city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപകനായി; മധുരിക്കും ഓര്‍മകളിലെ കുട്ടിക്കാലം

അസ്ലം മാവിലെ

(www.kasargodvartha.com 11.11.2019) എല്ലാവര്‍ക്കും മറക്കാത്ത ഒരു നീണ്ട മദ്രസാകാലമുണ്ടാകും. 1975 - 1981 ആയിരുന്നു എന്റെ മദ്രസാ കാലം. ഒന്ന് മുതല്‍ ആറ് വരെയാണ് ഞാന്‍ മദ്രസയില്‍ പഠിച്ചത്, പട്‌ലയിലെ മന്‍ബഹുല്‍ ഹിദായയില്‍.

1981 ല്‍ മദ്രസയില്‍ രണ്ടു സംഭവമുണ്ടായി.ഏഴാം ക്ലാസിലെത്തിയ എന്നെ ഒരാഴ്ച കഴിഞ്ഞില്ല,സദര്‍ മൗലവി രണ്ടു മൂന്ന് മാസക്കാലത്തേക്ക് ഒന്നാം ക്ലാസിലേക്ക് അക്ഷരം പഠിപ്പിക്കാന്‍ അയച്ചു (ആ സമയത്ത് സ്രാമ്പി പള്ളിയില്‍ ഉസ്താദ് ഡ്യൂട്ടിയില്‍ എത്തിയിരുന്നില്ല). ആ വര്‍ഷം തന്നെയായിരുന്നു ഖത്വീബ് ഉസ്താദ് എന്ന് ഞങ്ങള്‍ വിളിക്കുന്ന അലി മൗലവിപെര്‍മനന്റായി മദ്രസയില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നതും.

അന്ന് ഓരോ ക്ലാസും ഓരോ മഹല്ലുസ്താദുമാര്‍ക്ക് നീക്കി വെച്ചിരുന്നു.ഒന്നാം ക്ലാസ് സ്രാമ്പി ഉസ്താദിന്, രണ്ട് 'ബൂഡുസ്താദ്, മൂന്നാം ക്ലാസിന്റെ ഉത്തരവാദിത്വം മൊഗറുസ്താദിന്, നാല് തായലുസ്താദിന്, ഖത്വീബുസ്താദിന് അഞ്ചാം ക്ലാസ്, ആറാം ക്ലാസും അഡ്മിനിസ്‌ട്രേഷനും സദറുസ്താദിന്. ആറു കഴിഞ്ഞവര്‍ക്ക് വേണമെങ്കില്‍ ഏഴാം ക്ലാസില്‍ വന്നിരിക്കാം.

ഞാന്‍ ചേരുന്നതിന് ഒന്നോ രണ്ടോ കൊല്ലം മുമ്പ് വരെ പ്രി മദ്രസാ സമ്പ്രദായമുണ്ടായിരുന്നു, ഇന്നത്തെ കെജി മോഡല്‍. അര ക്ലാസെന്നാണ് അന്നതിന്റെ നാടന്‍നാമം. അരയിലിരിക്കാന്‍ ഭാഗ്യമെനിക്കുണ്ടായില്ല. ഒന്നിലിരിക്കാനുള്ള പ്രായമുണ്ടെങ്കിലും ആരോഗ്യം കുറവുണ്ടെങ്കില്‍ ആ കുട്ടിക്ക് പ്രീ മദ്രസയായിരുന്നു മദ്രസാ മാനേജ്‌മെന്റ് അലോട്ട് ചെയ്യുക. അന്നതൊന്നും ഒരു വിഷയമേ അല്ല.

ഒന്നാം ക്ലാസില്‍ ഞാന്‍ ചേരുമ്പോള്‍ കറുത്ത ജിന്നാ തൊപ്പി വെച്ച സ്രാമ്പി പള്ളിയിലെ ഉസ്താദാണ് ഞങ്ങളുടെ ക്ലാസധ്യാപകനായുണ്ടായിരുന്നത്. മദ്രസാധ്യാപകരുടെ പേരുകള്‍ അന്ന് ആരും ചോദിക്കാറില്ല, അവരിങ്ങോട്ട് പറയാറുമില്ല. അത് കൊണ്ട് ഈ ഉസ്താദിന്റെ പേരും അറിയില്ല.

അന്ന് ഓടിട്ട പച്ച നിറം തേച്ച,റോഡിന് ഇടതുവശത്തോട് ചേര്‍ന്ന കെട്ടിടമായിരുന്നു മദ്രസ. തകിടു കഷ്ണങ്ങള്‍ കൊണ്ട് പ്രത്യേകം ചാലിച്ച മദ്രസാ ബോര്‍ഡ് ഇങ്ങേയറ്റത്ത് തൂക്കിയിട്ടു കാണാം. ഒരു ഭാഗം നോക്കിയാല്‍ മലയാളത്തില്‍.. ഒത്ത നടുവിലെത്തിയാല്‍ ഇംഗ്ലിഷ്.. അപ്പുറത്ത് നോക്കുമ്പോള്‍ അറബി മലയാളത്തില്‍ വായിക്കാന്‍ പാകത്തിന് ബോര്‍ഡ് തൂങ്ങിയാടും.

ഞാന്‍ ഒന്നിലിരുന്നത് അകത്തെ ക്ലാസിലാണോ പുറത്തെ വരാന്ത ക്ലാസിലാണോ എന്ന് കണ്‍ഫ്യൂഷനുണ്ട്. അന്ന് പുതിയ മദ്രസയുടെ പണിയാലോചനയിലാണ്. തിങ്ങി ഞെരുങ്ങിയാണ് മൊത്തം പിള്ളാരുടെ ഇരുത്തം.

നീണ്ടു മെലിഞ്ഞു മുതുക് ചെറുതായി വളച്ച് ഉസ്താദ് ഒരു വടി പിടിച്ചു നീളത്തിലും വിലങ്ങിലും അലിഫ്, ബാ പറഞ്ഞ് ഒന്നാം ക്ലാസില്‍നടന്നു കൊണ്ടേയുണ്ടാകും. ഞങ്ങളുടെ ശ്രദ്ധ തെറ്റിയാല്‍ അടി ഉറപ്പാണ്. ഓരോ ഊഴം നടത്തത്തിനും ഉസ്താദ് ഒരടി നല്‍കും. അത് ഒന്നുകില്‍ ബെഞ്ചിന്റെ സൈഡിലേക്ക്, ഇല്ലെങ്കില്‍ ഞങ്ങളുടെ മുതുകത്തേക്ക്. ഒരു വട്ടം ബെഞ്ചിന്റെ സൈഡില്‍ കൈ വെച്ച എനിക്കും കിട്ടി വെറുതെ ഒരടി.

രണ്ടിലെത്തിയതോടെയാണ് മദ്രസയിലേക്ക് പുതിയ സദര്‍ മൗലവി വരുന്നത്. അത് വരെ തായലുസ്താദിനായിരുന്നു സദര്‍ ഇന്‍ ചാര്‍ജ്. രണ്ടില്‍ ഞങ്ങള്‍ക്ക് തുടക്കത്തില്‍ അധ്യാപകനില്ലായിരുന്നുവെന്നാണ് ഓര്‍മ. അന്ന് ബൂഡില്‍ പുതിയ ഉസ്താദ് എത്തിയിട്ടില്ല. ഒന്നിലെ സ്രാമ്പി ഉസ്താദ് സ്ഥലം മാറുകയും ചെയ്തു. ഇത് രണ്ടും പുതിയ സദറിന്റെ പിരടിയിലായി. അദ്ദേഹം ഒന്നാം ക്ലാസില്‍ ബോര്‍ഡില്‍ അക്ഷരങ്ങള്‍ വലുതായി എഴുതും. മുതിര്‍ന്ന ക്ലാസിലെ കുട്ടികളെ സ്റ്റൂളില്‍ നിര്‍ത്തി ഒരു വടി നല്‍കി, അവനോട് ഉറക്കെ ചൊല്ലാന്‍ പറയും. കുട്ടികള്‍ ഒരു ഹാലില്‍ അലിഫ്, ബാ, താ പറഞ്ഞു കൊണ്ടേയിരിക്കും. അന്ന് രണ്ടാം ക്ലാസിലുണ്ടായിരുന്ന ബി ബഷീര്‍ ഒന്നാം ക്ലാസില്‍ പോയി സ്റ്റുളില്‍ കയറി നിന്ന് അക്ഷരങ്ങള്‍ അലക്ഷ്യമായി ചൊല്ലിക്കൊടുക്കുന്ന ഒരു ഓര്‍മയുണ്ട്.

കുറെ കഴിഞ്ഞാണ് രണ്ടിലേക്ക് അധ്യാപകന്‍ എത്തുന്നത്. അത് വരെ സദറും അപ്പുറമിപ്പുറം ഉള്ള അധ്യാപകരുമായിരുന്നു ഞങ്ങളുടെ അച്ചടക്ക കാര്യം നോക്കിയിരുന്നത്. അവസാനം ബൂഡ് ഉസ്താദ് എത്തി. അതോടെ രണ്ടിലേക്കാളുമായി. അദ്ദേഹത്തിന്റെയും പേരെന്തെന്ന് ഇപ്പഴും അറിയില്ല, എല്ലായ്‌പ്പോഴും പുഞ്ചിരി മുഖമുദ്രയാക്കിയ, ഒരുസ്‌റ്റൈലന്‍ തലപ്പാവു ധരിച്ച ഉസ്താദായിരുന്നു ബൂഡുസ്താദ്.

ഞങ്ങള്‍ മൂന്നിലെത്തിയപ്പോള്‍ ഒരു ദിവസം ക്ലാസധ്യാപകന്‍ മദ്രസയില്‍ വന്നില്ല. അന്ന് രാവിലെ അറ്റന്‍ഡന്‍സ് എടുക്കാന്‍ വന്നത് രണ്ടാം ക്ലാസിലെ ഈ ബൂഡുസ്താദായിരുന്നു. അന്ന് മദ്രസയില്‍ കുട്ടികളെ ചേര്‍ക്കുന്ന തിരക്ക്. മിഠായി, ലഡു, ഈത്തപ്പഴം ഇവയേതെങ്കിലും ഞങ്ങള്‍ക്ക് ദിവസവും കിട്ടും. അന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ മിഠായിയുമായി ക്ലാസില്‍ വന്നു. എല്ലാവര്‍ക്കും മിഠായി തന്നു. ഉസ്താദിനും ഒരു പിടി മിഠായി അവര്‍ നല്‍കി.

ബൂഡുസ്താദ് തമാശ പൊട്ടിച്ചു: എല്ലാവരോടും കണ്ണടക്കാന്‍ പറഞ്ഞു, അദ്ദേഹം പറഞ്ഞാല്‍ മാത്രം കണ്ണു തുറക്കാനും. ഞങ്ങള്‍ കണ്ണടച്ചു. കുറച്ചു കഴിഞ്ഞ് ഞാന്‍ മെല്ലെ ഇടങ്കണ്ണിട്ടു പാളി നോക്കി. ഉസ്താദ് വളരെ കൂളായി മിഠായി നുണയുന്നു! ഞാന്‍ കണ്ണുതുറന്നത് ഉസ്താദ് കാണുകയും ചെയ്തു. നുണക്കുഴിയുമായി ഉസ്താദ് എന്നോട് ചിരിക്കുന്നു. ഞാനുടനെ കണ്ണടച്ചു കളഞ്ഞു.

മൂന്നിലെത്തിയപ്പോള്‍ ഞങ്ങളെ എതിരേറ്റത് കര്‍ക്കശക്കാരനായ മൊഗറുസ്താദാണ്. സ്ട്രിക്റ്റിന്റെ ആശാന്‍. പറഞ്ഞ പാഠം പഠിച്ചു വന്നില്ലെങ്കില്‍ പണി പാലും വെള്ളത്തില്‍ തരും. സ്വലാ: പഠിച്ചത് ആ ഗുരുമുഖത്ത് നിന്നാണ്. വുളൂഅ് തൊട്ട് സലാം വീട്ടല്‍ വരെ എല്ലാം. ഒരിക്കലും അടിക്കാത്ത,അവിടത്തെ ചൂരല്‍ ചുഴറ്റിലില്‍ നിന്നും മത്സരബുദ്ധിയോടെ സ്വായത്തമാക്കിയ വള്ളിപുള്ളി തെറ്റാത്ത വചനങ്ങളാണ് ഇന്നും എന്റെ നമസ്‌ക്കാരങ്ങളുടെ കരുത്ത്.

അലക്ഷ്യമായി ചുറ്റിയ തലപ്പാവ്. വല്ലപ്പോഴും മുറുക്കുന്ന വായ. ഒരിക്കല്‍ പോലും കൈ ബട്ടണ്‍സിടാത്ത വെള്ളക്കുപ്പായം. ചെറുതായി നിറം മങ്ങിയ പച്ച അരപ്പട്ട. ഹസ്‌കി ശബ്ദത്തിനുടമ. സുറുമ തേച്ച കണ്ണുകള്‍. ചുളിവ് തുടങ്ങിയ മുഖം.കണ്ണടച്ചാല്‍ മൊഗറുസ്താദ് എന്റെ മുന്നിലിപ്പഴുമെത്തും. ഒരുപാട് കൊല്ലക്കാലം അദ്ദേഹം പട്‌ലയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നാലിലാണ് തായലുസ്താദ്.അസിസ്റ്റന്റ് സദര്‍. എന്റെ ചെറിയ മൂത്ത. ക്ലാസില്‍ ആ വക ഒരു പരിഗണനയും എനിക്കില്ല. വിഷയം ചരിത്രമാണ്. പൊതുവെ മുന്നിലിരിക്കാറുള്ള ഞാന്‍ നാലാം ക്ലാസില്‍ രണ്ടാം ബെഞ്ചിലിരുന്നു. പക്ഷെ, വായന തെറ്റിയാല്‍ തല താഴ്ത്തി അടി ഉറപ്പ്. പ്രസംഗത്തിന്റെ ബാലപാഠം ചെറുതായി പഠിച്ചു തുടങ്ങിയത് എന്റെ മൂത്താന്റെ അടുത്ത് നിന്നാണ്.

ഞങ്ങളെല്ലാരും സ്‌നേഹപൂര്‍വം വിളിക്കുന്ന ഖത്വീബുസ്താദാണ് അഞ്ചിലെ ഞങ്ങളുടെ ഗുരുനാഥന്‍. മധുരമായ ഖിറാഅത്തിനുടമ. (അദ്ദേഹത്തെ കുറിച്ച് മാത്രം ഞാനൊരു ദിവസം വിശദമായെഴുതാം). തജ്‌വീദ് നിയമങ്ങള്‍ പാലിച്ച് നീട്ടാനും മണിക്കാനും ഖിറാഅത്ത് പഠിപ്പിച്ച ഗുരുവര്യന്‍. എന്റുപ്പാന്റെ ഏറ്റവും അടുത്ത സുഹൃത്ത്.

പക്ഷെ, ക്ലാസില്‍ ആ ബന്ധങ്ങളൊന്നും എന്റെ തലമുടി പിടുത്തത്തിന് ഒരു ഇളവും തന്നില്ല. മൊട്ടത്തല, കുറ്റിമുടി, കൂടിയാല്‍ കുട്ടിക്രോപ്.. ഇത് വരെ അദ്ദേഹം സഹിക്കും. നെറ്റിയില്‍ മുടി വീഴുന്ന ക്രോപ് അദ്ദേഹത്തിന് കണ്ടുകൂടാ. അത്‌കൊണ്ട് പിടുത്തം മുഴുവന്‍ എന്റെ തലമുടിയിലും. എന്നും ഇശാ നിസ്‌കാരം കഴിഞ്ഞ് ഉപ്പാന്റെ ഒന്നിച്ച് നാട്ടുവര്‍ത്തമാനം പറഞ്ഞ് നടക്കുന്ന ഖത്വീബുസ്താദിന് ഉപ്പാനോട് പറഞ്ഞാല്‍ തീരുന്ന വിഷയം മാത്രമായിരുന്നു എന്റെ ഹെയര്‍ ഡ്രെസിംഗ്, പക്ഷെ, അത് പറയില്ല!

ആറാം ക്ലാസിലെയും മദ്രസയിലെയും നാട്ടിലെ തന്നെയും ഐക്കണായിരുന്നു സദറുസ്താദ്.ഒരുപാട് തവണ ഞാനദ്ദേഹത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസ് അപാരമായിരുന്നു. ഏത് വിഷയത്തെ കുറിച്ചും സംസാരിക്കും, എഴുതും. അദ്ദേഹത്തിന്റെ ക്ലാസില്‍ പിന്‍ഡ്രോപ് നിശബ്ദതയായിരിക്കും. ശ്വാസം വരെ ഞങ്ങള്‍ പിശുക്കിപ്പിശുക്കിയാണ് വിട്ടിരുന്നത്. പഠിപ്പിക്കുന്നതിനിടയില്‍ തന്നെ അദ്ദേഹത്തിന്റെ കണ്ണ് ആ ഹാളിലെ ഏറ്റവും അങ്ങേയറ്റത്തെ ക്ലാസിലുമുണ്ടാകും, പുറത്തെ റോഡിലുമുണ്ടാകും. പള്ളിക്കകത്തും കവലയിലും കടത്തിണ്ണയിലുമുണ്ടാകും - അഞ്ചാറ് സി സി ക്യാമറകള്‍ ഫിറ്റ് ചെയ്തത് പോലെ.

അദ്ദേഹമാണ് അഞ്ചു മുതല്‍ സാഹിത്യസമാജം തുടങ്ങിയത്, മുതിര്‍ന്ന മൂന്ന് ക്ലാസുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. എല്ലാ ഞായറാഴ്ചയും പത്ത് മണി കഴിഞ്ഞാല്‍ മുകളിലെ ഹാളില്‍ സമാജം ഗംഭീരമായി നടക്കും. അതിന്റെ സെക്കന്‍ഡ് മേല്‍നോട്ടം (ഡിസിപ്ലിന്‍ ചാര്‍ജ്)തായലുസ്താദിനായിരുന്നു. ഞങ്ങള്‍ പ്രസംഗിച്ചു പഠിച്ചതും സംഘാടകരായതും സംഘടനാ പരിചയം സിദ്ധിച്ചതും മറ്റും സദറുസ്താദിന്റെ ശിക്ഷണത്തില്‍ (സാഹിത്യ സമാജ വിശേഷങ്ങള്‍ പിന്നൊരിക്കല്‍ എഴുതാം).

ഏഴിലെത്തി ഞാന്‍ ആറു ദിവസമായില്ല. നാട്ടില്‍ പോയ സ്രാമ്പി ഉസ്താദ് തിരിച്ചുവന്നിട്ടില്ല. ഒന്നാം ക്ലാസാകെ ബഹളമയം. ഈ ഒച്ചപ്പാടില്‍ രണ്ടിലെ ക്ലാസ് വരെ നേരെ ചൊവ്വെ നടക്കുന്നില്ല. എന്നും പരാതിയോട് പരാതി. പുതിയ ഉസ്താദിനെ അന്വേഷിക്കുന്ന തിരക്കിലാണ് സ്രാമ്പി മഹല്ലുകാരും. ഒരു ചോക്കും അറ്റന്‍ഡന്‍സ് ബുക്കും തന്ന് സദറദ്ദേഹം എന്നെ ക്ലാസിന് പുറത്തേക്ക് വിളിച്ചു. എന്നിട്ട് എന്നോട് ഒന്നിലേക്ക് പോകാന്‍ പറഞ്ഞു - ക്ലാസെടുക്കാന്‍, പുതിയ അധ്യാപകന്‍ വരുന്നത് വരെ അവിടെ ഡ്യൂട്ടി. എന്നെ സഹായിക്കാന്‍ രണ്ടിലുസ്താദിന് സദര്‍ ഉസ്താദ് മുകളിലെ പടി കയറി എത്തി നിര്‍ദേശവും നല്‍കി.

രണ്ടു മൂന്ന് മാസം എന്റെ വീട്ടിലാരുമറിയാതെ അവിടെ ഒരു കുഞ്ഞുസ്താദായി; ഉപ്പ അറിഞ്ഞതോടെ ഞാന്‍ അധ്യാപനം നിര്‍ത്തുകയും ചെയ്തു. പിന്നീട് ഞാന്‍ ഏഴിലും പോകാന്‍ നിന്നില്ല - ഉസ്താദ് പഠിക്കാറില്ലല്ലോ!

മദ്രസയില്‍ എനിക്ക് അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം നന്മയുടെ പവിഴ തുരുത്തുകളും കാണിച്ചു തന്ന ആ ആറധ്യാപകരില്‍ അഞ്ചു പേരും ഇന്ന് ഭൂമിലോകത്തില്ല. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി അവന്റെ സവിധത്തിലേക്കവര്‍ എപ്പഴേ പൊയ്‌പ്പോയിക്കഴിഞ്ഞു. അവരുടെ ഖബറിടം വിശാലമാക്കട്ടെ, സ്വര്‍ഗ്ഗപൂന്തോപ്പിനാല്‍ അവര്‍ക്കവിടെസന്തോഷതമമായ നിത്യജീവിതം നല്‍കുമാറാകട്ടെ, ആമീന്‍.

പക്ഷെ, ബൂഡുസ്താദ് മാത്രം എവിടെയാണെന്നെനിക്കറിയില്ല. നിറഞ്ഞു ചിരിക്കുന്ന മുഖം മാത്രം മനസില്‍ എന്നും യൗവ്വനത്തോടെ വിരിഞ്ഞു നില്‍ക്കുന്നു. ഈ കേരളക്കരയില്‍ എവിടെയെങ്കിലും ഒരു പള്ളിയില്‍ ഒരൊഴിഞ്ഞ മൂലയില്‍ തസ്ബീഹ് മാലയുമായി ആ ഗുരുശ്രേഷ്ഠന്‍ പ്രാര്‍ഥനാ നിരതനാണെന്ന് കേള്‍ക്കാനും പറയാനുമാണെനിക്കിഷ്ടം. അങ്ങിനെയെങ്കിലും എനിക്കെന്റെ മരണം വരെ ഇങ്ങിനെ വിശ്വസിച്ചാശ്വസിക്കാമല്ലോ - എന്റെസ്‌നേഹനിധികളായ ഉസ്താദുമാരില്‍ ഒരാളെങ്കിലും ഈ തുരുത്തിലെവിടെയോജീവിച്ചിരിപ്പുണ്ടെന്ന്!


ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപകനായി; മധുരിക്കും ഓര്‍മകളിലെ കുട്ടിക്കാലം

Keywords:  Article, Aslam Mavile, Teacher, Student, Old Memories.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia