city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാതാവാണ് ലോകം

മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com 09.10.2020) മാതാവാണ് നമ്മുടെ ലോകമെന്നു കൃത്യമായി ബോധ്യപ്പെട്ടു കഴിഞ്ഞാൽ ആ ഉമ്മയെ/ അമ്മയെ വേദനിപ്പിക്കാൻ ഒരാൾക്കും കഴിയില്ല. 

പത്ത് മാസങ്ങളോളം ഉദരത്തിൽ പേറി നടന്നു നൊന്തു പ്രസവിച്ചവളാണ് നമ്മുടെ ഓരോരുത്തരുടെയും മാതാക്കൾ. ഊണും ഉറക്കവുമില്ലാതെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാലു വളരുന്നോ കൈ വളരുന്നോ എന്നു നോക്കി പോറ്റി വളർത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നു അവർ. കോന്തലയിൽ പിടിച്ചു നടന്നു കുസൃതികൾ കാണിച്ചപ്പോഴും കൊഞ്ചിച്ചും ലാളിച്ചും 
സ്നേഹങ്ങളാൽ പൊതിഞ്ഞു നിന്നു.
 
മാതാവാണ് ലോകം

നീട്ടിയുള്ള മോനേ എന്ന വിളി കേട്ടാൽ മതി മനസ്സൊന്ന് നിറയാൻ. കഥകളും, കൗശലങ്ങളും പറഞ്ഞ് പൊട്ടിച്ചിരിച്ച് അവർ നമ്മളെ വീർപ്പു മുട്ടിക്കുമ്പോൾ അതിന്റെ സുഖമൊന്ന് വേറെത്തന്നെയാണ്. ജോലി കഴിഞ്ഞു വൈകുന്നേരം തിരച്ചു വീട്ടിലെത്തി ഉമ്മായെന്നോ അമ്മയെന്നോ ഉറക്കെ വിളിച്ചാൽ നിറഞ്ഞ പുഞ്ചിരിയോടെ വിളിപ്പുറത്തെത്തുന്ന അവർ. ആ പുഞ്ചിരിക്കു എന്ത് പ്രകാശമാണെന്നോ!.

രാവേറെ ചെന്നാലും അടുക്കളയിൽ പാത്രങ്ങളോട് കഥകൾ പറഞ്ഞ് ഭക്ഷണങ്ങൾ പാകം ചെയ്യുന്ന, ചെളി പുരണ്ട വസ്ത്രങ്ങൾ അലക്കു കല്ലിലിട്ടു അലക്കുന്ന, ചൊല്ലിയും തല്ലിയും പഠിപ്പിക്കുന്ന! നമുക്ക് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ.

ദൈവത്തിൽ നിന്നും നമുക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് മാതാവ്. നാം അവർക്ക് വേണ്ടി എന്തു ചെയ്താലും അവർ ചെയ്ത ത്യാഗങ്ങളോടൊപ്പമെത്തില്ല. അവരോളം വരില്ല ഒന്നും. മാതാവ് നമ്മളോട് കാണിക്കുന്ന കരുതലിനും, സ്നേഹത്തിനും പകരം വെക്കാൻ ഒന്നും ഇല്ല!. 

ജോർജ്ജ് വാഷിംഗ്ടൺ പറഞ്ഞതു പോലെ 'ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മയാണ്. അമ്മ പഠിപ്പിച്ചു തന്ന ധാർമ്മികവും, ബൗദ്ധികവുമായ പാഠങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണമായത്'. എത്ര അർത്ഥവത്തായ വരികൾ! അതു പോലെ എബ്രഹാം ലിങ്കണും മാതാവിനെ കുറിച്ചും അവരുടെ പ്രാർത്ഥനകളെക്കുറിച്ചും പറയുമ്പോൾ നാമറിയാതെ കണ്ണുനീർ തുള്ളികൾ ചാലിട്ടൊഴുകും. അതാണ് മാതാവിന്റെ മഹത്വം.

നമ്മുടെ വേദനയിലും സന്തോഷത്തിലും ഒരുപോലെ പങ്കു കൊള്ളുന്നവരായ മാതാക്കൾ ഒരു പാഠപുസ്തകമാണ്. ആ പുസ്തകത്തിൽ നിന്നും ഒരുപാട് പാഠങ്ങൾ നാം ഉൾക്കൊള്ളേണ്ടതുണ്ട്. നമ്മുക്ക് വഴിവിളക്കാണത്. പ്രവാചകനോട് ഒരു സഹാബി വന്നു ചോദിക്കുകയുണ്ടായി, ഞാൻ ആരെയാണ് കൂടുതലായി സ്നേഹിക്കേണ്ടത്? അപ്പോൾ നബി(സ)യുടെ മറുപടി നിന്റെ മാതാവിനെ എന്നായിരുന്നു. അതേ ചോദ്യം മൂന്നു പ്രാവശ്യം ആവർത്തിച്ചപ്പോൾ ആ മൂന്നു പ്രാവശ്യവും ഒരേ മറുപടിയായിരുന്നു. നാലാമത് ചോദിച്ചപ്പോളാണ് പിതാവിനെ പറ്റി പറഞ്ഞത്. 

അപ്പോൾ മാതാവിന്റെ മഹത്വം എത്രത്തോളമാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. അവർ മക്കൾക്ക് ഒരു ഭാരമായി തുടങ്ങുമ്പോൾ വല്ല വൃദ്ധസദനത്തിലോ വഴിയോരങ്ങളിലോ തള്ളിവിടുകയാണിന്ന് പലരും! നാല് കാശു പോക്കറ്റിൽ വന്നു നിറയുമ്പോൾ ചിലർക്ക് അവരെ വീട്ടിൽ താമസിപ്പിക്കുവാൻ ലജ്ജ തോന്നുന്നു. അപ്പോഴാണ് ചപ്പു ചവറു പോലെ വലിച്ചെറിയുന്നത്. കൂട്ടുകാർ വീട്ടിൽ വരുമ്പോൾ തൊലിയെല്ലാം ചുക്കി ചുളിഞ്ഞിരിക്കുന്ന മാതാവിനെ പരിചയപ്പെടുത്തി കൊടുക്കാൻ വൈമനസ്യം കാട്ടുന്നവർ അവർ നമുക്ക് വേണ്ടി ചെയ്ത ത്യാഗങ്ങളെ കുറിച്ചോർക്കുകയാണെങ്കിൽ എന്നും മക്കൾ തന്റെ ചിറകിനടിയിൽ കാത്തു സൂക്ഷിക്കുമായിരുന്നു. 

കണ്ണുകളുള്ളപ്പോൾ കാഴ്ചയെക്കുറിച്ചു നമുക്കറിയില്ല. അതു പോലെയാണ് വീട്ടിൽ മാതാവുള്ളപ്പോൾ വീടിനൊരു ഐശ്വര്യമുണ്ടാവുകയും, അതില്ലാതായാൽ ഉത്സവം കഴിഞ്ഞ പറമ്പായി മാറുകയും ചെയ്യുന്നത്. തെറ്റുകൾ കണ്ടാൽ ശകാരിക്കുകയും, നല്ലത് ചെയ്താൽ അംഗീകരിക്കുകയും ചെയ്യുന്ന ഉമ്മയെ/അമ്മയെ ഏതു പ്രതിസന്ധിയിലും സന്തോഷത്തിലും ചേർത്തു പിടിച്ചു നമ്മോടൊപ്പം നിർത്തി അവർക്ക് സന്തോഷിപ്പിക്കാൻ നമുക്കു കഴിയണം. നമ്മുടെ വീടിന്റെ വിളക്കും മാലാഖയുമാണവർ!

Keywords:  Family, Mother, House, Children, Food, Love, Article, Mom is the world

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia