city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലഹരി വാര്‍ത്തകള്‍ പതിവിലും കൂടുതല്‍ കേള്‍ക്കുമ്പോള്‍...

നിരീക്ഷണം /  അസ്‌ലം മാവില 

(www.kasargodvartha.com 01.04.2016) ഉത്കണ്ഠ ഉണ്ടാകേണ്ട വിഷയമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്, ലഹരി സംബന്ധമായത് തന്നെ. എവിടെയും ഇപ്പോള്‍ ഇതാണ് ചര്‍ച്ചാ വിഷയം. പത്രങ്ങളില്‍, പ്രാദേശിക ചാനലുകളില്‍, മഹല്ലുകളില്‍, സദസ്സുകളില്‍ ...എല്ലായിടത്തും.

പോലീസ് വിഭാഗം തെരുവ് നാടകം സംഘടിപ്പിക്കണമെങ്കില്‍ ഇതിനെ ചെറുതായി ആരും തള്ളിക്കളയരുത്. അവരുടെ കയ്യില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടായിരിക്കണം. രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അയല്‍പക്കക്കാര്‍ക്കും ഏറെ ജാഗ്രത ഉണ്ടാകണം, അവനവന്‍ ജീവിക്കുന്ന ചുറ്റുപാടില്‍. മുമ്പൊക്കെ പെണ്‍മക്കളെ കുറിച്ചായിരുന്നു രക്ഷിതാക്കള്‍ക്ക് ഉത്കണ്ഠ. ഇപ്പോള്‍ അതിലേറെ ആശങ്ക ആണ്‍മക്കളോടായിരിക്കുന്നു.

നിഷ്‌കളങ്കരായ സ്‌കൂള്‍ കുട്ടികള്‍ക്ക് ഫ്രീയായി കഞ്ചാവ് പൊതി കൊടുത്തുകൊണ്ടിരുന്ന ഒരു തെമ്മാടിയെ മരത്തില്‍ വരിഞ്ഞു കെട്ടിയിട്ടു ഒരു കൂട്ടം യുവാക്കള്‍ പെരുമാറുന്നത് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കണ്ടു. സ്വന്തം അനിയന്മാരും ബന്ധുക്കളും അതിന്റെ ഇരയായത് തിരിച്ചറിഞ്ഞ യുവാക്കളുടെ രോഷമായിരുന്നു അത്.

ഇരുട്ടിന്റെ മറവില്‍ ഈ പാഷാണം പൊതിയുന്ന ഒരു 'കടല്‍ക്കിഴവനെ' ആഴ്ചകള്‍ക്ക് മുമ്പാണ് കാസര്‍കോട് പോലീസ് പൊക്കിയത്. ആ മനുഷ്യ പിശാചിന്റെ ലക്ഷ്യവും കുട്ടികള്‍ തന്നെ. അവനും ഉണ്ട് മക്കള്‍, പേരമക്കള്‍. പക്ഷെ.. ആര്‍ത്തിയുടെയും ലഹരിയുടെയും മുന്നില്‍ അവനെന്ത് സാമൂഹിക ബോധം..? ഇവര്‍ കാരണം പിഞ്ചുമക്കള്‍ക്ക് നഷ്ടപ്പെടുന്ന ബോധം ആര് തിരിച്ചു നല്‍കും..? എത്ര കൗണ്‍സിലിംഗ് തീരുന്നത് വരെ രക്ഷിതാക്കള്‍ കാത്തിരിക്കണം..?

ഒരു സംശയവുമില്ല, പേടിക്കണം ഈ ട്രെന്‍ഡ്. യുവാക്കള്‍ ലഹരിയോടു കാണിക്കുന്ന സമീപനത്തെ ഭയക്കണം. കഴിവിന്റെ പരമാവധി അവരവരുടെ ഭാഗങ്ങളിലുള്ള മുഴുവന്‍ കൂട്ടായ്മകളിലും ഇതിന്റെ ഗൗരവം എത്തിക്കുക. വിഷയത്തിന്റെ മര്‍മ്മം പറഞ്ഞു കൊണ്ടിരിക്കെയാണ്  നമ്മുടെ കണ്‍വെട്ടത്തില്‍ തന്നെയുള്ള പ്രദേശത്ത് ഒരു യുവപ്രഭാഷകന്റെ നേരെ ഇളകിമറിഞ്ഞ് ഒരു 'മോബ്' കുതിച്ചെത്തിയത്. ഇരുട്ട് കരിമ്പടം വിരിക്കുന്നതിനു മുമ്പ് ഇറങ്ങാന്‍ ഓരോരുത്തര്‍ക്കുമാകണം.

എനിക്ക് പ്രത്യേക താല്‍പര്യമില്ല. പക്ഷെ, വിരല്‍ കടിക്കുന്ന ഒരു ദിവസം (അത് വരാതിരിക്കട്ടെ) മനസാക്ഷിക്കൂട്ടില്‍ ചോദ്യശരമേല്‍ക്കുമ്പോള്‍  ന്യായം പറയാനെങ്കിലും നമ്മുടെ കയ്യില്‍ എന്തെങ്കിലും വേണം. 'ഞങ്ങള്‍ ശബ്ദിച്ചു', 'എഴുതി', 'മുന്നറിയിപ്പ് നല്‍കി', 'ജാഗ്രതയുടെ കണ്ണുകള്‍ ഇമ പൂട്ടാതെ തുറന്നു വെച്ചു', 'ഇറങ്ങി പ്രവര്‍ത്തിച്ചു'.. അതെങ്കിലും സാധിക്കണം.

നിരന്തരം ഇത് സംബന്ധിച്ച വിഷയങ്ങള്‍ നവമാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ടേയിരിക്കുക. തിന്മയ്‌ക്കെതിരെ ഇത് ഒരു സമര രീതിയാണ്. ബോധവല്‍ക്കരണ സംബന്ധമായ വോയിസുകളും പോസ്റ്റ് ചെയ്യുക. എല്ലാവരിലും എത്തട്ടെ.

ലഹരി തലക്ക് പിടിച്ചപ്പോള്‍,  തലക്കിട്ടു 'കൊട്ടി'ക്കൊന്ന റിപ്പര്‍ കുഞ്ഞുമോന്‍ ഇന്ന് എണ്ണിയത് ഒമ്പത് പേരെയാണ്. ആ ഹതഭാഗ്യരുടെ എണ്ണം ഇനിയും കൂടാനാണ് ചാന്‍സ്. കാരണം നിയമപാലകര്‍ സമാനകൊലപാതകങ്ങളുടെ എണ്ണം എടുക്കാന്‍ തുടങ്ങിക്കഴിഞ്ഞു.  കാസര്‍കോട് അടക്കം മിക്ക ജില്ലകളിലും കുഞ്ഞുമോന്‍ പെയിന്റടിക്കാന്‍ വന്നിട്ടുണ്ട്. പകല്‍ പെയിന്റടി, അന്തിക്ക് പൈന്റടി, പാതിരാക്ക് കഞ്ചാവടി, അത് കിട്ടാതിരിക്കുമ്പോള്‍ ആരാന്റുമ്മാന്റെ മക്കള്‍ക്ക് തലക്കടി.

ഈ കുറിപ്പ് ഇങ്ങിനെ തീര്‍ക്കുന്നു. ആരാന്റെ മക്കളെ കുറ്റം പറയുന്നതിന് മുമ്പ് അവനവന്റെ മക്കളുടെ മേല്‍ ഒരു കണ്ണ് എപ്പോഴും ഉണ്ടാകട്ടെ.  സംശയത്തിന്റെ കണ്ണല്ല. ജാഗ്രതയുടെ കണ്ണ്.  പ്രവാസികളായ രക്ഷിതാക്കള്‍ കൂടുതല്‍ സമയം തങ്ങളുടെ വീടുമായും കുടുംബങ്ങളുമായും  ഇടപെട്ടുകൊണ്ടേയിരിക്കുക. നിങ്ങള്‍ അയക്കുന്ന കാശ് നിങ്ങളറിയാതെ അരുതാത്തതിനു ബൈപ്പാസ്സായി പോകാതിരിക്കുന്നുവെന്നും ഉറപ്പു വരുത്തുക.
ലഹരി വാര്‍ത്തകള്‍ പതിവിലും കൂടുതല്‍ കേള്‍ക്കുമ്പോള്‍...

Keywords:  Aslam Mavile, Article, Police, Youth, Students, Ganja, Drug addict, Nireekshanam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia