city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടലെടുക്കുന്ന പെന്നെഴുത്ത്

അസ്ലം മാവിലെ

(www.kasargodvartha.com 30.09.2019) മിനിഞ്ഞാന്ന് ഞാനൊരാളെ കണ്ടു, സാമാന്യം നന്നായി എഴുതുന്ന വ്യക്തി. നേരത്തെ എനിക്കയാളെയറിയാം. അത്യാവശ്യം നല്ല കയ്യക്ഷരമാണ് അയാളുടേത്. അയാള്‍ ഒന്നെഴുതാന്‍ പേനയെടുത്ത രീതി കണ്ടു എനിക്കത്ഭുതമായി. പൊതുവെ നാം പള്ളിക്കൂടത്തില്‍ നിന്നും പഠിച്ചെടുത്ത ഒരു ശൈലിയുണ്ട്. പേന പിടുത്തം, അത് അനായാസം എഴുതാന്‍ നമുക്കാവുന്നത്. സ്ട്രയിന്‍ ഇല്ലാതെ അക്ഷരം കോറിയിടുന്നത്. അത്രയും സ്ട്രയിന്‍ ഇല്ലാതെ ഒപ്പുചാര്‍ത്തുന്നത്.

ഇതങ്ങിനെയല്ല. കൗതുകത്തിന് പൂച്ചക്കുട്ടി ഒരു കൊള്ളിക്കഷ്ണം പിടിച്ച കൂട്ട്. അതും കയ്യുറക്കുന്നില്ല. കയ്യുറക്കാതിരിക്കാന്‍ അത്ര പ്രായവുമായിട്ടില്ലയാള്‍ക്ക്. ചോദിക്കാന്‍ പാടില്ലായിരുന്നു, പക്ഷെ, ഞാന്‍ ചോദിച്ചു പേനയെടുക്കാതെ കുറെ ആയല്ലേ? ആ പിടുത്തം പറയുന്നുണ്ട്.

അയാള്‍ എന്ത് മറുപടി പറയുമെന്ന് എനിക്കറിയാം. പറയാതെ അയാളുടെ മുഖവായന നടത്താനുള്ള ചെപ്പടി മരുന്നൊക്കെ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. വീണ്ടുമയാള്‍ക്ക് മന:പ്രയാസമാകരുതെന്ന് കരുതി ഞാന്‍ ശ്രദ്ധമാറ്റി, കളിതമാശ പറഞ്ഞൊഴിഞ്ഞു മാറി.

ഇനി നിങ്ങള്‍ സ്വന്തത്തിലേക്ക് കണ്ണു പായിക്കുക. ഒരു കുഞ്ഞു ഞെക്കുവിളക്ക് കത്തിച്ചു നോക്കുക. പേനയെടുക്കാതെ എത്ര നാള്‍, എത്ര ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍, ഒരൊപ്പിനല്ലാതെ... അതും നിവൃത്തിയില്ലാതെ.

അക്കാഡമിക് പഠിപ്പ് കഴിഞ്ഞാല്‍ പിന്നെ പേനയെടുക്കേണ്ടെന്ന തോന്നല്‍, ആധുനിക യന്ത്രവല്‍ക്കരണം, ഇലക്ട്രോണിക് ഡിവൈസുകളുടെ ആധിക്യം.. ഇതെല്ലാം എല്ലാവരെയും പേനയില്‍ നിന്നകറ്റി.

ശീലിച്ച നല്ല ശീലങ്ങളില്‍ ഒന്നാണ് എഴുത്തുവിദ്യ. മനുഷ്യന് മാത്രമറിയാവുന്ന, സ്വായത്തമാക്കാനുള്ള  കഴിവ്, അറിവ്, അഭ്യസ്ഥവിദ്യ. വല്ലപ്പോഴും അല്ല നിരന്തരം, എന്തെങ്കിലും കുത്തിക്കുറിക്കാന്‍, എഴുത്ത് മറക്കാതിരിക്കാനെങ്കിലും ശ്രമിക്കണം.

മുമ്പൊക്കെ കാരണവന്മാരുടെ കീശയില്‍ പോലും ഒരു ലക്ഷണമൊത്ത പേന കാണുമായിരുന്നു. അതൊരഭിമാനം. പേന പൊക്കല്‍ എന്നത് ഒരു കലാപരിപാടി പോലെ നടന്നിരുന്ന കാലവും കഴിഞ്ഞു പോയി.

ഈയിടെ വരെ കയ്യക്ഷരത്തിന് അധ്യാപകര്‍ അമിതപ്രധാന്യം നല്‍കുമായിരുന്നു. നന്നായില്ലെങ്കില്‍ ശിക്ഷ, കൂട്ടത്തില്‍ നന്നിന് സമ്മാനം, പ്രോത്സാഹനം. ഇന്നതൊന്നും എവിടെയും കേള്‍ക്കുന്നില്ല. മക്കളുടെ കയ്യക്ഷരം നന്നാകാത്തതിന് രക്ഷിതാക്കള്‍ സ്‌കൂളില്‍ ഹാജരായിരുന്ന ഒരു കാലം. 'കാക്കതൂറി' പ്രയോഗം തന്നെ കയ്യക്ഷരം നന്നാകാത്തവര്‍ക്ക് നാടന്‍മാര്‍ ചാര്‍ത്തിയ ഒരു കാലവും ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്.

ഒന്നു രണ്ടു വര്‍ഷം മുമ്പ് ഞാനൊരു ക്ലാസില്‍ കയറി. ഒരു പുതു അധ്യാപകന്‍ ബോര്‍ഡില്‍ എഴുതിത്തുടങ്ങി. ആ ലൈന്‍ തീര്‍ന്നത് മുമ്പെന്റെ തറവാട് മുറ്റത്തുണ്ടായിരുന്ന മുളന്തണ്ട് പോലെ, മാഷറിയാതെ താഴോട്ട്... വാദ്യാര്‍ക്കു പോലും കയ് നിയന്ത്രണമില്ലാതാകുന്നത് പോലെ.

സാംസ്‌ക്കാരിക കൂട്ടായ്മകള്‍ മാത്രമല്ല, കുടുംബ കൂട്ടായ്മകള്‍ ഇടക്കിടക്ക് ഹാന്‍ഡ് റൈറ്റിംഗ് മത്സരങ്ങള്‍ നടത്തണം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും. കൂട്ടത്തില്‍ പ്രോത്സാഹന സമ്മാനങ്ങള്‍ ഓഫര്‍ ചെയ്യണം. ഇല്ലെങ്കില്‍ ഞാന്‍ മിനിഞ്ഞാന്ന് കണ്ട ദുരന്തക്കാഴ്ച ഇനി മുതല്‍ നിങ്ങളും കണ്ടുകൊണ്ടേയിരിക്കും. ഇനി മുതലായിരിക്കുമല്ലോ നിങ്ങളും ഇതൊക്കെ ശ്രദ്ധിച്ചു തുടങ്ങുക.

കുറിവാക്ക്:
ഞാനൊരു ലിങ്ക് തരാം.  ആ നീണ്ട ടെക്സ്റ്റ് തുടങ്ങുന്നത് ഇങ്ങിനെ: The way you dot your 'i's' and cross your 't's' could reveal more than 5,000 different personaltiyt raits. ( i എന്ന ചെറിയക്ഷരത്തിന്റെ മുകളിലെ കുത്തും t എന്നക്ഷരത്തിന് കുറുകെയുള്ള വെട്ടും, ഇവ രണ്ടും കുറിക്കുന്ന രീതി, 5000 ലധികം വ്യക്തിത്വ സ്വഭാവ വിശേഷണങ്ങളുടെ കലവറയാണ് തുറക്കുന്നത്. ഇനി താഴെ കാണുന്ന ലിങ്ക് തുറന്ന് വായിക്കുക.
 https://www.rd.com/advice/work-career/handwriting-analysis/

കടലെടുക്കുന്ന പെന്നെഴുത്ത്


Keywords:  Kerala, Article, Aslam Mavile, Writer, About Pen

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia