city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാള രാത്രി...

അനുഭവം

സവാദ് ഇര്‍ശാദി ഹുദവി കട്ടക്കാല്‍

(www.kasargodvartha.com 20/04/2015) ജീവിതത്തില്‍ കാള രാത്രികള്‍ സമ്മാനിച്ച അനുഭവങ്ങള്‍ എല്ലാര്‍ക്കുമുണ്ടായിരിക്കും. ഞാനും അനുഭവിച്ചു ദുരിതം നിറഞ്ഞ ഒരു കാള രാത്രി. മഴക്കാറ് കണ്ട് മഴയും കൊതിച്ച ഒരു വര്‍ഷ കാല ദിനം.
യൂത്ത് ലീഗിന്റെ മാറ്റ് ജില്ലാ കലോത്സവം അന്ന് ചെര്‍ക്കളയിലെ ഉള്‍പ്രദേശത്ത് വെച്ച് അരങ്ങേറുകയാണ്. കാവ്യ ഭംഗി കൊണ്ട് കൗതുകം തീര്‍ത്ത മുരുകന്‍ കാട്ടാകടവിന്റെ ഇമ്പമാര്‍ന്ന വരികള്‍ കൊണ്ടാണ് അന്ന് കലോത്സവത്തിന് തുടക്കം കുറിച്ചത്. അധ്യാപന ജീവിതത്തിലെ ഒരു ധന്യ നിമിഷങ്ങളാണല്ലോ വിദ്യാര്‍ത്ഥികളുമായുള്ള യാത്രകള്‍. അങ്ങനെ കലോത്സവ വേദിയിലേക്ക് ദാറുല്‍ ഇര്‍ശാദ് കോളജില്‍ ഞങ്ങളും യാത്ര തിരിച്ചു. എന്റെ കൂടെ വ്യത്യസ്ഥ കലാ പരിപാടികള്‍ക്കായി 10 ഓളം വിദ്യാര്‍ത്ഥികളും.

ഉച്ചയാവുമ്പോഴേക്കും മത്സരം കൊടുമ്പിരി കൊണ്ടു. അന്ന് സമ്മിശ്രമായ കാലവസ്ഥയായത് കൊണ്ട് സൂര്യനും മേഘങ്ങളും ചതിച്ചില്ല. റുവൈസിന്റെ വീട്ടില്‍ നിന്ന് കിട്ടിയ ഉച്ചയൂണ്‍ കെങ്കേമം തന്നെയായിരുന്നു. സന്ധ്യാ സമയം അടുത്തു. ആബിദും ഫിറോസും അബൂബക്കറുമൊക്കെ പോയിന്റുകള്‍ വാരിക്കൂട്ടുന്നതിനിടയില്‍ ഞാനല്‍പ്പം വിശ്രമിച്ചു.

സമയം സന്ധ്യയായിട്ടും മത്സരങ്ങള്‍ കഴിഞ്ഞില്ല. ഹാസ്യ നാടകങ്ങളും മിമിക്രിയുമൊക്കെ വേദിയില്‍ അരങ്ങേറി. ദഫ് താളവും ഗാനാലാപനങ്ങളുമൊക്കെ സദസ്സിനെ ഒന്ന് കയ്യടക്കി. സമ്മാന വേദിയില്‍ നിന്ന് ആനന്ദത്തോടെ സമ്മാനം സ്വീകരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോള്‍ മനസറിയാതെ മൊഴിഞ്ഞു. ''അഭിമാന താരകങ്ങള്‍''. ജീവിതത്തിലെ ധന്യ നിമിഷങ്ങള്‍. ആകാശം സന്തോഷാശ്രു ചൊരിയാന്‍ തുടങ്ങി. ഞങ്ങള്‍ക്കത് ദുഃഖ കണ്ണീരായി മാറി. കാരണം മഴയിലൂടെയുള്ള യാത്ര അല്‍പ്പം ബുദ്ധിമുട്ടുള്ളത് തന്നെയായിരുന്നു.

പരിപാടി കഴിയുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ഏകദേശം 12.30 ഒരുമണിയായി. മഴക്ക് കൂട്ടായ് പൊട്ടിച്ചിരിക്കുന്ന ഇടിയും നൃത്തമാടുന്ന മിന്നലും കൂടിയാവുമ്പോള്‍ തിരിച്ചുള്ള യാത്ര അല്‍പ്പം പ്രതിസന്ധിയിലായിരുന്നു. വിദ്യാര്‍ത്ഥികളെ ഉദുമയിലെ ഹോസ്റ്റലിലേക്കുമെത്തിക്കണം. യൂത്ത് ലീഗ് മേഖല കമ്മിറ്റി രണ്ട് ഓട്ടോ റിക്ഷയില്‍ സൗകര്യമൊരുക്കി. എനിക്ക് കൂട്ടിന് എന്റെ ബൈക്കുമുണ്ട്. വിദ്യാര്‍ത്ഥികള്‍ ആരും നനയരുതെന്ന് കരുതി എല്ലാരേയും ഓട്ടോയില്‍ കയറ്റി വിട്ടു. കൂട്ടത്തില്‍ എന്റെ മൊബൈലും കൈമാറി. അങ്ങനെ ഓട്ടോയെ പറഞ്ഞയച്ചു.

ചെര്‍ക്കളയില്‍ നിന്ന് ഉദുമയിലേക്കുള്ള ദൂരം ഏറെക്കുറെ കുറവാണേലും ദേശീയ പാതയിലൂടെയുള്ള യാത്രയ്ക്ക് അല്‍്പ്പം ബുദ്ധിമുട്ടുണ്ട്. ആ കാലങ്ങളില്‍ ടാങ്കര്‍ ദുരന്തങ്ങള്‍ പതിവായ മേഘലയായിരുന്നു അത്. അല്‍പ്പം കാട് പിടിച്ച ജനവാസമില്ലാത്ത ഭാഗങ്ങളും കൂടി യാത്രയിലുള്‍പ്പെടുമായിരുന്നു. ഇതിനേക്കാളും പരിതാപകരമായിരുന്ന എന്റെ ബൈക്കിന്റെ അവസ്ഥ. പക്ഷേ, വിശ്വാസം അതല്ലെ എല്ലാം എന്ന വിശ്വാസം മാത്രം.

എല്ലാം തരണം ചെയ്തു ചെര്‍ക്കളയിലൂടെ യാത്ര തുടങ്ങി ചട്ടഞ്ചാലിലെത്തുന്നതിന് മുമ്പുള്ള വളവില്‍ പേടിച്ച പോലെ ബൈക്ക് ഓഫായി. രാത്രി ഒന്നരയോടടുത്ത് സമയം. ആരെയും വിളിക്കണേലും കയ്യില്‍ മൊബൈലുമില്ല. മഴയും ഇടിയും മിന്നലുമല്ലാതെ കൂട്ടിനാരുമില്ല. പല പ്രാവശ്യവും ശ്രമിച്ചു, പക്ഷേ വിഫലം. ആകെ പേടിച്ചു. ചുറ്റും അല്‍പ്പം കാടല്ലാതെ ഒരു വീടു പോലും കാണുന്നില്ല...

അല്‍പ്പം വെളിച്ചമേകാന്‍ ഒരു വാഹനം പോലും അതുവഴി വരുന്നതും കാണുന്നില്ല. പേടിച്ച മനസൊന്ന് പിടയാന്‍ തുടങ്ങി. തല കറങ്ങുന്നത് പോലെ. പടച്ചോനിലര്‍പ്പിച്ച് അല്‍പ്പം ബൈക്ക് മുന്നോട്ടേക്ക് തള്ളി നോക്കി. പക്ഷേ, കാല്‍ പാദത്തിന് ശക്തി കുറവായിരുന്നു... പേടിച്ചിരിക്കുന്ന സമയത്താണ് നാഥന്റെ അനുഗ്രഹം പോലെ മിന്നെറിയുന്നത്.

അര്‍ധ രാത്രിയില്‍ ബൈക്കുമായി നടക്കുന്ന യുവാവിനെ കണ്ടാല്‍ സ്വാഭാവികമായും കാഴ്ചക്കാര്‍ക്ക് തെറ്റിദ്ധാരണയും മനസില്‍ കൂടും. സമ്മര്‍ദത്തിന്റെ വേലിയേറ്റമായിരുന്നു മനസില്‍. അനുഗ്രഹമായ് ആകാശം ചൊരിഞ്ഞു തന്ന പ്രകാശത്തില്‍ നനഞ്ഞ കണ്ണില്‍ നിന്ന് ഒഴുകിയൊലിക്കുന്ന കണ്ണീരുകള്‍ക്കിടയിലൂടെ ഒരു മഞ്ഞ ബോര്‍ഡ് കണ്ടു. ''മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്''.

മനസിനൊരു ആശ്വാസം തോന്നിയ നിമിഷം. അല്‍പ്പം മുന്നോട്ടു പോയാല്‍ ഇടതു ഭാഗത്തേക്കുള്ള ഉള്‍റോഡിലൂടെ നേരെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ മെയിന്‍ കാമ്പസിലേക്കെത്തും. പക്ഷേ അതും ഇരുള്‍ നിറഞ്ഞ കുഴികളുള്ള യാത്ര.

ലക്ഷ്യ സ്ഥാനമെത്താന്‍ ഇനിയും കിലോമീറ്ററുകള്‍ യാത്ര ചെയ്യണം. രാത്രിയിലെ ഈ ദുരന്തത്തില്‍ നിന്ന് അല്‍പ്പം കരകയറാന്‍ താത്കാലികമായി അടുത്തുള്ള മെയിന്‍ കാമ്പസിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു. പക്ഷേ, അപ്പോഴും കുരുക്ക് പിന്നാലെ. ദേശീയ പാത ചെക്കപ്പിനായ് നിന്ന പോലീസ് ഏമാന്മാര്‍ അര്‍ധ രാത്രിയില്‍ ബൈക്ക് തള്ളി വരുന്ന ഒരാളെ കണ്ടപ്പോള്‍ ഇരയെ കിട്ടിയെന്ന പ്രതീതിയില്‍ ടോര്‍ച്ചൊന്നു മിന്നിച്ചു. മിന്നിന്റെ വെളിച്ചത്തില്‍ ടോര്‍ച്ച് ഒന്നുല്ലെന്ന് തോന്നി. കാക്കി വസ്ത്രത്തോടുള്ള ഭയം കാരണം അല്‍പ്പം വേഗത കൂട്ടി ബൈക്കുമായി ഉള്‍ റോഡിലേക്ക് തിരിച്ചു. പക്ഷേ, ഏമാന്മാര്‍ പുറകെ തന്നെ, വിടുന്ന ലക്ഷണമില്ല. ഏതായാലും കുറേ വ്യാജ ഏറ്റുമുട്ടലും മറ്റുമൊക്കെ നടന്നതല്ലേ, എന്നാലും നമ്മുടെ പോലീസ് ഏമാന്മാര്‍ അല്‍പ്പം മനുഷ്യത്വമുള്ളവരായിരിക്കുമെന്ന് കരുതി.
അടുത്ത് വന്ന് ഭീതിതമായ സ്വരത്തില്‍ '' എവിടേക്കാണെടോ ഈ അര്‍ധ രാത്രിയില്‍''

ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തു. ഉടനെ വന്നു അടുത്ത ചോദ്യം '' ഈ വാഹനം തന്റെ തന്നെയാണോ'' ചോദ്യത്തിലെ ധ്വനിയില്‍ അയാള്‍ എന്നെ കള്ളനാക്കി.
അല്ലെന്ന് പറഞ്ഞു. ഹും വേഗം പോ...

കദറിട്ടാലും കാക്കിയിട്ടാലും മനുഷ്യത്വം ലഭിക്കണമെങ്കില്‍ ഹൃദയത്തില്‍ അല്‍പ്പം പുണ്യം ചെയ്യണം. ഞാനല്‍പ്പം മുന്നോട്ടേക്കു ടോര്‍ച്ച് അടിച്ചു തരുമെന്ന് കരുതി. പക്ഷേ, അവിടെയും നിരാശ. തുടര്‍ന്ന് രാത്രിയിലെ താത്കാലിക സത്രത്തിലേക്കുള്ള യാത്ര തുടങ്ങി. മരുഭൂമിയിലൂടെ ദേശാടനം ചെയ്യുന്ന ഒട്ടക യാത്രക്കാരെ പോലെ മനസില്‍ തോന്നി. പെട്ടെന്ന് ബൈക്ക് ചെറിയൊരു കുഴിയിലേക്ക് വീണു. അഴുക്കു പുരണ്ട വെള്ളം വസ്ത്രത്തിലേക്ക് തെറിച്ചു. പക്ഷേ, വെള്ളം നിറഞ്ഞ ഈ ശരീരത്തലേക്ക് ഈ മുശിഞ്ഞ വെള്ളത്തിന് സ്ഥാനമുണ്ടായിരുന്നില്ല.

കടലിലേക്ക് തിരിച്ച് വെള്ളം ചൊരിഞ്ഞാല്‍ എന്താവാന്‍, അതുപോലെ നനഞ്ഞ ശരീരത്തില്‍ ഈ മുശിഞ്ഞ വെള്ളത്തിനെന്ത് സ്ഥാനം. ഒരല്‍പ്പം പോലും ഏശിയില്ല. പക്ഷേ, കാല്‍പാദത്തിന് അല്‍പ്പം വേദന അനുഭവപ്പെട്ടു. അന്ധകാര നിശ്ശബ്ദതയെ ഭഞ്ചിക്കുന്ന അരുവിയുടെ കുത്തൊഴുക്കും, ഇരുണ്ട രാത്രികളില്‍ ഭോജനം തേടുന്ന പ്രാണികളുടെ ശബ്ദങ്ങളും മാത്രമാണ് അന്തരീക്ഷത്തിലുള്ളത്. ബാക്കിയെല്ലാവരും സുഖ നിദ്രയില്‍, രാക്ഷസനെ പോലെ തലയുയര്‍ത്തി നില്‍ക്കുന്ന തെരുവു വിളക്ക് പോലും നിദ്രയുടെ ആഴത്തില്‍ കണ്ണടച്ചിരിക്കുന്നു. ശ്വാസം അടക്കി പിടിച്ചു പടച്ചോനിലര്‍പ്പിച്ചു വീണ്ടും ബൈക്കും തള്ളി മുന്നോട്ടു നീങ്ങി. അവസാനമുള്ള ഒരേ ഒരു പേടി തെരുവു നായകളും.

നാഥന്‍ കനിഞ്ഞു ചട്ടഞ്ചാല്‍ കാമ്പസിന്റെ മുന്നിലെത്തി. ഗെയ്റ്റിന് മുന്നില്‍ ബൈക്കും പൂട്ടിയിട്ട് വേഗം സുഹൃത്തിന്റെ റൂമിലേക്കോടി. സമയം രാത്രി രണ്ടരയോടടുത്തു. പുറത്ത് ഇടിയും മിന്നലും ഇനിയും നിലച്ചിരുന്നില്ല. ജീവിതം പേടിച്ചു നിന്ന മണിക്കൂറുകള്‍ക്ക് ശേഷം ആശ്വാസത്തിന്റെ തെളിനീര് ശരീരത്തിലേക്ക് ഉറ്റിവീഴുമ്പോള്‍ ജീവന്‍ തിരിച്ചു കിട്ടിയ പ്രതീതി അനുഭപ്പെട്ടു. അഴുക്കുപുരണ്ട ശരീരത്തിലേക്ക് തണുത്ത ജലനീര് മ്ലേച്ചതകളെ ആട്ടിയോടിച്ചു. അങ്ങനെ ഒരു സുഖ നിദ്രയിലേക്ക് ഞാനും യാത്രയായി. ഒന്നുമറിയാതെ ഉദുമ കാമ്പസ്...

രാവിലെ മുശിഞ്ഞ വേശവുമായി കാമ്പസിലേക്കെത്തുമ്പോള്‍ കൂട്ടുകാരെല്ലാം കൗതുകത്തോടെ കാത്തിരിക്കുന്നു. വിദ്യാര്‍ത്ഥികളും അത്ഭുത പരതന്ത്രരായി. തലേ രാത്രി നടന്ന കഥയൊന്നു കേട്ടപ്പോള്‍ എല്ലാരും അത്ഭുതം കൂറി കാതോര്‍ത്തിരുന്നു. അനുഭവത്തില്‍ നേടിയെടുത്ത് വലിയൊരു പാഠം ഏകനായ യാത്രയില്‍ കൂട്ടിനൊരു കൈതാങ്ങും വേണം. ഒരു ധൈര്യത്തിനല്ലെങ്കിലും അല്‍പ്പമൊന്നു സമാശ്വാസത്തിന്...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാള രാത്രി...

Keywords : Article, Kasaragod, Cherkala, MSF, Kalolsavam, Savad Irshadi Hudavi Kattakkal. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia