city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റംസാനും ചില അനുബന്ധ ചിന്തകളും

ഹമീദ് കുണിയ

ത്മസമര്‍പണത്തിന്റെയും ആത്മനിര്‍വൃതിയുടെയും വസന്തം സമ്മാനിച്ചുകൊണ്ട് പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റംസാന്‍ റഹ്മത്തിന്റെ പത്ത് ദിവസം കടന്ന് മഗ് ഫിറത്തിന്റെ പത്തിലെ മധ്യത്തിലാണിപ്പോൾ.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം കൊയ്‌തെടുക്കാന്‍ ഒരുപാട് കാര്യങ്ങള്‍ നിറഞ്ഞതാണ് പവിത്രമായ റംസാന്‍ മാസം.  ലൈലത്തുല്‍ ഖദ്‌റിന്റെ രാവിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത്.  ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ഖുര്‍ആന്‍ വേദ ഗ്രന്ഥത്തിന് ഇന്നേവരേക്കും അക്ഷരങ്ങളുടെയോ വള്ളി പുള്ളികളുടേയോ വ്യത്യാസം ഉണ്ടായിട്ടില്ല.  ഒരിക്കലും തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത ദൈവീക ഗ്രന്ഥമാണ് ഇത്.  ആയിരം വട്ടം പാരായണം ചെയ്താലും ആവര്‍ത്തനവിരസതയില്ലാത്ത ഗ്രന്ഥവും കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍.  ലോക മുസ്ലീം സമൂഹത്തിന് മാത്രമല്ല, ഖുര്‍ആന്‍ പഠിക്കാന്‍ തയ്യാറാകുന്ന ഏതൊരു ജനവിഭാഗത്തിനും അവരുടെ ജനനം മുതല്‍ മരണം വരെ എങ്ങനെ ജീവിക്കണമെന്ന കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കാട്ടിത്തരുന്ന ഗ്രന്ഥവും കൂടിയാണിത്.  കുടുംബജീവിതം മാത്രമല്ല, സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും എങ്ങനെയായിരിക്കണമെന്ന് ഈ ഗ്രന്ഥം കാണിച്ചുതരുന്നുണ്ട്.
റംസാനും ചില അനുബന്ധ ചിന്തകളും

ഒരുപാട് അധ്യാപനങ്ങള്‍ ഖുര്‍ആന്‍ പഠിപ്പിക്കുമ്പോള്‍ തന്നെ അത് അവതീര്‍ണമായ റംസാന്‍ മാസവും നിരവധി അധ്യാപനങ്ങള്‍ പഠിപ്പിക്കുന്നു.  സത്യാസത്യ വിവേചനത്തിന്റെ മാസവും കൂടിയാണ്  റംസാന്‍.  മത വിശ്വാസികളായ വെറും മുന്നൂറ്റിപ്പതിമൂന്ന് പേര്‍ പ്രവാചകര്‍ (സ.അ) നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന ശത്രു സൈന്യത്തോട് ഏറ്റുമുട്ടി.  സ്വഹാബികളുടെ കൈയ്യില്‍ നല്ല ആയുധങ്ങളോ, ഒട്ടകങ്ങളോ, കുതിരകളോ മറ്റു യത്രാസൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ ശത്രു സൈന്യം ഇവയെല്ലാം നിറഞ്ഞവരായിരുന്നു.  ദിനങ്ങളോളം പട്ടിണി അതോടെ വ്രതവും, ഒരു ചീള് കാരക്കയും കൂടെ പച്ചവെള്ളവും അതുകൊണ്ടുള്ള നോമ്പ് തുറ, പിന്നെയും പട്ടിണി, ഇങ്ങനെയുള്ള അവസ്ഥയില്‍ എല്ലുംതോലുമായി മാറിയ മുന്നൂറ്റിപ്പതിമൂന്ന്  സ്വഹാബാക്കള്‍ അസത്യത്തിനും, അനാചാരത്തിനും അക്രമങ്ങള്‍ക്കുമെതിരെ പോരാടി സൃഷ്ടി നാഥനിലുള്ള അചഞ്ചലമായ വിശ്വാസവും കൂടെ സഹനത്തിന്റെയും ത്യാഗ മനസ്ഥിതിയുടെയും കാരണമായി അവര്‍ വിജയം കൊയ്തു.

ഒരിക്കലും പ്രവാചകര്‍ (സ:അ) അങ്ങോട്ട് യുദ്ധത്തിന് പോയ ചരിത്രമില്ല.  പകരം ഇങ്ങോട്ട് വന്ന ശത്രുക്കളെ പ്രതിരോധിച്ചതല്ലാതെ.

ഇസ്‌ലാം വാളു കൊണ്ട് പരന്നതാണെന്ന് മാലോകര്‍ക്ക് മുമ്പാകെ കൊട്ടിഘോഷിക്കുന്ന സയണിസ്റ്റ് ലോബികളും അവര്‍ക്ക് ഓശാന പാടുന്നവരും ഇസ്‌ലാമിക ചരിത്രം മനസിലാക്കാന്‍ തയ്യാറാവണം.

ഇന്നിന്റെ റംസാനില്‍ സുഭിക്ഷമായ ഭക്ഷണങ്ങളും സുന്ദരമായ വസ്ത്രങ്ങളും ആര്‍ഭാടകരമായ ജീവിതങ്ങളും നയിക്കപ്പെടുമ്പോഴും അതിനപ്പുറം വിവാഹ-ഇതര ആഘോഷത്തിന്റെ പേരില്‍ നടത്തപ്പെടുന്ന അനിസ്ലാമികപരമായ ചെയ്തികള്‍ക്ക് ലക്ഷങ്ങള്‍ തുലച്ച് കളയുമ്പോഴും വിശ്വാസി സമൂഹം ഒരു നിമിഷം ആത്മാര്‍ത്ഥതയോടെ ബദറിലേക്ക് ഒന്ന് ചിന്ത തിരിച്ചുവിടുകയാണെങ്കില്‍ സമകാലത്ത് നടക്കുന്ന അപഥ സഞ്ചാരങ്ങൾ വഴി മാറിക്കൊള്ളും.

മതത്തിന്റെ പവിത്രതയും അതിന്റെ തനിമയും നിലനിര്‍ത്താന്‍ ഇന്ന് വിശ്വാസികള്‍ക്ക് വലിയ ക്ലേശങ്ങളൊന്നും അനുഭവിക്കേണ്ടയവസ്ഥയില്ല.

സുഭിക്ഷതയും, ദാരിദ്ര്യവും രോഗവുമൊക്കെ തരുന്നത് നാഥനാണ്.  ഖജനാവിന്റെ ഉടമസ്ഥനും അവന്‍ തന്നെയാണ്. ചിലവഴിക്കപ്പെടുന്ന ഓരോ ചില്ലിക്കാശിനും കൃത്യമായ കണക്കും, ശേഖരിക്കപ്പെട്ടതിന്റെ കണക്കും, സ്വരുകൂട്ടിവെച്ചതിന്റെ കണക്കുമൊക്കെ കൃത്യമായി ബോധിപ്പിക്കാതെ ഒരാള്‍ക്കും രക്ഷപ്പെടാന്‍ സാധിക്കില്ല; അവന്റെ മുന്നില്‍ നിന്ന്.  നാട്ടിലെ ഇന്‍കംടാക്‌സല്ല, പാരത്രിക ലോകത്തെ ഫോഴ്‌സ് നമ്മുടെ കൈയ്യില്‍ കണക്കില്ലെങ്കില്‍ അവിടെ നിന്ന് കൃത്യമായി എല്ലാ രേഖകളും നമുക്ക് ഇങ്ങോട്ട് നല്‍കപ്പെടും.  പാരത്രിക ലോകത്ത് ഏതൊരാള്‍ക്കും ഏറ്റവും വലിയ ഭാരമായി മാറുക അയാള്‍ ഇഹലോകത്ത്‌ പണിത വീടുകളായിരിക്കുമെന്ന് പ്രവാചകര്‍ വിശ്വാസികളെ ഉണര്‍ത്തി.

നിങ്ങളിലെ ദാരിദ്ര്യത്തെയല്ല, സമ്പത്തിനെയാണ് ഞാന്‍ ഭയക്കുന്നതെന്നും അവിടുന്ന് അരുളി.  പാരത്രിക ലോകത്തെ കഠിനമായ ശിക്ഷകളെക്കുറിച്ചും ഖുര്‍ആനും, തിരുനബിയുടെ വചനങ്ങളും മുന്നറിയിപ്പ് തരുന്നു. പ്രവാചകന്‍ തന്നെ സദാ പ്രാര്‍ത്ഥിച്ചിരുന്നത് എന്നെ മിസ്‌കീനായി ജീവിപ്പിക്കണമെന്നും, മിസ്‌കീനായി മരിപ്പിക്കണമെന്നും, നാളെ സ്വര്‍ഗത്തില്‍ മിസ്‌കീന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിപ്പിക്കണമെന്നുമാണ്.  പാവപ്പെട്ട ആളുകളെ പ്രവേശിപ്പിച്ച് അഞ്ഞൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ശേഷം മാത്രമേ ധനാഢ്യരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നും അവിടുന്ന് അരുളി.

റംസാനെന്ന മാസത്തെപ്പറ്റി മാത്രം നാം പഠനം നടത്താന്‍ തയ്യാറായാല്‍ തന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത ഒരുപാട് അധ്യാപനങ്ങല്‍ ഗ്രഹിക്കാന്‍ സാധിക്കും. കാരുണ്യത്തിന്റെയും, ലാളിത്യത്തിന്റെയും, ക്ഷമയുടെയും, വിശപ്പിന്റേയും, സഹനത്തിന്റെയും, ആത്മസമര്‍പ്പപണത്തിന്റെയും, ആത്മസംതൃപ്തിയുടെയും സുന്ദരമായ അധ്യാപനങ്ങള്‍, സത്യത്തിന്റെയും,  സമത്വത്തിന്റെയും, ത്യാഗത്തിന്റെയും പാഠങ്ങള്‍ നമുക്ക് ഗ്രഹിക്കാന്‍ സാധിക്കും.  ചന്ദ്രമാസ കണക്കില്‍ മാറിമാറി വരുന്ന കാലാവസ്ഥകളില്‍ വരുന്ന റംസാന്‍ വ്രതം മനുഷ്യരെ വിവിധ അധ്യാപനങ്ങളാണ് പഠിപ്പിക്കുന്നത്.

റംസാനില്‍ വിശ്വാസികള്‍ക്കുണ്ടാകുന്ന ചൈതന്യവും, റംസാന്‍ പഠിപ്പിക്കുന്ന ലാളിത്യവും, എളിമയുമൊക്കെ റംസാനിന് ശേഷം അടുത്ത റംസാന്‍ വരെ നിലനിര്‍ത്താന്‍ വിശ്വാസികളായവര്‍ക്ക് സാധിച്ചാല്‍ മാത്രമേ വ്രതം കൊണ്ട് ഗുണമുണ്ടാവുകയുള്ളൂ.  രാവിലെ മുതല്‍ രാത്രി വരെ മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന നമ്മള്‍ കര്‍മത്തില്‍ ഉച്ചനേരത്തെ ഭക്ഷണം മാത്രമാണ് വ്രതകാലത്ത് ഒഴിവാക്കപ്പെടുന്നത്.  പകരം വ്രതം മുറിച്ചതിന് ശേഷം നമ്മള്‍ കഴിച്ച് തീര്‍ക്കുന്നത് അതിന്റെ മൂന്നിരട്ടിയാണ്.  അങ്ങിനെ വരുമ്പോള്‍ പകല്‍ സമയം നിശ്ചലമായ യന്ത്രങ്ങള്‍ രാത്രിയില്‍ അമിത ഭാരം വഹിക്കുന്നു.  പിസ്റ്റണ്‍ തെറിക്കാന്‍ പിന്നെ വേറെയൊന്നും തന്നെ ആവശ്യമില്ല.  വ്രതത്തിന്റെ യഥാര്‍ത്ഥ ഗുണം ശരീരത്തിന്  ലഭിക്കണമെങ്കില്‍ വ്രതം തുറന്നതിന് ശേഷവും ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുന്ന അവസ്ഥ സ്വീകരിക്കണം.

റംസാന്‍ ആഗതമായാല്‍ ഇസ്‌ലാമിക രീതിയിലേക്ക് വരികയും, പെരുന്നാല്‍ ദിനം ആഗതമായാല്‍ പിന്നെ അടുത്ത റംസാന്‍ വരെ വീണ്ടും പഴയപടിയാവുകയും ചെയ്യുന്ന രീതിയിലാണ്  പലരുടെയും സഞ്ചാരം.  അത് മാറ്റിയെടുത്താല്‍ മാത്രമേ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.  അതോടൊപ്പം ഓരോ റംസാനിന് ശേഷവും ആത്മീയമായി ഉയര്‍ന്നുകൊണ്ടേയിരിക്കണം.  എങ്കില്‍ മാത്രമേ മതം വിഭാവനം ചെയ്യപ്പെട്ട പാരത്രിക ലോകത്തും വിജയിക്കാന്‍ സാധിക്കുകയുള്ളൂ.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന പാവങ്ങളെ അതാത് മഹല്ലുകളിലെ ധനാഢ്യരും മറ്റും സഹായിക്കാന്‍ തയ്യാറായാല്‍ തന്നെ സമുദായത്തിലെ ഭിക്ഷാടനമെന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും.  ഏതെങ്കിലും പാവപ്പെട്ടവന്‍ സമീപിച്ചാല്‍ പത്തുരൂപ നാം നല്‍കുന്നത് പത്ത് ലക്ഷം നല്‍കുന്ന ഭാവത്തോടെയും, വീട്ടില്‍ നടക്കുന്ന കല്യാണ ആഘോഷത്തിന്റെ പേരില്‍ കരിമരുന്ന് പ്രയോഗത്തിന് വേണ്ടി ലക്ഷങ്ങള്‍ കത്തിച്ചുകളയുന്നത് പത്ത് രൂപയുടെ ലാഘവത്തോടെയുമാണ്.  മതം കര്‍ശനമായി നിരോധിച്ച സംഗതികള്‍ക്ക് ലക്ഷങ്ങള്‍ തുലച്ച് കളയുന്നവർ ഖജനാവ് സൃഷ്ടിനാഥന്റേതാണെന്നും അവന്‍ തന്നതില്‍ നിന്ന് ഏത് വഴിക്ക് ചിലവഴിച്ചൂവെന്ന് കൃത്യമായി അവനെ ബോധിപ്പിക്കാതെ രക്ഷപ്പെടാന്‍ കഴിയില്ലെന്നും ഓർക്കുന്നില്ല.

സമൂഹത്തില്‍ ധനാഢ്യരെയും, പാവപ്പെട്ടവനേയും, സാധാരണക്കാരേയും, രോഗികളേയും, രോഗമില്ലാത്തവരേയുമൊക്കെ സൃഷ്ടിച്ചത് നാഥനാണ്. അത് അവരെ പരീക്ഷിക്കാന്‍ വേണ്ടി തന്നെയാണ്.  അയ്യൂബ് നബി (അ)ക്ക് രോഗം നല്‍കി പരീക്ഷിച്ചതും സദ്ദാദ് ഇബ്‌നു ഹാദിനെ ധനം നല്‍കി പരീക്ഷിച്ചതും ഇബ്രാഹിം നബിയെ തീയിലേക്കെറിഞ്ഞതുമൊക്കെ വിശ്വാസത്തിന്റെ പാരമ്യത എത്രത്തോളമുണ്ടെന്ന് അറിയാന്‍ വേണ്ടി തന്നെയാണ്.

പലവിധ ആഘോഷത്തിന്റെ പേരിലും തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങള്‍ ഇരുപതും അതിന് മുകളിലുമാണ്. എല്ലാം കഴിച്ച് രോഗികളാവുന്നതും ആശുപത്രികളില്‍ ക്യൂ നില്‍ക്കേണ്ടിവരുന്നതും മാത്രം മിച്ചം. ഭക്ഷണ മേളകള്‍ നടത്തുന്നത് വഴി നമ്മള്‍ ഭക്ഷണം നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

കോടിക്കണക്കിന് ആളുകള്‍ ലോകത്ത് പട്ടിണി കിടക്കുമ്പോള്‍ അവര്‍ക്ക് കൂടി അവകാശപ്പെട്ട ധാന്യങ്ങളും, വെള്ളവും നാം നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരവസരത്തില്‍ ക്ഷാമം ഉണ്ടാവാന്‍ സാധ്യത കണ്ടപ്പോള്‍ മഹാനായ യൂസുഫ് നബി (അ) തന്റെ ജനതയ്ക്കിടയില്‍ റേഷന്‍ സമ്പ്രദായം കൊണ്ടുവന്നു.  ലോകത്ത് ആദ്യമായി റേഷന്‍ സമ്പ്രദായം നടപ്പില്‍ വരുത്തിയ യൂസുഫ് നബിയുടെ ജനത ക്ഷാമകാലത്തും ക്ഷേമമായി ജീവിച്ചുവെന്ന് ചരിത്രം.

ആത്മ സമര്‍പണത്തിന്റെ റമംസാന്‍ ആദ്യ ദിനങ്ങളില്‍ ഭക്തിയുടെയും മറ്റും പര്യായമായി നഗരങ്ങളില്‍ കാണാറുണ്ട്.  അല്‍പദിനങ്ങള്‍ കഴിഞ്ഞാല്‍ അതിന്റെ നിറത്തിനും വ്യത്യാസങ്ങള്‍ സംഭവിച്ചുപോകുന്നു.  ഇതിന് പ്രധാന കാരണമാകുന്നത് റംസാന്റെ ലക്ഷ്യം പെരുന്നാള്‍ ആഘോഷിക്കല്‍ മാത്രമാണെന്ന് വിശ്വസിച്ച് പോകുന്ന ഒരുപറ്റം ആൾക്കാരാണ്.  റംസാന്‍ ഒന്നിന് തുടങ്ങുന്ന ഇവരുടെ ഷോപ്പിംഗ്‌ പെരുന്നാള്‍ രാത്രിയായാലും തീരുന്നില്ലായെന്നതാണ്.  പ്രവാസികളായ സഹോദരങ്ങള്‍ എത്ര കഠിനമായ വേദനകളും, പ്രയാസങ്ങളും ഉള്ളിലൊതുക്കി കഷ്ടപ്പെട്ടുണ്ടാക്കുന്ന ധനം യാതൊരു വിഷമവും കൂടാതെ ചിലവഴിക്കാന്‍ ഇക്കൂട്ടർ ഇറങ്ങുന്നതോടെ തന്നെ ഷോപ്പുകളും മാളുകളും വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഈടാക്കുന്നത്.

മത വിശ്വാസികളായവര്‍ക്ക് സ്ത്രീയെന്നോ, പുരുഷനെന്നോ ഉള്ള വ്യത്യാസം മതം കല്‍പിക്കുന്നില്ല. എല്ലാവര്‍ക്കും തുല്യ നിയമവും, നീതിയും പ്രതിഫലവുമാണ് മതം നിഷ്‌കര്‍ഷിക്കുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ തെരുവുകളില്‍ അലഞ്ഞുതിരിയാന്‍ മതം അനുവദിക്കുന്നില്ല. മതം വിഭാവനം ചെയ്ത കാര്യങ്ങളിലോ അതിന്റെ അടിസ്ഥാനഗ്രന്ഥമായ ഖുര്‍ആനിനോ അതനുസരിച്ച് ജീവിച്ചിരുന്ന നമ്മുടെ പാരമ്പര്യ ജനതയിൽ നിന്ന് ഭിന്നമായി ഇന്നത്തെ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നമുക്ക് ദുരന്തങ്ങളും, ക്ലേശങ്ങളും, സങ്കടങ്ങളുമൊക്കെ അനുഭവിക്കേണ്ടിവരുന്നയവസ്ഥ സംജാതമാകുന്നത്. അതുകൊണ്ട് തന്നെ വ്രത ചൈതന്യം നാം റംസാന് ശേഷവും എന്നും നിലനിര്‍ത്താന്‍ തയ്യാറാവണം.

Keywords: Kerala, Ramzan, Article, Hameed Kuniya, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia