city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാലു വിടപറയുന്നു, ബദിയഡുക്കയുടെ ഹൃദയത്തില്‍ നിന്ന്

ഷഫീഖ്

(www.kasargodvartha.com 08.12.2014) ബദിയഡുക്കയുടെ രാവും പകലും കാത്ത ബാലു വിടപറയുമ്പോള്‍, അനുസ്മരിക്കാതിരിക്കാനാവുന്നില്ല ഓരോ ബദിയഡുക്കക്കാരനും... ആരായിരുന്നു ബാലു...! ജനപ്രതിനിധിയോ..., മതനേതാവോ..., ഉന്നത ഉദ്യോഗസ്ഥനോ..., രാഷ്ട്രീയ പ്രവര്‍ത്തകനോ..., അധ്യാപകനോ..., ഒന്നും ആയിരുന്നില്ല പക്ഷേ ഏറ്റവും നല്ല മാതൃകകള്‍ ബാക്കിയാക്കിയാണ് ബാലു ബദിയഡുക്കയോട് വിട പറഞ്ഞത്.

തന്റെ കൗമാരവും യൗവ്വനവും വാര്‍ധക്യവുമെല്ലാം ഒരു നാടിന് സമര്‍പ്പിച്ച ഈ മനുഷ്യനെ ബുദ്ധി സ്ഥിരതയില്ലാത്തവനെന്ന് വിളിക്കുന്നവര്‍ സ്വയം കുബുദ്ധികളാണെന്നേ വ്യാപാരികളും നാട്ടുകാരും പറയൂ.. കാരണം അതിരാവിലെ ഉണര്‍ന്ന്, ബദിയഡുക്ക ടൗണിലെ മാലിന്യങ്ങള്‍ അടിച്ച് വാരി കൂട്ടിയിട്ട് കത്തിച്ച്, നേരെ ബസ് സ്റ്റാന്‍ഡിലെത്തും, അതാത് ബസുകള്‍ പോകുന്ന റൂട്ട് ഉറക്കെ വിളിച്ചുപറയും, അങ്ങിനെയങ്ങിനെ ആരോടും പ്രതിഫലം ചോതിക്കാത്ത കര്‍മയോഗി.

സദാ ചിരിച്ചുകൊണ്ട് ബദിയഡുക്കയുടെ ഇങ്ങേ തലയ്ക്കല്‍ നിന്ന് മറുതല എത്തുമ്പോഴേയ്ക്ക് നേരം ഇരുട്ടുകയാണ്. തികഞ്ഞ കാവലാളെന്ന പോലെ ബസ് സ്റ്റാന്‍ഡില്‍ തന്നെ തലചായ്ക്കും. തന്റെ കൂടപ്പിറപ്പുകളും കുടുംബവും സദാ ചുറ്റുവട്ടത്തുണ്ടായിട്ടും ആരോ ഏല്‍പ്പിച്ച ദൗത്യമെന്നപോലെ കൃത്യ നിഷ്ഠയോടെയും വെടിപ്പോടെയും ബാലു കഴിഞ്ഞ 45 വര്‍ഷമാണ് ബദിയടുക്ക ടൗണില്‍ സേവന സന്നദ്ധനായി ജീവിച്ച് കാണിച്ചത്.

ഒരുപക്ഷേ ഇന്ന് പണവും പത്രാസും കാട്ടി ആര്‍ഭാടത്തിന്റെ അരങ്ങ് വാഴുമ്പോള്‍, നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന വൃത്തിയെ, തന്റെ ജീവിത വൃത്തിയാക്കിയ ഇദ്ദേഹത്തെ ഓര്‍മിക്കാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആരുമുണ്ടാകില്ല ഈ പ്രദേശത്ത്.

നുസ്രത്തിന്റെ കഴിഞ്ഞ 10 വര്‍ഷങ്ങളിലും വാര്‍ഷിക പ്രഭാഷണങ്ങളിലും, മറ്റു പരിപാടികളിലും, മറ്റാരെക്കാളും ഉത്തരവാദിത്തത്തോടെ ആദ്യം തന്നെ നഗരിയിലെത്തി കസേരകള്‍ ഒന്നൊന്നായി തുടച്ച് വെച്ചും, ചുറ്റുപാടിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചും, ഒരു തികഞ്ഞ വളണ്ടിയറായി സ്വയം രംഗത്തിറങ്ങിയ ബാലു, ഒടുവില്‍ യാത്രയാവുന്നത് ശുചിത്വ ദിനത്തിലാണെന്നത് തന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിയിരിക്കുന്നു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാവാം.

ബദിയഡുക്കയിലെ യുവാക്കള്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു ബാലു, അതുകൊണ്ട് തന്നെയാണ് സോഷ്യല്‍ മീഡിയ അരങ്ങ് വാഴുന്ന ഈ കാലത്ത്, ബാലുവിന് ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് മനസിലാക്കിയ ആരോ അദ്ദേഹത്തിന്റെ പേരില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയിരുന്നു. അന്ന് അതൊരു തമാശയായിരുന്നെങ്കില്‍, ഇന്ന് ഒരു വേദനയായി ബാക്കിയാവുകയാണ്.

ബദിയഡുക്ക റഹ്മാനിയ ജുമാ മസ്ജിദും പരിസരവും സദാ വൃത്തിയോടെ സൂക്ഷിക്കുന്നതില്‍ അതീവ തല്‍പ്പരനായിരുന്നു ബാലു. പ്രത്യേക പ്രാര്‍ഥനാ ദിനങ്ങളിലും, മൗലീദ് നാളുകളിലും പള്ളിയും പരിസരവും മാലിന്യമുക്തമാക്കി തന്റെ ജീവിതത്തിലൂടെ മത വര്‍ഗ വൈരം വിതക്കുന്ന മലിന ഹൃദയങ്ങളിലേക്ക് സ്‌നേഹത്തിന്റെ മാതൃക കാട്ടിയാണ് 62 കാരനായ ബാലു വിടപറഞ്ഞത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബാലു വിടപറയുന്നു, ബദിയഡുക്കയുടെ ഹൃദയത്തില്‍ നിന്ന്
ബാലു വിടപറയുന്നു, ബദിയഡുക്കയുടെ ഹൃദയത്തില്‍ നിന്ന്

Related News: 
ബദിയഡുക്ക ടൗണിന്റെ കാവല്‍ക്കാരന്‍ ബാലു യാത്രയായി
Keywords : Kasaragod, Kerala, Badiyadukka, Cleaning, Waste, Article, Balu. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia