city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എങ്ങിനെ വിശ്വസിച്ച് നമ്മുടെ കുഞ്ഞുങ്ങളെ വിദ്യാലയങ്ങളില്‍ പറഞ്ഞയക്കും?

വ്വക്കറ്ക്കാന്റെ ഇന്നത്തെ വരവ് സന്തോഷത്തോടെയാണ്. വേവലാതിയോ പ്രശ്‌നങ്ങളോ ഒക്കെയായിവരുന്ന അവ്വക്കറ്ക്കാന്റെ മുഖം വിഷണ്ണനായിട്ടാണ് സാധാരണ കാണപ്പെടുക എന്തോ തമാശ പറയാനുളള ഒരുക്കത്തിലാണ് കക്ഷിയെന്ന് തോന്നുന്നു. വന്ന പാടെ വരാന്തയിലെ കസേര വലിച്ചിട്ടിരിക്കുന്നുണ്ട്. തലേക്കെട്ടഴിച്ച് വിയര്‍പുതുവര്‍ത്തി 'മാഷേ....' ന്ന് നീട്ടി വിളിക്കുന്നുണ്ട്.

ഈ കാഴ്ചകളൊക്കെ വിസിറ്റേര്‍സ് റൂമിലിരുന്ന് ഞാന്‍ ജനലില്‍ കൂടി കാണുന്നുണ്ടായിരുന്നു. വിളികേട്ട ഉടനെ ഞാന്‍ വരാന്തയിലെത്തി. അവ്വക്കറ്ക്കയ്ക്ക് എന്നെക്കാള്‍ പ്രായമുണ്ടെങ്കിലും ബഹുമാന പൂര്‍വം എഴുന്നേറ്റ് നിന്ന് സലാം ചൊല്ലുക അദ്ദേഹത്തിന്റെ സ്വഭാവമാണ്. 'ഞാന്‍ ഒര് സംശയം തീര്‍ക്കാനായിട്ട് മാഷെ കാണാന്ന് ബെച്ച് വന്നതാ. അതെന്താന്നല്ലേ, നമ്മടെ സ്‌കൂള്‍ സാറമ്മാരും, മദ്രസയിലെ ഉസ്താദ്മാരും പത്രോന്നും ബായിക്കാറില്ലേ?' ചോദ്യം കേട്ടപ്പോള്‍ എന്തോ ചില കാര്യങ്ങളൊക്കെ അവ്വക്കറ്ക്കാക്ക് പറയാനുണ്ടെന്ന് തോന്നി. പൊതുവെ അധ്യാപികമാര്‍ പത്രം വായിക്കുന്നതില്‍ അല്പം പിന്നോട്ടാണെന്ന കാര്യം എനിക്ക് ബോധ്യപ്പെട്ടതാണ്. പക്ഷെ സാറന്മാര്‍ എന്തായാലും പത്രം വായന മുടക്കില്ല. അവരൊക്കെ സംഘടനാ പ്രവര്‍ത്തകരോ രാഷ്ട്രീയ പ്രവര്‍ത്തകരോ ഒക്കെ ആണല്ലോ?

'എന്താ അവ്വക്കറ്ക്ക അങ്ങിനെ ചോദിച്ചത്?' ഒരു ചെറു ചിരിയോടെ അവ്വക്കറ്ക്ക പറയാന്‍ തുടങ്ങി. 'അതോ മാഷെ ഇക്കാലത്ത് പത്രത്തില് ദിവസേന നാലോ അഞ്ചോ സ്ത്രീ പീഡനങ്ങള്‍ വാര്‍ത്തയായി ബര്ന്നില്ലേ? അതില് ഇര എന്നും ബേട്ടക്കാരനെന്നും മറ്റും എയ്തി കാണുന്നില്ലേ? അവമ്മാരെ പോലീസ് പിടിച്ച് കൊണ്ടോന്നതും ലോക്കപ്പില് ഇടുന്നതും ഒക്കെ പത്രത്തില് ബെര്ന്നില്ലേ? ഇതൊക്കെ ബായിക്കുന്ന മാഷമ്മാരും, ഉസ്താദുമാരും പഠിപ്പിക്കുന്ന കൊച്ചു പെങ്കൊച്ച്ങ്ങളെ പീഡിപ്പിക്കുന്നു എന്നറിയുമ്പോള്‍ നാണം തോന്ന്ന്ന് മാഷേ.'

'കയിഞ്ഞായ്ച്ച ഞമ്മ മടക്കരേല് മീന്‍ ബാങ്ങാന്‍ പോയി. ബോട്ട് ബരന്നത് വരെ പൊയക്കരയില് ഇര്ന്ന്. അപ്പം ആടെ എനക്കറിയ്ന്ന ഒരു നാട്ടുകാരന്‍ ബന്നിറ്റ്ണ്ടായിന്. അയാള് ഒരു സ്‌ക്കോള് മാഷിന്റെ സൊബാവത്തെ പ്പറ്റി പറഞ്ഞ്. എന്റെ മാഷെ ഞമ്മക്ക് നിങ്ങളോട് അക്കഥ പറയാന്‍ നാണാവ്ന്ന്. നാലാംക്ലാസ് പഠിക്ക്ന്ന മൊലപ്പാലിന്റെ മണം മാറാത്ത പതിമൂന്ന് പെങ്കൊച്ച്ങ്ങളെ അങ്ങേര് പീഡിപ്പിച്ചെന്ന്.

കുഞ്ഞ്യോളെ അടുത്തേക്ക് വിളിച്ച് തുണീന്റെ ഉളളില് കയ്യിട്ട് ഒരോന്ന് ചോദിക്കോലും മുത്തം കൊടുക്കോലും ഒരു സോക്കേടല്ലേ മാഷേ? ഇതൊക്കെ ആ പെങ്കൊച്ച് ഉമ്മാനോട് പറഞ്ഞോലും'.

എല്ലാം കേട്ട് ഞാന്‍ മിണ്ടാതിരുന്നു. 'ഇതൊന്നും ശരിയായിരിക്കണമെന്നില്ല അവ്വക്കറ്ക്ക. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊക്കെ പറയാന്‍ ധൈര്യം കിട്ടുന്നുണ്ട്. പക്ഷെ പലതും സങ്കല്‍പത്തില്‍ പറയുന്നുമുണ്ട്. കുറച്ചു ദിവസം മുമ്പ് ഒരു ആറാം ക്ലാസ്‌കാരി പെണ്‍കുട്ടി കൗണ്‍സിലിംഗ് നടത്തിയപ്പോള്‍ പറഞ്ഞ കാര്യം വെച്ച് പോലീസ് കേസെടുത്തു. കുട്ടി പ്രായം ചെന്ന ഒരു പുരുഷന്‍ അവളെ പീഡിപ്പിച്ച കാര്യമാണ് പറഞ്ഞത്.
എങ്ങിനെ വിശ്വസിച്ച് നമ്മുടെ കുഞ്ഞുങ്ങളെ വിദ്യാലയങ്ങളില്‍ പറഞ്ഞയക്കും?

കുട്ടി പറയുന്നത് കേട്ടാല്‍ അതൊക്കെ യഥാര്‍ത്ഥമാണെന്ന് തോന്നും. അയാള്‍ എന്നെ അങ്ങിനെ ചെയ്തു. ഇങ്ങിനെ ചെയ്തു ആറ് തവണ ചെയ്തു. എന്നൊക്കെയാണ് പറഞ്ഞത്. പെണ്‍കുട്ടിക്ക് ആ മനുഷ്യനോട് വിരോധമുണ്ട്. അവളുടെ പെറ്റമ്മയെ സ്ഥിരമായി ദ്രോഹിക്കുന്ന വ്യക്തിയാണദ്ദേഹം. അയാളെ കുടുക്കാന്‍ കുട്ടി മെനഞ്ഞെടുത്ത ഒരു കഥയായിരുന്നു അത്. മാത്രമല്ല ലൈംഗിക വേഴ്ചയെക്കുറിച്ചുളള ചിത്രങ്ങള്‍ മൊബൈലില്‍ ഒരു ചെറുക്കന്‍ അവളെ കാണിച്ചു കൊടുത്തിട്ടുണ്ട്. അത് വെച്ചാണ് ഒരു കഥ അവള്‍ മെനഞ്ഞടുത്തത്.'

'ഇമ്മാതിരികഥകള്‍ പടക്കുന്ന കിടാങ്ങളുണ്ട് അല്ലെ മാഷെ. എല്ലാം പടച്ചോനിക്കറിയാം.ആ മാഷ് പറേന്ന് ചെയ്തിട്ടില്ലാന്ന്. കുഞ്ഞ്യോള് പറേന്ന് ശെയ്തിട്ടുണ്ടെന്ന്. ആര്‍ക്കറിയാം സത്യം?' അതു മല്ല അവ്വക്കറ്ക്ക. ഇത്തരം കഥകള്‍ പറയാനും പരത്താനും ആളുകള്‍ക്ക് വലിയ താല്പര്യമാണ്. ഏതിലും രണ്ട് ഗ്രൂപ്പുണ്ടാവും. ഒരു വ്യക്തി കുറ്റം ചെയ്താല്‍ ആ വ്യക്തി ഉള്‍ക്കൊളളുന്ന സംഘം അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും എതിര്‍ഭാഗം ആ വ്യക്തിയെ കുടുക്കാനുളള സര്‍വ്വ കഴിവുകളും പ്രയോഗിക്കുകയും ചെയും. ഇതൊക്കെ ഇന്നത്തെ നാട്ടുനടപ്പാണ്.

'പണ്ടേ ഇങ്ങനത്തെ പീഡനങ്ങളും, കേസും കുണ്ടാ മണ്ടിം ഉണ്ടായിനാ മാഷെ? ഇപ്പന്തേ ഇത്രേം അധികം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു?'

'പീഡനങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. അതൊന്നും അത്ര പ്രചാരം കിട്ടിയിരുന്നില്ല. അറിഞ്ഞവര്‍ അറിഞ്ഞവര്‍ സ്വകാര്യമായി വെക്കും. കുളക്കടവിലോ, അങ്ങാടിയിലോ അത്തരം കാര്യങ്ങള്‍ ചെവിക്കു ചെവി അറിഞ്ഞവര്‍ പരസ്പരം പറയും. അവിടെത്തീര്‍ന്നു അത്. പത്രങ്ങളില്‍ അത്തരം വാര്‍ത്തകള്‍ വരുന്നത് വളരെ വിരളം.

അന്ന് ഇക്കാലത്തേ പോലെ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഉണ്ടായിരുന്നില്ലല്ലോ? പക്ഷെ അടുത്തകാലത്ത് സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ അവര്‍ക്കു നേരിടേണ്ടി വന്ന ദ്രോഹങ്ങള്‍ വിളിച്ചു പറയാന്‍ ധൈര്യം കാട്ടുന്നു. ചൈല്‍ഡ് ലൈന്‍ പോലുളള സന്നദ്ധ പ്രവര്‍ത്തകര്‍ തങ്ങളെ സഹായിക്കാനും ഒപ്പം നിക്കാനും ഉണ്ടാവും എന്ന കരുതലു കൊണ്ടും കുട്ടികള്‍ ഒളിച്ചു വെക്കാതെ തുറന്നു പറയാന്‍ ത്രാണി കാണിക്കുന്നുമുണ്ട്. കൗണ്‍സിലിംഗ് ക്ലാസുകളും, ബോധവല്‍ക്കരണ ക്ലാസുകളും, ലൈംഗികാരോഗ്യ വിദ്യാഭ്യാസ പരിപാടികളുമൊക്കെ ഇത്തരം തുറന്നു പറയലിന് അവസരമൊരുക്കുന്നുണ്ട്'.

'പണ്ടത്തെ മാഷന്മാരും കുട്ട്യോളെ മടിയിലിരുത്തുകയും കൈപിടിച്ച് എയ്തിക്കുകയും, നഖം മുറിച്ചു കൊടുക്കുകയും, പല്ല് തേപ്പിക്കുകയും, ദേഹ ശുദ്ധി വരുത്താന്‍ സഹായിക്കുകയും മറ്റും ചെയ്തിട്ടില്ലേ? അന്നൊന്നും ഇമ്മാതിരി കശ പിശകളൊന്നും ഉണ്ടായിര്ന്നില്ലല്ലോ?'

'അവ്വക്കറ്ക്ക അതൊരു കാലം വേറെ. അന്ന് കുട്ടികളെ സ്വന്തം കുഞ്ഞുങ്ങളായി ഗുരുവര്യന്മാര്‍ കണ്ടു. അവരെ ലാളിച്ചും സ്‌നേഹിച്ചും വീട്ടില്‍ അമ്മയും അച്ഛനും കൊടുക്കുന്ന സ്‌നേഹത്തേക്കാളേറെ അവര്‍ കുഞ്ഞുങ്ങളെ സ്‌നേഹിച്ചു. അന്ന് മടിയിലിരുത്തിയത് ദുരുദ്ദേശത്തോടെയല്ല: അധ്യാപകരും കുട്ടികളും തമ്മിലുളള ബന്ധം അത്രമേല്‍ പവിത്രമയിരുന്നു.

എന്നാല്‍ ഇന്നോ മടിയിലിരുത്തേണ്ട അടുത്തു വിളിച്ചു നിര്‍ത്തിയാല്‍ പോലും കുഞ്ഞിനു സംശയം. കാണുന്നവര്‍ക്ക് അതിനേക്കാളേറെ സംശയം. അത്തരം കാര്യങ്ങള്‍ പറഞ്ഞു പരത്താന്‍ ആളുകള്‍ക്കും ഏറെ താല്പര്യം. കാലത്തിനനുസരിച്ച് എല്ലാം മാറുന്നു'. 'മാഷേ ഒര് കാര്യം തീര്‍ച്ച ഇമ്മാതിരി ഞരമ്പു രോഗികള്‍ ഒരുപാടുണ്ട് നമ്മടെ നാട്ടില്‍. അവന്മാരെ പാഠം പഠിപ്പിച്ചേ പറ്റൂ'.

'അവ്വക്കറ്ക്ക പറഞ്ഞ കാര്യം ശരിയാണ്. അതിന് രക്ഷിതാക്കളും സമൂഹവും സജ്ജരാവണം. നിയമത്തിന്റെ വഴിക്കു പോകുന്നതിനേക്കാള്‍ നന്ന് അത്തരക്കാരെ സമൂഹം ബഹിഷ്‌ക്കരിക്കുകയെന്നതാവണം. പരിപാവനമായി കാണേണ്ട വിദ്യാലയാന്തരീക്ഷവും, മത മൂല്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്ന മദ്രസകളും മലീമസമാക്കുന്ന ഇത്തരം വ്യക്തികള്‍ക്ക് തക്കതായ ശിക്ഷ കൊടുത്തേ പറ്റൂ. അല്ലെങ്കില്‍ വരും തലമുറയിലെ കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും അരക്ഷിതാവസ്ഥയിലാവും'.

'ന്നാ ബരട്ടെ മാഷെ ബാക്കി കാര്യം പിന്നെ പറയാം'

സാധാരണക്കാരുടെ പ്രയാസങ്ങളാണ് അവ്വക്കറ്ക്ക പറഞ്ഞു വെച്ചത്. എങ്ങിനെ വിശ്വസിച്ച് നമ്മുടെ കുഞ്ഞുങ്ങളെ വിദ്യാലയങ്ങളില്‍ പറഞ്ഞയക്കും?

എങ്ങിനെ വിശ്വസിച്ച് നമ്മുടെ കുഞ്ഞുങ്ങളെ വിദ്യാലയങ്ങളില്‍ പറഞ്ഞയക്കും?
-കൂക്കാനം റഹ്മാന്‍

Keywords:  Article, School, Teacher, Student, Complaint, Molestation, News Paper, Kookanam-Rahman, Police, Meet, Parents, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia