city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റഫീഖ്, മരിക്കുന്നില്ല, നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍...!

(www.kasargodvartha.com 19.12.2014) 

(നെഞ്ചുവേദനയെ തുടര്‍ന്നു ബുധനാഴ്ച രാത്രി ദുബൈയില്‍ നിര്യാതനായ ഉദുമ പാക്യാര സ്വദേശി പി.എം റഫീഖിനെ ഉറ്റ സുഹൃത്ത് ഖാദിര്‍ ബെണ്ടിച്ചാല്‍ ഈറന്‍ മിഴികളോടെ അനുസ്മരിക്കുന്നു) 

ഖാദര്‍ ബെണ്ടിച്ചാല്‍ 

സ്വന്തം വേദന മറ്റുള്ളവരെ അറിയിക്കാതെയും മറ്റുള്ളവരുടെ വേദനയില്‍ ഏറെ ദുഃഖിക്കുകയും ചെയ്തിരുന്ന റഫീഖ്, കുടുംബത്തെയും വിശാലമായ സുഹൃദ് വലയത്തെയും തീരാവേദനയിലാക്കി അനശ്വരലോകത്തേക്ക് യാത്രയായിരിക്കുകയാണ്. വ്യാഴാഴ്ച അര്‍ദ്ധരാത്രി ഉറക്കത്തിനിടെ ജ്യേഷ്ഠപുത്രന്‍ നാഫി വിളിച്ചുപറഞ്ഞ, റഫീഖിന്റെ മരണവാര്‍ത്ത കേട്ടു ഞെട്ടി ഉണര്‍ന്ന ഞാന്‍ അതൊരു സ്വപ്നമായിരിക്കുമെന്നാശ്വസിക്കാന്‍ ശ്രമിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം തന്നെ അതൊരു യഥാര്‍ത്യമായിരുന്നു എന്നു വിശ്വസിക്കേണ്ടി വന്നു.

റഫീഖ് പരിചയപ്പെട്ടവര്‍ക്കൊക്കെ സുഹൃത്തും സഹോദരനുമായിരുന്നു. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അവന്‍ സദാജാഗ്രത പുലര്‍ത്തി. മാസങ്ങള്‍ക്ക് മുമ്പു ലുലുവില്‍ വച്ചു കണ്ടപ്പോള്‍ നീ നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നു പറഞ്ഞു. നാട്ടിലേക്കുകൊണ്ടുപോകാനുള്ള ലഗേജുകളെ കുറിച്ചു നര്‍മ്മം കലര്‍ത്തി ഒരുപാട് സംസാരിച്ചു. ഇന്ന് നിന്റെ മയ്യിത്ത് മറ്റുള്ളവര്‍ ഒരു ലഗേജായി നാട്ടിലേക്കെടുക്കേണ്ടി വന്നു. ദൈവഹിതം ആര്‍ക്കും തടുക്കാനാവില്ലല്ലോ! നിന്നെ അറിയുന്നവരുടെയെല്ലാം മനസില്‍ ആദ്യമെത്തുക, നിന്റെ കണ്ണുകളില്‍ ഒളിപ്പിച്ചു വച്ച ആ പുഞ്ചിരിയും, ഹൃദ്യമായ ആ പെരുമാറ്റവും തന്നെയാണ്.


റഫീഖ് ഒരുപാട് പേരെ മനസ്സറിഞ്ഞു സഹായിച്ചിട്ടുണ്ട്. പേരിനും പ്രശസ്തിക്കും പിന്നാലെ അവന്‍ പോയില്ല. പല കുടുംബങ്ങളെയും അവര്‍ പോലും അറിയാതെ റഫീഖ് സഹായിച്ചു. എല്ലാം ഉപേക്ഷിച്ചു പോകുന്ന വഴിയില്‍ ആ കുടുംബങ്ങളുടെ പ്രാര്‍ത്ഥനകള്‍ മാത്രം നീ കൂടെ കൊണ്ടു പോകുമെന്നത് തീര്‍ച്ചയാണ്.

ജ്യേഷ്ഠന്മാരായ നാസര്‍ച്ചയും, ഹാരീഫ്ച്ചയും, സഹോദരങ്ങളായ സി.എല്‍.റഷീദും, എന്‍.എ.അബ്ദുള്ളയും വ്യാഴാഴ്ച അര്‍ദ്ധരാത്രി ഫോണില്‍ വിളിച്ചപ്പോള്‍ സംസാരിക്കാനാകാതെ വിഷമിക്കുന്നത് അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഞാനറിഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പു തളിപ്പറമ്പ് അപ്‌സരയില്‍ ഒന്നിച്ചു ജോലി ചെയ്തിരുന്ന ചെറിയൊരു കാലഘട്ടം. ഒരു യുഗത്തിലേക്കുള്ള നര്‍മ്മങ്ങളാണ് നീ അന്നവിടെ പെയ്തു നിറച്ചത്. റൂമിലെ തമാശകളും നാട്ടിലേക്കുള്ള യാത്രകളും ഹാസ്യത്തിന്റെ ഓരോ അരങ്ങുകളായിരുന്നു. എന്നും ചിരിക്കാന്‍ ആഗ്രഹിച്ചിരുന്ന നീ ഏവരെയും നിത്യമായി കരയിച്ചു കൊണ്ട് യാത്രയായെന്നോര്‍ക്കുമ്പോള്‍ മനസു പതറുന്നു.

അര്‍ദ്ധരാത്രി മുതല്‍ അല്‍ മുല്ലയ്ക്കടുത്തുള്ള നിന്റെ ഫ്‌ളാറ്റില്‍ മരവിച്ച മനസുമായിരിക്കുമ്പോള്‍ ഇതേ ഫ്‌ളാറ്റില്‍ നീ ഞങ്ങള്‍ക്കൊരുക്കിയ വിരുന്നും, അന്നത്തെ നിന്റെ തമാശകളും ഓര്‍ത്തോര്‍ത്ത് കണ്ണീരു തുടയ്ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. ചേതനയറ്റ നിന്റെ ശരീരം എംബാം ചെയ്തു സോനാപൂരിലെ മെഡിക്കല്‍ സെന്ററില്‍ വച്ചു മയ്യിത്ത് നമസ്‌കരിച്ചു നാട്ടിലേക്കെടുത്തതോടെ ദുബൈയില്‍ നിന്നും കൂടിയുള്ള നിന്റെ അവസാന യാത്രയായി അതു മാറുകയായിരുന്നു. എന്റെ ഈ സുഹൃത്തിന്റെ പരലോകജീവിതം ധന്യമാക്കണമെന്നും, അവന്റെ കുടുംബത്തിനു വിയോഗം താങ്ങാനുള്ള കരുത്തും ക്ഷമയും നല്‍കണേ എന്നും നാഥനോടു പ്രാര്‍ത്ഥിക്കുന്നു. അമീന്‍...

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
റഫീഖ്, മരിക്കുന്നില്ല, നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍...!

Also read:
ദുബൈയില്‍ വ്യാപാരിയായ ഉദുമ സ്വദേശി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
Keywords:  Prayer, Rafeek, Rafeeque, Udma, Gulf, Obituary, Dubai, P.M. Rafeeq, Pakiyara, Malayali dies in Dubai.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia