city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോടിന്റെ വികസനം: മർമമറിഞ്ഞ് ചികിത്സ വേണം

/ എ എസ് മുഹമ്മദ്‌കുഞ്ഞി

(www.kasargodvartha.com 14.03.2022)
ഇനിയൊരു ആഗോള യുദ്ധം വേണ്ടി വരികയാണെങ്കിൽ അത് വെള്ളത്തിന് വേണ്ടിയാവുമെന്ന് ആരോ എപ്പഴോ പറഞ്ഞത് യാഥാർഥ്യമായി പുലരുവോന്ന് പേടിയുണ്ട്. ജലദൗർലഭ്യതയുടെ പോക്ക് അത്ര വേഗതയിലാണ്. കഴിഞ്ഞ ദിവസം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസും പ്രസ് ക്ലബ്ബും സംഘടിപ്പിച്ച ഒരു ചർച്ചായോഗത്തിൽ പങ്കെടുത്ത് അല്പം കൂടി ആ വഴിയിൽ അറിവ് നേടിയതോടെയാണ് അങ്ങനെയൊരു ഭീതി മനസ്സിൽ കടന്നു കൂടിയത്. കാസർകോട് വികസന പാക്കേജി-(KDP)-നെ ക്രോഡീകരിക്കാനുള്ള ഒരു പൊതു ചർച്ചയുടെ തുടക്കം. അതിനിട്ട പേര് ‘കാസർകോട് ഇന്ന് നാളെ’ എന്നായിരുന്നു. ബഹു. മന്ത്രി ദേവർകോവിലാണ് ഉദ്‌ഘാടനം നിർവഹിച്ചത്. എം.പി, എംഎൽഎമാർ ചർച്ചയിൽ പങ്കെടുത്തു. പദ്ധതിയുടെ സ്‌പെഷൽ ഓഫീസർ ഇ.പി. രാജ്മോഹൻ മറുപടിപ്രസംഗം നടത്തി.

    
കാസർകോടിന്റെ വികസനം: മർമമറിഞ്ഞ് ചികിത്സ വേണം



കാസർകോട് ജില്ല, അതിന്റെ വികസനം, നേരിടുന്ന വലിയ രണ്ടു വെല്ലുവിളികളിൽ ഒന്ന് എനിക്ക് തോന്നിയത് ജലദൗർലഭ്യത തന്നെയാണ്. ഇന്ന് നാമതിനെ ഗൗരവ പൂർവം പരിഗണിച്ചില്ലയെങ്കിൽ നാളെ അത് ഭയാനകമായി പരിണമിക്കാ വുന്നതാണ്. കുടിവെള്ളത്തിന് അടക്കമുള്ള ദൗർലഭ്യം.! നിങ്ങൾ അടുത്തെതെങ്കിലും പറമ്പിലെ കിണറിലേക്കൊന്ന് ഏന്തി നോക്കൂ. വെള്ളം എത്ര ആഴത്തിലേക്ക് താഴ്ന്ന് പോയിരിക്കുന്നു. കേരളത്തിൽ അധികം മഴ കിട്ടുന്ന ജില്ലകളിലൊന്നാണിത് എന്നോർക്കണം. കൂടുതൽ നദികൾ ഒഴുകുന്ന ജില്ലയും ഇത് തന്നെ. ഭാരണകൂടങ്ങൾക്ക് മാത്രമായി പരിഹരിക്കാവുന്ന ഒന്നല്ല ഇത് എന്നറിയണം. വലിയ ദുരന്തം, ഇവിടെ ജലം പാഴാക്കിക്കളയുന്നതിൽ ആരും പിന്നിലല്ല എന്നതാണ്. തീരെ സംഭരിക്കപ്പെടുന്നില്ല എന്നത് മറ്റൊരു യാഥാർഥ്യം.

ഗ്രാമസഭകളിലൂടെ ശരിയായ ബോധനവൽക്കരണം വേണ്ടത് അതിനാണ്. എങ്ങിനെയെന്ന് ബന്ധപ്പെട്ട വിദഗ്ധർ പുരയിടങ്ങൾ സന്ദർശിച്ചു വിലയിരുത്തണം, പറഞ്ഞു കൊടുക്കണം. കാസറകോട് ജില്ലയുടെ ഭൂരിപക്ഷം ഭൂമിയും ചരിവ് പ്രദേശങ്ങളാണ്.. മഴ ഈ പ്രദേശത്ത് കനത്ത് തന്നെ പെയ്യും. മഴക്ക് ശേഷം, ഒരു മണിക്കൂർ കഴിഞ്ഞെത്തുന്ന ഒരാൾക്ക് അങ്ങനെയൊന്ന് അനുഭവപ്പെടുകയേയില്ല. പറഞ്ഞാലും അയാൾ വിശ്വസിക്കുമെന്ന് തോന്നുന്നുമില്ല. ഇപ്പൊ. ഇക്കഴിഞ്ഞ ബുധനാഴ്ചയോ മറ്റോ കാസർക്കോട് ടൗണിലും പരിസരങ്ങളിലും വെളുപ്പിന് സാമാന്യം നല്ല മഴ പെയ്‌തുവത്രേ. പക്ഷെ 10 മണിക്ക് ശേഷമെത്തിയ എനിക്കത് കേട്ടപ്പോൾ വിശ്വസിക്കാനായില്ല. ഞങ്ങളുടെ പ്രദേശത്താണെങ്കിൽ അത് സ്പ്രേ ചെയ്തു പോയതേയുള്ളു.

ഇതോടനുബന്ധിച്ചു എനിക്കോർമ്മ വരുന്നത് എന്റെ പഴയ കാലമാണ്. 60 കളുടെ ഒടുവിൽ, 70 കളുടെ കാൽപാദത്തിലെ ഒക്കെ കാര്യമാണ്. ജൂൺ മുതൽ സെപ്തംബർ വരെ തിമർത്തു മഴ പെയ്യും. എന്റെ തറവാട് വീട്ടു പറമ്പിന്റെ പിന്നാമ്പുറത്ത് തോട്ടിലൂടെ ഒഴുകുന്ന ഒരു തെളിനീരരുവി ഡിസംബർ ഒടുവിൽ ജനുവരി പകുതി വരെയൊക്കെ നീർച്ചാൽ കാണും. ഇപ്പോൾ കനത്ത മഴ പെയ്താൽ ആ കലക്ക് വെള്ളമൊഴുക്കിന്റെ കിതപ്പ് കേട്ടെന്ന് വരും. പക്ഷെ മഴ തുടർന്നില്ലെങ്കിൽ പിറ്റേന്ന് കാലത്ത് തോടുണങ്ങി കിടക്കും. ഈയവസ്ഥ സൃഷ്ടിക്കപ്പെട്ടതിന്റെ സോൾ റെസ്പോണ്സിബിലിറ്റി കുഴൽ കിണറിനാണ്. കുഴൽ കിണർ കുത്താൻ നേരത്തെ എന്തൊക്കെയോ നിബന്ധനകളോ ശാസനകളോ ഒക്കെ ഉണ്ടായിരുന്നല്ലോ. ഇന്ന് ഓരോ പറമ്പിലും കുറഞ്ഞത് രണ്ടെണ്ണമെങ്കിലും കാണും.

ആ പഴയ കുഴലിൽ നിന്ന് ഇപ്പോൾ വെള്ളം കിട്ടുന്നില്ലായിരിക്കും, ല്ലേ.? ഞാനൊരാളുടെ മുന്നിൽ സംശയം ഉന്നയിച്ചു. അപ്പോൾ അയാൾ, അങ്ങനെയില്ല. പക്ഷെ വെള്ളത്തിന് സ്പീഡ് കുറവ്. കഴുകാൻ കുറച്ചു വാഹനങ്ങളും അല്പം അടുക്കള കൃഷിയൊക്കെ ഉള്ളതല്ലേ.?. നമ്മുടെ ജില്ലയിൽ മഴവെള്ളവും, പുഴവെള്ളവും അറബിക്കടലിനെ പോഷിപ്പിക്കാനുള്ളതാണോന്ന് തോന്നും. തിമർത്തു പെയ്ത മഴയുടെ വെള്ളം പല തോടുകളിൽ കൂടിയും ഒഴുകി പുഴയിലെത്തും. പുഴ അതിനെ കടലിൽ ചെന്നെത്തിക്കും. കിണറുകൾ ചിലവ് കൂടിയവ ആയതും കുഴിച്ചു കിട്ടാൻ സമയം വേണ്ടി വരുന്നതിനാലും അവ ഒഴിവാക്കി എല്ലവരും കുഴൽ കിണറിനെ ആശ്രയിക്കുന്നു. എളുപ്പം. ഒറ്റദിവസം കൊണ്ട് പ്രശ്നം തീരും. കുഴൽ കിണർ കുത്തുക എന്നത്, നാം ഭൂമിയോട്, വരും തലമുറയോട് ചെയ്യുന്ന കൊടും പാതകമാണ്.

വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കൊലക്ക് ഇരയായ വ്യക്തി എനിക്കറിയുന്ന ആളാകയാൽ, മോർച്ചറിയുടെ ഡോർ തുറന്നു വെച്ച ഒരു സന്ദർഭത്തിൽ പുറത്ത് കാത്തിരുന്നവരോടൊപ്പം ഞാനും അകത്ത്‌ ചെന്ന് ഒരു നോക്ക് കണ്ടതോർക്കുന്നു. രക്തം വാർന്ന് പിച്ചാത്തിക്കുത്ത് എറ്റിടത്തോക്കെ, ഒരു തരം ഏലി മാളങ്ങൾ പോലെ തുളകൾ രൂപപ്പെട്ടു. കുഴൽ കിണറിന്റെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കാസർകോടിന്റെ ഭൂമിയെ സ്കാൻ ചെയ്തു നോക്കിയാൽ ഇതേ പോലെ കാണപ്പെടുമെന്നതിന് സംശയം വേണ്ട. നാളെ കുടിവെള്ളം എന്നത് കിട്ടാക്കനിയാവും. നമ്മുടെ കൊച്ചു പിള്ളാരുടെ, പേരമക്കളുടെ ഒക്കെ മുഖത്ത് നോക്കുമ്പോൾ എനിക്ക് സങ്കടം വരാറുണ്ട്. ജാള്യതയും. അവരുടെ ജീവിതം ദുസ്സഹമാക്കിയതിന് കാരണക്കാർ നമ്മുടെ ഈ തലമുറയാണ്. ഉടനെ മറ്റു സംവിധാനങ്ങൾ വന്നില്ലെങ്കിൽ. ഇറിഗേഷൻ രംഗത്തും ഈ ജില്ല വളരെ പിന്നാക്കമാവും. തീർച്ച, അതുകൊണ്ട് നമ്മുടെ കൃഷിയേയും അത് സാരമായി ബാധിക്കും.

മറ്റൊന്ന്, നമ്മുടെ ഒഴിഞ്ഞു കിടക്കുന്ന ഓഫീസ് കസേരകളുടെ കാര്യമാണ്. അതിൽ ഭരണ കൂടത്തിന്റെ അനാസ്ഥ നല്ലോണമുണ്ട്. മിക്ക ഓഫീസുകളിലും പകുതിയിലധികം കസേരകളും ഒഴിഞ്ഞാണ് കിടപ്പ്. ഈയിടെ എന്റടുത്ത് വന്ന ഒരവശയായ സ്ത്രീ വേണ്ടി വന്നു എനിക്കത് ശരിക്കും ബോധ്യമാക്കിത്തരാൻ. അവർ വിധവാ പെൻഷൻ അപേക്ഷിച്ചിട്ട് ആറ് മാസമാകുന്നു. ഒരു വിവരവുമില്ല. ബന്ധപ്പെട്ട ഓഫീസിൽ ഞാൻ വിളിച്ച് അന്വേഷിച്ചു. ഒരു സ്ത്രീ ആണ് ഫോണെടുത്തത്. കടലാസുകളൊക്കെ നീങ്ങിക്കൊണ്ടിരിക്കുന്നു. അന്വേഷണം അവരെ തേടിയെത്തും. അവർ പറഞ്ഞു. എന്തന്വേഷണം.? ഇത്ര താമസിച്ചതെന്തേ എന്ന എന്റെ ചോദ്യത്തിന് ആ കസേര ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെന്ന് അവരുടെ മറുപടി.

ഇങ്ങനെ പല കാര്യങ്ങൾക്കും വേണ്ടി അപേക്ഷ സമർപ്പിച്ചവരിൽ എത്ര പേര് അതിന്റെ പൊസിഷൻ പോലും അറിഞ്ഞിട്ട് മരണപ്പെട്ട് പോയിരിക്കും.? കാസർകോട് ജില്ലയിൽ നിന്ന് സർക്കാർ സർവീസിൽ പരിമിതമായവർ മാത്രം. ഇനി അന്യ ജില്ലക്കാർ ഇവിടെ വന്നാൽ തിരിച്ച് നാട്ടിലേക്കൊരു സ്ഥലമാറ്റം ഒപ്പിക്കുന്ന തിരക്കിൽ എപ്പഴും അവധിയിൽ. ഫയലുകൾ ചുവപ്പു നാട വരിഞ്ഞു തന്നെ കിടക്കും. പൊടിപടലങ്ങളും.. കാസർകോട് ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഒരു ടീച്ചരുടെ കാര്യം എനിക്കറിയാം. തിരുവിതാംകൂറ്കാരി. തിങ്കളാഴ്ച ഓടിക്കിതച്ചെത്തുന്നു. വെള്ളിയാഴ്ച ഉച്ചക്ക് മടങ്ങുന്നു. ഇതിനിടയിൽ എന്തൊക്കെ വേവലാതികൾ കാണും. ഈ ജില്ലക്കാർക്ക് സംവരണം ഏറെ വേണ്ടത് പി.എസ്.സി.ക്കാണ്. എങ്ങനെയെങ്കിലും കുറേപ്പേരെ ജോലിക്കെടുക്കണം. എന്നിട്ട് ആ കസേരകൾ നികത്തണം. എല്ലാവിധത്തിലുള്ള വികസനയവും അതിൽ സാധ്യമാകും. അല്ലെങ്കിൽ നാം വെറുതെ ഇങ്ങനെ വികസനപ്പാട്ട് പാടിക്കൊണ്ടിരിക്കുന്നതിൽ ഒരർത്ഥവുമില്ല. രോഗം കണ്ടെത്തിയിട്ടില്ലാത്ത ചികിത്സ എവിടെ ഫലിക്കാൻ.!

Keywords:  Kasaragod, Kerala, Top-Headlines, Treatment, Development Project, Article, Water, Press Club, War, Rajmohan Unnithan, Government, PSC, Development of Kasargod.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia