city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഞാന്‍ അവളെ കൊല്ലും'; സ്വന്തം അമ്മയുടെ വഴിവിട്ട ബന്ധം ഒരു ഒമ്പതാം ക്ലാസുകാരനില്‍ ഉണ്ടാക്കിയ ആഘാതം

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 09.10.2019) 'അമ്മമാര്‍ അറിയാന്‍' എന്ന പേരില്‍ സംഘടിപ്പിച്ച അമ്മമാരുടെ യോഗത്തില്‍ നടന്ന സംവാദത്തില്‍ പല നിര്‍ദേശങ്ങളും പരസ്പരം പങ്കുവെക്കാന്‍ കഴിഞ്ഞു. മക്കളെ നേര്‍വഴിക്കു നയിക്കാന്‍ അമ്മമാര്‍ ശ്രദ്ധിച്ചാലേ പറ്റൂ എന്നാണ് മിക്ക പങ്കാളികളും ഉറപ്പിച്ച് പറഞ്ഞത്. ന്യൂജന്‍സ് കുട്ടികളുടെ പല ദോഷസ്വഭാവങ്ങളും അമ്മമാര്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്നില്ലായെന്ന യാഥാര്‍ത്ഥ്യവും ചിലര്‍ പങ്കുവെച്ചു. കുട്ടികള്‍ മറച്ചുവെക്കുന്ന രഹസ്യങ്ങള്‍ തിരിച്ചറിയാനുള്ള ഏകമാര്‍ഗം അവരുടെ മാനസികാവസ്ഥയിലേക്ക് അമ്മമാര്‍ എത്തിച്ചേരുകയെന്നതും തികച്ചും സുഹൃദ്മനോഭാവത്തോടെ ഇടപഴകുകയെന്നതും മാത്രമാണ്.

കുട്ടികള്‍ ചെയ്തു കൂട്ടുന്ന കുറ്റങ്ങള്‍ക്ക് അവരെ മാത്രം ക്രൂശിക്കുന്നത് ശരിയല്ലെന്നും കുട്ടികള്‍ ചെയ്യുന്ന മിക്ക കുറ്റകൃത്യങ്ങള്‍ക്കും അമ്മമാരാണ് കാരണക്കാരെന്നും പങ്കാളികളില്‍ ചില അമ്മമാര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതവരുടെ നേരനുഭവമായാണ് അവതരിപ്പിച്ചത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുടെ അനുഭവമാണ് സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഒരമ്മ പങ്കുവെച്ചത്.

ക്ലാസില്‍ പഠന സമയത്ത് ശ്രദ്ധിക്കാതിരിക്കുകയും ചോദിച്ചതിനൊന്നും കൃത്യമായി പ്രതികരിക്കാതിരിക്കുകയും ചെയ്ത അവനെ അധ്യാപകന്‍ ക്ലാസിന് പുറത്തുനിര്‍ത്തി. ഈ പിരീഡ് കഴിഞ്ഞ് ക്ലാസില്‍ കയറിയാല്‍ മതിയെന്നു നിര്‍ദേശിച്ചു. പിരീഡ് കഴിഞ്ഞ് അധ്യാപകന്‍ പുറത്തിറങ്ങിയപ്പോഴേക്കും കുട്ടിയെ കാണാനില്ല. അവന്‍ പോകാന്‍ സാധ്യതയുള്ള കടകളിലും, സുഹൃത്തുക്കളുടെ വീടുകളിലും അവന്റെ വീട്ടിലുമെല്ലാം അന്വേഷിച്ചു. ആരും അവനെ കണ്ടതായി പറഞ്ഞില്ല. അവസാനം പോലീസില്‍ പരാതി നല്‍കി.

രാത്രി പന്ത്രണ്ട് മണിയോടെ അവനെ കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ പോലീസ് കണ്ടെത്തി. വിവരം കിട്ടിയപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായി. അടുത്ത ദിവസം രാവിലെ അവനെ പോലീസ് വിട്ടീലെത്തിച്ചു. അവന്‍ സാധാരണ പോലെ സ്‌കൂളിലെത്തി. അധ്യാപകരോ, ക്ലാസിലെ കുട്ടികളോ അവനോട് ഇക്കാര്യമൊന്നും അന്വേഷിക്കുകയോ പറയുകയോ ചെയ്തില്ല. അധ്യാപകരും കുട്ടികളും അങ്ങിനെയൊരു തീരുമാനത്തിലെത്തിയിരുന്നു. രണ്ടുദിവസം കഴിഞ്ഞു കാണും. അവന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു അധ്യാപിക സ്വകാര്യമായി അവനോട് കാര്യമന്വേഷിച്ചു.

ആദ്യമൊന്നും പ്രതികരിക്കാതിരുന്ന അവന്‍ പെട്ടെന്ന് ക്ഷുഭിതനായി. 'അവളെ ഞാന്‍ കൊല്ലും'. ടീച്ചറൊന്നു ഞെട്ടി. പഠിപ്പിക്കുന്ന ടീച്ചറെയാണോ, അതോ ഇവന്‍ സ്‌നേഹിക്കുന്ന ഏതോ പെണ്‍ കുട്ടിയെയാണോ അവന്‍ സൂചിപ്പിച്ചതെന്നാണ് ടീച്ചര്‍ സംശയിച്ചത്. വീണ്ടും അന്വേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞതിങ്ങിനെ 'എന്റെ അമ്മയെ തന്നെ'. വേറൊരു പുരുഷനുമായി സല്ലപിക്കുന്നതും മറ്റും ഞാന്‍ കണ്ടു. എനിക്കതു സഹിക്കാന്‍ പറ്റില്ല. അവളെ കൊന്നേ ഞാനടങ്ങൂ.

നോക്കണേ വഴിപിഴച്ചു പോവുന്ന സ്വന്തം അമ്മയോടുള്ള വെറുപ്പാണ്. അവന് ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തത്.. എവിടെയെങ്കിലും കടന്നു പോകാന്‍ അവന്‍ ശ്രമിച്ചത്.. അമ്മയെ കൊന്ന് കൊലപാതകിയാവാന്‍ അവന്‍ മനസുകൊണ്ട് തീരുമാനിച്ചത്.. പിന്നീട് അവന്‍ സ്‌കൂളില്‍ വന്നില്ല. എവിടെയാണ് പോയതെന്നറിയില്ല. ജീവിച്ചിരിപ്പുണ്ടോ എന്നും അറിയില്ല...

ആ കുഞ്ഞിനെയും അവന്റെ അമ്മയേയും കുറിച്ച് യോഗത്തില്‍ പങ്കെടുത്തവരെല്ലാം ചിന്തിച്ചു കൊണ്ടിരിക്കേ സദസ്സില്‍ നിന്ന് എഴുന്നേറ്റ് മുമ്പോട്ടു വന്ന വേറൊരമ്മ അവരുടെ അനുഭവം പങ്കുവെച്ചതിങ്ങിനെ. 'മക്കളെ ശ്രദ്ധിക്കാത്ത അമ്മമാര്‍ ഒത്തിരിയുണ്ടാവും. പക്ഷേ ഇങ്ങിനെയുമുണ്ടാവുമോ എന്ന് എനിക്ക് സംശയം. ആ അമ്മയ്ക്ക് രണ്ടു പെണ്‍മക്കളാണ്. മൂത്ത മകള്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴെ ഒരു യുവാവുമായി ഇഷ്ടത്തിലായി. അവന്‍ വിളിക്കുന്നിടത്തെല്ലാം അവള്‍ പോകാന്‍ തുടങ്ങി. സൗകര്യത്തിന് അവന്‍ ഒരു മൊബൈലും അവള്‍ക്ക് സമ്മാനിച്ചു. ഇതെല്ലാം അമ്മ അറിയാതെ അവള്‍ ചെയ്യുകയാണ്. പത്താം ക്ലാസ് പരീക്ഷ കഴിയുന്ന ദിവസം അവള്‍ വിട്ടീലേക്ക് വന്നില്ല. അന്വേഷണമായി. പരാതിയായി. അവസാനം സംഭവം കണ്ടെത്തി. അവള്‍ ഇഷ്ടപ്പെട്ട ചെറുപ്പക്കാരന്റെ കൂടെ പോയിരിക്കുന്നു.

അവള്‍ ഫോണ്‍ കൊണ്ടുപോയില്ല. അത് വീട്ടില്‍ വെച്ചിട്ടാണ് പോയത്. ആ ഫോണ്‍ അനിയത്തി കൈക്കലാക്കി. ചേച്ചിയുടെ അതേ പാത അനിയത്തിയും തിരഞ്ഞെടുത്തു. ചേച്ചി പോയ അനുഭവം അമ്മയ്ക്കറിയാവുന്നതിനാല്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഫോണ്‍ വിളിയും മറ്റും ശ്രദ്ധിക്കാന്‍ പഠിച്ചു. അപ്പോഴെക്കും അവള്‍ ഒന്നു രണ്ട് ആണ്‍ സുഹൃത്തുക്കളുമായി ഇടപെടാന്‍ തുടങ്ങിയിരുന്നു. ഇതറിഞ്ഞ അമ്മ അവളെ വഴക്കുപറഞ്ഞു. അവള്‍ അന്ന് ഒമ്പതാം ക്ലാസുകാരിയായിരുന്നു. സ്‌കൂളില്‍ ചെല്ലാതായി. ടീച്ചര്‍മാര്‍ കാര്യമന്വേഷിക്കാന്‍ വീട്ടിലേക്കു ചെന്നു. അമ്മ കരഞ്ഞു പറഞ്ഞത് ഇവളെ ഞാന്‍ ടീച്ചര്‍മാരെ ഏല്‍പ്പിക്കുകയാണ്. പ്രശ്‌നങ്ങളില്ലാതെ അവളെ പഠിപ്പിച്ച് കരകയറ്റിത്തരണം. ഇവളുടെ ചേച്ചിയെ പോലെ ഇവളും പോയാല്‍ പിന്നെ എനിക്കാരുമില്ലാതായിത്തീരും.

ടീച്ചര്‍മാര്‍ ശ്രദ്ധിക്കാമെന്ന് അമ്മയ്ക്ക് വാക്കുകൊടുത്തു. കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. സ്‌കൂളില്‍ കൃത്യമായി വരാമെന്ന് അവളും പറഞ്ഞയക്കാമെന്ന് അമ്മയും വാക്കുകൊടുത്തു. പക്ഷേ ഒരു മാസത്തിനുള്ളില്‍ അവളും ആരുടെയോ കൂടെ ഒളിച്ചോടി എന്നാണ് വിവരം. എവിടെയാണെന്നോ എങ്ങിനെയോണോ ഇന്നും ഒരു വിവരവുമില്ല. ഇത് അമ്മയുടെ ശ്രദ്ധക്കുറവാണോ? മക്കളുടെ തോന്ന്യാസമാണോ?... അവര്‍ അവസാനിപ്പിച്ചത് അങ്ങിനെയാണ്.

നിങ്ങള്‍ രണ്ടു പേരും അമ്മമാരെ കുറ്റപ്പെടുത്തി സംസാരിച്ചപ്പോള്‍, എനിക്ക് പറയാനുള്ളത് വേറൊരു അനുഭവമാണ് എന്ന് ആമുഖമായി പറഞ്ഞുകൊണ്ട് ഒരധ്യാപികയായ വീട്ടമ്മ വേദിയിലേക്ക് വന്നു. 'ഇത് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍ കുട്ടിയാണ്. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള രക്ഷിതാക്കളുടെ മകളാണ്. ഒരുദിവസം രക്ഷിതാക്കളുടെ യോഗം വിളിച്ചു. കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ചും, അടക്കേണ്ട വിവിധ ഇനത്തിലുള്ള ഫീസ് കാര്യങ്ങളെക്കുറിച്ചും ടീച്ചര്‍ രക്ഷിതാക്കളോട് സംസാരിക്കുകയായിരുന്നു.

കുട്ടത്തില്‍ ഒരു രക്ഷിതാവ് കുട്ടികള്‍ അടക്കേണ്ട ഫീസിനെക്കുറിച്ച് പരാമര്‍ശിച്ചു. ഇനിയും കുറച്ചുകുട്ടികള്‍ ഫീസ് പൂര്‍ണമായി തരാത്തവരുണ്ട് എന്ന് ടീച്ചര്‍ പ്രതികരിച്ചു. ഇനി ആരൊക്കെയാണ് ഫീസ് തരാന്‍ ബാക്കിയുള്ളതെന്നും അതെത്രയാണെന്നും അറിഞ്ഞാല്‍ കൊള്ളാമെന്ന് വേറൊരു രക്ഷിതാവ് ആവശ്യമുന്നയിച്ചു. ടീച്ചര്‍ ധര്‍മ്മ സങ്കടത്തിലായി. ഇക്കാര്യം പരാമര്‍ശിക്കാതിരുന്നാലും പ്രയാസം, പേരു വിവരം പറഞ്ഞാലും പ്രയാസം, ഏതായാലും ടീച്ചര്‍ ലിസ്റ്റ് വായിച്ചു. അക്കൂട്ടത്തില്‍ ഇതേവരെ ഫീസൊന്നും നല്‍കാത്ത ഒരു കുട്ടിയെ ഉള്ളൂ. അവളുടെ പേരും, രക്ഷിതാവിന്റെ പേരും വായിച്ചു. ഇത് കേള്‍ക്കേണ്ട താമസം കുട്ടിയുടെ അമ്മ കണ്ണ് തുടച്ച് സങ്കടത്തോടെ ഇറങ്ങി പോയി. ആരും അതത്ര കാര്യമാക്കിയില്ല. പിന്നാലെ തന്നെ മകളും ബാഗുമെടുത്ത് ഇറങ്ങി പോയി. അടുത്ത ദിവസം മുതല്‍ കുട്ടി ക്ലാസില്‍ വരാതായി. ദാരിദ്രമാണെങ്കിലും നന്നായി പഠിക്കുന്ന കുട്ടിയാണവള്‍. ടീച്ചര്‍മാര്‍ അവളുടെ വീട്ടില്‍ ചെന്നു. സാമ്പത്തിക പ്രശ്‌നം പരിഹരിക്കാമെന്ന് വാക്കുകൊടുത്തു.

ആ കുട്ടി മറ്റുള്ള കുട്ടികളുടെ കൂടെ വളരെ പ്രയാസത്തോടെയാണ് ഇരുന്ന് പഠിച്ചത്. അമ്മ കഠിനമായി പണി ചെയ്ത് മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ ഫീസും പഠിക്കാനുള്ള സൗകര്യങ്ങളും ചെയ്തു കൊടുത്തു. സ്വന്തം പരിമിതികള്‍ മകളെ പറഞ്ഞ് ബോധ്യപ്പെടുത്തി. അവളിന്ന് എം.ഫില്‍ ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ സദസിലുള്ള അമ്മമാര്‍ ഹര്‍ഷാരവം മുഴക്കി...
അല്പം മാനസികാസ്വസ്ഥ്യമുളള ഒരമ്മയുടെയും അനുഭവമാണ് വേറൊരാള്‍ പറഞ്ഞത്. കുട്ടി പതിനൊന്നാം ക്ലാസുകാരിയാണ്. എസ്എസ്എല്‍സിക്ക് മോശമല്ലാത്ത ഗ്രേഡ് വാങ്ങിയ കുട്ടിയാണ്. പതിനാറുകാരിയായ അവള്‍ ഇന്ന് 23കാരനെ പ്രണയിക്കുന്നു. പ്രണയം അഗാധമായിത്തീര്‍ന്നു. അവനെ ഒഴിവാക്കാന്‍ അവള്‍ക്കാവില്ല. പതിനെട്ടു വയസ്സാവാന്‍ കാത്തുനില്‍ക്കുകയാണവള്‍. അതുമല്ല അവനെ കാണാതിരിക്കാനോ, സംസാരിക്കാതിരിക്കാനോ അവള്‍ക്കാവില്ല. അതിന് അമ്മ സമ്മതിക്കണം. പാവം അമ്മയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഇത്തരം പെണ്‍കുട്ടികള്‍ കണ്ടാലും കൊണ്ടാലും പഠിക്കുന്നില്ല. അറിഞ്ഞു കൊണ്ട് അപകടത്തിലേക്ക് എടുത്തു ചാടുന്ന കുട്ടികളെ എങ്ങിനെ രക്ഷപ്പെടുത്താനാവും എന്നാണ് അവരുടെ ചോദ്യം.

പെണ്‍ കുട്ടികള്‍ ഒരുപാട് ആര്‍ജ്ജവം നേടിയിട്ടുണ്ട്. മനശാക്തീകരണം നേടാന്‍ അവര്‍ക്കായിട്ടില്ല. ചെറുപ്പക്കാരെ വല്ലാതെ പെണ്‍കുട്ടികള്‍ വിശ്വസിച്ചു പോകുന്നു. മറ്റുള്ള പെണ്‍കുട്ടികള്‍ അപകടത്തില്‍ പെട്ടുപോയത് അറിയാമെങ്കിലും തന്നെ ഇഷ്ടപ്പെടുന്നവന്‍ അങ്ങിനെ ചെയ്യില്ല എന്ന ചിന്തയാണ് പെണ്‍ കുട്ടികളെ ഭരിക്കുന്നതെന്ന് തോന്നുന്നു.

'ഞാന്‍ അവളെ കൊല്ലും'; സ്വന്തം അമ്മയുടെ വഴിവിട്ട ബന്ധം ഒരു ഒമ്പതാം ക്ലാസുകാരനില്‍ ഉണ്ടാക്കിയ ആഘാതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kunganam rahman, Article. Parents, children, relationship, Class, Teacher, School, Mothers, House,  Parents - Children relationship 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia