ജൈവകൃഷിയില്‍ വിജയഗാഥ രചിച്ച് മാധ്യമപ്രവര്‍ത്തകനായ നാരായണന്
Sep 1, 2012, 07:00 IST
ജൈവവളവും ജൈവകീടനാശിനിയും ഉപയോഗിച്ച് കാര്‍ഷിക മേഖലയില്‍ വിജയഗാഥ രചിച്ച കണ്ണാലയം നാരായണന് എന്ന മാധ്യമപ്രവര്‍ത്തകനായ കര്ഷകന് നാടിന് അഭിമാനമാകുന്നു.
എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനിയുടെ ദുരന്തം അനുഭവിക്കുന്ന നിരവധി കുടുംബങ്ങളുള്ള 11 പഞ്ചായത്തുകളില്‍ ഒന്നാണ് പുല്ലൂര്‍-പെരിയ. ഈ ഗ്രാമത്തിലെ ആറ് ഏക്കറോളം ഭൂമിയില്‍ കാട് വെട്ടിമാറ്റി കുന്നിന് ചെരുവിലടക്കം വ്യത്യസ്തമായ കൃഷികളിറക്കി മണ്ണിനെ പൊന്നാക്കി മാറ്റിയിരിക്കുകയാണ് നാരായണന്.
ആയമ്പാറ കപ്പണക്കാല്‍ ശാന്തം എന്ന വീട്ടിലെ 42 കാരനായ കണ്ണാലയം നാരായണന് ചെയ്യാത്ത കൃഷിയില്ല. ദീര്‍ഘകാല വിളയായ റബ്ബര്‍ മുതല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്ന ചീര വരെ ഇദ്ദേഹം കൃഷിയിറക്കിയിട്ടുണ്ട്. ഒരിഞ്ച് സ്ഥലം പോലും വിടാതെ അതിലെല്ലാം വ്യത്യസ്തമായ വിളകളാണ് കൃഷിയിറക്കിയിട്ടുള്ളത്. പാരമ്പര്യമായി ചെയ്യുന്ന കൃഷി മുതല്‍ പുതിയ വിളകള്‍ കൊണ്ടുള്ള പരീക്ഷണം വരെ ഈ യുവ മാധ്യമപ്രവര്ത്തകന് നടത്തിയിട്ടുണ്ട്. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ നമ്മുടെ മുറ്റത്ത് ഏത് കൃഷിയും നല്ലരീതിയില്‍ ചെയ്ത് വിളവെടുക്കാന്‍ കഴിയുമെന്ന് അനുഭവത്തിലൂടെ നാരായണന് സാക്ഷ്യപ്പെടുത്തുന്നു.
ആയിരത്തോളം റബ്ബര്‍ മരങ്ങളും ഇരുന്നൂറോളം കുരുമുളക് വള്ളികളും നാരായണന്റെ കൃഷിത്തോട്ടത്തിലുണ്ട്. മുരിങ്ങ, കക്കിരി, നരമ്പന്, പയര്‍, ചേന, ചേമ്പ്, പാവക്ക, അമ്പഴം, ചിക്കു, മാങ്ങ, പൈനാപ്പിള്‍ തുടങ്ങിയവ പതിവായി കൃഷി ചെയ്യുന്ന നാരായണന് ഇത്തവണ കാരറ്റും മുള്ളങ്കിയും നട്ട് പരീക്ഷണം നടത്തി. ഈ കൃഷിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വിളവെടുപ്പ് നടത്താന്‍ സാധിച്ചുവെന്ന് ആഹ്ലാദത്തോടെ നാരായണന് പറഞ്ഞു.
Narayanan Kannalayam |
അമ്മ ശാന്തയും ഭാര്യ ശ്രീജയും മക്കളായ ഹരിശാന്തും, ജയശാന്തും കൃഷിയില്‍ സജീവമായി സഹായിക്കുന്നു. രാവിലെ 7.15 മുതല്‍ വൈകിട്ട് നാല് മണി വരെ തിരക്കിട്ട പത്രപ്രവര്ത്തനത്തിലേര്പ്പെടുന്ന നാരായണന് മറ്റു സമയങ്ങളില്‍ മുഴുവനും കൃഷിയില്‍ സജീവമാകുന്നു. നാടന്‍ കര്‍ഷകരെ പൊതുവിപണിയില്‍ ചൂഷണം ചെയ്യുന്നതായി നാരായണന് ആരോപിക്കുന്നു. ഇടനിലക്കാര്‍ വന്‍വില ഈടാക്കി കര്‍ഷകര്‍ക്ക് തുച്ഛമായ വിലയാണ് പലവിളകള്ക്കും നല്‍കുന്നത്. നല്ല രീതിയില്‍ നമ്മുടെ പറമ്പില്‍ ഒഴിവുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്താല്‍ മാരക കീടനാശിനി ഉപയോഗിച്ച് ലഭിക്കുന്ന അന്യസംസ്ഥാനങ്ങളിലെ പച്ചക്കറികളില്‍ നിന്നും മോചനം നേടാനും ഒപ്പം നമുക്ക് നല്ല ആരോഗ്യം ലഭിക്കാനും കാരണമാകുമെന്ന് നാരായണന് പറയുന്നു.
-മാഹിന്‍ കുന്നില്‍
Keywords: Kasaragod, Agriculture, Journalist, Pullur-periya, Kerala, Narayanam Kannayalam, Article