'കൊള്ളിപ്പിസാസി' ദുരന്തങ്ങള്‍ സമ്മാനിക്കുമ്പോള്‍
Jul 29, 2015, 19:52 IST
നിരീക്ഷണം / അസ്ലം മാവില
(www.kasargodvartha.com 29/07/2015) ദുബൈക്കാലം. എന്റെ ഒരു കൂട്ടുകാരന്; മലപ്പുറക്കാരന്‍; ചെറ്യാട്ടി തങ്ങള്‍. ഇടക്കിടക്ക് പുള്ളി വണ്ടിയും കൊണ്ട് വരും. ഫഌറ്റിനു താഴെ വന്നു വിളിക്കും. ഒഴിവുണ്ടെങ്കില്‍ പോകും. പോകാന്‍ രണ്ടു കാരണം ഒന്ന്, തനി ഏറനാടന്‍ മലയാളം കേള്‍ക്കാന്‍. രണ്ട്, വണ്ടി ഓടിക്കുമ്പോള്‍ ഓരോ ചാട്ടക്കാരനെ (ട്രാഫിക് നിയമലംഘകര്‍) കുറിച്ചു പുള്ളി തങ്ങളുടെ കിടിലന്‍ കമന്റുകള്‍ കേട്ടാസ്വദിക്കാന്‍.
*******************
ദുബൈ റോഡില്‍ കൊറിയര്‍ ജീവനക്കാരും ഫാസ്റ്റ് ഫുഡ് ഡെലിവെറിക്കാരും ഉപയോഗിക്കുന്നത് ഇരു ചക്രവാഹനമാണ്. എത്ര പിന്നില്‍ ഉണ്ടെങ്കിലും സിഗ്നല്‍ വീണാല്‍ തലങ്ങും വിലങ്ങും വളഞ്ഞും തിരിഞ്ഞും അത് സിഗ്നലിനു മുന്നില്‍ എത്തിക്കോളും. പല നാല്നാലിമ്മേല് ചക്ര വണ്ടിക്കാരും ഇതങ്ങളുടെ ശല്യത്തില്‍ പെടാപാട് പെട്ടിട്ടുണ്ട്. നമ്മുടെ ചെറ്യാവുട്ടിക്ക് ഈറ്റിങ്ങളെ തല കണ്ടാല്‍ ശുണ്ഠിക്കു തീ പിടിക്കും. ഈ വണ്ടിക്കു പുള്ളി ഒരു പേരും ചാര്‍ത്തി, കൊള്ളിപ്പിസാസി.
******************
ഇനി നമുക്ക് നാട്ടിലേക്ക് പോകാം. എത്രപേരാ ഈ കൊള്ളിപ്പിസാസിനെ കൊണ്ട് മരിക്കുന്നത് ? ഒരാഴ്ച മുമ്പ് രണ്ടു പയ്യമ്മാരാ ടൗണിന്ന് ഏതാനും മൈലുകള്‍ അകലെ ബസിടിച്ച് പിടഞ്ഞു മരിച്ചത്. ഇതാ കൊര്‍ച്ചീസം മുമ്പ് അണങ്കൂരിലെ ഒരു സഹോദരി. ഇത് പോസ്റ്റുമ്പോഴും റോഡില്‍ കുറെ ഹതഭാഗ്യര്‍ മരണത്തോട് മല്ലിടുന്നുണ്ടാകും ! ആര് എങ്ങിനെ ഇടിച്ചാലും അനുഭവിക്കുന്നത് ബൈക്കില്‍ ഇരുന്നവര്‍ തന്നെ ! ഓട്ടുന്നവന് പോലീസിനെ പിരാകി ഹെല്‍മറ്റ് തലയില്‍ 'വെക്കാതെ' വെക്കും. അപ്പോള്‍ പിന്നില്‍ ഇരിക്കുന്നവനോ/ളോ ? അവര്‍ക്ക് തല വേണ്ടേ ? ശരിക്ക് ഹെല്‍മറ്റ് ധരിക്കേണ്ടത് പിന്നില്‍ ഇരിക്കുന്ന സാധുവല്ലേ?
********************************
ചില പെണ്ണുങ്ങള്‍ക്ക് എന്താ തിരക്ക് ? ഭര്‍ത്താവിന്റെയൊ മക്കളുടെയോ സഹോദരന്റെയോ ബൈക്കിന്റെ പിന്നാലെ ഇരിക്കാന്‍. ഒര്ങ്ങീറ്റ് കീഞ്ഞോളും. കുഞ്ചീല് ഒരു പാക്ക് (വാനിറ്റി). പിന്നൊരു തോക്ക്; കുന്തം; കുട; ബടി; കൊടി... ഒന്ന് ഒന്നര വയസ്സ് വയസ്സുള്ള ''ലാട്ട്നി'' വേറെയും ! എല്ലാം ഈ പോയത്തക്കാരി ഏറ്റെടുക്കും. മൊഫൈലും പുടിച്ചോളും ! പിന്നെ ഏടെറോ 'ഈ പുടുത്തം' കിട്ടുന്നത് ? ഇതൊക്കെ ഏല്‍പ്പിച്ചു മുമ്പിലിരിക്കുന്ന മാന്യന്റെ ഒരു ഓര്മിപ്പിക്കല് ''പേടിയാന്നെങ്ക് ചെല്ലെണോളേ....ളേ .. ''! (അതിനു എന്റെ ട്രാന്സ്ലേഷന് ഇതാണ് ''ഇതോളേ.....കലിമെ ചെല്ലിക്കോണ്ടിരുന്നോ, ഗേരണ്ടി ഇല്ലണേ..ണേ..'). അതിനിടക്ക് സാരിയും ബുര്‍ഖയും സല്വാര്കമീസിന്റെ ''തെല്ലു''മൊക്കെ ചക്രത്തിന്റെ കൂടെ കറക്കം തുടങ്ങിയിരിക്കും.
ഇനി എന്താ പറയേണ്ടത് ? പടച്ചവന് തന്ന ജീവിതം നിങ്ങള്‍ ഈ ''കൊള്ളിപ്പിസാസി''ല്‍ തീര്‍ക്കാന്‍ നില്‍ക്കരുത്. എത്ര എത്ര ദാരുണ മരണങ്ങള് ! ജീവിത ചക്രം തന്നെ താറുമാറാകുന്നില്ലേ? മരിക്കാതെ മരിക്കുന്ന ജീവിതങ്ങള്‍ അനുഭവിക്കുന്നത് നിങ്ങള്‍ ഒന്ന് പോയി നോക്കണം. പുരയില്‍ ബാക്കിയായ പൊന്നുമക്കള്‍ക്ക് വേണ്ടിയെങ്കിലും സഹോദരീ നിങ്ങള്‍ അതിന്മേല് ഇരിക്കരുത്. നടന്നോ. ബസ്സില്‍ കേറിക്കോ. കാറില്‍ ഇരുന്നോ. റിക്ഷ പിടിച്ചോ. ഈ ''മൊതലി''ല്‍ ഇരുന്നു റൂഹ് കളയരുത്. ജീവഛവവുമാകരുത്. ആണ്പിള്ളേരെ ഉഫദേശിക്കാന്...(ആദ്യം എന്റെ പിള്ളാരെ ഉഫദേശിക്കട്ടെ).
********************************
ബറ്റിച്ചത്: ''സ്രാല്...സ്രാല്...'' ട്രൂൂൂന്ന് ഒന്നൊന്നര സ്പീഡില്‍ ''കൊള്ളിപ്പിസാസി'' യില്‍ ഇരുന്നു പോകുന്ന ''പയേ'' ദമ്പതികളെ നോക്കി ഒരു പയ്യന് കൂകി വിളിക്കുന്നത് കണ്ടു. എന്തോ പന്തികേട് തോന്നി അവര്‍ വണ്ടി നിര്‍ത്തി. മൊത്തമൊന്നു കറങ്ങി നോക്കി. ഒന്നും കണ്ടില്ല. അപ്പോഴേക്കും പയ്യന് നടന്നെത്തി. ഇച്ച ''നീ എന്ത്രാ ചെല്ലിയേ...''? അപ്പോള്‍ പയ്യന് ''അത് ..ത്ച്ചാ .. നിങ്ങളെ ബയ്യെന്നെ അസ്രായില്‍ ഇണ്ടായിനി..'' ചിരിക്കാന്‍ വരട്ടെ, എന്റെ അപേക്ഷ ഇതാണ് മൊത്തം വായിച്ചില്ലേലും സാരോല്ലാ. ബറ്റിച്ചത് പത്തോട്ടം വായിക്കണം.Keywords : Dubai, Article, Accident, Bike, Malayalam, Death, Family, Husband, Natives, Aslam Mavile.
Advertisement: