city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉറച്ച വിശ്വാസത്തിന്റെ കഥ പറയുന്ന ബദര്‍

-അസീസ് ബള്ളൂര്‍

(www.kasargodvartha.com 06/07/2015) റമദാന്‍ പതിനേഴ് ലോക ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ടത്തിന്നു സാക്ഷ്യം വഹിച്ചിട്ടുള്ള ദിനമായിട്ടാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. സത്യവും അസത്യവും നീതിയും അനീതിയും ധാര്‍മികതയും അധാര്‍മികതയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഏകദൈവ സിദ്ധാന്തത്തിന്റെ അനശ്വര വിശ്വാസം വിജയിച്ച ദിവസമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മദ്യവും മദിരാശിയും അക്രമവും കൊലയും യഥേഷ്ടം നടമാടിക്കൊണ്ടിരുന്ന വലിയൊരു സമൂഹം.

ബഹുദൈവ ആരാധകര്‍ക്കു മുമ്പില്‍ സര്‍വലോകം സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു അല്ലാഹു ഉണ്ടെന്നും അക്രമവും അശാന്തിയും വെടിഞ്ഞു  സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പാതയായ തൗഹീദിലൂടെ ഇസ്ലാമിക ശാന്തി തീരത്തേക്ക് ക്ഷണിച്ചപ്പോള്‍ കല്ലെറിഞ്ഞും പരിഹസിച്ചും നടന്ന ഒരു ജനതയെ അല്ലാഹുവിലേക്കും, അവിടെ നിന്ന് സത്യമതം സ്ഥാപിക്കാനും നില നിര്‍ത്താനുമുള്ള ജീവന്മരണ പോരാട്ടത്തിന്റെ പ്രതിരോധ നിരയില്‍ നിലയുറപ്പിക്കാനുള്ള പ്രവാചകരുടെ (സ.അ) ശ്രമം ത്യാഗത്തിന്റെയും പീഡനത്തിന്റെയും വേദനയുടെയും കല്ലും മുളളും നിറഞ്ഞ പാതയായിരുന്നു.

ആയിരത്തിലേറെ വരുന്ന ആള്‍ബലവും ആയുധബലവുമുള്ള വലിയൊരു സായുധ അക്രമി സംഘത്തിന്റെ മുമ്പില്‍ നിരായുധരായ എണ്ണത്തിലും സൗകര്യങ്ങളിലും തീരേ ദുര്‍ബലരായിരുന്ന, എന്നാല്‍ തൗഹീദിന്റെ മാസ്മരിക മന്ത്രധ്വനികള്‍ മാത്രം ഹൃദയത്തില്‍ സ്ഥാപിച്ച സ്വഹാബത്തിനെ നയിച്ചു പ്രതിരോധം തീര്‍ക്കേണ്ട അനിവാര്യ ഘട്ടമെത്തിയപ്പോള്‍ അവിടെന്നു നയിക്കുന്ന ഈ ചെറുസംഘം ബദറിന്റെ പോരാട്ടഭൂമികയില്‍ ശക്തരായ ശത്രുക്കളാല്‍ നശിക്കപ്പെട്ടാല്‍ ഈലോകത്ത് ഏക ഇലാഹായ അല്ലാഹുവിനെ ആരാധിക്കാന്‍, അവന്റെ ഏകത്വം ഉയര്‍ത്തിപിടിക്കാന്‍ മനുഷ്യസമൂഹമുണ്ടാവില്ല എന്നത് കൊണ്ട് ഈ പോരാളികളെ  നശിക്കപ്പെടാതിരിക്കാന്‍ കാവലിന്നു വേണ്ടിയുള്ള പ്രവാചകരുടെ (സ.അ) അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനയാണ് ബദറിന്റെ മരുഭൂമി തൗഹീദിന്റെ വെന്നികോടി പരത്തുന്നതില്‍ നിര്‍ണായകമായി ചരിത്രത്തില്‍ വ്യക്തമായി രേഖപ്പെട്ടുകിടക്കുന്നു. അതേസമയം ശത്രു സൈന്യത്തെ നയിച്ച അബൂജഹലും യുദ്ധത്തിന്നു തയാറെടുക്കുമ്പോള്‍ കഅബാലയത്തിന്റെ ചാരത്ത് നടത്തിയ രണ്ടിലൊരു പക്ഷത്തു സത്യമുണ്ടെന്നും ആ സത്യം എവിടെയാണെങ്കിലും വിജയിക്കണമെന്നും നടത്തിയ പ്രാര്‍ഥനയും വലിയൊരു പ്രാധാന്യത്തോടെയാണ് ചരിത്ര പണ്ഡിതന്മാര്‍ ഉദ്ധരിച്ചിട്ടുളളത്.

ശത്രു സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള  അനിയോജ്യമായൊരു സ്ഥലം നേരത്തെ പ്രവാചകര്‍ (സ.അ) തന്റെ ഭാവനയില്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒരു സ്വഹാബിവര്യന്‍ ഭൂമിശാസ്ത്രപരമായ കാരണം ചൂണ്ടികാട്ടി പുതിയ ഒരു സ്ഥലം നിര്‍ദേശിച്ചതനുസരിച്ചാണ് ലോകാവസാന കാലത്തോളം ഇസ്ലാമിക ലോകം തൗഹീദിന്റെ നിലനില്‍പിന്നു വേണ്ടി നടന്ന രക്തരൂക്ഷിത പോരാട്ടത്തിന്റെ സ്മരണകള്‍ അയവിറക്കികൊണ്ടിരിക്കുന്ന ബദര്‍ എന്ന ചരിത്ര ഭൂമിയെ ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ പ്രതിരോധം തീര്‍ക്കാനുള്ള സ്ഥലമായി തെരഞ്ഞെടുത്തുകൊണ്ട് യുദ്ധഭൂമിയിലും ഒരു അനുയായിക്ക് മുമ്പില്‍ നേതാവിന്റെ മാതൃക കാണിച്ചു എന്നതും ബദറിന്റെ വലിയൊരു പാഠമായി നമുക്ക് മുമ്പില്‍ നിലനില്‍ക്കുന്നു.

ശത്രുക്കളെ നേരിടാനുള്ള അവസാന തയ്യാറെടുപ്പിനുള്ള സൈന്യത്തെ നിരകളായി തിട്ടപ്പെടുത്തുന്നതിന്നിടയില്‍ ഒരു സ്വഹാബിയെ തന്റെ കയ്യിലുണ്ടായിരുന്ന കമ്പുകഷ്ണം ശരീരത്തില്‍ പതിയുകയും അദ്ദേഹം അതേ കമ്പുകൊണ്ട് പ്രവാചകരെ (സ.അ) ശരീരത്തിലേക്ക് പ്രഹരിച്ചുകൊണ്ട് പ്രതികാരം തീര്‍ക്കാനുള്ള വാശിയില്‍ സംഭവം കലാശിച്ചപ്പോള്‍ പ്രസ്തുത സ്വഹാബി ആവശ്യപ്പെട്ട ഭാഗത്തെ അവിടത്തെ പുണ്യമേനിയില്‍ നിന്ന് വസ്ത്രം മാറ്റി കൊടുത്തുകൊണ്ട് വിനയാന്വിതനായി അനുയായികളോട് പോലും നീതി നടപ്പിലാക്കാനുള്ള തന്റെ നീതിബോധം ഉയര്‍ത്തിയ സംഭവവും ബദറിന്റെ സന്ദേശത്തിന്റെ വലിയ നിതാന്തമായി നമുക്ക് മുന്നില്‍ നില നില്‍ക്കുന്നു. പക്ഷെ പ്രസ്തുത സ്വഹാബി അവിടത്തോടുള്ള അനശ്വര പ്രണയത്തില്‍ ലയിച്ചു ആ പുണ്യ ശരീരത്തെ തന്റെ ശരീരത്തില്‍ സ്പര്‍ശിപ്പിക്കാനുള്ള ഈമാനിക തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നു പിന്നീടാണ് തിരിച്ചറിഞ്ഞത് എന്നുള്ളതിലും നമുക്ക് പാഠമുണ്ട്.

ദിന രാത്രങ്ങള്‍ മരുഭൂമിയിലൂടെ വളരെ പ്രയാസപ്പെട്ടു യാത്ര ചെയ്തു ക്ഷീണിതരായി ബദ്‌റിലെത്തിയ സ്വഹാബികള്‍ റമദാനിന്റെ വ്രതവും അസൗകര്യങ്ങളും അവരുടെ ശരീരത്തെ നന്നേ തളര്‍ത്തിയിരുന്നു.   അല്ലാഹുവിന്റെ സാമീപ്യത്തില്‍ ലയിച്ചും തൗഹീദിനോടുള്ള പ്രതിബദ്ധതയും പ്രവാചകരോടുള്ള (സ.അ) സ്‌നേഹത്തിന്റെ മാധുര്യവും മരണാനന്തരം ശാശ്വത സ്വര്‍ഗം സമ്പാദിക്കാനുള്ള സ്വഹാബാക്കളുടെ ആത്മീയ ആവേശം മനസ്സിനെ കൂടുതല്‍ ശക്തമായ ആത്മവിശ്വാസം വര്‍ധിച്ചപ്പോള്‍ സത്യമതത്തെ  നിലനിര്‍ത്താനുള്ള പോരാട്ടത്തിനു മുമ്പില്‍ എല്ലാം മറന്നു ആത്മീയമായ ഉന്നത സോപാനത്തില്‍ വിഹരിക്കുകയായിരുന്നു. യുദ്ധഭൂമിയില്‍ ശത്രുക്കളുടെ  അക്രമണത്തില്‍ പരിക്കേറ്റു മരണത്തെ മുന്നില്‍ കണ്ടു നിന്നവര്‍ പോലും പാനീയം സ്വീകരിച്ചു വ്രതം നഷ്ടപ്പെടുത്തി ലോകത്തോട് വിട പറയാന്‍ വിസമ്മതിച്ചു എന്നുളളത് ആ പോരാളികളുടെ ആത്മീയ സമര്‍പ്പണം നമ്മെ ഉണര്‍ത്തുന്നു. സര്‍വ്വായുധ വിഭൂഷിത ശത്രു സൈന്യം മുസ്ലിം പക്ഷത്തെ ഹൃദയത്തിലൂന്നിയ പ്രവാചകസ്‌നേഹത്തിന്റെയും അല്ലാഹുവിനോടുള്ള അണയാത്ത വിശ്വാസത്തിന്റെ മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ ലോക ചരിത്രത്തില്‍ സായുധ പോരാട്ടത്തിന്നു പോലും വിശ്വാസത്തെ കീഴടക്കാന്‍ സാധ്യമല്ല എന്ന സന്ദേശം പകര്‍ന്നു നല്‍കുകയായിരുന്നു ബദറിലെ രക്ത സാക്ഷ്യംവഹിച്ച ശുഹദാക്കള്‍ കാണിച്ചു തരുന്നത്.

ചാരിത്രിക ബദര്‍ യുദ്ധത്തിന്റെ പാശ്ചാത്തലമോ പ്രതിരോധിക്കാനുളള അനിവാര്യതയുടെ പിന്നാംപുറമോ മനസ്സിലാകാത്തവര്‍ ഇസ്ലാം ആയുധം കൊണ്ടു പ്രചരിപ്പിച്ച മതം എന്നു കണ്ടെത്താന്‍ വ്യാകുലപ്പെടുന്ന വര്‍ത്തമാന കാലത്തിലെ ചില കുബുദ്ധികള്‍, യുദ്ധ ഭൂമിയിലും മാനുഷിക മുഖം ഉയര്‍ത്തിപിടിച്ച  ലോക ചരിത്രത്തിലെ അതുല്യനായ പ്രവാചകരുടെ(സ.അ) മാതൃകയെ വിസ്മരിക്കുകയാണ്. യുദ്ധങ്ങള്‍ അനിവാര്യമായ ഘട്ടങ്ങളില്‍ പോലും ശത്രുപക്ഷത്തുള്ള വനിതകളെയും കുട്ടികളെയും അക്രമിക്കപ്പെടരുതെന്നും വൃക്ഷങ്ങളെ നശിപ്പിക്കരുതെന്നും മൃഗങ്ങളെ ബലി അര്‍പ്പിക്കുമ്പോള്‍ പോലും വേദനിപ്പിക്കരുതെന്നു ശക്തമായി നിഷ്‌കര്‍ഷിച്ച അതേ പ്രവാചകരാണ് (സ.അ ) ബദര്‍ യുദ്ധത്തിന്റെയും കടിഞ്ഞാണ്‍ നിയന്ത്രിച്ചതു എന്നതു ചിന്തിക്കുന്നവര്‍ക്ക് ഒരുപാട് ദൃഷ്ടാന്തമുണ്ട്.

ഒരുപാട് ശാരീരിക മാനസിക പീഡനങ്ങളെ ക്ഷമാപൂര്‍വം അനുഭവിച്ചും മക്കയുടെ ബഹുഭൂരിപക്ഷം വരുന്ന മുശ്‌രിക്കുകളുടെ മുന്നില്‍ സംയമനത്തിന്റെ അവസാനം വരെ സഹിച്ചും ക്ഷമിച്ചും സത്യമതത്തിന്റെ പ്രബോധന ദൗത്യ നിര്‍വഹണം നടത്തിയ ശേഷം മാത്രമാണ് അനിവാര്യമായ പ്രതിരോധം തീര്‍ക്കാന്‍ പ്രവാചകരും (സ.അ) അവിടത്തെ അനുചര വൃന്ദവും നിര്‍ബന്ധിതരായാതെങ്കില്‍, ഇത്തരം പ്രതിരോധങ്ങളെ തെറ്റായ വ്യാഖ്യാനം നല്‍കി വര്‍ത്തമാന കാലത്തെ ചില സംഭവവികാസങ്ങളുമായി കൂട്ടികലര്‍ത്തി സാമൂഹിക അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ പല ഭാഗത്തും നടക്കുന്ന ശ്രമങ്ങളെ ഒരിക്കലും ന്യായീകരിക്കവുന്നതല്ല.

മറിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിക്കുന്ന വര്‍ത്തമാന മുസ്ലിം സമൂഹം ഒറ്റകെട്ടായി ഒരു നേതൃത്വത്തെ പരിപൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തു ലഭിക്കുന്ന നിര്‍ദേശങ്ങളെ അച്ചടക്കത്തോടെ പാലിച്ച് ഏക ഇലാഹായ അല്ലാഹുവിന്റെ സാമീപ്യം മാത്രം ജീവിത ലക്ഷ്യമാക്കി, ഇതര മത വിശ്വാസികളോടും അവരുടെ വിശ്വാസങ്ങളോടും ബഹുമാനം പുലര്‍ത്തി പരിപൂര്‍ണ്ണ സാമൂഹിക പ്രതിബദ്ധതയോടെ മുന്നോട്ടു പോയാല്‍ ബദറില്‍ ലഭിച്ച വിജയം ഏറ്റവും വലിയ അച്ചടക്കതിന്റെ പഠമായി ഉല്‍കൊള്ളാന്‍ സാധിക്കണമെന്നും, ഐക്യവും അച്ചടക്ക ബോധവും അന്യമായി അലസരായി മുന്നോട്ടു പോകുന്ന സമൂഹം ഉഹുദ് യുദ്ധ ഭൂമിയില്‍ നേരിട്ട തിരിച്ചടി തീര്‍ത്ത വേദനയുടെ ചരിത്രം അനുഭവിക്കാന്‍ വിധിക്കപെട്ടവരായി മാറുമെന്ന യാഥാര്‍ഥ്യമാണ് റമദാന്‍ പതിനേഴ് നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഉറച്ച വിശ്വാസത്തിന്റെ കഥ പറയുന്ന ബദര്‍

Keywords : Article, Memorial, Islam, Azeez Balloor, Badar Remembrance. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia