city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്നെപ്പോലല്ലാത്തവരുടെ ലോകം

കെ.ടി. ഹസന്‍

(www.kasargodvartha.com 01.04.2014) ഞ്ചാര പരിചയവും ലോകവിവരവും നന്നേക്കുറവുള്ള, എന്നാല്‍ കലശമായ സഞ്ചാര പ്രിയമുള്ള ഒരാളാണു ഞാന്‍. ഭാഗ്യത്തിനു ചൈനയും ചെന്നൈയും സന്ദര്‍ശിക്കാനാവതു കിട്ടി. നല്ലവരെക്കൊണ്ടു വീര്‍പ്പു മുട്ടുന്നവരുടെ ലോകമാണു ചൈനയില്‍ കണ്ടത്. തിരക്കില്‍ നാം ചവുട്ടിപ്പോയാലും നമ്മോടിങ്ങോട്ട് ക്ഷമ ചോദിച്ചു കളയും. ചെന്നൈയും നല്ലതാണ്. നമ്മെപ്പോലെ, ക്ഷമിക്കുക, ഏകവചനത്തില്‍ പറയാം. എന്നെപ്പോലെ നന്മ നടിക്കുന്നവരല്ല. ഉള്ളില്‍ നിന്നു കനിഞ്ഞു വരുന്നതാണ് അവരുടെ നന്മ.
എന്നെപ്പോലല്ലാത്തവരുടെ ലോകം

ചെന്നൈ സെന്‍ട്രലിലാണു ഞാന്‍ ട്രെയിനിറങ്ങാന്‍ പോകുന്നത്. കൂട്ടാന്‍ സുഹൃത്തു വരും. ഒരു പഴയ  സ്‌കൂട്ടറാണ്. നഗരത്തിന്റെ കൊടും തിരക്കുകള്‍ക്കിടയിലൂടെ അതി വേഗത്തില്‍ നൂണ്ടു പോകുന്നതാതു സമാനം. ഇരു ഭാഗത്തെയും വണ്ടികളുടെ വേഗതയെങ്ങനെയാണത്ര കൃത്യമായി മനനം ചെയ്യുന്നത്? സങ്കീര്‍ണമായൊരു ഗണിത പ്രശ്‌നം അതിലളിതമായി തീര്‍ക്കും പോലെ ചെറിയ ദൂരമേയുള്ളൂ. സെന്‍ട്രല്‍ സ്‌റ്റേഷന്റെ തൊട്ടു മുന്നിലുള്ള പാര്‍ക്ക് ടൗണ്‍ സ്‌റ്റേഷനില്‍ നിന്നു നഗരപ്രാന്തവണ്ടിയില്‍ ബീച്ച് സ്‌റ്റേഷനില്‍ ഇറങ്ങിയാല്‍ മതിയായിരുന്നു എനിക്ക്. പണിത്തിരക്കിനിടയില്‍ നഗരത്തിരക്കിലൂടെ എന്നെത്തിരക്കി വന്നതു സുഹൃത്തിന്റെ നന്മ. ഈ ലോകത്ത് എല്ലാവരും എന്നെപ്പോലല്ലല്ലോ. നാട്യക്കാരല്ലല്ലോ. സുഹൃത്തിന്റെ ഫോണ്‍ ചാര്‍ജു തീര്‍ന്ന് ഓഫായിക്കിടക്കുകയായിരുന്നു. എന്നിട്ടും മൂപ്പര്‍ ആരുടെയോ നമ്പറില്‍ നിന്നെന്നെ വിളിച്ച് വണ്ടി സ്ഥലത്തെത്തിയോ എന്നു തിരക്കുന്നു. ഓ! സുഹൃത്തെന്നു പറയുമ്പോള്‍, എനിക്ക് മുന്‍ പരിചയമില്ലാത്ത, എന്നോട് ഒരു ബാധ്യതയും ഇല്ലാത്ത ആളാണ് കേട്ടോ.

നമ്മളെത്തുന്നതു ജോര്‍ജ് ടൗണ്‍. ആകെയൊരു പഴമ. ചെന്നയ്ക്കപ്പാടെ പഴം പൂരാണമുണ്ട്. മദിരാശിക്കഥ. ഇംഗ്ലണ്ടില്‍ മഹത്തായ വിപ്ലവം പൂര്‍ത്തിയാവുന്നത് 1688. അതോടടുപ്പിച്ചാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഒരു മോഹം. വിഭവങ്ങള്‍ കരുതലായി സൂക്ഷിക്കാന്‍ ഒരിടം വേണം. കോട്ട പണിയുന്നു. കോട്ടയ്ക്കു ചുറ്റും സായിപ്പന്മാര്‍ക്കു പല ജാതി സാധന സേവന കൈമാറ്റവുമായി തദ്ദേശീയര്‍ തമ്പടിച്ചു. അന്നത്തെ ബ്ലാക്ക് ടൗണ്‍ പിന്നീട് ജോര്‍ജ് ടൗണായി. മദിരാശി പിന്നെയും വികസിക്കുന്നു. ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ ആദ്യത്തെ കോര്‍പ്പറേഷനായി അത്. ബ്രിട്ടനു കീഴിലെ ആഗോളസാമ്രാജ്യത്തിന്റെ കാര്യമാണീപ്പറയുന്നത്. മദിരാശിയങ്ങനെ വലുതായപ്പോള്‍ ഉന്നത വ്യാപാര വ്യവസായ കേന്ദ്രങ്ങള്‍ അണ്ണാശാലയിലേക്ക് മാറി. നാഗരികതയുടെ ഗൃഹാതുരതകള്‍ താരാട്ടി ജോര്‍ജ് ടൗണ്‍.

എന്നെപ്പോലല്ലാത്തവരുടെ ലോകം

ജോര്‍ജ് ടൗണില്‍ ഒട്ടനേകം നീണ്ട കച്ചവടത്തെരുവുകളാണ്. വഴിവാണിഭങ്ങളാണ് എന്നെ ഭ്രമിപ്പിക്കുന്നത്. ചീസ്, തേങ്ങപ്പീരയില്‍ മധുരമിട്ട വിഭവങ്ങള്‍, പഴങ്ങള്‍ ചെത്തി ഉപ്പും മുളകുമിട്ടത്, അങ്ങനെയങ്ങനെ. തലങ്ങും വിലങ്ങുമുള്ള റോഡുകള്‍ക്കിടയില്‍ ചെറിയ ഊടു വഴികളുമുണ്ട്. ഇന്ത്യയിലെ മറ്റു നഗരങ്ങളെപ്പോലെ മൂത്രവും മദ്യവും കലര്‍ന്ന പ്രത്യേക മണമുള്ള ഊടുവഴികള്‍. രാവിലെ നടന്നാല്‍ ഗന്ധത്തിന് അധികഗുണമേകാന്‍ പച്ചത്തീട്ടത്തിന്റെ രേു പകര്‍ച്ചയുമുണ്ട്.

രാവിലെയാകാന്‍ വരട്ടെ. രാത്രി അത്താഴത്തിന് ലഘുവായെന്തെങ്കിലും മതിയെന്നു വച്ചു. മൂര്‍ സ്ട്രീറ്റിലൂടെ നടന്നപ്പോള്‍ വഴി വാണിഭക്കാരന്‍ ന്യൂഡില്‍സ് എന്നു പേരിട്ട ഒരു വിഭവം പരിചയപ്പെടുത്തി. കാബേജ് ചുരണ്ടുന്നു. അതില്‍ എണ്ണയും ഉപ്പും മുളകുപൊടിയും കലര്‍ത്തുന്നു. മുട്ട പൊട്ടിച്ചൊഴിക്കുന്നു. വറുത്തെടുക്കുന്നു. എന്റെ വായ്ക്കു ലവലേശം പിടിക്കുന്നില്ല. എന്നാ പന്നലാം! അമ്പതു രൂപ കാശ് മുടിഞ്ച് പോയാച്ച്! വിഭവം ഞാന്‍ മടക്കി നല്‍കി.

എന്നെപ്പോലല്ലാത്തവരുടെ ലോകം

കറങ്ങിനടന്നു. രാജാജി ശാലൈ. കണ്ണിനു പിടിച്ചത് പാനീ പൂരിക്കാരന്‍. പ്ലേറ്റില്‍ ഒറ്റയൊറ്റയായി ഇടുന്ന തരം. നാലുണ്ടകള്‍ എരിവുലായാനയൊഴിച്ചും ഒന്ന് ഉണക്കായും ഉപ്പുള്ളിമുളകുരുളക്കിഴങ്ങു മിശ്രിതമിട്ടു തന്നാല്‍ ഒരു പ്ലേറ്റായി. പത്തു രൂപ. നല്ല രുചി. രണ്ടു പ്ലേറ്റാവുന്നു. ഇനിയും വേണോ? മതി, ആള്‍ത്തിരക്കു കൂടുന്നു. അതിവേഗത്തില്‍ അഞ്ചാള്‍ക്കൊക്കെ ഒരുമിച്ചു വിളമ്പും അയാള്‍. ഓരോരുത്തര്‍ക്കായി ഇട്ടു പോകും. പിന്നെയും കാത്തുനില്‍ക്കുന്ന ആളെക്കുറിച്ചാണ് നാം തിരക്ക് എന്നു പറയുന്നത്. അവരൊക്കെ പക്ഷേ ക്ഷമയോടെ സഹകരിക്കുന്നു. എത്ര നല്ലവര്‍.

തൊട്ടടുത്ത പകല്‍. മറീനാ ബീച്ച്. റെയില്‍വേയോട്ടങ്ങള്‍. ഒരുപാട് ജീവിതങ്ങള്‍. ഒരുപാട് നന്മകള്‍, മറീനയിലെ നന്മയുടെ ഒരു പ്രതീകമായിരുന്നു ആ ഹിജഡ. ഞാന്‍ കടപ്പുറ വിസ്മയങ്ങളുടെ ഫോട്ടോഎടുത്തു കൊണ്ടിരുന്നപ്പോള്‍ അടുത്തേയ്ക്ക് ഓടി വരുകയായിരുന്നു അവള്‍. അതോ അവനോ. വേണ്ട അയാള്‍. എന്നെ ശല്യം ചെയ്യരുത് എന്ന് അര്‍ത്ഥത്തില്‍ ഞാന്‍ ആട്ടി. പിന്നെയൊരു വിസ്‌ഫോടനമായിരിന്നു. സമൂഹത്തില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെടുന്നതിന്റെ സങ്കടങ്ങള്‍.എന്നിലെ കപടസാമൂഹിക ബോധം വഴി തേടുകയായിരുന്നു, അയാളെയൊന്നൊഴിവാക്കിക്കിട്ടാന്‍. സങ്കടങ്ങള്‍ക്ക് പരിഹാരമായി ഞാന്‍ ഇരുപതു രൂപ കൊടുത്തു.
എന്നെപ്പോലല്ലാത്തവരുടെ ലോകം

ഒരു ഫോട്ടോയെടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ അയാള്‍ ഉത്സാഹവതിയായി. ഭരതനാട്യത്തിനെന്നവണ്ണം പോസ് ചെയ്തു. എല്ലാ സങ്കടങ്ങളും ആ ഒറ്റ നിമിഷത്തില്‍ അയാള്‍ മറന്നു. സൂര്യരശ്മികളെയെല്ലാം കോണ്‍വെക്‌സ് ലെന്‍സിന്റെ ഒറ്റഫോക്കസിലേയ്ക്കു കേന്ദ്രീകരിക്കും പോലെ. ആ ബിന്ദുവില്‍ സങ്കടങ്ങളെല്ലാം ഭസ്മമാകും. ഞാനെന്നാല്‍  കോണ്‍കേവ് ലെന്‍സാണോ പിടിച്ചു പോകുന്നത്? ജീവിതം അനുദിനം സങ്കീര്‍ണ്ണതയിലേക്ക് പെരുക്കുകയാണല്ലോ.

ട്രെയിന്‍ ഓട്ടങ്ങള്‍ക്കൊടുക്കം ജോര്‍ജ് ടൗണിലെത്തി. തലേന്നത്തെ പാനീപൂരിക്കാരന്‍. ഒരു പ്ലേറ്റു തീരുമ്പോഴാണ് ആ സ്ത്രീ വന്നത്. മുഷിഞ്ഞ വൃദ്ധ. അവര്‍ വില്‍പ്പനക്കാരനോടു പാനീപൂരിക്കു കേഴുകയാണ്. അയാള്‍ ആട്ടുകയാണ്. എന്നോടടക്കം ഉപഭോക്താക്കളോട് ഏറെ സൗമ്യമായാണ് അയാള്‍ സംസാരിക്കുക. അതു ഞാന്‍ തലേന്നും ശ്രദ്ധിച്ചതാണ്. ഇന്നും എന്റെ കൈയിലുള്ള കൊച്ചു കെട്ട് നനയാതെ ഒതുക്കിത്തന്നു. സ്‌നേഹപൂര്‍വ്വം സംസാരിച്ചു. ഹിന്ദിയാണ്. പക്ഷേ തെരുവു യാചകയോട് അയാള്‍ക്കു പുറത്തെടുക്കാനുള്ള ഭാവമാണു രൗദ്രത.

എന്നെപ്പോലല്ലാത്തവരുടെ ലോകം


അപ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ പാനീപൂരിക്കു വരുന്നത്. തമിഴന്‍, മദിരാശി. ഇരുപതില്‍ താഴെ പ്രായം. ചെറുക്കന്‍ പെട്ടെന്നു കാര്യം ഗ്രഹിച്ചു. വയസ്സിയുടെ നേര്‍ക്കവന്‍ പത്തുരൂപ നീട്ടി. വേണ്ടത് വാങ്ങിക്കൊള്ളൂ എന്നു പറഞ്ഞു. തനിക്കു പണം വേണ്ട, പാനീപൂരി മതി എന്നു വൃദ്ധ തൊട്ടു കാണിച്ചു. കുട്ടി ഉടനെയാ പത്തു രൂപ വില്‍പ്പനക്കാരനു കൈമാറി, പാനീപൂരി കൊടുത്തേക്കാന്‍ പറഞ്ഞു, എല്ലാവരും ശുഭം. പാനീപൂരിക്കാരന്റെ കലഹം പോയി. രൗദ്രത മാറി പ്രസന്നനായി. എത്ര വേഗമാണ് ആളുകള്‍ വേഷപ്രഛന്നരാകുന്നത്!

എന്നെപ്പോലല്ലാത്തവരുടെ ലോകം

കുട്ടിയുടെ പേരെനിക്കറിയില്ല. എന്നാലാ മുഖം എന്നുള്ളില്‍ നിന്നു മായുന്നില്ല. മനസ്സാ ഞാന്‍ നമിച്ചു, പലവട്ടം. അവന്‍ ചെയ്തതു പോലെ എനിക്കു നേരത്തേയാകാമായിരുന്നില്ലേ? രണ്ടാം പ്ലേറ്റ് പാനീപൂരി കഴിക്കുമ്പോള്‍ എന്റെ ചിന്തകള്‍ എന്നെ ശാസിച്ചു. പാനീപൂരിക്കാരന് ഇരുപത് രൂപ കൊടുത്ത് നടന്നകലുമ്പോള്‍ ഞാന്‍ തുമ്മിക്കൊണ്ടേയിരുന്നു. കുട്ടിയെ ഒരു വട്ടം കൂടി   തിരിഞ്ഞു നോക്കി. പിന്നെ തുമ്മിത്തുമ്മിയകന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: World, Travelling, China, Chennai, Sorry, Friend, Scooter, Tour, Article, K.T. Hassan,  

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia