city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലക്ഷ്യം സമ്പൂര്‍ണ പൗര ആദരിക്കല്‍ വല്‍കൃത ജില്ല

അബ്ദുല്ല ഡ്രോസര്‍

(www.kasargodvartha.com 11/09/2015) കാസര്‍കോട് ജില്ലയില്‍ മത്സര ബുദ്ധിയോടെ അതിദ്രുതം പ്രചരിച്ചു കൊണ്ടിരിക്കുന്ന പുതിയൊരു ആചാരമാണു ആദരിക്കല്‍ ചടങ്ങ്. വന്ദ്യ വയോധികരെയും അര്‍ഹരായവരെയും ആദരിക്കുന്നതിനെയോ, ബഹുമാനിക്കുന്നതിനെയോ, ഡോക്ടറേറ്റ് നേടുന്നതിനെയോ ഒന്നും വിമര്‍ശിക്കാനുദ്ദേശിച്ചല്ല ഈ കുറിപ്പ്. ചിലര്‍ കാര്യ ലാഭങ്ങള്‍ക്കായി തട്ടിക്കൂട്ടുന്ന ചടങ്ങുകളും ഇപ്പോഴത്തെ ട്രെന്‍ഡും വീക്ഷിക്കുമ്പോള്‍ തോന്നുന്നത്, 2025 ആകുമ്പോഴേയ്ക്കും ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ പൗര ആദരിക്കല്‍ വല്‍കൃത ജില്ല കാസര്‍കോടായിത്തീരും എന്നാണ്.

അന്ന് കാസര്‍കോട്ട് ആദരിക്കപ്പെടാതെ ബാക്കിയുണ്ടാവുന്നത് കുറേ ഇലക്ട്രിക് തൂണുകള്‍ മാത്രമായിരിക്കും. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിനു വഴി മാറിയതിനാല്‍ ടെലഫോണ്‍ തൂണുകള്‍ രക്ഷപ്പെട്ടു. തോര്‍ത്തു മുണ്ട് മുതല്‍ ഡോക്ടറേറ്റ് വരെയാണു ആദരിക്കല്‍ ചടങ്ങിലെ അസംസ്‌കൃത വസ്തുക്കള്‍. ആദരിക്കപ്പെടുന്നയാളിന്റെ പോക്കറ്റിന്റെ കനം നോക്കിയാണു മുന്തിയ കാറ്റഗറി നിശ്ചയിക്കുന്നത്.

ആദരിക്കലിനു കുപ്പിയിലാക്കല്‍ എന്ന ഒരു മറുപേരു അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നുണ്ട്. അതത്ര കാര്യമാക്കണ്ട. ചില ഓലക്കൊടി ക്ലബ്ബുകള്‍ക്ക് ജീവിച്ചു പോകാനുള്ള ഒരു മാര്‍ഗം കൂടിയാണു ഈ ആദരിക്കല്‍ പരിപാടി. സമൂഹത്തില്‍ അറിയപ്പെടുന്നവരെ ആദരിക്കുന്നു എന്ന് ഒരു മാധ്യമ റിപോര്‍ട്ട് കൊടുത്താല്‍, ആ പ്രശസ്ത വ്യക്തിയേക്കാള്‍ മേത്തരം പ്രശസ്തി ക്ലബ്ബിനു കിട്ടുന്നു. എങ്ങനുണ്ട് ഐഡിയ!. പ്രശസ്ത വ്യക്തിക്ക് വണ്ടിക്കൂലി ചെലവായാല്‍ എന്ത് ! ചുമലിലൊരു ഷാള്‍ വീണില്ലേ ! കൈയ്യിലൊരു മൊമെന്റോയും പിടിപ്പിച്ചില്ലേ !

കഴുതയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് മുമ്പില്‍ ഷഹീദായി കൊടുക്കുക എന്നതാവും ഈ ആദരിക്കലിന്റെ ഉചിത വ്യാഖ്യാനം. അമ്മയെ തല്ലിയവനും അതിന്റെ പേരില്‍ ഡോക്ടറേറ്റ് ലഭിക്കും. (വായനയ്ക്ക് ഗൗരവം ലഭിക്കാന്‍ അമ്മയെ വിശാലാര്‍ത്ഥത്തില്‍ പരിഗണിക്കണം. നാം നമ്മുടെ രാജ്യത്തെ മാതൃ രാജ്യമെന്നാണു വിളിക്കുന്നത്.)

മറ്റു ആഘോഷ ആചാരങ്ങള്‍ പോലെ ആദരിക്കലിനും പ്രത്യേക സീസണ്‍ ഉണ്ടെന്നാണു തോന്നുന്നത്. ഗവേഷക വിദ്യാര്‍ത്ഥികള്‍ ഇതൊരു വിഷയമാക്കുകയാണെങ്കില്‍ നമുക്ക് ഇത് സംബന്ധിച്ച് കൂടുതല്‍ അറിവ് ലഭിച്ചേക്കാം. ഡോക്ടറേറ്റ് ഇന്ന് കാസര്‍കോട്ട് ഫുട്പാത്തിലാണു വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് (അര്‍ഹര്‍ക്ക് ലഭിക്കുന്ന ഡോക്ടറേറ്റും മറ്റും പുതിയ കാലത്ത് സര്‍വകലാശാലയുടെ വെബ്‌സൈറ്റുകളിലും രേഖകളിലും അപ്‌ഡേറ്റ് ചെയ്യപ്പെടുമ്പോള്‍, നമ്മുടെ ഫുട്പാത്തില്‍ വിറ്റഴിഞ്ഞ ഡോക്ടറേറ്റുകളും അവാര്‍ഡുകളും പലതും പ്രാദേശികമായി പ്രിന്റെടുത്ത കടലാസുകള്‍ മാത്രമാണെന്നത് യാഥാര്‍ത്ഥ്യം).

നോബല്‍ പ്രൈസും ബുക്കര്‍ പ്രൈസും ഭാവിയില്‍ കാസര്‍കോട്ടുകാര്‍ക്ക് ക്ലബ്ബുകാര്‍ തരപ്പെടുത്തി കൊടുക്കില്ല എന്നില്ല. ഗാന്ധിജിയുടെ പേരില്‍ നല്‍കുന്ന അവാര്‍ഡ് ഭാവിയില്‍ ഏതെങ്കിലും എസ്റ്റാബ്ലിഷ്‌മെന്റ് മരണനാന്തര ബഹുമതിയായി ഗോഡ്‌സേക്ക് നല്‍കിയാലും അത്ഭുതപ്പെടേണ്ടതില്ല. കാടിനു വേണ്ടി കരഞ്ഞ കവിയിത്രി സുഗത കുമാരിയെ വിളിച്ച് 'വീരപ്പന്‍ അവാര്‍ഡ്' കൊടുക്കാനും മടിക്കില്ല ഈ നാട്ടുകാര്‍.

കാസര്‍കോടിന്റെ തനതായ ഒരു കലാരൂപമുണ്ട്. അതില്‍ പ്രാവീണ്യം നേടിയവരില്‍ നൂറ്റുക്ക് നൂറും ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളാണ്. വാഹന മോഷണമെന്ന ആ കലാചാരുതിയില്‍ ഏര്‍പ്പട്ടവരെ കൂടി ആദരിക്കുകയാണെങ്കില്‍ നമ്മുടെ ലക്ഷ്യം അഞ്ചു വര്‍ഷം മുമ്പേ കൈവരിക്കാന്‍ കഴിയും.

കഴിഞ്ഞ ദിവസം കേട്ട പരാതി ഇങ്ങനെ:
'ഓനു ക്ലബ്ബുകാരു അവാര്‍ഡ് കൊടുത്തോലൂ. ഒരു ലച്ചം ഉറുപ്യെ എങ്ങനീം കിട്ടീട്ടുണ്ടാ ഉം. കുടുംബക്കാരനാണു എന്ന് പറഞ്ഞിട്ട് എന്ത് ഫലം ! എനിക്കൊരു അഞ്ചു പൈസ അയില്‍ നിന്നു ഓന്‍ തന്നിട്ടില്ല.'
അതുകൊണ്ട്, അവാര്‍ഡ് കൈപറ്റുന്നവരുടെ കീശ കനപ്പിക്കാന്‍ മറക്കണ്ട എന്നൊരു അപേക്ഷയുണ്ട്. ഏതായാലും ഞാന്‍ കൊടുക്കുന്ന അവാര്‍ഡിന്റെ പേരു 'വീരപ്പന്‍ അവാര്‍ഡ്' എന്നായിരിക്കും.
ലക്ഷ്യം സമ്പൂര്‍ണ പൗര ആദരിക്കല്‍ വല്‍കൃത ജില്ല

Keywords : Kasaragod, Kerala, Article, Programme, Cash, Leader, Award, Abdulla Trosser. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia