city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

താളം തെറ്റുന്ന പ്രവാസവും നാട്ടുജീവിതവും

എ ജി ബഷീർ ഉടുമ്പുന്തല

(www.kasargodvartha.com 01.05.2020) കേരളത്തിലെ ജീവിത വ്യവസ്ഥിതി നിർണയിക്കുന്ന പ്രധാന ഘടകമാണ് പ്രവാസികളുടെ ഇടപെടലുകൾ. സാമ്പത്തികമായി വലിയ ഊർജം നൽകുന്ന വരുമാനം, ആപത്തുഘട്ടങ്ങളിൽ സഹായമായി വരുന്ന കൈകൾ. കേരളത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ഗൾഫ് ആക്കി മാറ്റിയതും വിദേശത്തു നിന്നുള്ള പണത്തിന്റെ ഒഴുക്കാണ്. ഉയർന്ന ശമ്പളവും നിലവാരമുള്ള ജീവിതവും കച്ചവട സാധ്യതയും തേടി ലക്ഷക്കണക്കിന് കേരളീയർ മറ്റു രാജ്യങ്ങളിലേക്ക് മാറിയപ്പോൾ നാട്ടിൽ തന്നെ ജീവിതമാർഗം തെറ്റിയവർക്ക് വലിയ അനുഗ്രഹമായി. സർക്കാർ ജോലികൾ വരെ ഉപേക്ഷിച്ചു പ്രവാസം തിരഞ്ഞെടുത്തവരുണ്ട്. നല്ല കഴിവ് ഉണ്ടായിട്ടും സർക്കാർ ജോലിക്ക് ശ്രമിക്കാതെ അന്യ രാജ്യങ്ങളിലേക്ക് ചേക്കേറിവരുമുണ്ട്.

നാട്ടിലെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാനും ഒപ്പം സാധാരണ ജോലിക്ക് മികച്ച ശമ്പളം ഉണ്ടാകാനും ഇടയാക്കിയ വിഭാഗമാണ് പ്രവാസികൾ എന്ന് പറയാം. അവരുടെ ജീവിതമാണ് ഇന്ന് താളം തെറ്റിയിരിക്കുന്നത്. ലോകം ഒരു ആരോഗ്യ അടിയന്തിരാവസ്‌ഥയിലൂടെയാണ് കടന്നു പോകുന്നത്. രണ്ടു മാസമായുള്ള നിശ്ചലാവസ്ഥ, മനുഷ്യരുടെ ജീവന് മാത്രമാണ് പ്രധാന്യം. സര്‍ക്കാര്‍, സ്വകാര്യ മേഖല ഉള്‍പ്പെടെ ഉത്പാദനം, വ്യവസായം, വിദ്യാഭ്യാസം, വാണിജ്യം, ചില്ലറ വില്‍പ്പന, ഗതാഗതം തുടങ്ങി മനുഷ്യ വ്യവഹാരത്തിനാവശ്യമായ ചെറുതും വലുതുമായ എല്ലാ മേഖലകളെയും കൊവിഡ് സ്തംഭിപ്പിച്ചു. ഇതാകട്ടെ ഏറ്റവുമധികം ബാധിച്ചത് പ്രവാസലോകത്തെയാണ്. ജനിച്ചു വളർന്ന നാട്ടിലേക്ക് മടങ്ങാനാവാതെ, കുടുംബക്കാർക്ക് വേണ്ടുന്നത് ചെയ്യാനാവാതെ വിഷമിക്കുകയാണ്. ഇതിന്റെ കൂടെ പ്രവാസികളായ സഹജീവികളുടെ വിശപ്പടക്കലും ആരോഗ്യ പരിപാലനവും.

വ്യാപാര മേഖലയിൽ വന്ന ഇടിവും ക്രൂഡ് ഓയിൽ ആവശ്യം കുറഞ്ഞതുമാണ് ഗൾഫ് പ്രവാസികൾ നേരിടാൻ പോകുന്ന വലിയ പരീക്ഷണം. പല കമ്പനികളും പിടിച്ചു നിൽക്കാൻ തൊഴിലാളികളെ കുറക്കാനും ശമ്പളത്തിൽ കുറവ് വരുത്താനും ആലോചിക്കുന്നു. നാട്ടുകാർക്ക് തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ ഗൾഫ് സർക്കാരുകൾ ജാഗ്രത കാണിക്കുന്നു. സർക്കാർ ജോലികളിൽ നിന്നും വിദേശികളെ ഒഴിവാക്കി പരമാവധി സ്വദേശികളെ നിയമിക്കാനുള്ള ഒമാൻ ഗവൺമെന്റ് തീരുമാനവും ഇതിന്റെ ഭാഗമാണ്. കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോകം മാറാൻ വർഷങ്ങളെടുക്കും. അതുവരെ നാട്ടിലെ ജീവിതങ്ങളെ ചേർത്തുനിർത്തി മുന്നോട്ട് പോകുക എന്നതാണ് ഓരോ പ്രവാസിക്കും മുന്നിലുള്ള വലിയ വെല്ലുവിളി. പ്രവാസികളുടെ പണത്തിൽ ജീവിക്കുന്ന നാട്ടുകാരും ജീവിത രീതികളിൽ മാറ്റം വരുത്തിയാൽ എല്ലാം ശുഭമായി മുന്നോട്ട് കൊണ്ടുപോകാനാവും.
താളം തെറ്റുന്ന പ്രവാസവും നാട്ടുജീവിതവും

കേരളീയർ പഴയപോലെ കൃഷിയിലേക്ക് മടങ്ങുക എന്നതാണ് ഇതിനെ മറികടക്കാനുള്ള ഒരു വഴി. കൃഷി സ്ഥല ലഭ്യതയും കൃഷിക്ക് അനുകൂലമല്ലാത്ത അവസ്ഥയും തടസ്സമാണ്, എന്നാലും പരമാവധി ഈ വഴിയും തിരഞ്ഞെടുക്കാം. ചരുങ്ങിയപക്ഷം ഓരോ വീട്ടിലും പച്ചക്കറി തോട്ടം, കോഴി, ആട് , പശു അങ്ങിനെ ആവുന്നത്ര സ്വയം പര്യാപ്തത നേടി സാമ്പത്തിക ഞെരുക്കത്തെ പിടിച്ചു കെട്ടാം. ഇതിനൊന്നും ആവാത്തവർക്ക് പുറമെ നിന്നുള്ള ഭക്ഷണം ഒഴിവാക്കി വീട്ടിൽ തന്നെ പാചകം ചെയ്താൽ വലിയ തുക ബാക്കിയാക്കാം. ലളിത വസ്ത്രധാരണം, ആർഭാട കല്യാണങ്ങൾ ഒഴിവാക്കൽ, അനാവശ്യ ചിലവുകളും സൽക്കാരങ്ങളും ഒഴിവാക്കൽ, ഫാസ്റ്റ് ഫുഡ് ഉപേക്ഷിച്ച് നാടൻ ഭക്ഷണത്തിലേക്കുള്ള മടക്കം.

ഇങ്ങനെയുള്ള ചില തീരുമാനങ്ങൾ നടപ്പാക്കി പ്രവാസികളെ സഹായിക്കാൻ നാട്ടുകാരും മുന്നോട്ട് വരണം. വരുമാനക്കുറവ് മുന്നിൽ കണ്ട് ചിലവുകൾ ക്രമീകരിച്ചു കോവിഡിന് ശേഷമുള്ള വെല്ലുവിളികളെ മാനസിക പ്രയാസം ഇല്ലാതെ കൈകാര്യം ഇപ്പോൾ തന്നെ ശീലിച്ചു തുടങ്ങാം.

Keywords: kasaragod, Kerala, Article, Gulf, Expatriates' life

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia