty.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia