മൃഗങ്ങള്‍ നാടുഭരിക്കുമ്പോള്‍...
Nov 11, 2012, 10:00 IST
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയില്‍ പറയുന്നത് പോലെ വാനരന്മാരും കാട്ടുപന്നികളും ആനകളും എല്ലാം ഭൂമിയുടെ അവകാശികള്‍ തന്നെയാണ്. എന്നാല്‍ അവ നാട്ടിലിറങ്ങി പാവപ്പെട്ട കര്‍ഷകരുടെ വിളകളെല്ലാം നശിപ്പിച്ചാല്‍ എന്തു ചെയ്യും? അവയെ അപ്പാടെ വെടിവെച്ചു കൊല്ലാനൊക്കുമോ? പിടിച്ച് കെട്ടാമെന്ന് വെച്ചാല്‍ അത് നടക്കുന്ന കാര്യമാണോ? നമ്മുടെ സര്‍കാര്‍ പറയുന്നത് വന്യ മൃഗങ്ങളെ സംരക്ഷിക്കണമെന്നാണ്. അവയെ കൊല്ലുന്നത് പോകട്ടെ, ഏതെങ്കിലും തരത്തില്‍ ദ്രോഹിക്കുന്നത് തന്നെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പറഞ്ഞു വരുന്നത് കുരങ്ങും കാട്ടുപന്നികളും കാട്ടാനകളും നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ തിന്നും പിഴുതും നശിപ്പിക്കുന്നതിനെക്കുറിച്ചാണ്. സംസ്ഥാനത്തിന്റെ പലഭാഗത്തും കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കര്‍ഷകര്‍ പൊറുതി മുട്ടിയിരിക്കയാണ്. കാസര്‍കോട് ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വാനരന്മാരുടേയും കാട്ടുപന്നികളുടേയും കാട്ടാനകളുടേയും ഭരണമാണിപ്പോള്‍. അവ കൂട്ടത്തോടെ രാപ്പകല്‍ ഭേദമില്ലാതെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു. പോരാത്തതിന് വഴിയെപ്പോകുന്ന ആളുകളെ കാട്ടുപന്നികള്‍ കുത്തി മലര്‍ത്തിയിടുകയും ചെയ്യുന്നു.
ബദിയഡുക്കയ്ക്കടുത്ത ബെളിഞ്ച ഗുരിയടുക്കയിലെ മത്സ്യവ്യാപാരി പക്രുഞ്ഞിയെ കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമിക്കുകയുണ്ടായി. മത്സ്യ വില്പനയ്ക്ക് പോകുമ്പോള്‍ നട്ടുച്ചയ്ക്കാണ് ഫക്രുഞ്ഞിക്ക് പന്നിയുടെ കുത്തേറ്റത്. ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് അവശനായ പക്രുഞ്ഞി കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ജീപ്പില്‍ യാത്ര ചെയ്യുകയായിരുന്ന ദേലംപാടിയിലെ അബ്ദുല്ലക്കുഞ്ഞിയേയും പന്നി ഭീഷണിപ്പെടുത്തി. ജീപ്പില്‍ നിന്നും ഇറങ്ങിയോടിയ അബ്ദുല്ലക്കുഞ്ഞിയെ കിട്ടാത്തതിന്റെ വൈരാഗ്യം അയാളുടെ ജീപ്പിനോടാണ് പന്നി തീര്‍ത്തത്. ജീപ്പിനെ ഏതെല്ലാം തരത്തില്‍ നശിപ്പിക്കാന്‍ കഴിയുമോ, ആ തരത്തിലെല്ലാം പന്നി കേടുവരുത്തി.
വഴിയെപ്പോകുന്ന ആളുകളെ പന്നിക്കൂട്ടം പിന്തുടര്ന്ന് ഓടിച്ച് അക്രമിക്കുന്ന സംഭവങ്ങള്‍ പലഭാഗത്തും ഉണ്ടായിട്ടുണ്ട്. നായാട്ട് നിരോധിച്ചതും വനത്തില്‍ നഗരത്തിലെ മാലിന്യങ്ങള്‍ കൊണ്ട് തള്ളുന്നതുമാണ് പന്നികളുടെ ക്രമാതീതമായ വംശവര്‍ദ്ധനവിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷങ്ങളില്‍ വയനാട്ട് കുലവന് തെയ്യംകെട്ടിനോടനുബന്ധിച്ച് വന്‍ തോതില്‍ പന്നികളെ വേട്ടയാടി കൊന്നിരുന്നു. അല്ലാത്ത സമയത്തും ആളുകള്‍ ഇറച്ചിക്കുവേണ്ടി പന്നിവേട്ട നടത്തിയിരുന്നു. പറമ്പുകളില്‍ കെണിവെച്ചും പന്നികളെ പിടിച്ചിരുന്നു. ഇപ്പോള്‍ കെണിവെച്ചുപിടിച്ച പന്നിയുടെ ഇറച്ചി പോലും വനം വകുപ്പ് അധികൃതര്‍ കണ്ടുകെട്ടുകയാണ്. മനുഷ്യനോടുള്ള ധാര്‍ഷ്ട്യം തീര്‍ക്കാനെന്നവണ്ണം പന്നികളിപ്പോള് നാടാകെയിറങ്ങി കണ്ണില്‍ കണ്ടതെല്ലാം കുത്തിമറിച്ചിടുകയും വേണ്ടത് തിന്നുകയും ചെയ്യുന്നു. ഒരാവശ്യവുമില്ലാതെ റബ്ബര്‍ തൈകളെപ്പോലും അവ നശിപ്പിക്കുന്നു.
മാലിന്യങ്ങളോടാണ് പന്നികള്‍ക്ക് ഏറെ പ്രിയം. മൃഗങ്ങളുടെ അവശിഷ്ടങ്ങളാണെങ്കില്‍ പിന്നെ പറയേണ്ട. അങ്ങനെ പന്നികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവങ്ങളാണ് വാഹനങ്ങളിലും മറ്റുമായി വനത്തില്‍ യഥേഷ്ടം ആളുകള്‍ കൊണ്ടിടുന്നത്. കല്യാണ വീടുകളിലേയും അറവ് ശാലകളിലേയും അവശിഷ്ടങ്ങള്‍ തിന്ന് കൊഴുത്ത പന്നികള്‍ ഒരു രസത്തിനാണ് പലപ്പോഴും നാട്ടിലിറങ്ങി ആളുകളെ കുത്തുന്നതും കൃഷി നശിപ്പിക്കുന്നതും. ഇത് അറിയാത്തവരല്ല നമ്മുടെ വനപാലകര്‍. അവര്‍ എല്ലാം അറിഞ്ഞിട്ടും അറിയാത്ത മട്ടില്‍ നില്‍ക്കുകയാണ്. കൈക്കൂലി കിട്ടുന്ന കാര്യമായിരുന്നുവെങ്കില്‍ അവര്‍ മീശ പിരിച്ച് ചാടി വീണേനെ.! ഇവിടെ ആരോടാണ് കൈക്കൂലി വാങ്ങുക!
പാവപ്പെട്ട കൃഷിക്കാരെ ദ്രോഹിക്കാന്‍ വാനരന്മാരും ഒട്ടും പിന്നിലല്ല. അവ കൂട്ടത്തോടെ മരശിഖരങ്ങളിലൂടെയും ഓലകളിലൂടെയും ഓടിയും ചാടിയും ഊഞ്ഞാലാടിയും വന്ന് തെങ്ങിലെ ഇളനീരും പച്ചക്കറികളും പപ്പായയും എല്ലാം തിന്നും പറിച്ചെറിഞ്ഞും നശിപ്പിക്കുകയാണ്. അതെല്ലാം നോക്കി തലയില്‍ കൈവെച്ച് തന്റെ വിധിയെ പഴിക്കാനേ കര്ഷകന് കഴിയുന്നുള്ളൂ. കല്ലെറിഞ്ഞ് ഓടിക്കാമെന്ന് വെച്ചാല്‍ ഏറ് കൊള്ളാതെ മരത്തിന് മറഞ്ഞുനിന്ന് കല്ലെറിഞ്ഞയാളെ ഇളിച്ചുകാട്ടിയും കൊഞ്ഞനം കുത്തിയും പരിഹസിക്കുകയാണ് കുരങ്ങന്മാര്. പണ്ടത്തെ കുരങ്ങന്മാര്ക്ക് വാലില്ലാത്ത നരന്മാരെ കുറച്ച് പേടിയുണ്ടായിരുന്നു. അവര്‍ അന്ന് വാലില്ലാത്തവര്‍ കല്ലെറിയുമ്പോള്‍ വാല് പൊക്കിക്കൊണ്ട് ഓടുകയായിരുന്നു പതിവ്. ഇന്ന് വാനരന്മാര്‍ക്കും ബുദ്ധി ഉദിച്ചിരിക്കുന്നു. ഉണ്ടയില്ലാത്ത തോക്ക് കാട്ടിയും ചെണ്ട കൊട്ടിയും അവരെ വിരട്ടാനൊന്നും ഇന്ന് പറ്റില്ല. കര്‍ഷകര്‍ക്ക് സര്‍കാര്‍ ലൈസന്‍സോടു കൂടി തോക്ക് നല്‍കുന്നുണ്ടെങ്കിലും അത് കുരങ്ങന്മാര്ക്കും പന്നികള്‍ക്കും നേരെ പ്രയോഗിച്ചു കൂട. വെടി പൊട്ടിച്ചാല്‍ ആള് അകത്തായതുതന്നെ.
കാട്ടാനകളും നാട്ടിലിറങ്ങി സംഹാര താണ്ഡവമാടുന്ന വാര്‍ത്തകള്‍ ഒട്ടും കുറവല്ല. വയനാട്ടിലും ഇടുക്കിയിലും കാസര്‍കോട്ടെ പാണ്ടിയിലും പാണത്തൂരുമെല്ലാം കാട്ടാനക്കൂട്ടമിറങ്ങി കൊലവിളി നടത്തുകയാണ്. നട്ടുവളര്‍ത്തി കായ്ക്കാറായ തെങ്ങും കായ്ച്ച തെങ്ങും മറ്റും നശിപ്പിച്ച് ചിന്നം വിളിച്ച് നടക്കുന്ന ആനക്കൂട്ടം ആളുകളുടെ ഉറക്കം പോലും നഷ്ടപ്പെടുത്തുന്നു. നേരത്തെ പറഞ്ഞ പോലെ അവയെ പിടിച്ചുകെട്ടാനും നാട്ടുകാര്‍ക്ക് നിര്‍വാഹമില്ല. അധികൃതരും ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല.
കാട് നാടായതോടെ കാട്ടില്‍ കഴിയേണ്ട പാമ്പുകളും നാട്ടിലിറങ്ങിയിരിക്കയാണ്. മയിലും കുറുക്കനും പുലിയും എല്ലാം നാട്ടിലിറങ്ങുന്നു. എല്ലാവരും മനുഷ്യനെപ്പോലെ തന്നെ ഭൂമിയുടെ അവകാശികളാണെങ്കിലും മനുഷ്യനും ഈ നാട്ടില്‍ ജീവിക്കണമല്ലോ. അവന്റെ സ്വത്തിനും ജീവനും മൃഗങ്ങളില്‍ നിന്ന് ആരാണ് സംരക്ഷണം തരിക? സര്‍കാരാണ് അതിന് ചുമതലപ്പെട്ടവര്‍ എന്നതാണ് ഉത്തരമെങ്കിലും അവരത് ചെയ്യുന്നില്ലെങ്കില്‍ പിന്നെ എന്തുചെയ്യും? മനുഷ്യന് മൃഗങ്ങളായി ജീവിക്കാന്‍ കഴിയില്ലല്ലോ!
-രവീന്ദ്രന് പാടി
Keywords: Forest, Police, Belinja, Badiyadukka, farmer, fire, Article, Ravindran Pady, Elephant, Monkey, Government, Waste