city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അയിത്തം അന്നും ഇന്നും

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 31/07/2015) കേരളം വിദ്യാഭ്യാസ രംഗത്ത് മുന്നിലാണ്. സാക്ഷരതാ ശതമാനം നൂറിലെത്തി നില്‍ക്കുന്ന സംസ്ഥാനമാണ്. സംസ്‌കാരികമായി മറ്റ് സംസ്ഥാനങ്ങളേക്കാളും മുന്നിലാണ്. സാമൂഹ്യ മുന്നേറ്റങ്ങള്‍ ഒരുപാടുനടന്ന പ്രദേശമാണ്. രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണ് ഭൂരിപക്ഷവും. ഉല്‍ബുദ്ധരായ ജനങ്ങളാണ് ഇവിടുത്തുകാര്‍ എന്നാണ് പുറമേയുള്ളവര്‍ ധരിച്ചു വെച്ചിരിക്കുന്നത്.

ജാതീയതയ്ക്കും, അയിത്തോഛാടനത്തിനും പടപൊരുതിയ നിരവധി ജനനേതാക്കളിവിടെ ഉണ്ടായിട്ടുണ്ട്. ഇതൊക്കെയായിട്ടും കേരളത്തില്‍ ഉന്നതജാതിയും കീഴ്ജാതിയും എന്ന കാഴ്ചപ്പാടും നിലപാടുകളും മാറ്റിയെടുക്കാന്‍ ഇനിയും സാധ്യമായിട്ടില്ല. വിപ്ലവപാര്‍ട്ടികളുടെ ശക്തമായ വേരോട്ടമുള്ള പ്രദേശമായിട്ടും ജാതീയത ശക്തിപ്രാപിച്ചുവരികയാണിപ്പോഴും. ജാതി സംഘടനകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അങ്ങിനെ സംഘടിച്ചാലേ തങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊയ്‌തെടുക്കാനാവൂ എന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. വിപ്ലവ പ്രസ്ഥാനങ്ങളും അത് കണ്ടില്ലെന്ന് നടിക്കുകയോ മറഞ്ഞുനിന്ന് പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു എന്നു വേണം കരുതാന്‍.

പറയക്കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂളില്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അയക്കില്ല എന്ന് പരസ്യമായി പറയാന്‍ പോലും കേരളത്തിലെ ചില പ്രദേശങ്ങളിലെ 'ഉയര്‍ന്ന ജാതിക്കാര്‍' തയ്യാറായിരിക്കുന്നു. ഗവണ്‍മെന്റ് ഹരിജന്‍ വെല്‍ഫേര്‍ സ്‌കൂളുകളും, ഗിരിജന്‍ വെല്‍ഫേര്‍ സ്‌കൂളുകളും, ഗവ. മാപ്പിള സ്‌കൂളുകളും സ്ഥാപിച്ച് നടത്തിക്കൊണ്ടുപോകുന്ന സമ്പ്രദായം എന്നേ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്തൊക്കെ പേരുമാറ്റങ്ങളും മറ്റും നടക്കുന്നുണ്ടിവിടെ? പിന്നെന്തേ ജാതി, മത പേരുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള വിദ്യാലയങ്ങളുടെ പേരുമാറ്റി വെറും സര്‍ക്കാര്‍ സ്‌കൂളുകളാക്കി മാറ്റിക്കൂടാ?
അയിത്തം അന്നും ഇന്നും

ഗാന്ധിജി ഹരിജനങ്ങളെന്നും, ഗിരിജനങ്ങളെന്നും പേരു നല്‍കി തൊട്ടുകൂടാത്തവരേയും, തീണ്ടിക്കൂടാത്തവരേയും 'ദൈവമക്കളാക്കി.' പക്ഷേ പേരില്‍ മാത്രം അവരുടെ മാന്യത ഒതുങ്ങിനിന്നു. പിന്നീട് സര്‍ക്കാര്‍ രേഖകളില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റും ട്രൈബ്‌സുകളുമായി മാറ്റി. ഇപ്പോള്‍ ദളിത് എന്ന പേരിലാണ് പിന്നോക്ക വിഭാഗക്കാരെ അറിയപ്പെടുന്നത്. ഇന്നും ദളിത് വിഭാഗങ്ങള്‍ വലിയവരുടെ വീടുകള്‍ക്ക് പുറത്തുതന്നെ. ഔദ്യോദിക പദവി ലഭിച്ചവരോ, രാഷ്ട്രീയ നേതൃത്വത്തിലേക്ക് വന്നവരോ ഒഴിച്ച് ദളിത വിഭാഗത്തില്‍ പെട്ടവരെ 'ഉയര്‍ന്നവര്‍'അകത്തേക്ക് പ്രവേശിപ്പിക്കില്ല.

അവര്‍ കിണറില്‍ നിന്ന് വെള്ളമെടുത്താല്‍ കിണര്‍ അശുദ്ധമാവും. വീടിനകത്തുകയറിയാല്‍ വീട് അശുദ്ധമാവും. ക്ലാസില്‍ ഒപ്പമിരുന്നു പഠിച്ച് വീട്ടിലേക്ക് കയറിവരണമെങ്കില്‍ കുളിച്ച് ശുദ്ധമായി വരണം. ഇന്നും നിലനില്‍ക്കുന്നു ഇത്തരം നടപടികള്‍.

കാസര്‍കോടിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ ദളിതര്‍ക്ക് മാത്രമായി പ്രത്യേക ഗ്ലാസുകള്‍ പോലും കരുതിയിട്ടുണ്ട്. അവരെ മനുഷ്യരായി കാണാനുള്ള മനോഭാവം 'ഉയര്‍ന്നവര്‍'ക്കില്ലായെന്നതാണ് യഥാര്‍ത്ഥ്യം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കേരളത്തിലെങ്കിലും ഇല്ലാതാവും എന്നാണ് പ്രതീക്ഷിച്ചത്. മാറ്റിനിര്‍ത്തലുകളും, അപമാനപ്പെടുത്തലുകളും ഇനിയും ഇല്ലാതാക്കാന്‍ സാംസ്‌കാരിക ഉന്നമനം നേടിയ കേരളീയര്‍ക്കായില്ല എന്നത് നാണക്കേടുതന്നെയാണ്.

ഞാന്‍ എന്റ പ്രൈമറി സ്‌കൂള്‍ പഠനകാലം ഓര്‍ത്തുപോവുകയാണ്. അന്ന് അമേരിക്കക്കാരന്റെ സൗജന്യ പാല്‍പ്പൊടി കൊണ്ടുണ്ടാക്കിയ പാല്‍ ഉച്ചനേരത്ത് കിട്ടുമായിരുന്നു. മുസ്ലീമായ ഞാനും ചെരുപ്പുകുത്തി വിഭാഗത്തില്‍ പെട്ട കൃഷ്ണനും അടുത്തടുത്താണ് സ്‌കൂള്‍ വരാന്തയില്‍ പാല്‍ വാങ്ങിക്കുടിക്കാന്‍ ഇരിക്കാറ്. പാല്‍ വിളമ്പുകാരനായ ഉണിത്തിരിമാഷ് ഞങ്ങളുടെ രണ്ട് പേരുടേയും പാത്രത്തില്‍ പാലൊഴിച്ചുതരും. പാല്‍വിളമ്പുന്ന 'കയില്‍' പാത്രത്തില്‍ നിന്ന് ഉയര്‍ത്തിപ്പിടിച്ചാണ് ഞങ്ങളുടെ പാത്രത്തില്‍ പാല്‍ ഒഴിച്ചുതരിക. മറ്റുള്ളവരുടെ പാത്രത്തോട് അടുത്ത് പിടിച്ചും പാലൊഴിക്കും. ഞങ്ങള്‍ താഴ്ന്നവരായിരുന്നു അക്കാലത്തെ മാഷന്മാരുടെ കണ്ണില്‍ പോലും...

കാസര്‍കോട് ജില്ലാ കലക്ടറായിരുന്ന ജെ. സുധാകരന്‍ ഐ.എ.എസ് ഒരു സ്വകാര്യസംഭാഷണത്തില്‍ അദ്ദേഹം നേരിട്ട ചില അനുഭവങ്ങള്‍ പറയുകയുണ്ടായി 'ഇവന്മാരുടെയൊക്കെ വിചാരം ഞാന്‍ റിസര്‍വേഷന്‍ ക്വാട്ടയില്‍ ഐ.എ.എസ് നേടിവന്നവനാണെന്ന്. ശരിക്കും പഠിച്ച് റാങ്ക് നേടിയാണ് ഈ നിലയിലെത്തിയതെന്ന് അവര്‍ക്കറിയില്ല. 'ദളിതനായതിനാല്‍ ചില കോണുകളില്‍ നിന്ന് മാനസിക വിഷമം ഉണ്ടാക്കിയ പ്രതികരണങ്ങള്‍ കേട്ടതിനാലാവാം അന്നദ്ദേഹം അക്കാര്യം സൂചിപ്പിച്ചത്...

വെള്ളമെടുക്കാന്‍ കിണറിനരികെ ചെന്ന ദളിത് സ്ത്രീയോട് മാറിനില്‍ക്കാന്‍ പറഞ്ഞ ഉന്നതകുലജാതയായ സ്ത്രീ പറഞ്ഞത് അനുസ്മരിച്ചുകൊണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ കുറിപ്പ് ഓര്‍മയില്‍ തികട്ടിവരുന്നു. 'ഇവര്‍ രണ്ടുപേരും മൂത്രമൊഴിക്കുമ്പോള്‍ ഇരുതുടകള്‍ക്കിടയിലൂടെയാണ് ഒഴുകി വരുന്നതെന്നോര്‍ക്കണം' എന്നായിരുന്നു. അക്കാലത്ത് അങ്ങിനെയൊക്കെ വികാരതീക്ഷണതയോടെ തീണ്ടിക്കൂടായ്മക്കെതിരെ പ്രതികരിക്കാന്‍ സംസ്‌കാരിക പ്രവര്‍ത്തകരുണ്ടായിരുന്നു. ഇന്ന് അതിനൊന്നും ആര്‍ക്കും സമയമില്ലാത്ത അവസ്ഥയാണ്.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അനുഭവിച്ച ചില സുഹൃത്തുക്കള്‍ ഉയരങ്ങളിലെത്തിപ്പെട്ടപ്പോള്‍ പ്രതികരിച്ച രീതിയും ഓര്‍മവരുന്നു. എന്റെ നാട്ടുകാരനായ ഒരു ദളിത് ചെറുപ്പക്കാരന്‍ അക്കാലത്ത് ബി.കോം പാസായി. അന്ന് അവന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ലഭിച്ചു. അവനെയും അവന്റെ രക്ഷിതാക്കളെയും ആട്ടി അകറ്റിയ വികാരം അവന്റെ മനസിനകത്തുണ്ട്. ജോലി ലഭിച്ച് കുറച്ചുവര്‍ഷം കഴിഞ്ഞു. അവന്‍ വിവാഹം ചെയ്തത് ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ഒരു സ്ത്രീയെയാണ്.

വിവാഹമൊക്കെ കഴിഞ്ഞതിന് ശേഷമാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. തന്റെ വിഭാഗത്തില്‍ പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്ത് അവരെ ഉയര്‍ത്തിക്കൊണ്ടുവരികയല്ലേ ചെയ്യേണ്ടിയിരുന്നത് എന്ന എന്റെ നിര്‍ദേശത്തിന് അവന്റെ മറുപടി ഇങ്ങിനെയായിരുന്നു. 'ഒരു ബ്രാഹ്മണന്റെ വീടിന്റെ അരികത്തുകൂടിയോ അവരുടെ സമീപത്തുകൂടിയോ പോകാന്‍ ഞങ്ങള്‍ക്ക് വിലക്കായിരുന്നില്ലേ? ഇപ്പോള്‍ ആ കൂട്ടത്തില്‍ പെട്ട ഒരു സ്ത്രീ എന്റെയടുത്ത് കിടക്കുകയാണ്' ഇതൊരു പ്രതികാരമാണ് മാഷെ...

എന്റെ ഒപ്പം ജോലി ചെയ്ത ഒരു ദളിത് സുഹൃത്തുണ്ടായിരുന്നു. ഒരു വകുപ്പിന്റെ ജില്ലാതല ഓഫീസറായിട്ടാണ് അദ്ദേഹം വിരമിച്ചത്. അദ്ദേഹം പഠിക്കുന്ന കാലത്തൊക്കെ വലിയവന്മാര് എല്ലാത്തിനും ചീത്ത വിളിക്കും. ആ ദേഷ്യം മനസില്‍ വെച്ച് ഓഫീസില്‍ വന്ന് തിരിച്ചു പോയ മാന്യന്മാരായ വ്യക്തികളെ അദ്ദേഹം പരിചയപ്പെടുത്തിത്തരിക ഇങ്ങിനെയാണ് ആ.............. ന്റെ മോന്‍ എന്നാണ്. ഉള്ളിലൊതുക്കിയ വികാരം അണപൊട്ടിപോവുന്നതാവും അത് എന്ന് ഞങ്ങള്‍ കരുതും.

ഇതൊക്കെ കഴിഞ്ഞകാര്യം, ഇപ്പോഴിതാ പേരാമ്പ്ര ഗവ. എല്‍.പി സ്‌കൂളിലെ ദളിത് കുട്ടികളെ മറ്റ് കുട്ടികള്‍ ജാതി പറഞ്ഞ് കളിയാക്കുന്നു. പണ്ടൊക്കെ ഞങ്ങള്‍ ഇത് അനുഭവിച്ചതാണ്. ഇന്നും അത് തന്നെ തുടരുന്നു. രജിസ്റ്റ്രേഷന്‍ ഐ.ജി ആയിരുന്ന രാമകൃഷ്ണന്‍ സര്‍വീസില്‍ നിന്നും വിരമിച്ച ദിവസം രാത്രി അദ്ദേഹം ഉപയോഗിച്ച ഓഫീസ് മുറിയും ഔദ്യോഗിക വാഹനവും ചാണകവെള്ളം തളിച്ചുവൃത്തിയാക്കി ! പഠിപ്പുള്ളവരുടെ മനോഭാവം നോക്കൂ...

ജാതിയും, ജാതീയതയും, അയിത്തവും ഇനിയും വര്‍ധിച്ചുവരാനാണ് സാധ്യത. അതില്ലാതാവാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളു. പഠിക്കുകയും ഉയരുകയും ചെയ്യുക. ഔദ്യോഗിക രംഗങ്ങളിലും, ഭരണരംഗങ്ങളിലും എത്തിപ്പെടുക. അതുമല്ലെങ്കില്‍ ശക്തമായ തിരിച്ചടിക്ക് തയ്യാറാവുക. എല്ലായിടത്തും കയറിച്ചെല്ലുക, ഏത് വലിയവന്റെ വീട്ടിലും കയറിയിരിക്കണം. വൈവാഹിക ബന്ധങ്ങളില്‍ കരുതിക്കൂട്ടി ഏര്‍പെടണം. ജാതിപ്പേരിലുള്ള വിദ്യാലയങ്ങള്‍ മാറ്റണം. വിപ്ലവകരമായ സമീപനം ദളിത് വിഭാഗങ്ങള്‍ എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തപ്പെടുന്നവരുടെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടത്...


Keywords : Kookanam-Rahman, Article, School, Students, Teacher, Food, Government. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia