city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഒരു കുഞ്ഞിനെങ്കിലും ഹാനികരമാണ് ഈ കീടനാശിനിയെങ്കില്‍'

'ഒരു കുഞ്ഞിനെങ്കിലും ഹാനികരമാണ് ഈ കീടനാശിനിയെങ്കില്‍'
2011 ഏപ്രില്‍ 29ന് സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ എന്‍ഡോസള്‍ഫാന് ആഗോള നിരോധനം പ്രഖ്യാപിച്ചുവെങ്കിലും ഇന്ത്യയില്‍ അതുസംബന്ധിച്ച അന്തിമതീര്‍പ് ഇനിയും ഉണ്ടായിട്ടില്ല. രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ചെലവഴിച്ചുതീരുന്നതുരെ ഇന്ത്യയില്‍ അതിന്റെ ഉപയോഗം നിരോധിക്കരുതെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ നവംബര്‍ 29ന് വരാനിരിക്കുന്ന സുപ്രീകോടതി വിധി നിര്‍ണായകമാണ്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടങ്ങളുടെ നാള്‍വഴികളിലേക്കും വരാനിരിക്കുന്ന കോടതിവിധിയുടെ പ്രാധാന്യത്തിലേക്കും വെളിച്ചംവീശുന്ന ഒരു ലേഖനമാണ് നവംബര്‍ 28ന് മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാനെതിരായ പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍ എം.എ. റഹ്മാന്‍ എഴുതിയ ലേഖനം ചുവടെ.

കാസര്‍കോട്ടെ കുഞ്ഞുങ്ങള്‍ സുപ്രീംകോടതിയോട് കേഴുന്നു

‘ഭാരതത്തില്‍ ജനിക്കുന്ന ഒരു കുഞ്ഞിനെങ്കിലും ഹാനികരമാണ് ഈ കീടനാശിനിയെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയോട് ബാധ്യതയുള്ള സുപ്രീംകോടതിക്ക് അത് നിരോധിക്കാതിരിക്കുന്നതിനോട് കൂട്ടുനില്‍ക്കാനാവില്ല’
2011 മേയ് 13ന് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുള്ള സുപ്രീംകാടതിയുടെ ഇടക്കാല വിധിയില്‍ ചീഫ് ജസ്റ്റിസ് കപാഡിയയുടെ വാക്കുകളാണിത്. 2003ല്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് ഹൈകോടതി ജസ്റ്റിസ് ശ്രീകൃഷ്ണ നല്‍കിയ വിധിയിലും മനുഷ്യന്‍െറയും ജീവജാലങ്ങളുടെയും ജീവന്‍ വിലപ്പെട്ടതാണെന്ന സന്ദേശം ഉയര്‍ന്നുനിന്നു. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങളുടെ തുടക്കത്തില്‍ 2001ല്‍ എം.കെ. ലീലാകുമാരി നല്‍കിയ കേസില്‍ ഹൊസ്ദുര്‍ഗ് മുന്‍സിഫ് മായാവതി നല്‍കിയ വിധിയില്‍ ഇങ്ങനെ പറഞ്ഞു: ‘പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഹൃദയശൂന്യനായ ഒരു വ്യവസായിയെപ്പോലെ പെരുമാറരുത്. ഇത് ഒരു പൊതുസ്ഥാപനമാണ്. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം.’
കാസര്‍കോട്ടെ കുഞ്ഞുങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് നവംബര്‍ 29ന് വരാനിരിക്കുന്ന സുപ്രീംകോടതി വിധിയിലേക്കാണ്. തങ്ങളുടെ അമ്മമാരുടെ ഗര്‍ഭപാത്രങ്ങളെ സുരക്ഷിതമാക്കുന്ന ഒരു ആത്യന്തിക വിധിക്കായി അവര്‍ കേഴുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്ള്‍ 21 പ്രകാരമുള്ള അന്തസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കാനുള്ള ഒരു ജനതയുടെ അവകാശത്തെ നീതിപീഠങ്ങള്‍ അനുവദിച്ചപ്പോഴൊക്കെ ഭരണകൂടം തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിഷംവിറ്റ് മരണവ്യാപാരികളുടെ റോളില്‍ സസുഖം വാഴുകയായിരുന്നു. എന്നാല്‍, 2011 ഏപ്രില്‍ 29ന് സ്റ്റോക്ഹോം കണ്‍വെന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ ആഗോളനിരോധം സാധ്യമാക്കിയതോടെ മരണവ്യാപാരികള്‍ ഞെട്ടാന്‍ തുടങ്ങി. ധാര്‍മികതയുണ്ടെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന് ഒരു ബില്ലിലൂടെ എപ്പോഴേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാമായിരുന്നു. എന്നാല്‍, ഉല്‍പാദകന്‍െറ കൂടി റോളുള്ള ഇന്ത്യന്‍ ഭരണകൂടത്തിന് കച്ചവട താല്‍പര്യം മാത്രമേയുണ്ടായിരുന്നുള്ളൂ. യു.എന്‍ നല്‍കിയ അന്താരാഷ്ട്ര പ്രോട്ടോകോളിന്‍െറ ബലത്തില്‍ ഇനി അഞ്ചോ പതിനൊന്നോ വര്‍ഷം കടിച്ചുതൂങ്ങി നില്‍ക്കാമെന്നവര്‍ സ്വപ്നം കാണുമ്പോഴാണ് ഡി.വൈ.എഫ്.ഐ എന്ന യുവജനസംഘടന, കേരളത്തില്‍ ഈ വിഷമുണ്ടാക്കിയ മാരകാവസ്ഥ ചൂണ്ടിക്കാട്ടി എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നിരോധിക്കാന്‍ സുപ്രീംകോടതിയിലെത്തിയത്. ഭരണകൂടം തന്നെയായിരുന്നു പ്രതി. എന്നാല്‍, ഭരണകൂടം നല്‍കുന്ന ഓരോ സത്യവാങ്മൂലവും എന്‍ഡോസള്‍ഫാന്‍ രോഗകാരിയോ മരണകാരിയോ അല്ലെന്നും അത് നിരോധിക്കത്തക്ക ‘കീടനാശിനി അടിയന്തരാവസ്ഥ’ ഇന്ത്യയിലില്ലെന്നും പറയുന്നു. അതിനായി, ഇന്ത്യയിലെ പരമോന്നത ആരോഗ്യ ശാസ്ത്രജ്ഞരുള്ള ഐ.സി.എം.ആറി (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്)നെയും പരമോന്നത കാര്‍ഷിക ശാസ്ത്രജ്ഞരുള്ള ഐ.സി.എ.ആറി (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്)നെയും അവര്‍ ആവശ്യാനുസരണം ഉപയോഗിച്ച് കോടതിയില്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കിക്കൊണ്ടിരുന്നു. കേന്ദ്ര മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശപ്രകാരം നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷനല്‍ ഹെല്‍ത്ത് തയാറാക്കിയ ജനിതക രോഗങ്ങളുടെ കാരണം എന്‍ഡോസള്‍ഫാനാണെന്ന പ്രഥമ ആധികാരിക എപിഡെമിയോളജി റിപ്പോര്‍ട്ടുപോലും തമസ്കരിക്കപ്പെട്ടു. കഴിഞ്ഞ ഒന്നരദശകമായി നടന്നുകൊണ്ടിരിക്കുന്ന ഈ വ്യാജ സത്യവാങ്മൂല വ്യവസായത്തില്‍ കേരളത്തിന്‍െറ വടക്കും തെക്കുമുള്ള പ്രാദേശിക കൃഷിശാസ്ത്രജ്ഞരും ഇന്ദ്രപ്രസ്ഥത്തില്‍ വിഹരിക്കുന്ന വമ്പന്‍സ്രാവുകളും ഒരുപോലെ പങ്കാളികളായിരുന്നു.
2011ലെ ആഗോള നിരോധംവരെ എപ്പോഴും എന്‍ഡോസള്‍ഫാന്‍ തന്നെ ജയിക്കുന്നത് നീതിപീഠങ്ങള്‍ക്ക് നിസ്സഹായമായി നോക്കിനില്‍ക്കേണ്ടിവന്നു. എന്നാല്‍, ഈ കേസില്‍ പത്തുവര്‍ഷത്തിനുശേഷം ഐ.സി.എം.ആറിനോട് കാസര്‍കോട്ടെ സ്ഥിതിയെന്താണെന്ന് പഠിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. അങ്ങനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി ഹെല്‍ത്ത് വിഭാഗത്തിന് ആ ഉത്തരവാദിത്തം കൈവരുന്നത്. അതിലെ കണ്ടെത്തലും എന്‍ഡോസള്‍ഫാനെ കുറ്റവാളിയാക്കിയപ്പോള്‍ പ്രാദേശിക കൃഷിശാസ്ത്രജ്ഞരും കീടശാസ്ത്രജ്ഞരും സര്‍ക്കാറിന്‍െറ ആരോഗ്യവകുപ്പും അതിനെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തി. നെഞ്ചംപറമ്പിന്‍െറ താഴ്വാരത്തെ കൈത്തോടിന്‍െറ കരയില്‍ കണ്ണില്ലാതെ പിറന്ന കുട്ടി മലയാളികളെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്. നെഞ്ചംപറമ്പിലെ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം ആ കീടനാശിനിയെ കുറ്റവാളിയാക്കുമെന്നറിയാവുന്ന കീടശാസ്ത്രജ്ഞരും കൃഷിശാസ്ത്രജ്ഞരും ആരോഗ്യവകുപ്പ് തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കുമേല്‍ ഒരു ആധികാരികതയുമില്ലാതെ അവിശ്വാസം രേഖപ്പെടുത്തുന്ന കളികളുടെ ആവര്‍ത്തനമായിരുന്നു ഇക്കാലമത്രയും. ഐ.സി.എം.ആര്‍ തയാറാക്കുന്ന ആരോഗ്യ റിപ്പോര്‍ട്ടുകള്‍ ഐ.സി.എ.ആര്‍ എന്ന അഗ്രി ബിസിനസ് ശൃംഖലയിലൂടെ കോടതിയിലെത്തുമ്പോള്‍ പല മറിമായവും സംഭവിച്ചു. ഇന്ത്യ ഇന്‍സെക്ടിസൈഡ് ആക്ട് പ്രകാരം ഇന്നും ഐ.സി.എ.ആറിനാണ് പരമാധികാരം. കാലഹരണപ്പെട്ട ഒരു ആക്ടാണത്. ഇതിനെ മറികടക്കാന്‍ ഇന്‍സെക്ടിസൈഡ് മാനേജ്മെന്‍റ് ബില്‍ വരുമെന്ന് കേട്ടെങ്കിലും അത് ഇന്നും പാര്‍ലമെന്‍റിലെത്തിയില്ല. ആരോഗ്യ പ്രശ്നങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ട ഐ.സി.എം.ആര്‍ പലപ്പോഴും നോക്കുകുത്തിയാവുകയായിരുന്നു. അതുകൊണ്ടുതന്നെ ഐ.സി.എ.ആറിന്‍െറ വ്യവസായ താല്‍പര്യങ്ങള്‍ ജയിച്ചു. കീടനാശിനി ഉല്‍പാദകരും കൃഷിശാസ്ത്രജ്ഞരും ബ്യൂറോക്രാറ്റുകളും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ട് അതിന്‍െറ ജൈത്രയാത്രതുടര്‍ന്നു. അങ്ങനെ വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളില്‍ കോടതി ആവശ്യപ്പെട്ട കാര്യങ്ങള്‍ പ്രതിപാദിക്കാതെ അവ്യക്തത നിറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി കഴിഞ്ഞ ആഗസ്റ്റില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് വ്യക്തമാക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് അതിനെ തള്ളിക്കളഞ്ഞത് ഇന്ത്യന്‍ നീതിന്യായ വകുപ്പിന്‍െറ ധാര്‍മികത ഉയര്‍ത്തിക്കാട്ടി.
കഴിഞ്ഞ ഒന്നര ദശകമായി ഈ ലോബി നടത്തിക്കൊണ്ടിരിക്കുന്ന ഒളിച്ചുകളി ബോധ്യമായതിനാല്‍ കോടതിതന്നെ പുതിയൊരു വിദഗ്ധ സമിതിക്ക് രൂപംനല്‍കി. എന്‍ഡോസള്‍ഫാന്‍ മനുഷ്യനും പരിസ്ഥിതിക്കും ദോഷമുണ്ടാക്കുന്നതാണോ എന്ന കോടതിയുടെ ചോദ്യത്തിന് ഇതുവരെ വന്ന റിപ്പോര്‍ട്ടുകള്‍ മറുപടി പറയാതിരുന്നത് എന്‍ഡോസള്‍ഫാനെ രക്ഷിക്കാനാണെന്ന് ഇന്ന് നിയമവൃത്തങ്ങള്‍ക്കറിയാം. അതിനാല്‍, പുതിയ കമ്മിറ്റിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിനെയും മറ്റു വിദഗ്ധ ശാസ്ത്രജ്ഞരെയും കേന്ദ്ര പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തലവനെയും ഉള്‍പ്പെടുത്തി ഉന്നതനീതിപീഠം ആധികാരികമാക്കി . ഈ കമ്മിറ്റിയുടെ മുന്നിലേക്കാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ റെമഡിയല്‍ സെല്‍ അസിസ്റ്റന്‍റ് നോഡല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അഷീലിനെ ക്ഷണിച്ചത്. തനിക്കുകിട്ടിയ പത്തുമിനിറ്റുകൊണ്ട് ആധികാരിക പഠനങ്ങള്‍ ഉപയോഗപ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് സമര്‍ഥിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നത് കഴിഞ്ഞ 20ന് സുപ്രീംകോടതിയില്‍ ഈ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ കടന്നുപോവുമ്പോള്‍ വ്യക്തമാവുന്നു. കോടതിയില്‍ അവതരിപ്പിക്കപ്പെട്ട ഈ റിപ്പോര്‍ട്ടില്‍, ഉന്നത നീതിപീഠംതന്നെ നിയോഗിച്ച ഇന്ത്യയിലെ ആധികാരിക വിദഗ്ധ സമിതി മറ്റാര്‍ക്കും തിരുത്താനാവാത്തവിധം എന്‍ഡോസള്‍ഫാന്‍ അര്‍ബുദവും മറ്റനേകം ജനിതക വൈകല്യങ്ങളും ഉണ്ടാക്കുന്നുവെന്ന് അസന്ദിഗ്ധമായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഇതുപോലെ ഹാനികരമായ നിരവധി കീടനാശിനികള്‍ ഉപയോഗത്തിലുള്ളതിനാല്‍ എന്‍ഡോസള്‍ഫാനുമാത്രം വിലക്കേര്‍പ്പെടുത്തുന്നതില്‍ ന്യായമില്ലെന്നും അതുകൊണ്ട് എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ രണ്ടുവര്‍ഷം കൂടി നല്‍കണമെന്നുമുള്ള വിചിത്ര പ്രസ്താവനകളും ഈ റിപ്പോര്‍ട്ടിലുണ്ട്. ഒരു അതിക്രമത്തെ മറ്റൊരു അതിക്രമംകൊണ്ട് നേരിടുന്നതിനു തുല്യമാണിത്. മുന്‍കാലങ്ങളില്‍ അവ്യക്തമായ ഉത്തരങ്ങള്‍ നല്‍കി കോടതിയെ കുഴക്കിയ കമ്മിറ്റികളിലെ പ്രതിനിധികള്‍കൂടി ചേര്‍ന്നതാണ് ഈ വിദഗ്ധ സമിതിയും. വീണ്ടും കോടതിയെ ആശയക്കുഴപ്പത്തിലാക്കുന്ന നിര്‍ദേശം അവരുടെ വകയായിരിക്കണം. എന്നാല്‍, ഈ നിര്‍ദേശം കോടതി സ്വീകരിക്കണമെന്നില്ല. മറിച്ച് ഈ നിര്‍ദേശത്തിലെ അശാസ്ത്രീയത കണ്ടെത്താന്‍ കോടതിക്ക് എളുപ്പം കഴിയും. കാരണം, ഇപ്പോള്‍ ഇന്ത്യയില്‍ ഉല്‍പാദകരുടെ കൈവശം ബാക്കിവന്ന 50 ലക്ഷം ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കാനാവശ്യമായ എക്സാ ക്ളോറോസൈക്ളോപെന്‍േറഡിന്‍ എന്ന അസംസ്കൃത വസ്തു നശിപ്പിക്കാന്‍ കമ്പനികള്‍ക്ക് വരുന്ന ചിലവ് 1100 കോടി ഇന്ത്യന്‍ രൂപയാണ്. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലെ നിത്യരോഗികളായ 5000ത്തിലധികം പേരുടെയും 700നും ആയിരത്തിനുമിടയില്‍ വരുന്ന മരിച്ചവരുടെയും ജീവിതത്തിനും മറ്റു കഷ്ടനഷ്ടങ്ങള്‍ക്കും വിലയിട്ടാല്‍ 1100 കോടി ഒന്നുമല്ല. ഈ 1100 കോടി കമ്പനികള്‍ക്ക് ലാഭിക്കാനാണ് പഴയ കമ്മിറ്റിയുടെ അവശിഷ്ടങ്ങളില്‍പെട്ടവര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതി കോടതിയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കുന്നത്. ബാക്കിവരുന്ന എന്‍ഡോസള്‍ഫാന്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അടിച്ചുതീര്‍ക്കണം എന്നു നിര്‍ദേശിച്ച് ലേബലുകളില്‍ എഴുതിവെച്ചാലും രണ്ടുവര്‍ഷം കഴിഞ്ഞും കര്‍ഷകരുടെ കൈയില്‍ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ ആര് നശിപ്പിക്കുമെന്ന നൈതിക ചോദ്യം ഉയര്‍ന്നുവരുന്നു. അപ്പോഴും കമ്പനിയുടെയല്ല കര്‍ഷകരുടെ തലയിലാണ് ആ ഭാരം വീഴുന്നത്. മറ്റൊരു പാരിസ്ഥിതിക പ്രശ്നമില്ലാത്തതിനാല്‍ കമ്പനികള്‍ നഷ്ടംവഹിച്ച് ഇതിനെ നശിപ്പിക്കണമെന്നൊരു നിര്‍ദേശമാണ് നാം കോടതിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്.
എന്നാല്‍, ഇതിന്‍െറ പേരില്‍ ഈ റിപ്പോര്‍ട്ട് മുഴുവനായും തള്ളിക്കളയണമെന്ന് പന്ന്യന്‍ രവീന്ദ്രനെയും സി. ദിവാകരനെയും പോലുള്ള പൊതുപ്രവര്‍ത്തകര്‍ പറയുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ജനിതക വൈകല്യവും അര്‍ബുദവുമുണ്ടാക്കുന്നു എന്ന് തെളിയിക്കുന്ന, കോടതിയിലെത്തുന്ന ആദ്യത്തെ റിപ്പോര്‍ട്ട്, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക് നല്‍കുന്ന ആനുകൂല്യങ്ങളെപ്പറ്റി മറന്നുപോകുന്നു. ഇത്തരം ലളിതവത്കരണം ഉണ്ടാകുന്നത് എന്‍ഡോസള്‍ഫാന്‍ കശക്കിയെറിഞ്ഞ ഇരകളുടെ ഭാവിയെപ്പറ്റി ആശങ്കയില്ലാത്തതുകൊണ്ടാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഈ രണ്ടുപേരും നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കായിരുന്നു പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ചുമതല. പ്ളാന്‍േറഷന്‍ ഇതിലെ ഒന്നാംപ്രതിയായിരുന്നിട്ടും അന്നത്തെ അതിന്‍െറ ചെയര്‍മാന്‍ ടി.ജെ. ആഞ്ചലോസ് അവസാനംവരെ പ്ളാന്‍േറഷന്‍ കോര്‍പറേഷനെ കുറ്റമുക്തമാക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്ത് നടന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി പ്രതിനിധികളുടെ യോഗത്തില്‍ പുനരധിവാസത്തില്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ അതിന്‍െറ പങ്കുവഹിക്കുമെന്ന് പറഞ്ഞെങ്കിലും വാക്കുപാലിച്ചില്ല. ആ വര്‍ഷം 73 കോടി രൂപയായിരുന്നു പ്ളാന്‍േറഷന്‍െറ ലാഭം. 82 കോടി രൂപ പാട്ടം ഇനത്തില്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ സര്‍ക്കാറിലേക്ക് കുടിശ്ശിക അടക്കാനുമുണ്ടായിരുന്നു. എന്നിട്ടും ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച ആശ്വാസ ധനം നല്‍കാന്‍ അന്ന് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ മുന്നോട്ടുവന്നില്ല. ടി.ജെ. ആഞ്ചലോസ് മാറി പ്രഫ. വര്‍ഗീസ് ജോര്‍ജ് പ്ളാന്‍േറഷന്‍ ചെയര്‍മാനായി വന്നപ്പോഴാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച ആശ്വാസധനത്തില്‍ ആദ്യഗഡുവായി 27 കോടി രൂപ കാസര്‍കോട്ടെ ഇരകള്‍ക്ക് നല്‍കിയത്. നാളെ ഇരകള്‍കള്‍ക്ക് നഷ്ടപരിഹാരം വാങ്ങാനുള്ള നടപ്പാലമാണ് ആശ്വാസ ധനം. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ‘എന്‍ഡോസള്‍ഫാന്‍ മനുഷ്യന്‍െറ ആരോഗ്യത്തിന് ഹാനികരമാണ്’ എന്ന കണ്ടെത്തല്‍ മാത്രംമതി ഇനി ഇരകള്‍ക്ക് നഷ്ടപരിഹാര കേസ് ഫയല്‍ചെയ്യാന്‍. മാത്രമല്ല, കേരളത്തിന് കേന്ദ്രം അനുവദിച്ച എപിഡെമിയോളജി പഠനസൗകര്യമടക്കമുള്ള കേന്ദ്ര മെഡിക്കല്‍ കോളജ് എവിടെയാണ് സ്ഥാപിക്കേണ്ടതെന്ന ചോദ്യത്തിനും ഈ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉത്തരം തരുന്നു. അതിന് കേരളത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമായ, സുപ്രീംകോടതി വിദഗ്ധസമിതി അംഗീകരിച്ച ആയിരക്കണക്കിന് ജനിതകരോഗികളുള്ള കാസര്‍കോടല്ലാതെ മറ്റെവിടെയാണ് യോജ്യം. കാസര്‍കോട്ടെ കുഞ്ഞുങ്ങള്‍ നവംബര്‍ പത്തുമുതല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പോസ്റ്റു കാര്‍ഡുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. അത് പതിനയ്യായിരം കവിഞ്ഞു. ഓരോ ജീവനും വിലപ്പെട്ടതാണെന്നും ഞങ്ങളുടെ അമ്മമാരുടെ ഗര്‍ഭപാത്രം സുരക്ഷിതമാക്കൂ എന്നും കാസര്‍കോട്ടെ കുഞ്ഞുങ്ങള്‍ ഉന്നത നീതിപീഠത്തോട് കേണുകൊണ്ടിരിക്കുന്നു, നിശ്ശബ്ദമായി.

Keywords:  Kasaragod, Child, Court, Endosulfan, Article, News, M.A. Rahman, Madhyamam, Riport

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia