വിദ്യാഭ്യാസ മന്ത്രി കേള്‍ക്കുമോ, പൈവളികെ സ്കൂളിന്റെ രോദനം?
Nov 10, 2012, 10:00 IST
സുവര്‍ണ ജൂബിലി വര്‍ഷത്തിലും പരാധീനതകള്‍ നീങ്ങാതെ പൈവളികെ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍. അഞ്ചാം തരം മുതല്‍ പ്ലസ്ടു വരെയുള്ള ക്ളാസുകളിലായി 700 ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളിന് പ്രയാസങ്ങളുടെ കഥ മാത്രമാണ് പറയാനുള്ളത്. പന്ത്രണ്ടിന് ജില്ലയിലെത്തുന്ന വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുര്‍റബ്ബ് തങ്ങളുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും അതിന് പരിഹാരം കാണാനും തയ്യാറാകുമെന്ന പ്രതീക്ഷയാണ് സ്കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍കുമുള്ളത്.
കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ മാത്രം മാറി കായര്‍കട്ടയില്‍ സ്ഥിതിചെയ്യുന്ന ഈ കന്നട മീഡിയം വിദ്യാലയം ഇപ്പോള്‍ സാമൂഹ്യദ്രോഹികളുടെ കേന്ദ്രമാണ്. മഴയില്‍ ചോര്‍ന്നൊലിക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായ കെട്ടിടത്തിലാണ് ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നത്. കന്നുകാലികളും ആടുകളും നായ്ക്കളും ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നു. ചുറ്റുമതിലില്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. മദ്യപന്മാരുടെയും അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവരുടെയും കൂത്തരങ്ങാണ് സ്കൂള്‍ പരിസരം.
ഈയിടെയാണ് സ്കൂള്‍ മുറ്റത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കാതും ഛേദിച്ച സാമൂഹ്യ വിരുദ്ധര്‍ ക്ളാസ് മുറികളില്‍ മലമൂത്ര വിസര്‍ജനം നടത്തിയാണ് സ്ഥലം വിട്ടത്. ക്ളാസ് മുറികളുലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുക, വയറിംഗുകള്‍ നശിപ്പിക്കുക, ക്ളാസ് മുറികളില്‍ തൂക്കിയിട്ട ചാര്‍ട്ടുകളും മറ്റും കീറുക, കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കുക എന്നിങ്ങനെ ആകാവുന്നത്ര ദ്രോഹങ്ങള്‍ ചെയ്തു കൂട്ടുന്നു. അവധി ദിവസങ്ങളില്‍ സ്കൂള്‍ വരാന്തയില്‍ അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്ത് മദ്യപാനത്തിലേര്‍പെടുന്ന സാമൂഹ്യദ്രോഹികള്‍ ഗര്‍ഭനിരോധന ഉറകളും മറ്റും ക്ളാസ് മുറികളിലും പരിസരങ്ങളിലും വലിച്ചെറിഞ്ഞ് വികൃതമാക്കുന്നു.
കൊമേഴ്സ്, സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഇവിടെ ഉന്നത പഠനത്തിനുള്ള അവസരങ്ങളുണ്ടെങ്കിലും സൌകര്യങ്ങളുടെ അഭാവം മൂലം ആരംഭിച്ചിട്ടില്ല. ആവശ്യത്തിന് അധ്യാപകരോ, ലാബ് സൌകര്യങ്ങളോ, പഠനോപാധികളോ, ലൈബ്രറിയോ ഒന്നും ഇവിടെയില്ല. സയന്‍സ് വിഷയങ്ങള്‍ക്ക് വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്
മുപ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടെങ്കിലും യാത്രാ സൌകര്യങ്ങള്‍ തീരെ അപര്യാപ്തമാണ്. നല്ലൊരു ഗ്രൌണ്ടോ , സ്പോര്‍ട്സ് സൌകര്യങ്ങളോ, ടോയിലറ്റ് സൌകര്യമോ ഇല്ലാത്ത സ്കൂളിലെ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് പീഡനമാവുകയാണ്. അധ്യാപകര്‍ക്കും ഇവിടെ ജോലിചെയ്യുന്നത് ദുരിതമാണ് സമ്മാനിക്കുന്നത്.
കഴിഞ്ഞവര്‍ഷം പ്ളസ്ടു വിഭാഗത്തിനായി പുതുതായി രണ്ട് കെട്ടിടങ്ങള്‍ നിര്‍മിച്ചുവെങ്കിലും അവ സ്വകാര്യ വ്യക്തിയുടെ ക്വാര്‍ട്ടേഴ്സിന് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ പഠനാന്തരീക്ഷം നഷ്ടപ്പെടുത്തുന്നു. പുരുഷന്മാര് മാത്രം താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനും സ്കൂളിനും മധ്യേ ഒരു മതിലിന്റെ വേര്പിരിവ് പോലും ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്കും അധ്യാപികമാര്‍ക്കും പലപ്പോഴും പ്രയാസമുണ്ടാകുന്നു.
സ്കൂള്‍ പരിസരം കാട് മൂടികിടക്കുന്നതിനാല്‍ ഭീകരാന്തരീക്ഷമാണ് ഇവിടെ. വേനല്‍ കാലത്ത് ഇവിടെ തീപിടിത്തവും പതിവാണ്. പ്രശ്നങ്ങളാല്‍ വലയുന്ന സ്കൂളിനെ രക്ഷിക്കാന്‍ മന്ത്രി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.
-സുഹൈല്‍
-സുഹൈല്‍
Keywords: School, Paivalika, Weep, Corrective, Want, Childrens, Teachers, Sports, Class, Kasaragod, Kerala.