city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ. ടി. യോടൊപ്പം വരൂ: ഇന്ത്യയുടെ ചില പ്രാന്തസൗന്ദര്യങ്ങളുടെ യാത്രാഡയറി

കെ. ടി. ഹസന്‍ 


(www.kasargodvartha.com 21.05.2016)

2016 ഏപ്രില്‍ ആറിനു കാസര്‍കോട്ടു നിന്നാരംഭം. പിറ്റേന്നു ചെന്നൈ. തുടര്‍ന്നു പൂര്‍വതീരത്തൂടെ ചരിത്രങ്ങളുടെ കൊല്‍ക്കത്ത. അവിടെ നിന്നു ലോകത്തിന്റെ അറ്റത്തിനും അപ്പുറമുള്ള സുന്ദര്‍ബന്‍. ആസാം. മേഘാലയയുടെ ഷില്ലോങ് വഴി മഴയുടെ വാസസ്ഥലമായ ചിറാപുഞ്ചി. മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ പലതുണ്ട് മണ്ണില്‍ മനസ്സില്‍ എന്നു കവി. മൃതിയില്‍ നിന്നു പുനര്‍ജനി. ഷില്ലോങില്‍ നിന്നു കിട്ടിയ ഭൂകമ്പവും എനിക്കു മരണത്തില്‍ നിന്നുള്ള മടക്കമായിരുന്നു. മടക്കയാത്രയില്‍ മധ്യേന്ത്യയെ കുറുകെ മുറിച്ച്, മുംബൈ. പതിനേഴിനു വൈകുന്നേരം മുംബൈയില്‍ നിന്നു നാട്ടിലേയ്ക്കു തിരിക്കുന്നു.

യാത്രയ്ക്കിടയിലെ ചില ചിതര്‍ച്ചകളാണ് ഈ ഡയറി. എഴുതാതെ വിട്ട ഒരുപാടു കാര്യങ്ങളുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ സ്തീകള്‍ അനുഭവിക്കുന്ന പ്രാധാന്യവും സുരക്ഷിതത്വവും അവയിലൊന്ന്. വാക്കാല്‍ പറയാത്ത ചില കാര്യങ്ങള്‍ ചിത്രങ്ങള്‍ സംസാരിക്കും. ചെന്നൈയെക്കുറിച്ചു പുതുതായി ഒന്നും എഴുതിയിട്ടില്ല. ചെന്നൈയെക്കുറിച്ചും ദല്‍ഹി വരെയുള്ള മറ്റൊരു യാത്രയെക്കുറിച്ചുമുള്ള വിവരണത്തിന്റെ ലിങ്കുകള്‍ ഇവിടെയിതാ. ശേഷം പുതിയ ഡയറി.

രണ്ടുകൊല്ലം മുമ്പു ഞാനെഴുതിയ മദിരാശിക്കഥ : http://www.kasargodvartha.com/2014/04/wold-of-others.html

സ്നേഹം, സൂഫിസം: 
http://www.kvartha.com/2013/04/a-tour-with-amjadi.html

ഡല്‍ഹിവിശേഷങ്ങള്‍: 
http://www.kvartha.com/2013/04/delhi-tour.html

> ചെന്നൈ പിന്നിട്ടുള്ള യാത്ര:

>> [07/04 9:03 PM]:

ഇന്നെനിക്ക് റ്റിറ്റിഇന്റെ കൂടെ സീറ്റ്. ട്രെയിനില്‍ കൊടും തിരക്ക്. ഓരോരുത്തരുടെ ദയനീയ അപേക്ഷകള്‍. അതിലും ദയനീയനായി റ്റിറ്റിഇ. ഞാനേട്ന്ന് എട്ത്തിറ്റ് സീറ്റ് കൊടുക്കണ്ടേന്ന് മൂപ്പര്‍ എന്നോട് ചോയ്ക്ക്ന്ന്. എത്ര ചെല്യേങ്കും മന്‍സന്മാറ് പോന്നും ഇല്ല. ഇയാള് ചൂടാന്നും ഇല്ല. ഒരു എസ്ഐ യൂനിഫോമോടെ വന്ന് ഏറെ നേരം കെഞ്ചി ഇപ്പൊ ഇതാ വിഫലനായി മടങ്ങിയതേയുള്ളു. കണ്ണീരിന്റെ വക്കിലായിരുന്നു അദ്ദേഹം. കരളലിയിക്കുന്ന സംസാരം തെലുങ്കിലും നമുക്കു മനസ്സിലാകും. എസ്ഐയും റ്റിറ്റിഇയുമൊക്കെ നമ്മെപ്പോലെ ശുദ്ധമനുഷ്യരാണു കേട്ടോ... ശരിക്കും

>> [08/04 11:43 AM]:

ഒഡീഷയിലൂടെ... എങ്ങാനും ഒറ്റത്തെങ്ങു കാണുമ്പം വൈലോപ്പിള്ളിയുടെ ആസാം പണിക്കാര്‍ എന്ന കവിതയോര്‍ക്കുന്നു. അതിലെ പണിക്കാര്‍ ഒറ്റത്തെങ്ങു കണ്ടിടത്ത് കേരളത്തെ ഗൃഹാതുരമായി ഓര്‍ക്കുന്നുണ്ട്. ആസാമില്‍ നിന്നു കേരളത്തിലേയ്ക്കു പണിക്കാര്‍ വരുന്ന കാലമാണ് ഇന്ന്. വൈലോപ്പിള്ളി എഴുതിയത് കേരളത്തില്‍ നിന്ന് ആസാമില്‍ പണിക്കുപോയ കാലത്ത്


>> [10/04 2:16 AM]:


ലോകത്തെ ഏറ്റവും വലിയ ഡെല്‍റ്റയാണ് സുന്ദര്‍ബന്‍. ഭുഗോളത്തിലെ ഒരേയൊരു കണ്ടല്‍ കടുവാസങ്കേതം. ഗംഗ, ബ്രഹ്മപുത്ര ദ്വയത്തിന്‍റെ കൈവഴികളുടെ ദാനമാണ് പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി പതിനായിരത്തില്‍പരം ചതുരശ്രകിലോമീറ്ററില്‍ വ്യാപൃതമായ ഈ കണ്ടല്‍ക്കാട്. മേഖലയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതില്‍ മുഖ്യപങ്കുണ്ട് പേരുപോലെ സുന്ദരമായ വനത്തിന്.


>> ബഹുത് കഷ്ടപ്പെട്ട ആദ്മിയായാണ് ഞാനീ ദിക്കില്‍ പോയത്. കടുവയെക്കാണാനല്ല പോയത്. എന്നോടുള്ള ബഹുമാനാര്‍ഥമാകാം അവ കണ്‍മറയത്തു വന്നുമില്ല. ജഗജില്ലികളെന്നു പേരെടുത്തവരാണിവിടത്തെ കടുവകള്‍. എങ്കിലും എന്നെക്കാണുമ്പൊ ഒന്നു മാറിനിന്നു. അല്ലപിന്നെ. ഇവരുടെ സ്വൈരവിഹാരത്തിനു, മനുഷ്യരെപ്പോലെ ഇന്ത്യ, ബംഗ്ലാദേശ് എന്നിങ്ങനെ അതിര്‍ത്തിപ്രശ്നമൊന്നുമില്ല കേട്ടോ. കളിക്കാന്‍ നിന്നാല്‍ ഏതേതു രാജ്യത്തെ മനുഷ്യനായാലും തികഞ്ഞ സമത്വത്തോടെ നടുക്കഷണം രുചിച്ചെന്നിരിക്കും. എന്നൊക്കെയാണ് കുലദ്രോഹികള്‍ പറഞ്ഞുപരത്തുന്നത്. കടുവയെ പിടിച്ച് കടുവാവാല്‍ പിടിച്ചപോലാവണ്ട. ഹിമാലയന്‍ നദികളുടെ ധന്യതയും വന്യതയും മൂര്‍ച്ചയില്‍ കണ്ടനുഭവിക്കണം. അതാവോളം സാധിച്ചു. ദുരിതം പേറിയുള്ള യാത്ര സഫലമായി.

>> വെളുപ്പിനുണര്‍ന്ന് കുളിച്ചു കുട്ടപ്പനായി ഇറക്കം. ലെനിന്‍ സരണി താല്‍ത്തൊല്ല സ്റ്റോപ്പില്‍ നിന്നു കൊല്‍ക്കത്തയുടെ വിശേഷമായ ട്രാമില്‍ കയറി സിയാല്‍ദഹ്. റോഡില്‍ പാളമിട്ടോടുന്ന കൊച്ചു ഇലക്ട്രിക് ട്രെയിനാണു ട്രാം. മറ്റു വാഹനങ്ങള്‍ക്കിടയിലൂടെ അതതിന്‍റെ ട്രാക്കിലോടും. സിയാല്‍ദഹില്‍നിന്നു ഞാന്‍ ലോക്കല്‍ട്രെയിനില്‍ ക്യാനിംഗ്. റൂട്ട് ബസില്‍ ഗൊഡ്ക്കലി. തോണിയില്‍ ബിദ്യ പുഴ കടന്നു ഗൊസാബ. കരബന്ധമില്ലാഞ്ഞിട്ടും വളരെയേറെ ആള്‍ത്തിരക്കുള്ള അങ്ങാടിയുണ്ട് ഗൊസാബയില്‍. അതിടുങ്ങി നല്ലനീളത്തില്‍ നടന്നു മുറിച്ചുനീങ്ങിയിട്ടു വേണം എട്ടു കിലോമീറ്റര്‍ അകലെ ദ്വീപിന്റെ മറ്റേയറ്റത്തുള്ള പാക്കിരാലയിലേയ്ക്കു പോകുന്ന സൈക്കിള്‍ വണ്ടിയോ റിക്ഷയോ കിട്ടാന്‍. ഏഴുപേരെക്കൊണ്ടു പോകും. മോട്ടോറുള്ള സൈക്കിള്‍ വണ്ടിയാണ് ആ റൂട്ടില്‍ റെഡിയായി നില്ക്കുന്നത്. ഒടിഞ്ഞ റോട്ടില്‍ എന്റെ നടുവൊടിഞ്ഞ പോലെ. എണ്ണൂറു കിലോമീറ്റര്‍ എന്നു തോന്നി. പക്ഷേ നാട്ടുകാരായ ഗ്രാമീണര്‍ എത്ര കൂളായാണ്, ലോകം കീഴ്മേല്‍ മറിയുന്ന കുലുക്കത്തിലും ഇരിക്കുന്നത്. കൂട്ടത്തിലുള്ള കുഞ്ഞിനു സുഖനിദ്ര. പരിഷ്ക്കാരങ്ങള്‍ നമ്മെ അശക്തരും അക്ഷമരുമാക്കുന്നു.

കെ. ടി. യോടൊപ്പം വരൂ: ഇന്ത്യയുടെ ചില പ്രാന്തസൗന്ദര്യങ്ങളുടെ യാത്രാഡയറി

>> കൊല്‍ക്കത്തയില്‍ നിന്നു തെക്കുകിഴക്കായി ആഴ്ന്നിറങ്ങിയതു കൊണ്ട് ബംഗാളി ഗ്രാമീണത അസാധ്യം തൊട്ടറിയാനായി. അവര്‍ നിഷ്ക്കളങ്കരാണ്. ഏറെയും ഹിന്ദിയും ഇംഗ്ലീഷും അറിയുന്നവരാണ് കൊല്‍ക്കത്ത നഗരക്കാര്‍. എന്നാല്‍ ബംഗ്ലയ്ക്കപ്പുറം ഒരു തരി അറിയാത്തവരാണ് അധികഗ്രാമീണരും. നിരക്ഷരത കൂടുന്നതിനനുസരിച്ച്, നിഷ്കപടതയും മാനുഷികമൂല്യങ്ങളും കൂടുന്നുണ്ട്. ദരിദ്രകര്‍ഷകരാണേറെയും. മുളിമേഞ്ഞ വീടുകള്‍ നിരന്തരക്കാഴ്ച. ആസ്ബറ്റോസിട്ടാല്‍ ആര്‍ഭാടം. നേരിയ കോണ്‍ക്രീറ്റുണ്ടെങ്കില്‍ ഓ! ഫയങ്കരന്‍! സിയാല്‍ദഹില്‍ വച്ചു രാവിലെത്തന്നെ കണ്ണിനു കുളിര്‍മയായ കാഴ്ചയായിരുന്നു, പഥേര്‍ പാഞ്ജലി പോലുള്ള പടങ്ങള്‍ വഴി മനസ്സില്‍ പതിഞ്ഞിരുന്ന ബംഗാളി ഗ്രാമീണവേഷത്തില്‍ തുരുതുരെ കര്‍ഷകരെ കണ്ടത്. ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള ഓരോ ലോക്കല്‍വണ്ടി വന്നു നില്ക്കുമ്പോഴും കൃഷിഫലങ്ങളുടെ വലിയ കൊട്ടകള്‍ ചുമന്ന് അവര്‍ മാര്‍ക്കറ്റിലേയ്ക്കോടുകയായിരുന്നു. ആ ദൃശ്യം കണ്ടപാടെ ഞാനുറപ്പിച്ചിരുന്നു, കേരളീയര്‍ക്കു ഗൃഹാതുരസ്മരണയായി മാറിയ ഗ്രാമീണസംസ്കൃതി ബംഗാളിന് അന്യമായിട്ടില്ലെന്ന്.

>> ഗൊഡ്ക്കലിയില്‍ വച്ചാണു മാര്‍ക്സിസ്റ്റ് കോണ്‍ഗ്രസ് സംയുക്തപ്രകടനം കണ്ടത്. കേരളത്തിലെ മാര്‍ക്സിസ്റ്റുകാരടക്കം അതു രൂപംകൊള്ളും മുമ്പ് കോണ്‍ഗ്രസുകാരായിരുന്ന കാലമോര്‍ത്തു. കേരളത്തിന്റത്ര കൂടി വര്‍ഗീയധ്രുവീകരണം പ്രകടമല്ല ബംഗാളില്‍. അതില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനം എത്രയ്ക്കുണ്ടാവാം എന്നുമാലോചിച്ചു. ആലോചിച്ചാലോചിച്ചു സൈക്കിള്‍വണ്ടി പാഖിരാലയെത്തി. പതിമൂന്നു രൂപ. നേരത്തേ ബോട്ടിന് ഒരുരൂപയായിരുന്നു. പാഖിരാലയില്‍ കണ്ടലരികത്തൂടെ ഒരു കിലോമീറ്ററോളം നടന്ന്, ഫെറി. കൊച്ചുതോണി. പത്താളാവാന്‍ ഏറെ കാത്തിട്ടും ആയില്ല. അഞ്ചുരൂപയ്ക്കു കടന്നാല്‍ സെജ്നിഖലി. ശരിക്കും കണ്ടല്‍വനം. സുന്ദര്‍ബന്‍.
കെ. ടി. യോടൊപ്പം വരൂ: ഇന്ത്യയുടെ ചില പ്രാന്തസൗന്ദര്യങ്ങളുടെ യാത്രാഡയറി

കെ. ടി. യോടൊപ്പം വരൂ: ഇന്ത്യയുടെ ചില പ്രാന്തസൗന്ദര്യങ്ങളുടെ യാത്രാഡയറി

കെ. ടി. യോടൊപ്പം വരൂ: ഇന്ത്യയുടെ ചില പ്രാന്തസൗന്ദര്യങ്ങളുടെ യാത്രാഡയറി

>> മടങ്ങുമ്പോള്‍ യഥാക്രമം ചെറുതോണി, ഓട്ടോറിക്ഷ, ഇരുന്നൂറോളം പേര്‍ കയറിയ തോണി, വാന്‍, ട്രെയിന്‍, ബസ്. ക്യാന്റിംഗില്‍ നിന്നു ലഭിച്ച മാങ്ങയുടെ സ്വാദിപ്പഴും നുണയുന്നു. ശുദ്ധതയുടെ രുചികള്‍ നാട്ടില്‍ തിരികെ വരുമോ!

>> [11/04 11:00 PM]:

ഫറാഖ കഴിഞ്ഞു. ഇരുള്‍വെളിച്ചത്തില്‍ വിസ്മയക്കാഴ്ചയായിരുന്നു ഫറാഖ കനാല്‍. ട്രെയിന്‍ മുതലാളിയോടു അപേക്ഷിച്ചതിന്‍പടിയാണ്, കനാലടുക്കുമ്പോള്‍ വണ്ടിപ്പോലീസ് അടച്ചിരുന്ന വാതില്‍ തുറന്നു താഴോട്ടുനോക്കാന്‍ അവസരം തന്നത്. വലിയ ഗര്‍ത്തം പോലെ. അവര്‍ കൂടെ നിന്നു കാട്ടിത്തന്നും രക്ഷാകവചമൊരുക്കിയും സഹായിച്ചു. ഫറാഖ കേട്ടിട്ടുണ്ടോ? ഗംഗാനദി ബംഗ്ലാദേശിലേയ്ക്കു കടക്കുന്ന അതിര്‍ത്തി. കനാലിന്റെ പ്രത്യേകത, ഗംഗാജലം തടുത്തുനിര്‍ത്തി ഭൂരിഭാഗവും ഇന്ത്യയിലേയ്ക്കു തിരിച്ചുവിടുന്നു.

>> ഗംഗയെപ്പറ്റിപ്പറയുമ്പൊ ഒരോര്‍മ. ഗംഗയുടെ കൈവഴിയാണ് പഴയ കൊല്‍ക്കത്തയ്ക്കും ഹൗറയ്ക്കും ഇടയിലുള്ള ഹൂഗ്ലി. അതിമലിനജലം. പുണ്യം തേടി ആളുകള്‍ തുരുതുരാ വന്നതില്‍ കുളിക്കുന്നു. വിശേഷ ആരതിയും പൂജയുമുണ്ട്. നഗരത്തില്‍ തുറന്ന ടാപ്പില്‍ അതിങ്ങനെ ഒഴുകിക്കൊണ്ടിരിക്കും. മറ്റു നിവൃത്തിയില്ലാതെ ഇതില്‍ കുളിക്കുകയും അലക്കുകയും ചെയ്യുന്നവരുണ്ട്. ബരാ ബസാറിലെ സദ്റുദ്ദീന്‍ മുന്‍ഷിറോഡില്‍ ഞാനത്തരമൊരു രംഗം പകര്‍ത്തുകയുണ്ടായി. അതിനപ്പുറം മുസ്ലിംകള്‍ക്കു സംസം പോലെയാണു ചില ഹിന്ദുക്കള്‍ക്കു ഗംഗാജലം. ഹൗറയിലേയ്ക്കുള്ള ബസ് ട്രാഫിക്കില്‍ കുടുങ്ങിയപ്പോള്‍ കണ്ടക്ടര്‍ ചാടിയിറങ്ങി. നിലത്തിരുന്ന് അര്‍ധനഗ്നയായി കുളിക്കുകയായിരുന്ന സ്ത്രീയോടു ശകലമൊഴിയാന്‍ ആംഗ്യത്തില്‍ അപേക്ഷിച്ച്, ഭക്തിപുരസ്സരമയാള്‍ കൈകാലുകള്‍ കഴുകി. ഞാന്‍ അദ്ഭുതപ്പെട്ടത് പിന്നെയാണ്. തടസ്സം നീണ്ടപ്പോള്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വശം കുപ്പി കൊടുത്തുവിട്ടു. ശേഖരിച്ച ജലത്താലയാള്‍ നടുറോട്ടില്‍ ഡ്രൈവര്‍ സീറ്റിലിരുന്നു തന്നെ ഏതാണ്ട് കുളിച്ചു. ഉറ്റെടുത്ത് മേലാസകലം തടവി. അഴുക്കുചാലിലേതിനടുത്ത നിറമാണ് വെള്ളത്തിന്. പോരാതെ ഇപ്പുഴയിലേയ്ക്കു ആളുകള്‍ കൂട്ടമായി തൂറുന്നത് ഞാന്‍ കണ്ടതുമാണ്. വിശ്വാസം അധികാരവും മനുഷ്യന്‍ അടിമയുമാകുന്നു.

>> ഫറാഖയെത്തിയ കാര്യമല്ലേ പറഞ്ഞുവന്നത്. അതെത്തും മുമ്പുള്ള നീണ്ടുനീണ്ടു പച്ചപ്പരവതാനി വിരിച്ച ബര്‍ധമാന്‍ ചിത്രം അവിസ്മരണീയം. ഏറെയും നെല്പാടങ്ങള്‍. ബംഗാളില്‍ നിന്നിറങ്ങി ബീഹാറും ഝാര്‍ഖണ്ടും മണത്തു ബംഗാളില്‍ തിരികെയുറപ്പിക്കുകയായിരുന്നു. ഫറാഖയും പഴയ അഖണ്ട ബംഗാളിലെ സുല്‍ത്താന്‍കേന്ദ്രമായ മാല്‍ദയും കടന്നു വണ്ടിയിപ്പോള്‍ ഉത്തരബംഗാളിലൂടെ കുതിക്കുന്നു.

>> [14/04 12:04 AM]:

13 ഭാഗ്യക്കേടാണെന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ ഞാനതു തിരുത്തും. ഇന്നു 13. 04. 2016. രണ്ടു തരത്തില്‍ ഭാഗ്യദിനമാണെനിക്കത്. ഒന്ന്, ഉറ്റവരുടെ സ്നേഹമഴ കഴിഞ്ഞാല് മഴയാണ് ‍ എനിക്കേറ്റം ഉറ്റത്. മഴ അനുഭവിക്കാനും കാലാവസ്ഥാവ്യതിയാനം പഠിക്കാനുമായി ഭൂമിയില്‍ ഏറ്റവും മഴയുള്ള ഖാസി കുന്നുകളിലേയ്ക്കു തിരിച്ചു ഞാന്‍. മേഘാലയ ചിറാപുഞ്ചിയിലേയ്ക്കു മഴ തീര്‍ഥയാത്ര. ധന്യനായിരിക്കുന്നു ഞാന്‍. നന്നായി നനഞ്ഞു. മനസ്സു കുളിര്‍ത്തു.

>> പ്രാദേശിക ഭാഷയായ ഖാസിയില്‍ സൊഹ്റ എന്നാണു സ്ഥലപ്പേര്. ബ്രിട്ടീഷുകാര്‍ ചെറ എന്നു വിളിച്ചു. കേരളത്തെപ്പോലെ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മുഖ്യവും ശക്തവുമായ മഴ. നമുക്ക് അറബിക്കടല്‍ ശാഖ വഴിയാണെങ്കില്‍ സൊഹ്റയില്‍ ബംഗാള്‍ ഉള്‍ക്കടല്‍ ശാഖ വഴി തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍. പക്ഷേ ചെറാപുഞ്ചിയില്‍ എന്നും മണ്‍സൂണെന്നു വിശേഷിപ്പിക്കാറുണ്ട്. ജനുവരി, ഫെബ്രുവരിയിലെ ശീതകാലമാണപവാദം. അക്കാലത്തു വല്ലപ്പോഴും ചാറിയാലായി. ജൂണിലൊക്കെ തുടരെ ഏതു സമയത്തും കനത്തുപെയ്യും. ഏപ്രില്‍ പോലെ മിക്ക മാസവും ദൈനംദിന ജീവിതത്തെ ബാധിക്കാത്ത വിധം രാപ്പെയ്ത്താണധികം. പക്ഷേ ഞാന്‍ തേടിപ്പോയി. ഉള്ളറിഞ്ഞു വിളിച്ചു. കാറ്റുള്ളതുകൊണ്ടും മേഘങ്ങള്‍ തീര്‍ത്തും കറുത്തിരുളാത്തതുകൊണ്ടും പകല്‍ പ്രതീക്ഷിക്കേണ്ടെന്നു പ്രദേശവാസി നിരാശ പകര്‍ന്നു. പ്രിയപ്പെട്ട മഴയ്ക്കായി എത്രനേരവും കാത്തിരിക്കുമെന്നു ഞാന്‍ പ്രതിവചിച്ചതേയുള്ളൂ, ഒരുതുള്ളി നനവ് എന്റെ മേല്‍ പതിഞ്ഞു. നിങ്ങള്‍ ഭാഗ്യവാനാണെന്ന് അദ്ദേഹം. അല്പം കഴിഞ്ഞു ചറപറാ ഒരു വരവായിരുന്നു. ഞാനലിഞ്ഞുചേര്‍ന്നു. മൂന്നുമണിക്കു ശേഷം ഏതാണ്ടര മണിക്കൂര്‍.

>> നേരത്തേ പ്രദേശത്തെ ഷാന്റിയോടൊപ്പം കിഴക്കന്‍ ഖാസിയുടെ വര്‍ണനാതീത ദൃശ്യഭംഗി ചുറ്റിക്കണ്ടു. വെള്ളച്ചാട്ടങ്ങള്‍, പാറഗുഹ, ജൈവവേരുപാലങ്ങള്‍ അങ്ങനെ നിരവധിയുണ്ട് സൊഹ്റേതിഹാസം. കുന്നിന്‍ മുകളില്‍ നിന്നു താഴെ ബംഗ്ലാദേശി ഗ്രാമങ്ങള്‍ കണ്ടത് അതിമനോഹരം. രാമകൃഷ്ണമിഷനില്‍ സൊഹ്റ പുരാജീവിതം മ്യൂസിയമാക്കി വച്ചിട്ടുണ്ട്. കൊട്ട മെടയലടക്കമുള്ള ഗ്രാമീണത ഞാന്‍ നേരിട്ടു കണ്ടറിയുകയും ചെയ്തു. മുന്നറിയിപ്പില്ലാത്തൊരു വരവാണ് ഖാസിയിലെ മഴ. ഒരു ഭാഗത്തു ബംഗാള്‍ ഉള്‍ക്കടലും മറുഭാഗത്തു ബ്രഹ്മപുത്രയും ചേര്‍ന്നാണു ചിറാപുഞ്ചി പ്രതിഭാസം മുഖ്യമായും സൃഷ്ടിക്കുന്നത്. പര്‍വതത്തിന്റെ താഴ്വാരത്തു നിന്നു പൊങ്ങുന്ന നീരാവി തണുത്തു പെയ്യുന്ന ശൈലവൃഷ്ടി ( orographic rainfall ) യ്ക്ക് ഇവിടെ വലിയ സ്വാധീനമുണ്ട്. കേന്ദ്ര കാലാവസ്ഥാ പഠനവിഭാഗത്തിന്റെ ചിറാപുഞ്ചി കേന്ദ്രത്തിലുള്ള ബീഹാരി സുഹൃത്ത് അവധേഷ് കുമാര്‍ മഴക്കണക്കുകള്‍ തന്നു സഹായിച്ചിരുന്നു. ഉപകരണങ്ങളെല്ലാം കാട്ടി പ്രവര്‍ത്തനം വിവരിച്ചുതരികയും ചെയ്തു. കാലാവസ്ഥാമാറ്റങ്ങള്‍ തനിയെ പിടിച്ചെടുത്തു രേഖപ്പെടുത്തുന്ന ഡോപ്ലര്‍ വെദര്‍ റഡാര്‍ തയാറായിട്ടുണ്ട്. ഉദ്ഘാടനം കാത്തിരിക്കുന്ന ആ സ്ഥാപനത്തിലേയ്ക്കും കൊണ്ടുപോയി. ചുരുക്കത്തില്‍ എന്റെ സ്വപ്നമോഹമായ ചിറാപുഞ്ചി അനുഭവമായി മാറിയ ദിനമാണിത്.

കെ. ടി. യോടൊപ്പം വരൂ: ഇന്ത്യയുടെ ചില പ്രാന്തസൗന്ദര്യങ്ങളുടെ യാത്രാഡയറി

കെ. ടി. യോടൊപ്പം വരൂ: ഇന്ത്യയുടെ ചില പ്രാന്തസൗന്ദര്യങ്ങളുടെ യാത്രാഡയറി

കെ. ടി. യോടൊപ്പം വരൂ: ഇന്ത്യയുടെ ചില പ്രാന്തസൗന്ദര്യങ്ങളുടെ യാത്രാഡയറി

>> രണ്ടാം ഭാഗ്യം, ചിറാപുഞ്ചി നിന്നു ഞാന്‍ ഷില്ലോംഗ് തിരിച്ചെത്തി. പൊലീസ് ബസാറിലാണു ഭക്ഷണത്തിനു ചെന്നത്. അടിച്ചുമാറുന്നതിനിടയിലാണു ആകെ ഞാന്‍ കുലുങ്ങിയത്. വല്ലാത്ത ഒച്ച. ബഹളം. ഭക്ഷണത്തളിക പാതിയില്‍ വിട്ട് ആളുകള്‍ പരക്കം പാഞ്ഞു. രണ്ടാം നിലയിലായിരുന്നു. കിട്ടിയ മാര്‍ഗേണ താഴെ മൈതാനത്തേയ്ക്ക്. മുന്നറിയിപ്പില്ലാതെയാണല്ലോ ഭൂകമ്പം. മിക്കവരുടെയും മുഖത്തു പരിഭ്രാന്തി പ്രകടം. കെട്ടിടത്തിന്റെ മുകളില്‍ മേല്ക്കൂര തെന്നിയതു വീക്ഷിക്കാന്‍ ജനം തിങ്ങിക്കൂടി. വടക്കുകിഴക്കന്‍ മേഖലയിലാകെ ചലനമുണ്ടായെന്നു വാര്‍ത്ത കണ്ടു. അപായങ്ങളില്‍ നിന്നുള്ള രക്ഷയില്‍ എന്റെ ജീവിതത്തില്‍ ഒരെണ്ണം കൂടി. ഇടിമിന്നല്‍, കരിമൂര്‍ഖന്‍, വെള്ളപ്പൊക്കം, വാഹനാപകടങ്ങള്‍ തുടങ്ങിയവ പഴയ കണക്കിലുണ്ട്. വീമ്പു പറയാന്‍ ഒന്നു കൂടി.

>> രണ്ടു ഭാഗ്യത്തിന്റെ കൂടെ രണ്ടെണ്ണം ഫ്രീ. പത്തില്‍ കൂടെപ്പഠിച്ചവര്‍ ആവശ്യപ്പെടാതെ ഇപ്പോള്‍ ഗ്രൂപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ബാല്യത്തിലേയ്ക്കു മടങ്ങാനാവുക വലിയ ഭാഗ്യമാണ്. അടുത്ത ഭാഗ്യം. ഇതാ വിഷു വരവായി. മഴയുടെയും പുതിയ കൃഷിക്കാലത്തിന്റെയും വരവറിയിക്കുന്നു വിഷു. നന്മകള്‍

>> [15/04 12:42 PM]:

ബീഹാര്‍... ഗോതമ്പിന്റെയും സൂര്യകാന്തിയുടെയും വാഴയുടെയും പാടങ്ങള്‍. ആസാമികള്‍ വര്‍ഷത്തില്‍ ഒറ്റകൃഷിയിലൊതുക്കുമ്പോള്‍ ബീഹാരികള്‍ തുടരെ കൃഷി ചെയ്യുന്നു. ഗോതമ്പാണു മുഖ്യകൃഷി. ആസാമിലാകട്ടെ നെല്ല്. ബംഗാളിലും വടക്കുകിഴക്കന്‍ മേഖലയിലും അരി തന്നെ മുഖ്യാഹാരം. കേരളത്തെപ്പോലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കിട്ടുന്നിടങ്ങളില്‍ ഖാരിഫ് വിളയായ നെല്ലാണു കൂടുതല്‍. നെല്ലിനു മഴയും താപനിലയും താരതമ്യേന കൂടുന്നതാണനുകൂലം. വെള്ളം കെട്ടിനില്ക്കുന്ന എക്കല്‍മണ്ണ് ഉത്തമം. എന്നാല്‍ ശൈത്യത്തിന്റെ റാബിവിളയാണു ഗോതമ്പ്. മഴ അമിതമാകരുത്. വെള്ളം വാര്‍ന്നുപോകുന്ന മണ്ണാവണം.

>> സൂര്യകാന്തിപ്പാടത്തെപ്പറ്റി പറഞ്ഞല്ലോ. നമ്മുടെ വെളിച്ചെണ്ണയ്ക്കു പകരം സൂര്യകാന്തിയോ കടുകോ ആണ് വടക്കരുടെ പാചകയെണ്ണ. അവര്‍ക്കിടയില്‍ വെളിച്ചെണ്ണപ്പാചകം ഏറെ ഇഷ്ടപ്പെടുന്നവരുണ്ട്. നാവിനു രുചിക്കുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. നമ്മുടെ ഇത്രേം വല്യ തേങ്ങയെ വിട്ട് കുഞ്ഞുമണി കടുകിനെ പിടിച്ചിരിക്കുന്നു. എന്താല്ലേ!

>> [15/04 9:55 PM] :

ഭൂകമ്പത്തിന്റെ അനുഭവം ചോദിച്ച് അറിഞ്ഞവരറിഞ്ഞവര്‍ വിളിക്കുന്നു. ഞാനന്നു തന്നെ ആ വിവരം ഷെയര്‍ ചെയ്തിട്ടുണ്ട്. മിനിഞ്ഞാന്ന്, പതിമൂന്നാം തീയതി കഴിഞ്ഞ സന്ധ്യയാണു സംഭവം. ഷില്ലോങിലായിരുന്നു ഞാന്‍. രണ്ടാം നിലയിലെ റസ്റ്ററന്റില്‍ അടിച്ചുമാറുകയാണ്.

>> അപ്രതീക്ഷിതവും അവിശ്വസനീയവുമായിരുന്നു അനുഭവം. സ്വപ്നത്തിലാണോ? യന്ത്രം കൊണ്ടു ചലിക്കുന്ന മാന്ത്രികപ്രദര്‍ശനത്തിലാണോ? ഞാനാകെ കുലുങ്ങിത്തെറിക്കുകയാണ്. എന്തോ കീറിമുറിഞ്ഞതു പോലുള്ള വലിയ ഒച്ച. കൂട്ടനിലവിളി. കുഞ്ഞുങ്ങളെ വരെ മറന്നാണു ചിലര്‍ ആര്‍ത്തനാദത്തോടെ ഓടിയത്. ഉറ്റവരെ ഒരുമിച്ചു ചേര്‍ത്തുപിടിച്ചവരുണ്ട്. ജീവിതം തീര്‍ന്നുവോ? മനസ്സൊരു വേള ശൂന്യമായി. രണ്ടാം കുലുക്കം കൂടിയുണ്ടായി. ഞാനവിടെത്തന്നെ നിന്നു. ഇനിയിപ്പോ എങ്ങോട്ടോടിയിട്ടെന്ത്? രണ്ടാം നിലയില്‍ നിന്നിറങ്ങിക്കിട്ടാന്‍ പാടായിരിക്കും ഈ ആള്‍ത്തിരക്കില്‍. മാളിലെ മൊത്തം ജനം ലിഫ്റ്റിലും എക്സലേറ്ററിലും സ്റ്റെപ്പിലും. കോണ്‍ക്രീറ്റ് എവിടെയും അടര്‍ന്നുവീഴാം. തിക്കിലും തിരക്കിലും ശ്വാസം മുട്ടാം. ഇപ്പോ ഇതാ മരിച്ചു എന്നു തോന്നിപ്പോകുന്ന നിമിഷമാണ്. മനസ്സു ശൂന്യമായി ആഴഗര്‍ത്തത്തില്‍ പതിക്കുന്നു. മരണത്തിലൂടെ ഒരു യാത്ര.

>> അല്പനിമിഷങ്ങള്‍. ഇല്ല, മരിച്ചിട്ടില്ല ഞാന്‍. ഞരക്കം നിന്നു. താഴെ മൈതാനത്ത് ആളുകള്‍ കൂട്ടം കൂടുന്നത് ജനാലയിലൂടെ കണ്ടു. ഞാനല്ലാതെ താഴോട്ടോടാതിരുന്ന ഏതാനും പേര്‍ കൂടി കൂടെയുണ്ട്. മരിക്കാത്ത സ്ഥിക്കിപ്പൊ ജീവിക്കണമല്ലോ. ജീവിക്കാന്‍ ഭക്ഷിക്കണമല്ലോ. ചിറാപുഞ്ചിയില്‍ നിന്നു മടങ്ങിയെത്തിയതാണ്. നല്ല വിശപ്പുണ്ട്. പകല്‍ കാര്യമായി കഴിച്ചിട്ടുമില്ല. അങ്ങനെ ഷില്ലോങില്‍ വച്ചു പട്ടിണിമരണം വേണ്ടെന്നു ഞാന്‍ തീരുമാനിച്ചു. പിന്നെ സ്വാഹ. മറ്റു ചിലരും തീറ്റ തുടങ്ങിയിട്ടുണ്ട്. പരിഭ്രാന്തിയില്‍ ഓടിപ്പോയിരുന്ന ചില ജീവനക്കാരടക്കം മടങ്ങിവന്നു.

>> ഭക്ഷണം കഴിഞ്ഞു താഴെയെത്തിപ്പോള്‍ എല്ലാവരും മേലോട്ടു നോക്കുന്നു. കെട്ടിടത്തിന്റെ മേല്ക്കൂര ചെറുതായി തെന്നിയിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ ഞാന്‍ മൊബൈലില്‍ പകര്‍ത്തി യൂറ്റ്യൂബിലിട്ടു. അതിന്റെ ലിങ്ക് ഈ കുറിപ്പിന്റെ ഒടുക്കം ചേര്‍ക്കാം

>> മരണത്തില്‍ നിന്നൊരുവട്ടം കൂടി തിരിച്ചെത്തിയിരിക്കുന്നു. നവോദയയിലായിരിക്കെ ഇടിമിന്നലേറ്റ പ്രദീപ് മരിച്ചുവീണത് കൂടെയുള്ള എന്റെ ദേഹത്തായിരുന്നു. പിന്നീടൊരിക്കല്‍ മുഖാമുഖം നിന്ന കരിമൂര്‍ഖന്‍ വിട്ടേച്ചു പോയി. വിഷം അങ്ങോട്ടടിക്കുമെന്നു പേടിച്ചിട്ടാവില്ല. ദയ തോന്നിയിട്ടാവണം. പിന്നോട്ടടിക്കും മുമ്പ് നാവങ്ങുമിങ്ങുമാട്ടിയുള്ള സന്ധിസംഭാഷണത്തില്‍ അതിന്റെ കാരുണ്യമുണ്ടായിരുന്നു. പക്ഷേ നാട്ടുകാരതിനെ മഹത്തായി കൊന്നുത്സവമാക്കി. ശവം പ്രദര്‍ശനത്തിനും വച്ചു. ഓട്ടോയിലും ട്രെയിനിലുമായി അപകടം, വെള്ളപ്പൊക്കം, അന്തിമഘട്ടത്തിലെത്തിയ റ്റൈഫോയ്ഡ് തുടങ്ങിയ രൂപങ്ങളിലും ഞാന്‍ മരണത്തെ മുന്നില്‍ക്കണ്ടിട്ടുണ്ട്. കഥ പറയാനായി ഇന്നോളം മണത്തുനോക്കി ബാക്കിവച്ചു.

>> വണ്ടി ബീഹാര്‍ പിന്നിട്ട് ഉത്തര്‍പ്രദേശിനെ കീറുകയാണിപ്പോള്‍. വയലുകള്‍, പശുക്കള്‍, മേയുന്ന ആട്ടിന്‍കൂട്ടങ്ങള്‍, നിരവധി ഇഷ്ടിക ഫാക്റ്ററികള്‍ തുടങ്ങിയ ദൃശ്യങ്ങള്‍ തന്നു പകല്‍. മധ്യപ്രദേശിലിറങ്ങണമിനി.

>> ഭൂകമ്പാനന്തരം തിങ്ങിക്കൂടിയ ജനത്തെ ഞാന്‍ പകര്‍ത്തിയതു വീക്ഷിക്കാന്‍ ഈ വിലാസത്തില്‍ ഞെക്കാം:

>> https://youtu.be/dlO9WDeKS_0

>> റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ തീവ്രചലനം, ഇന്ത്യയുടെ വടക്കു, വടക്കുകിഴക്കന്‍ മേഖലയിലും സമീപരാജ്യങ്ങളിലും പ്രകമ്പനം കൊണ്ടു.

[17/04 11:32 PM]:

സുന്ദരവനം, സുന്ദരമഴ എന്നാണ് എന്റെയീ യാത്രാഖണ്ഡത്തിന്റെ പേര്. യാത്രകള്‍ അവസാനിക്കുന്നില്ല. യാത്ര കൗതുകവും നിരീക്ഷണവും അനുഭവവുമാണ്. ജീവിതമാണു യാത്ര. അതവസാനിക്കുന്നില്ലെങ്കിലും ചില അര്‍ധവിരാമങ്ങളുണ്ടാവുന്നു. വളവുകള്‍. തിരിവുകള്‍. സന്തുലനപ്പെടുകയെന്നത് ശാരീരികവും മാനസികവുമായ പ്രക്രിയയാണ്.

> മധ്യപ്രദേശിന്റെ വരള്‍ച്ചയും മഹാരാഷ്ട്ര നാസിക്ക് കുന്നുകളിലെ മുന്തിരിപ്പാടങ്ങളും കടന്നു ഞാനിപ്പോള്‍ മുംബൈ മഹാനഗരത്തില്‍. നക്ഷത്രങ്ങളും നക്ഷത്രബംഗ്ലാവുകളും ഒരുവഹ. കൂരയില്ലാതെ വെറും സമീനിലുറങ്ങുന്ന താരെകള്‍ മറ്റൊരു വഹ.

> ഈ യാത്രയിലെ ഏറ്റം തീവ്രമായ മൂന്നനുഭവങ്ങള്‍ എടുത്തുപറയാന്‍ ആവശ്യപ്പെട്ടാല്‍ ഞാനൊരു കൊച്ചുവീഡിയോ കാട്ടും. ഒരു ചിത്രം തരും. മൂന്നാമത്തെ അനുഭവം സൂചിപ്പിക്കാന്‍ ഒരു വാചകവും.

> മൂന്നാമനുഭവം, വാചകം: ഷില്ലോങിലെ ഭൂമികുലുക്കം ഒന്നൊന്നര അനുഭവം.

> രണ്ടാം സ്ഥാനത്തെയനുഭവം, സുന്ദര്‍ബന്‍ ഫോട്ടോ ഇതോടൊന്നിച്ചുണ്ട്.

> ഒന്നാം തരമനുഭവം ചിറാപുഞ്ചി, വീഡിയോ: https://youtu.be/w0TYJLs7xi4

കെ. ടി. യോടൊപ്പം വരൂ: ഇന്ത്യയുടെ ചില പ്രാന്തസൗന്ദര്യങ്ങളുടെ യാത്രാഡയറി

Keywords: Kasaragod, Train, Tiger, Article, K.T. Hassan, Journey, Cherrapunji, Madhya Pradesh.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia