city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണക്കുകള്‍ കഥ പറയുന്നു, ഉദുമ വീണ്ടും ചുവന്നേക്കും

പ്രതിഭാരാജന്‍

(www.kasargodvartha.com 05.11.2015) 27 വര്‍ഷത്തോളമായി ഞങ്ങളുടെ കൈവശം, ഇത്തവണയും നിലനിര്‍ത്തുമെന്ന സി.പി.എമ്മിന്റെ കണക്കിനോട് കണക്കു പറയാന്‍ ഉദുമയില്‍ വിധി നിര്‍ണായകമായ അഞ്ചു വാര്‍ഡുകള്‍ക്കായിരിക്കും ചുമതല.
 
21 വാര്‍ഡുകളുള്ള ഉദുമയില്‍ സി.പി.എമ്മിന് ഈസി വാക്കോവര്‍ ഒമ്പതിടത്താണ്. അവ യഥാക്രമം 2. ഉദുമ, 4.അരമങ്ങാനം, 8.എരോല്‍, 10 ആറാട്ടുകടവ്, 11. മുതിയക്കാല്‍, 12. തിരുവക്കോളി, 14 മലാംകുന്ന്, 15. ബേക്കല്‍, 20. കൊപ്പല്‍  എന്നിവയെങ്കില്‍ യു.ഡി.എഫിനെ തുണക്കുക, 5.ബാര, 7. നാലാം വാതുക്കല്‍, 16. കോട്ടിക്കുളം, 17. പാലക്കുന്ന്, 18. കരിപ്പോടി, 19. പള്ളം, 21. അംബികാനഗര്‍ എന്നീ ഏഴ് വാര്‍ഡുകളായിരിക്കും. ആകെയുള്ള 21 ല്‍ ബാക്കി നില്‍ക്കുന്ന അഞ്ച് നിര്‍ണായക വാര്‍ഡുകളില്‍ രണ്ടെണ്ണം സ്വന്തമാക്കിയാല്‍ മാത്രം മതി ഇടതിനു ഭരിക്കാം.  യു.ഡി.എഫിനാണെങ്കില്‍ ബാക്കി നില്‍ക്കുന്ന അഞ്ചില്‍ നാല് സീറ്റെങ്കിലും കിട്ടാതെ പറ്റില്ല.

മുന്‍വിധിക്കും, പ്രവചനത്തിനും വഴങ്ങാതെ ഒഴിഞ്ഞു മാറുകയാണ് ഈ അഞ്ചു വാര്‍ഡുകള്‍. ഒന്നാം വാര്‍ഡ് ബേവൂരിയില്‍ നിലവിലെ  യു.ഡി.എഫ് മെമ്പര്‍ സൈനബാ നസ്സീം തന്നെ വീണ്ടും ജനവധി തേടുന്നു. നറുക്കെടുപ്പിലൂടെ വീണ്ടും വനിതയായി മാറിയ ഈ സീറ്റ്  നിലനിര്‍ത്താന്‍ യു.ഡി.എഫിന് സാധിച്ചേക്കും. 2000ത്തില്‍ നിലവിലില്ലാത്ത ബേവൂരി അന്ന് സി.പി.എമ്മിന്റെ കുത്തകയായ ഉദുമയുടെ ഭാഗമായിരുന്നു. നിലവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും, ജയിച്ചു കേറിയാല്‍  പ്രസിഡന്റാകുമെന്ന് ഉറപ്പുള്ള സന്തോഷ് കുമാര്‍ നിലവിലെ യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കെ.എ മുഹമ്മദ് അലിയെ പരാജയപ്പെടുത്തിയ 2000ത്തിലെ ചരിത്രത്തിനു ശേഷം വാര്‍ഡു വിഭജിച്ച് ഒന്നാം വാര്‍ഡ് ബേവൂരിയായപ്പോള്‍ ഇടതു സ്വതന്ത്രന്‍ തോട്ടപ്പാടി മുഹമ്മത്കുഞ്ഞി ഇവിടെ 432നെതിരെ 458 വോട്ടു നേടി തുടര്‍ വിജയം കൊയ്തു.

അന്ന്് ബി.ജെ.പിയുടെ ബാബു 163 വോട്ടു പിടിച്ചെടുത്തില്ലായിരുന്നില്ലെങ്കില്‍ എല്‍.ഡി.എഫിന്റെ വിജയത്തിനു കൂടതല്‍ തിളക്കമുണ്ടാകുമായിരുന്നെന്ന് പറഞ്ഞവര്‍ 2010ലെത്തിയപ്പോള്‍ കൈപ്പിടിയില്‍ ഒതുങ്ങിയ സീറ്റ്  വിട്ടു കൊടുക്കേണ്ടി വന്നു. നിലവിലെ മെമ്പറും ഇപ്പോള്‍ വീണ്ടും മല്‍സരിക്കുന്ന സൈനബ നസ്സീം ലീഗ് നേതാവ് പാറയില്‍ അബുബക്കറിന്റെ ഭാര്യയാണ്. 2010ല്‍ തന്റെ പാര്‍ട്ടി ചിഹ്നമായ ഏണിയില്‍ നേരിട്ടു മല്‍സരിക്കാനെത്തിയപ്പോള്‍ 420നെതിരെ 348 വോട്ടു മാത്രമെ ഇടതിലെ സുധാലക്ഷ്മിക്ക് കൈവശപ്പെടുത്താന്‍ കഴിഞ്ഞുള്ളു.

ബി.ജെ.പി 162 വോട്ടുമായി തൊട്ടു പിന്നിലുണ്ട്. ഒരു പതിറ്റാണ്ടിനുള്ളില്‍  അതുവരെ ചുവപ്പണിഞ്ഞിരുന്ന ബേവൂരി ഹരിത വിപ്ലവത്തിലേക്ക് മെല്ലെ കടന്നെത്തിയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മുംതാസാണ് പറ്റിച്ചതെന്നായിരുന്നു 2010ലെ  ഇടതു വിശദീകരണം. 21 എന്ന ഒറ്റയക്കത്തില്‍ അവസാനിച്ച പഞ്ചായത്തായതിനാല്‍ നറുക്കു വീണപ്പോള്‍ ഒന്നാം വാര്‍ഡ് വീണ്ടും വനിതയായി. ജനറലായിരുന്നെങ്കില്‍പ്പോലും സൈനബയെ നിര്‍ത്താന്‍ തന്നെ തീരുമാനിച്ചിരുന്ന യു.ഡി.എഫിന് ഉര്‍വ്വശീ ശാപം ഉപകാരമായതോടെ വിജയസാഹചര്യവും വര്‍ദ്ധിച്ചു. ഒരുകൈ നോക്കാന്‍ അങ്കത്തട്ടില്‍ എല്‍.ഡി.എഫിനു വേണ്ടി കൊമ്പു കോര്‍ത്തത് മുന്‍ ബ്ലോക്ക് മെമ്പറും നിലവിലെ ലോക്കല്‍ സെക്രട്ടറിയുമായ അഹമ്മദ് ഷാഫിയുടെ  ഭാര്യ സഫിയാ ഹമീദാണ്.

മൂന്നാം സ്ഥാനത്തിനായി ബി.ജെ.പിക്കു വേണ്ടി രോഹിണിയുമുണ്ട്. കുങ്കുമശോഭയില്‍ കടുംചുവപ്പ് കലര്‍ന്നാല്‍ ഇവിടെ നടക്കുക ഹരിത വര്‍ണമായിരിക്കും ഫലം . ഈ വാര്‍ഡിനെ സി.പി.എം എഴുതിത്തള്ളിയ മട്ടാണ്. 2ാം വാര്‍ഡായ ഉദുമ ഇടതിനെ കൈവിടില്ല. മുന്നാം വാര്‍ഡായ മാങ്ങാടാണ് മറ്റൊരു കടമ്പ. ബേവൂരിയേപ്പോലെ ഇവിടെയും  വാര്‍ഡു വന്നത് 2005ലാണ് . കോണ്‍ഗ്രസിന് ഏറെ സ്വാധിനമുള്ള വാര്‍ഡാണ് മാങ്ങാട്. 2013ലെ ബാലകൃഷ്ണന്‍ വധം നടന്നതിവിടെയാണ് . ഈ വാര്‍ഡും ഡി.ഐ.സിയും ഒരേ സമയത്ത് പിറന്നപ്പോള്‍ ഇടതിന്റെ കൂടെയുള്ള ഡി.ഐ.സി. (കെ) 2005ല്‍ ഈ വാര്‍ഡ് കൈവശപ്പെടുത്തി.

558നെതിരെ 420 വോട്ടു മാത്രം വാങ്ങി ഡി.ഐ.സിക്കു മുമ്പില്‍ ലീഗ് തോറ്റു കൊടുത്തു. പിന്നീട് ആ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയതോടെ 2010ല്‍ മാങ്ങാട് വീണ്ടും ലീഗിനോടൊപ്പമായി . അങ്ങനെയാണ് വലതിലൂടെ  ഹമീദ് മാങ്ങാട് ലീഗിനെ പ്രതിനിധീകരിച്ച് ബോര്‍ഡിലേക്കെത്തുന്നത്. ഹമീദ് ഇത്തവണ വെടിക്കുന്നിലാണ് മല്‍സരിച്ചത്.  മാങ്ങാടിന്റെ മാനം കാക്കാന്‍ ലീഗിലെ ഫസീലടീച്ചര്‍ ധാരാളമെന്ന് യു.ഡി.എഫ് കരുതുമ്പോള്‍ ബാലകൃഷ്ണന്‍ വധവും അമ്പല മലിനീകരണവും യു.ഡി.എഫിനെ തളര്‍ത്തിയിരിക്കുന്നതായി എല്‍.ഡി.എഫിലെ രജിതാ അശോകനും, ബി.ജെ.പിയുടെ ബിന്ദുവും കരുതുന്നു. എ.എ.പിയും രംഗത്തുണ്ട്.

 തുടര്‍ന്നും ഈ വാര്‍ഡ് യു.ഡി.എഫിനെ വരിച്ചേക്കും. നാലാം വാര്‍ഡായ അരമങ്ങാനം സ്ഥിരമായി ഇടതിനോടൊപ്പമെങ്കില്‍ തൊട്ടടുത്ത അഞ്ചാം വാര്‍ഡായ ബാര കോണ്‍ഗ്രസിനെ തുണച്ചേക്കും. മറ്റൊരു നിര്‍ണായക മല്‍സരമാണ് ആറാം വാര്‍ഡായ വെടിക്കുന്നില്‍. ഇടതിനു വേണ്ടി 2000ത്തില്‍ പ്രസിഡന്റായ എം.ലക്ഷ്മിയെ ജയിപ്പിച്ച വാര്‍ഡ് . ഇത്തവണ ലീഗിനു വേണ്ടി പോരിനിറങ്ങിയത് അവരുടെ അജയ്യനായ ഹമീദ് മാങ്ങാടാണ്.   സി.പി.എമ്മിന്റെ കുഞ്ഞികൃഷ്ണനും, ബി.ജെ.പിയും, എസ്.ഡി.പി.ഐയും സ്വരൂപിക്കുന്ന വോട്ടുകള്‍ ഫലത്തെ പ്രവചനാതീതമാക്കും. ഈ വാര്‍ഡ് ഇടതിനോടൊപ്പം നില്‍ക്കാന്‍ മടികാണിക്കില്ലെന്നാണ് പ്രവചനം.

ഏഴ്, നാലാംവാതുക്കലില്‍ കെ.എ.മുഹമ്മദ് അലി ജയിച്ചും, ബോര്‍ഡുണ്ടാക്കാന്‍ ഭുരിപക്ഷം കിട്ടിയാല്‍ യു.ഡി.എഫിനു വേണ്ടി പ്രസിഡന്റുമാകാന്‍ തയ്യാറാവുമെങ്കിലും എട്ടാം വാര്‍ഡ് എരോലില്‍ കാര്യമായ പ്രതിയോഗിയില്ലാതെ സന്തോഷ് കുമാര്‍ പഞ്ചായത്ത് പ്രസിഡന്റാകും.

2000ത്തില്‍ പിറവിയെടുക്കാത്ത വാര്‍ഡാണ് പാക്യാര. കഴിഞ്ഞ തവണ ഇടത് ജയിച്ചത് ലീഗിനെ ഏറെ ക്ഷീണത്തിലാക്കിയിരുന്നു. 2005 ല്‍ ലീഗ് നേടി. 2010ല്‍ ഇത് പട്ടിക സംവരണമായിരുന്നു. ഇടതിനുവേണ്ടി കെ.വി. രാജേന്ദ്രന്‍ പോരില്‍ ജയിച്ചു. ഇത്തവണ എങ്ങനെയും സ്വന്തമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മുസ്ലീം ലീഗ് ഏറെ പ്രതീക്ഷയിലാണ്. യു.ഡി.എഫ് പോലുമറിയാതെ ചില അടിയൊഴുക്കുകള്‍ ഇവിടെ നടന്നതും യു.ഡി.എഫില്‍ പാര പണിഞ്ഞതും, ഇപ്പോള്‍ മറനിക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നു. എങ്കിലും യു.ഡി.എഫ് പ്രതീക്ഷ കൈവിടാത്ത വാര്‍ഡാണ് പാക്യാര.10,11,12 വാര്‍ഡുകള്‍ സി.പി.എമ്മിന്റെ അടിയുറച്ചതാണ്.

13ാം വാര്‍ഡായ അങ്കക്കളരി 2005ല്‍ 323ന്റെ സ്‌കോറില്‍ ഇടതു സ്വതന്ത്രന്‍ വാര്‍ഡു സ്വന്തമാക്കിയപ്പോള്‍ ഏതിരാളിയായ മുസ്ലീം ലീഗിന് 287 വോട്ടില്‍ തൃപ്തിപ്പെടേണ്ടി വന്നു. ലീഗിന് ഏറെ സ്വാധിനമുള്ള വാര്‍ഡില്‍ 2010ലും എല്‍.ഡി.എഫ്  സീറ്റു നിലനിര്‍ത്തി. അതിന് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റായിരുന്ന നിലവിലെ പാലക്കുന്ന് ലോക്കല്‍ സെക്രട്ടറി മധു മുതിയക്കാലിന്റെ ഭഗീരഥ പ്രയത്‌നത്തിനു അവരുടെ നേതൃത്വം  നന്ദി പറഞ്ഞു. മധു ഇപ്പോള്‍ ഉദുമാ ഏരിയാ കമ്മറ്റി അംഗം.  തീപാറുന്ന പോരാട്ടത്തില്‍ അങ്കം ജയിച്ച ആസിഫിന്റെ പിന്‍തടര്‍ച്ചാവകാശിയായി എല്‍.ഡി.എഫില്‍ നിന്നും മുന്‍ മെമ്പര്‍ കൂടിയായ ഫാത്തിമത്ത് നസീറയും, യു.ഡി.എഫിനു വേണ്ടി ജമീലാ ഖാലീദും അങ്കക്കളരിയില്‍ കൊമ്പു കോര്‍ത്തു. കഴിഞ്ഞ രണ്ടു തെരെഞ്ഞെടുപ്പിലും ബിജെപിക്ക് 43 വീതമായിരുന്നു വോട്ട്. ആരാണ് അങ്കം ജയിക്കുക? പ്രവചനാതീതമാണ് മല്‍സരം.

14.മലാംകുന്ന്, 15 ബേക്കല്‍ ഇടതിനോടൊപ്പം നില്‍ക്കാന്‍ സംശയിക്കില്ലെങ്കിലും 16കോട്ടിക്കുളവും, 17 പാലക്കുന്നും, 18 കരിപ്പോടിയും 19 പള്ളവും ഇടതടവില്ലാതെ യു.ഡി.എഫിനോടൊപ്പമായിരിക്കും. 20 കൊപ്പലില്‍ എല്‍.ഡി.എഫിനു പ്രതീക്ഷയുള്ളപ്പോള്‍ ഒടുവിലായി വന്ന 21 ല്‍ പി.വി. ഭാസ്‌കരനെന്ന അതികായകനെ തോല്‍പ്പിക്കാന്‍ ഉദയമംഗലം സുകുമാരന്റെ ഡമ്മി സ്ഥാനാര്‍ത്ഥി കെ.വി. അപ്പുവിന് സാധിച്ചേക്കുമെന്നാണ് നിഗമനം. ഏറെ വ്യക്തി ബന്ധമുള്ള സ്ഥാനാര്‍ത്ഥിയാണ് ഇവിടെ ഇടതിനായി മല്‍സരിച്ച കെ.വി. ഭാസ്‌കരന്‍.

 മേലെ സൂചിപ്പിച്ച 21 വാര്‍ഡുകളോടൊപ്പം എടുത്തു പറയേണ്ട അഞ്ചു വാര്‍ഡുകളിലെ ജനമനസുകളുടെ ആഗ്രഹത്തിനൊപ്പമായിരിക്കും ഭരണം.   കഴിഞ്ഞ തവണ  ഇടതിനോട് കുറുപുലര്‍ത്തിയ ഉദുമയില്‍ വോട്ടിന്റെ കാര്യത്തില്‍ യു.ഡി.എഫിനേക്കാള്‍ പ്രകടമായ നേട്ടം കൈവരിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നില്ല.

ഏഴാം തവണയും ഭരണം നിലനിര്‍ത്താന്‍ ഇടതിനു കഴിഞ്ഞേക്കുമെന്നും, സന്തോഷ് പ്രസിഡന്റാകുമെന്നുമാണ് രാഷ്ട്രീയ പ്രവചനം. വലതുപക്ഷത്തിനു മേല്‍ക്കൈ വന്നാല്‍ നാലാം വാതുക്കലില്‍ നിന്നും ജയിച്ചു കയറിയേക്കാവുന്ന കെ.എ മുഹമ്മദലിയായിരിക്കും പ്രസിഡന്റ്. അത് സാദ്ധ്യമല്ലാതാവണമെങ്കില്‍  ലീഗിനേക്കാള്‍ സീറ്റ് കോണ്‍ഗ്രസ്സിനു കൂട്ടികിട്ടിയിരിക്കണം. ജയസാദ്ധ്യതയുള്ള ബാരയും, കോട്ടിക്കുളവും,പള്ളവും, അങ്കക്കളരിയും മാത്രമേ കോണ്‍ഗ്രസിന്റെ പട്ടികയില്‍ ജയസാദ്ധ്യതകള്‍ തെളിയുന്നവയായുള്ളു.

തര്‍ക്കമില്ലാതെ ഞങ്ങള്‍ തെരെഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെന്ന് അവര്‍ പറയുമ്പോഴും
അനൈക്യത്തിന്റെ വാള്‍ വലതുപക്ഷത്തിനിടയില്‍  തലങ്ങും വിലങ്ങും പയറ്റുന്നുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഇടതു പക്ഷത്തിന്റെ ഭാഗത്ത് പ്രസിഡന്റിന്റെ എരോല്‍ വാര്‍ഡിലെ ചില അസ്വാരസ്വങ്ങള്‍ അല്ലാതെ ഉള്‍പ്പാര്‍ട്ടിക്കകത്ത് തര്‍ക്കത്തിനുള്ള അവകാശം അനുവദിക്കുന്ന, ശക്തമായ ചട്ടക്കൂടുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ മിഷ്യനറിക്ക് പ്രവര്‍ത്തനം ഏകോപിപ്പിച്ചു കൊണ്ടു പോകാന്‍ പഞ്ചായത്ത് തല സെക്രട്ടറി  കെ.വി. ബാലകൃഷ്ണനു സാധിച്ചു.

 എന്നാല്‍  ഉദയമംഗലം സുകുമാരന്‍ കൊടുത്ത നോമിനേഷന്‍ പിന്‍വലിക്കാന്‍ ഇടയായതും, ഡമ്മി സ്ഥാനാര്‍ത്ഥി കെ.വി.അപ്പു ഒറിജിനലായതും, കരിപ്പോടിയില്‍ ബ്ലോക്ക് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയതുമെല്ലാം യു.ഡി.എഫിലെ അടിയൊഴുക്കുകളാണ്. കിംഗ് മേക്കര്‍ ചിലപ്പോള്‍ പാക്യാര വാര്‍ഡായേക്കും.
കണക്കുകള്‍ കഥ പറയുന്നു, ഉദുമ വീണ്ടും ചുവന്നേക്കും

Also Read:
ഇരുപതുകാരിയായ പലസ്തീന്‍ പെണ്‍കൊടി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറായി

Keywords:  Udma, Erol, Kottikulam, Article.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia