city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓര്‍മ്മയിലെ നിറവസന്തം; അങ്ങിനെയും ചില അധ്യാപകർ

അസീസ് പട്ള

(www.kasargodvartha.com 20.01.2022) അധ്യാപകർ തങ്ങളുടെ ശിഷ്യമനസ്സിലെ ചിരപ്രതിഷ്ഠരാകുന്നതിന് നിദാനമായ ചില സംഭവങ്ങളുടെ നേർസാക്ഷിയാണ് ഈയുള്ളവൻ. ഒട്ടുമിക്ക അധ്യാപകരും ആ ഗണത്തിൽപ്പെടുമെങ്കിലും ചിലർ അധ്യാപന കർമ്മപഥത്തിൽ നിന്നു ഒരുപടി താഴെയിറങ്ങി തങ്ങളുടെ ശിഷ്യന്മാർക്ക് സുരക്ഷിത കവചവും സ്നേഹവായ്പ്പിന്റെ കരുതലും മനസ്സ് കൊണ്ടുള്ള ശുശ്രൂഷയും പകർന്നു നൽകൂമ്പോൾ ഈ ലോകം കൈപ്പിടിയിലൊതുക്കിയ പ്രതീതിയും ആത്മവിശ്വാസവുമാവും കുട്ടികളിൽ അനുഭവേദ്യമാകുന്നത്., അവർ തന്നെയാകും ഭാവിയിലെ കരുത്താർന്ന ദേശനിർമ്മിതിയുടെ പ്രയോക്താക്കളും.
       
ഓര്‍മ്മയിലെ നിറവസന്തം; അങ്ങിനെയും ചില അധ്യാപകർ

ടി.ഐ.എച്ച്.എസ് (നായന്മാര്‍മൂല) എട്ടാം തരം ക്ലാസ് ടീച്ചർ എം സി ശേഖരൻ നമ്പ്യാർ സാറും ഹിന്ദി ഭാഷാധ്യാപകൻ പി കുഞ്ഞിരാമൻ സാറും അത്തരം ചില ഗുണമേന്മകളിലാണ് വ്യതിരക്തരാകുന്നത്.

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, ആ വര്‍ഷത്തെ കാസര്‍ഗോഡ്‌ ജില്ലാ കായികോത്സവം നീലേശ്വരം രാജാസ് ഹൈസ്കൂളില്‍ വെച്ചായിരുന്നു, ജൂനിയര്‍ വിഭാഗത്തില്‍ ഈയുള്ളവനും സെലെക്റ്റ് ചെയ്യപ്പെട്ടു, കലാ-കായിക രംഗത്തെ മികവ് തെളിയിച്ച നല്ല ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അന്ന് ആ സ്കൂളിന്‍റെ മുതല്‍ക്കൂട്ടായിയിരുന്നു, ഇന്നും തുടരുന്നുണ്ടാവാം. ഉണ്ടാവട്ടെ..

എന്‍റെ ഐറ്റം നൂറും, നാനൂറും മീറ്റര്‍ ഓട്ടം, പിന്നെ നാനൂറു മീറ്റര്‍ റിലേ, നാലു പേരുള്ളതിനാല്‍ റിലേയിൽ നൂറു മീറ്റർ ഓട്ടം മതി. പിന്നെ ഹൈ ജംപും. ഇരുപതോളംവരുന്ന ആണ്‍കുട്ടികളെ മാത്രം സജ്ജമാക്കിയ ഒരു സംഘം നാല് അദ്ധ്യാപകരുടെ കീഴില്‍ അണിനിരന്നു, സ്പോര്‍ട്സില്‍ അതീവതല്‍പരനായ ഹെഡ്മാസ്റ്റര്‍ (പരേതനായ എം പി ചാക്കോ സാർ) എല്ലാവരെയും അടിമുടി നിരീക്ഷിച്ചു, വികൃതി കാണിക്കാതെ അനുസരണയുള്ള കുട്ടികളാവാന്‍ പ്രത്യേകം ഉപദേശിച്ചു., ഞങ്ങളുടെ സംഘത്തലവന്‍ സാക്ഷാല്‍ ശേഖരന്‍ നമ്പ്യാര്‍ സാര്‍ ആയിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് ഗുരു മാത്രമായിരുന്നില്ല, ഒരൊന്നാന്തരം കൂട്ടുകാരനും, അത് കൊണ്ട് തെന്നെയാണ് ഓര്‍മ്മച്ചെപ്പില്‍ അവര്‍ക്കുള്ള സ്ഥാനം ഔന്നത്യത്തിൽ നിറയുന്നത്.

പത്താം ക്ലാസ്സിലെ ജവാഹറും, പ്രേമകുമാരനും, ബക്കാറും എട്ടാം ക്ലാസ്സിലെ ഞാനും മൂഹമ്മദാലിയും രാത്രിഭക്ഷണം കഴിഞ്ഞു താമസിക്കാൻ ഏർപ്പാടാക്കിയ സ്കൂൾ മുറിയിലേക്ക് തിരിക്കുമ്പോൾ അടുത്തുള്ള 'നിത്യാനന്ദ' സിനിമ കൊട്ടകയിൽ പ്രദർശനം തുടരുന്ന, ഞങ്ങളുടെ ചിരകാല ഹീറോയായ ജയന്റെ 'മധുരം തിരുമധുരം' സിനിമയുടെ പോസ്റ്ററിൽ ഉടക്കി.

സിനിമ കാണാൻ എല്ലാവർക്കും താൽപ്പര്യമുണ്ട്, പക്ഷേ.. ശേഖരൻ സാറിനോട് ആര് സമ്മതം ചോദിക്കും?. സെക്കൻഡ് ഷോ ആയതിനാൽ സർ സമ്മതിക്കൂല എന്നു പറഞ്ഞു മുതിർന്ന കുട്ടികൾ ഒഴിഞ്ഞുമാറി. സിനിമയോട് അക്കാലത്ത് എനിക്കുണ്ടായിരുന്നു അതീവഭ്രമം ശേഖരൻ സാറിന്റെ സമ്മതം ചോദിക്കാൻ നിർബന്ധിതനാക്കി.

രാവിലത്തെ സ്പോർട്സ് ഷെഡ്യൂൽ ക്രമപ്പെടുത്തി കുഞ്ഞിരാമൻ സാറിനോട് സംസാരിച്ചിരിക്കുകയാണ് ശേഖരൻ സർ, ഞാൻ വാതിലിന് പുറത്തു നിന്നു ഒന്നു പരുങ്ങി, എന്റെ പിന്നാലെ സീനിയേർസും.. കണ്ടയുടെ സാറിന്റെ സ്വതസിദ്ധമായ ശൈലിയിൽ 'എന്തുവാടോ' എന്ന സ്ഥിരം ചോദ്യം തൊടുത്തുവിട്ടു, എന്റെ പരുങ്ങലിൽ പന്തികേട് തോന്നിയ അദ്ദേഹം വരാന്തയിൽ വന്നു.. ഞാൻ മെല്ലെ കാര്യം അവതരിപ്പിച്ചു..

ഞാൻ മാത്രമല്ല, സീനിയേർസിനെ ചൂണ്ടി അവരും ഉണ്ടെന്നു പറഞ്ഞു, അവരെയും സാർ ഒന്നിരുത്തി നോക്കി, ചിലർ പില്ലറിനു ഇരുളിൽ മുഖം മറച്ചു.. സർ ഒന്നിരുത്തി മൂളി സീനിയർമോസ്റ്റായ ബക്കറിനെ ചില ഉപാധികളോടെ ഉത്തരവാദിത്വം ഏൽപ്പിച്ചു, സിനിമയ്ക്ക് പോകാൻ നേരം എന്റെ പോക്കറ്റിൽ കാശില്ല, മറ്റുള്ളവരെ അറിയിയ്ക്കാനും ഒരു ജാള്യത, വീണ്ടും ശേഖരൻ സാറിനെ കണ്ടു പത്തു രൂപ കടം വാങ്ങി, അദ്ദേഹം സന്തോഷപൂർവ്വം കാശ് തന്നു തോളിൽ തട്ടി വിട്ടു, സ്കൂളിൽ തിരിച്ചെത്തിയ അന്നു തന്നെ അദ്ദേഹത്തെ ആ സംഖ്യ നന്ദിപൂർവ്വം എൽപ്പിക്കുകയുണ്ടായി.

അതൊക്കെ ഓർക്കുമ്പോൾ ഇന്നും ഒരു സുഖം, വല്ലാത്ത ഒരനുഭൂതി.. വെക്കേഷന് പോകുമ്പോൾ നേരിൽ കാണാൻ ശ്രമിക്കാറുണ്ട്, ശേഖരൻ സർ ചെർക്കള ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി വിരമിച്ചു, ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാസർകോട് നഗരസഭയിലേക്ക് വിദ്യാനഗറിലെ പത്താം വർഡിൽ നിന്നും മൽസരിച്ചിരുന്നു, കുഞ്ഞിരാമൻ സർ സ്ഥിരതാമസമായ കുറ്റിക്കോലിൽ നിന്നും പയ്യന്നൂരിലേക്ക് താമസം മാറ്റിയിരുന്നു.

Keywords:  Article, Teachers, Memorial, School, Children, Students, TIHSS Naimaramoola, Memories of Teachers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia