ഐസിയു എന്ന തടവറയില്‍ നിന്ന് രക്ഷിക്കണേ!
Nov 9, 2011, 12:40 IST
ഐസിയു എന്ന ജയിലിലായപ്പോള്‍ ഇതൊന്നും അവന് ചെയ്യാന്‍ പറ്റിയില്ല. അവന് വേദന സഹിച്ചു. ആരോടും മിണ്ടാനും പറയാനും കഴിയാതെ ഒറ്റപ്പെട്ട് അന്ത്യശ്വാസം വലിച്ചു. അന്ത്യശ്വസം വലിക്കുന്നത് കാണാന്‍ വരെ കൂടപ്പിറപ്പുകള്‍ക്കോ, ബന്ധുക്കള്‍ക്കോ, സാധിച്ചില്ല. ഒരു സമാശ്വാസ നോട്ടം പോലും ലഭിക്കാതെ, നിസ്സഹായനായി അവന് യാത്രയായി. ഡോക്ടറും, ആശുപത്രി അധികൃതരും എന്തിനിങ്ങനെ ചെയ്തുവെന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട രണ്ട് അകന്ന ബന്ധുക്കളുടെയും മരണവും അവിടുത്തെ ഐസിയൂവിലായിരുന്നു. മനസ്സിനകത്ത് പറയാന്‍ ബാക്കിവെച്ച ഒട്ടേറെ കാര്യങ്ങള്‍ ബന്ധുജനങ്ങളോട് പങ്കിടാന്‍ കഴിയാതെ അവരും മരണത്തിലേക്ക് നീങ്ങി.
ഐസിയുവില്‍ കയറ്റിയാല്‍ പുറത്തു കാവല്‍ നില്ക്കുന്ന ബന്ധുക്കളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും. അകത്ത് ചെന്ന് കാണാനുളള മോഹവുമായി നിരവധി തവണ വാച്ച്മാനോട് യാചിക്കും. സമയമായില്ല അഞ്ചു മണിക്ക് കയറ്റാമെന്ന് സൌമ്യമായി മറുപടി കിട്ടും. ചിലപ്പോള്‍ അസഹ്യമായിത്തോന്നിയാല് കയര്‍ക്കുകയും ചെയ്യും. ഒരു തവണ അറ്റാക്ക് വന്നപ്പോള്‍ ഐസിയുവേന്ന ജയിലില്‍ എന്നെയും കിടത്തി. എനിക്ക് ഒരു കുഴപ്പവുമില്ലെന്ന് പൂര്‍ണ്ണമായി ബോധ്യമുണ്ട്. സംസാരിക്കുന്നതിനോ, എഴുന്നേറ്റ് നടക്കുന്നതിനോ ഒരു പ്രശ്നവുമില്ല. ദേഹം ചലിച്ചു കൂടെന്നും, സംസാരിച്ചു കൂടെന്നും നിര്‍ദ്ദേശം തന്ന് വാര്‍ഡില്‍ തന്നെ കിടത്തിയാലെന്താ കുഴപ്പം?
രോഗിക്കാണല്ലോ, തന്റെ ജീവന് നിലനിര്‍ത്തണമെന്ന ആഗ്രഹം കൂടുതലുണ്ടാവുക? ഐസിയുവില്‍ കിടക്കുന്ന ഞാന്‍ സന്തോഷവാനായിരുന്നു. പക്ഷെ എന്നെ കാണാന്‍ വരുന്നവര്‍ ഗ്ളാസ്സിനടുത്ത് വന്ന് നില്ക്കുന്നതും, അവരുടെ ദു:ഖ പൂര്‍ണ്ണമായ മുഖവും എന്റെ ശ്രദ്ധയില്‍ പെടുന്നുണ്ട്. ഐസിയുവില്‍ കിടത്തിയാല്‍ രോഗത്തിന്റെ തീക്ഷ്ണത മനസ്സിലാക്കാം. പലപ്പോഴും മരണത്തിലേക്കടുത്ത ഒരു ഗേറ്റായിരിക്കും ഐസിയു. അതില്‍ കിടക്കുന്ന വ്യക്തിയും(രോഗി), പുറത്ത് കാത്തു നില്ക്കുന്ന ബന്ധുജനങ്ങളും മാക്സിമം ടെന്‍ഷനടിച്ചു കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ടവരായി മാറുന്നു.
കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടയില്‍ കരിമ്പില്‍ രാമചന്ദ്രനെ കണ്ടു. കാസര്‍കോട് ഗവ. കോളേജില്‍ നിന്നും റിട്ടയര്‍ ചെയ്ത ജീവനക്കാരനാണ്. മികച്ച ഫുട്ബോള്‍ പ്ളയറും, നല്ല കായികശേഷിയുളള വ്യക്തിയുമായിരുന്നു രാമചന്ദ്രന്. 90 കി.ഗ്രാം ഭാരമുണ്ടായിരുന്ന ആള് ഇപ്പോള്‍ 50 കി.ഗ്രാമില്‍ എത്തിനില്‍ക്കുന്നു. കൊളസ്ട്രോള്‍ കൂടി. അറ്റാക്ക് വന്നു. രണ്ടു മൂന്ന് ഡോക്ടര്‍മാര്‍ ഹാര്‍ട്ട് ഓപ്പറേഷന് വേണമെന്ന് നിര്‍ദ്ദേശിച്ചു. ഓപ്പറേഷന് വിധേയമാവാന്‍ രാമചന്ദ്രന് തയ്യാറായില്ല. അവസാനം ഓപ്പറേഷനോ, ഇഞ്ചക്ഷനോ ഇല്ലാതെ മരുന്ന് നല്കി ഹാര്‍ട്ടിലെ ബ്ളോക്കുകള്‍ നീക്കം ചെയ്യുന്ന ഒരു ഡോക്ടറെ കണ്ടെത്തി. എറണാകുളത്തുകാരനാണ് ഡോക്ടര്‍. അദ്ദേഹത്തിന്റെ ചികിത്സാരീതി തികച്ചും വ്യത്യസ്തമാണ്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യും. ഐസിയുവില്‍ കിടത്തും. പക്ഷെ മറ്റ് ആശുപത്രികളിലെ പോലെ ഇവിടുത്തെ ഐസിയു ഭീകരത പുലര്‍ത്തുന്നില്ല.
രോഗിയുടെ കുടെ ചെല്ലുന്ന ആള്‍ക്കും ഐസിയുവില്‍ ഒപ്പം നില്ക്കാം. രോഗിയെ സാന്ത്വനിപ്പിക്കാം. അവിടെ കിടന്നപ്പോള്‍ തന്നെ മനസ്സിന് സുഖം തോന്നിയെന്ന് രാമചന്ദ്രന് പറഞ്ഞു. അവിടുത്തെ ചികിത്സ കഴിഞ്ഞു വന്നു. ഇപ്പോള്‍ പൂര്‍ണ്ണസുഖം പ്രാപിച്ചു. പക്ഷെ ഭക്ഷണത്തിലും മറ്റും മിത്വതം പാലിക്കാന്‍ പറഞ്ഞു അതുകൊണ്ടാണ് ഇത്രയും ഭാരം കുറഞ്ഞത്. ഇങ്ങനെ ഒരാശുപത്രിയെയും ഡോക്ടറെയും കുറിച്ചറിഞ്ഞപ്പോള്‍ എന്തേ എല്ലാ ആശുപത്രികളിലും ഈ സമ്പ്രദായം സ്വീകരിച്ചു കുടാ എന്ന സംശയം സാധാരണക്കാര്ക്കുണ്ടാവുക സ്വാഭാവികം. ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന് രോഗ ചികിത്സയില്‍ വലിയ പങ്കുണ്ട്. പക്ഷേ അതിനെ ഭയാനകമാക്കി മറ്റാതെയുളള നടപടി ക്രമങ്ങള്‍ ഉണ്ടാക്കിയെടുത്തുകൂടേ? ഹൃദ്രോഗം, മസ്തിഷ്ക്കാഘാതം, ശ്വാസകോശ സംബന്ധമായ പ്രയാസങ്ങള്‍ എന്നീ രോഗം ബാധിച്ച രോഗികളെ ഐസിയുവില്‍ കിടത്തി ചികിത്സിക്കേണ്ടിവരും.
സ്വന്തം ജീവന് രക്ഷിക്കണമെന്ന അവകാശം അവരവര്‍ക്കു തന്നെയാണ്. ഒരു രോഗിക്ക് സ്വയം ചിന്തിച്ചു ഒരു തീരുമാനത്തിലെത്താന്‍ പ്രയാസപ്പെടുമ്പോള്‍ അത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തന്റെ രോഗം മാറാന്‍ സാധ്യതയില്ലെന്ന് രോഗിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെങ്കില്‍, അദ്ദേഹം തീരുമാനിക്കുന്നു, ഇന്റന്‍സീവ് കെയറും വെന്റിലേറ്ററും വേണ്ടായെന്ന്. ഈ തീരുമാനത്തിന് വിരുദ്ധമായി ഡോക്ടര്‍ നിര്‍ബന്ധിച്ച് ഐസിയുവില്‍ പ്രവേശിക്കേണ്ട ആവശ്യമുണ്ടോ? അതിനുള്ള അവകാശം രോഗിക്കാണ് അല്ലാതെ ഡോക്ടര്‍ക്കല്ല. മാറുന്ന രോഗമല്ല എന്നറിഞ്ഞുകൊണ്ട് ഇന്റന്‍സീവ് കെയറിലെ ചികിത്സയേ ഞങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ പറ്റൂവെന്ന് പറയുന്ന ഡോക്ടറും ആശുപത്രിയും രോഗിയുടെ അവകാശത്തെ ഹനിക്കുകയാണ് ചെയ്യുന്നത്. മരണത്തോടടുക്കുന്നവര് കുടുംബത്തോടൊപ്പം കഴിയുകയാണ് നല്ലത്. അവരുടെ സാന്ത്വനവാക്കുകളും, നോട്ടവും, സ്പര്‍ശനവും രോഗിക്ക് കൂടുതല്‍ ആശ്വാസം നല്‍കും.
തനിക്ക് ചുറ്റിലും എല്ലാവരുമുണ്ടല്ലോയെന്ന സന്തോഷമുണ്ടാവും. ഐസിയുവില്‍ കിടക്കുന്ന ഒരു രോഗിയുടെ മാനസികാവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ. നിലയ്ക്കാത്ത യന്ത്രോപകരണങ്ങളുടെ ശബ്ദങ്ങള്‍; രാവും പകലും ഒരു പോലെയുളള പ്രകാശം ശരീരത്തില്‍ കടത്തിവെച്ചിരിക്കുന്ന പല ട്യൂബുകളും മറ്റും. മുഖം മൂടി ധരിച്ച മനുഷ്യര്‍ ചുറ്റിലും. എല്ലാം കൂടി ഭയപ്പെടുത്തുന്ന അന്തരീക്ഷം. ഇതൊക്കെയുണ്ടെങ്കില്‍ കൂടി തന്റെ ബന്ധുക്കളില്‍ ഒരാളെങ്കിലും കുടെയുണ്ടെങ്കില്‍ രോഗിക്കു അല്പം മനസ്സമാധാനമുണ്ടായേനെ. ഐസിയുവില്‍ രോഗിയുടെ ഒരു ബന്ധുവിനെയും, കൂടെയിരിക്കാന്‍ അനുവദിക്കില്ല എന്ന നിയമത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല. എന്തൊക്കെയാണോ ഐസിയുവിലെ രോഗീപരിചരണത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നത് അതൊക്കെ കൂട്ടിനിരിക്കുന്ന ആളും ശ്രദ്ധിച്ചാല്‍ പ്രശ്നം തീരില്ലേ?
അന്ത്യനാളുകളില്‍ ഭയാനകമായ ചുറ്റുപാടില്‍ രോഗിയെ കഴിയാന്‍ വിധിക്കുന്നത് തെറ്റാണ്. ഐസിയുവിലേക്ക് രോഗിയെ കൊണ്ടു പോകുന്നതും, കിടത്തുന്നതും പരിചരിക്കുന്നതും ഒക്കെ പേടിപ്പെടുത്തുന്നതായി രോഗിക്ക് അനുഭവപ്പെടും. കൂടെ ചെല്ലുന്നവര്‍ക്ക് അതിനേക്കാള്‍ ടെന്‍ഷന്‍ വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ ഐസിയു എന്ന തടവറയെ ഇന്നത്തെ സങ്കല്‍പ്പത്തില്‍ നിന്ന് മാറ്റിയെടുക്കണം. ഡോക്ടര്‍മാരും, രോഗീപരിചരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആശുപത്രി ജീവനക്കാരും രോഗത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു. രോഗിക്കുണ്ടാവുന്ന മാനസികവ്യാധികള്‍ പരിഗണിക്കാതെ പോകുന്നു. രോഗിയോട് രോഗകാര്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കുന്നതും രോഗിക്ക് മന:സമാധാനമുണ്ടാക്കും.
ഐസിയുവില്‍ മരണത്തോട് മല്ലടിച്ചു കഴിയുന്ന രോഗിയെ കാണാനും സംസാരിക്കാനും അനുവദിക്കാതിരിക്കുന്നത് തികഞ്ഞ മര്യാദകേടാണ്. ഒരു തുളളി വെളളം തരൂവെന്ന് കേണപേക്ഷിക്കുന്ന രോഗിയായ അമ്മയോട് തട്ടിക്കയറുന്ന നഴ്സിന്റെ സമീപനം മനസ്സിലാക്കിയ, പുറത്ത് നില്ക്കുന്ന മകന് ഐസിയുവിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ തുനിഞ്ഞ അനുഭവം പറയുകയുണ്ടായി. ഭര്‍ത്താവ് ഐസിയുവില്‍ കിടന്ന് പിടക്കുമ്പോള്‍ പുറത്ത് കാത്തുനില്ക്കുന്ന ഭാര്യക്ക് കാണാന്‍ അനുവാദം നിഷേധിച്ചപ്പോള്‍, ഈ ആശുപത്രി ഞാന്‍ ചുട്ടുകരിക്കും എന്ന് അവര്‍ അട്ടഹസിക്കുകയുണ്ടായി.
ആശുപത്രികളിലെത്തുന്ന രോഗിയോടും കുടെയുളള ബന്ധുക്കളോടും രോഗസ്വാഭാവം സൂചിപ്പിച്ച് അവരുടെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രം ഐസിയുവില്‍ പ്രവേശിക്കുക. രോഗിയും ബന്ധുക്കളും അതിന് വഴങ്ങുന്നില്ലെങ്കില്‍ ഞങ്ങളുടെ പ്രോട്ടോകാള്‍ പ്രകാരം അതേ ചെയ്യാന്‍ പറ്റുവെന്ന് വാശിപിടിക്കാതിരിക്കുകയും, രോഗിയെ മറ്റെവിടെയെങ്കിലും കൊണ്ടു പോയ്ക്കോയെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്താതിരിക്കുകയും ചെയ്യണം ഐസിയുവില്‍ കിടത്തിയാലും ജീവന് തിരിച്ചു കിട്ടില്ല എന്ന ബോധ്യമുളളപ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിക്കാതെ, സ്നേഹപൂര്‍വ്വം മറ്റ് ചികിത്സയും സാന്ത്വനവും കൊടുക്കാനുളള നിര്‍ദ്ദേശം കൊടുക്കുക. രോഗിയെ കുടുംബത്തോടൊപ്പം കഴിഞ്ഞ് സുഖമരണം സാധ്യമാകും വിധത്തില്‍ മോചിതമാക്കുന്നതായിരിക്കും ഉചിതം.
-കൂക്കാനം റഹ്മാന്
Keywords: Kookanam-Rahman, Article, ICU