city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപൂര്‍വ്വ വ്യക്തിത്വമുള്ള സുലൈമാനിച്ച

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 10.06.2016) പത്തെഴുപത് കൊല്ലം മുമ്പ് ഗ്രാമതലത്തില്‍ കുഞ്ഞുങ്ങളെ പഠനത്തിന് പറഞ്ഞയക്കല്‍ അപൂര്‍വ്വമായിരുന്നു. അതുമൂലം ബുദ്ധി വൈഭവമുള്ള കുട്ടികള്‍ക്ക് അവരുടെ കഴിവ് വെളിവാക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നു. എങ്കിലും ജീവിത പ്രയാണത്തില്‍ അവരുടെ ശേഷികള്‍ ആവും വിധം പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള ത്രാണി അവര്‍ പ്രകടിപ്പിച്ചിരുന്നു.

ആ ഗ്രൂപ്പില്‍പ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു ഇക്കഴിഞ്ഞ മെയ് 22 ന് അന്തരിച്ച എന്റെ മാമന്‍ സുലൈമാനിച്ച. ആ കാലത്ത് പ്രൈമറി സ്‌കൂളിലെ രണ്ടാ ക്ലാസില്‍ നിന്ന് കൊഴിഞ്ഞു പോയ വ്യക്തിയാണദ്ദേഹം. അന്ന് പഠിച്ച അക്ഷരജ്ഞാനം കൈമുതലാക്കി ജീവിതത്തിലുണ്ടായ കയ്‌പ്പേറിയ അനുഭവങ്ങളെ നാടന്‍ പാട്ട് രൂപത്തില്‍ കോര്‍ത്തിണക്കാനുള്ള കഴിവ് പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. ദേശമിത്രം, ദേശാഭിമാനി, മാതൃഭൂമി തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലും നിരവധി പ്രാദേശിക പത്രങ്ങളിലും സുലൈമാന്‍ കൂക്കാനത്തിന്റെ നാടന്‍ പാട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അദ്ദേഹം നാടന്‍ ശൈലിയില്‍ എഴുതിയ ഒരു കത്ത് പാട്ടിന്റെ വരികള്‍ വളരെ ചെറിയ കുട്ടിയായിരുന്ന ഞാന്‍ കേട്ടു പഠിച്ചത് ഇന്നും ഓര്‍മ്മിക്കുന്നു. നിത്യരോഗിയായ എന്റെ ഉമ്മയ്ക്ക് എന്നും മരുന്നു കുത്തിവെക്കാനും, മരുന്ന് നല്‍കുവാനും സഹായിച്ചു കൊണ്ടിരുന്ന കരിവെള്ളൂര്‍ ഗവ: ആശുപത്രിയിലെ തിരുവന്തപുരത്തുകാരനായ ഒരു രാജന്‍ കംപൗണ്ടര്‍ ആശുപത്രിയില്‍ നിന്ന് യാത്രയായപ്പോള്‍ അദ്ദേഹത്തിനയച്ച കത്തിലെ ആദ്യ വരി ഇങ്ങനെയായിരുന്നു.

'എനിക്കേറ്റം പ്രിയപ്പെട്ട രാജനേട്ടനറിയുവാന്‍
സാധുവാമീ സോദരന്‍ ഞാനെഴുതിടുന്നു....'

സാങ്കേതിക വിദ്യയില്‍ ഒരു പരിജ്ഞാനവും ഇല്ലാത്ത ഇദ്ദേഹം സ്വപ്രയത്‌നവും ഭാവനയും കൊണ്ട് പല ഉപകരണങ്ങളുടെയും കേടുപാടുകള്‍ തീര്‍ക്കുവാനും സമര്‍ത്ഥനായിരുന്നു. ഗ്രാമവാസികളില്‍ പലരും അവരുപയോഗിക്കുന്ന ടോര്‍ച്ച്, റേഡിയോ, സൈക്കിള്‍ തുടങ്ങിയവയ്ക്ക് കേട് സംഭവിച്ചാല്‍ സുലൈമാനിച്ചാനെ തേടിയെത്തും. പല ടെക്‌നീഷ്യന്മാരും ശ്രമിച്ച് പരാചയപ്പെട്ട ഉപകരണങ്ങള്‍ പോലും ഇദ്ദേഹം ശരിയാക്കി കൊടുക്കും. വാട്ടര്‍ ടാങ്കില്‍ വെള്ളം എത്ര കയറി എന്ന് പുറത്ത് നിന്ന് വീക്ഷിക്കുവാനുള്ള ഒരു ഗ്രാമീണ കണ്ടുപിടുത്തവും ഇദ്ദേഹം നടത്തിയത് പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമത്തിലെ ആദ്യ സൈക്കിളിന്റെ ഉടമയായിരുന്നു അദ്ദേഹം. ക്രമേണ ഗ്രാമീണരില്‍ പലരും സൈക്കിളുകള്‍ സ്വന്തമാക്കിയപ്പോള്‍ അതിന്റെ റിപ്പയര്‍ ചുമതലയും സുലൈമാനിച്ച ഏറ്റെടുത്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം പറ്റാതെയുള്ള സേവനമാണ് സുലൈമാനിച്ചാനെ നാട്ടുകാര്‍ക്ക് പ്രിയങ്കരനാക്കിയത്.

അണ്ണാര്‍ക്കണ്ണന്‍, അരിപ്രാവ്, തത്ത തുടങ്ങിയ ജീവജാലങ്ങളെ മെരുക്കിയെടുത്ത് സ്വന്തം കൂട്ടുകാരാക്കുന്നതിന് വൈഭവമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഇത്തരം ജീവികളെ കിട്ടികഴിഞ്ഞാല്‍ അവയെ സ്‌നേഹപൂര്‍വ്വം പരിചരിച്ച് പ്രത്യേകം, പ്രത്യേകം പേരു നല്‍കി ഓമനിച്ച് വളര്‍ത്തും. അവയെ സ്വതന്ത്രമാക്കി വിട്ടാല്‍ പലപ്പോഴും തിരിച്ചു പോവാതെ ഇദ്ദേഹത്തിന്റെ കൈകളിലേക്ക് പ്രാവും, അണ്ണാര്‍ക്കണ്ണനും, തത്തയും വന്നിരിക്കുന്നത് ഇപ്പോഴും അദ്ഭുതത്തോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്.

മരണത്തോടടുത്ത കാലത്തു പോലും രണ്ട് കിളികളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ അദ്ദേഹം പരിചരിച്ചിരുന്നു. അദ്ദേഹത്തെ രാവിലെ എഴുന്നേല്‍പ്പിക്കുന്നത് ആ കിളികളായിരുന്നു. ജനല്‍ ഗ്ലാസിന് കൊക്കുകള്‍ കൊണ്ട് കൊത്തി ശബ്ദമുണ്ടാക്കിയാണ് ഉറക്കമുണര്‍ത്തുക സുലൈമാനിച്ച കിടയ്ക്കക്കരികില്‍ കരുതിയ ധാന്യപ്പൊതി തുറന്ന് ഉള്ളം കൈയില്‍ വെച്ചുകൊടുക്കും അതും തിന്ന് മുറ്റത്ത് അവര്‍ക്കായി കരുതിയ കുടിവെള്ളം കുടിച്ച് പറന്നുപോകും

അദ്ദേഹത്തിന്റെ മൃതദേഹം കുളിപ്പിച്ചുകൊണ്ടിക്കുമ്പോള്‍ അടുത്ത മരക്കൊമ്പിലിരുന്ന് കിളികള്‍ കരയുന്നത് ഞാന്‍ ശ്രദ്ധിച്ചു. മനുഷ്യനെക്കാള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു കിളികള്‍. മരണപ്പെടുന്നതിന്റെ അവസാന നാളുകളില്‍ പോലും വീട്ടുമുറ്റത്തെ അലംകൃതമാക്കാന്‍ വൈവിധ്യമാര്‍ന്ന പൂച്ചെടികളും ഔഷധ സസ്യങ്ങളും നട്ടുവളര്‍ത്തി പരിപാലിക്കുന്നതില്‍ അതീവശ്രദ്ധാലുവായിരുന്നു. പ്രകൃതി സ്‌നേഹിയായ ഈ മനുഷ്യന്‍ കുന്നിടിക്കുന്നതിനും, തോടും, പുഴയും വറ്റി വരണ്ടതിനും കാരണക്കാരായ മനുഷ്യരെ അതി കഠോരമായ ഭാഷയില്‍ വിമര്‍ശിച്ചും തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. ഈ നാടന്‍ പാട്ടുകളും, കവിതകളും സമാഹരിച്ച് ഒരു പുസ്തകമാക്കണമെന്ന തന്റെ ആഗ്രഹം സഫലീകരിക്കാതെയാണ് സുലൈമാനിച്ച ഈ ലോകത്തോട് വിടപറഞ്ഞത്.

ദരിദ്ര കുടുംബത്തില്‍ പിറന്ന സുലൈമാനിച്ച കൂക്കാനത്ത് തുടങ്ങിയ ചെറിയ കച്ചവടത്തിലൂടെയാണ് മുന്നോട്ട് നീങ്ങിയത്. ഉണ്ടാക്കുന്നതൊന്നും നാളേക്ക് സൂക്ഷിച്ച് വെക്കുന്ന ഏര്‍പ്പാട് അദ്ദേഹത്തിന് ഹിതമായിരുന്നില്ല. കൂക്കാനം ഗവ: യുപിസ്‌കൂള്‍ അനുവദിച്ചപ്പോള്‍ (1962) സ്‌കൂള്‍ കെട്ടിടം നാട്ടുകാരുടെ സംഭാവനയായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. അതിനു നാട്ടുകാരുടെ യോഗം നടന്നത് സുലൈമാനിച്ചയുടെ പീടികയിലാണ്. പണവും, പ്രതാപവുമുള്ള ഗ്രാമമുഖ്യന്മാര്‍ ആ യോഗത്തില്‍ ഉണ്ടായിട്ടും ആദ്യ സംഭാവന 100 രുപ പ്രഖ്യാപിച്ചത് സുലൈമാനിച്ചയാണ്. അതേ തുടര്‍ന്നാണ് മറ്റുള്ളവരും സംഭാവന വാഗ്ദാനം ചെയ്തത്.

ശീട്ടുകളിയില്‍ അതീവ തല്‍പരനാണ് സുലൈമാനിച്ച. വഴിവക്കിലെ തണല്‍മരത്തിന് ചുറ്റുമിരുന്ന് പൊക്കേട്ടന്‍, വെളുത്തമ്പുവേട്ടന്‍, ചെറിയമ്പു, കുഞ്ഞിക്കണ്ണന്‍ എന്നിവരൊപ്പം സുലൈമാനിച്ചയും പണം വെച്ച് കളിക്കുന്നത് എന്റെ കുട്ടിക്കാല ഓര്‍മ്മയില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്നു. ഈ കളിയില്‍ പണം നഷ്ടമാകുന്നതൊന്നും ഇച്ചയ്ക്ക് പ്രശ്‌നമല്ല. ഇതില്‍ മനം നൊന്ത് നടക്കാന്‍ വയ്യാത്ത എന്റെ ഉമ്മാമ ശീട്ടു കളിക്കുന്ന സ്ഥലത്തെത്തി ഉപദേശിച്ചത് ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു.

'മോനെ ഈ ബഅ്‌സ് കെട്ട കളി മതിയാക്കി പീടിക ശ്രദ്ധിക്ക്' അതിനു മറുപടിയായി ഇച്ച പറഞ്ഞത് ഇങ്ങനെ

'ഉമ്മ മ്ണ്ടാണ്ട് പോ, ഞാന്‍ വരുമ്പോ ഒന്നും കൊണ്ടു വന്നില്ല, പോകുമ്പോ ഒന്നും കൊണ്ടു പോകുന്നുമില്ല.'

ഈ പ്രസ്താവന ശരിയാണെന്ന് അദ്ദേഹത്തിന്റെ ജീവിതം നോക്കിക്കണ്ട എനിക്ക് തിരിച്ചറിയുവാന്‍ കഴിഞ്ഞു. കച്ചവടം വഴി സാമ്പത്തികമായ ഉന്നമനം ഉണ്ടായി. അതൊക്കെ ക്രമേണ ക്രമേണ ഇല്ലാതായി. ജീവിതം ഒരു ചെറിയ കൂരയിലേക്കൊതുങ്ങി. വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചത് സുലൈമാനിച്ച ഒറ്റക്കായിരുന്നു. 14 കോലില്‍ വെള്ളം കാണുന്നതുവരകെ വിശ്രമമില്ലാതെ കുഴിച്ച കിണര്‍ ഈ കൊടും വേനലിലും വറ്റാതെ നില്‍ക്കുന്നു. 'സുലൈമാനിച്ചാന്റെ കിണറുപോലെ' എന്ന് ആള്‍ക്കാര്‍ പറയാറുണ്ട്.
ഇന്ന് ഒരു മകള്‍ യു എസ് എയിലാണ്. മകന്‍ ഗള്‍ഫിലും. ഒരു മകള്‍ നാട്ടിലുണ്ട്. ഇവരുടെയൊക്കെ ശ്രമഫലമായി ചെറിയ വീടിന്റെ സ്ഥാനത്ത് നല്ലൊരു വീടുണ്ടായി. അതില്‍ കിടന്ന് മരിക്കാനുള്ള ഭാഗ്യം ഈ വിശാല മനസിന്റെ ഉടമയ്ക്കുണ്ടായി. അദ്ദേഹം പറഞ്ഞ പോലെ ആറടി മണ്ണിലേക്ക് മൃത ശരീരം താഴ്ത്തി വെക്കുമ്പോള്‍ ഒന്നും കൊണ്ടു പോകാതെയാണ് പോയത്.

കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചു വളര്‍ന്നത്. 1957 മുതല്‍ പാര്‍ട്ടി വളണ്ടിയറായി ചുവന്ന ഷര്‍ട്ടും, കാക്കി ട്രൗസറുമിട്ട് ജാഥ നയിക്കുന്നത് എന്റെ ഓര്‍മ്മയിലുണ്ട്. ഇലക്ഷന്‍ വരുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മെഗാഫോണിലൂടെ വോട്ടഭ്യര്‍ത്ഥിക്കുന്നതും, തെരഞ്ഞെടുപ്പ് അടയാളം മാലോകരെ അറിയിക്കുന്നതിന് അടയാളം വരച്ചുവെച്ച ഒരു പെട്ടിയില്‍ ബാറ്ററി ഉപയോഗിച്ച് ബള്‍ബ് കത്തിച്ച് വൃക്ഷത്തലപ്പുകളില്‍ കെട്ടിവെച്ചതും ഓര്‍മ്മിക്കുമ്പോള്‍ എന്റെ കുട്ടിക്കാലത്തേക്ക് മനസ് പായുകയാണ്.

ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പടപൊരുതിയ സുലൈമാനിച്ച നാട്ടുകാര്‍ക്കൊരു കൗതുകമായിരുന്നു. ജനിച്ചത് ഇവിടെ അല്ലായിരുന്നുവെങ്കില്‍ ശാസ്ത്ര സാങ്കേതിക വിദ്യയിലും മറ്റും ഉയര്‍ന്ന സ്ഥാനമലങ്കരിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരിക്കാം എന്ന് വിശ്വസിച്ചു പോകുന്നു.

അപൂര്‍വ്വ വ്യക്തിത്വമുള്ള സുലൈമാനിച്ച

Keywords:  Article, Kookanam Rahman, Deshabimani, School, Water, Repairing, Cycle, Life, Reality, Birds.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia