അന്താരാഷ്ട്ര കരാട്ടേയ്ക്ക് ഇനി കാസര്‍കോടന്‍ ടച്ച്
Oct 28, 2011, 10:59 IST
കാസര്‍കോട്ടെ കരാട്ടേ സെന്റര്‍ ഉദ്ഘാടനത്തിനെത്തിയ സെബുക്കാന്‍ കരാട്ടേ പരിശീലകരായ സെന്‍സി ജലീല്‍, സെന്‍സി നജീം, സെന്‍സി രത്‌നപാല, സെന്‍സി ഇഖ്ബാല്‍ എന്നിവരോടൊപ്പം ലേഖകന്‍. |
സെന്‍സീ രത്‌നപാല
അഭിമുഖത്തില്‍ നിന്ന്
സ്‌പോര്‍ട്‌സ് സംസ്‌കാരം എന്ന വാക്കിനെക്കുറിച്ച് ?
തമിഴ്‌നാടിനേക്കാള്‍ കേരളീയര്‍ക്കാണ് കായിക അവബോധം കൂടുതല്‍. മാനസികവും കായികവുമായ ആരോഗ്യം വേണമെന്ന നിഷ്‌കര്‍ഷ മലയാളികള്‍ക്കാണ്. കളരി. ഗുസ്തി തുടങ്ങിയ ആയോധന കലകള്‍ ഇവിടെ പ്രചാരത്തിലുണ്ട്. ആത്മരക്ഷയ്ക്കു വേണ്ടി കായിക പരിശീലനം നടത്തുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രാചീനകാലം തൊട്ടേയുണ്ടായിരുന്നു.
കരാട്ടെ പരിശീലനം വ്യക്തിയെ എങ്ങനെ മാറ്റും ?
അച്ചടക്കം, ഏകാഗ്രത, രോഗപ്രതിരോധശേഷി എന്നിവ കരാട്ടെ പരിശീലനം വഴി ആര്‍ജ്ജിക്കാവുന്ന ഗുണങ്ങളാണ്. കരാട്ടെ പരിശീലനം ആരംഭിക്കുന്നതും അവസാനിക്കുന്നതും പരസ്പരം വണങ്ങിക്കൊണ്ടാണ്. പരസ്പര ബഹുമാനം എന്ന ആശയം ഇവിടെ പ്രാവര്‍ത്തികമാകുന്നു. ഈ ശീലം നിത്യ ജീവിതത്തിലും പ്രകടമാകുന്നു.
കരാട്ടെ എന്നാല്‍ ആള്‍ക്കാരെ ആക്രമിക്കാന്‍ എന്ന ധാരണയുണ്ട് ?
അത് തെറ്റായ ധാരണയാണ്. ആത്മരക്ഷയ്ക്കുള്ള പരിശീലനം മാത്രമാണ് കരാട്ടെ കൊണ്ട് ഉദ്ദേശിക്കുന്നത്. ബോക്‌സിംഗിലേതു പോലെ അക്രമണ വാസന ഇവിടെയില്ല. എതിരാളികളെ അടിച്ചു വീഴ്ത്തുക കരാട്ടെയുടെ രീതിയല്ല.
കരാട്ടെ പരിശീലനത്തില്‍ വെയിറ്റ് പ്രാക്റ്റീസ് ഉണ്ടോ ?
ചെറിയ തോതില്‍ ഉണ്ട്. ബഞ്ച് പ്രസ്, സ്‌ക്വാട്ട് എന്നിവ ചെയ്യും. മിനിമം വെയിറ്റില്‍ പരമാവധി എണ്ണം എന്നതാണ് ഞങ്ങളുടെ രീതി. യോഗയുമായി ബന്ധപ്പെട്ട വ്യായാമങ്ങളും ചെയ്യും. ശ്വാസ ക്രമീകരണത്തിനായി ഡഞ്ചിന്‍ പതാ എന്ന വ്യായാമ മുറയുണ്ട്.
കരാട്ടെ പരിശീലനം സിനിമാ പ്രവേശത്തിനുള്ള വഴിയായി പലരും കാണുന്നു ?
ശരിയാണ്. 1975ല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ എന്റര്‍ ദ ഡ്രാഗണ്‍ എന്ന സിനിമയിലൂടെയാണ് കരാട്ടെയെ മലയാളി അറിയുന്നത്. കരാട്ടെയെ പ്രചാരത്തിലാക്കുന്നതില്‍ സിനിമ വ്യാപകമായി സഹായിച്ചിട്ടുണ്ട്.
സെന്‍സീ ഇഖ്ബാല്‍
(യു.എ.ഇ ചീഫ് ഇന്‍സ്ട്രക്ടര്‍)
അഭിമുഖത്തില്‍ നിന്ന്
കരാട്ടെ പരിശീലനം വഴി വ്യക്തിക്ക് ലഭിക്കുന്ന ഗുണങ്ങള്‍ ?
അവര്‍ ആരോഗ്യവാന്മാരും ഉത്സാഹികളുമായി മാറും. ഏത് മേഖലയില്‍ ചെന്നാലും അവര്‍ വിജയിക്കും.
വ്യക്തികള്‍ വ്യത്യസ്തരാണ്. പരിശീലനം വ്യത്യസ്തമാക്കാറുണ്ടോ ?
ശാരീരികമായി മുന്നോക്കം നില്‍ക്കുന്നവരും പിന്നോക്കം നില്‍ക്കുന്നവരുമുണ്ട്. അതു പോലെ അക്രമണ വാസന കൂടിയവരുമുണ്ട്. ഇവരെ മനസ്സിലാക്കി അവര്‍ക്കനുസരിച്ച് പരിശീലനം നല്‍കണം. കരാട്ടെ പഠനത്തിന്റെ അവസാനം എല്ലാവരും ആരോഗ്യവാന്മാരും ശാന്തസ്വഭാവികളുമാകുന്നു.
കരാട്ടെയിലെ റെക്കഗ്നീഷന്‍ ?
വൈറ്റ് ബെല്‍ട്ടില്‍ തുടക്കം. പിന്നീട് യെല്ലോ, ഓറഞ്ച്, ബ്ലൂ, പര്‍പ്പിള്‍, ഗ്രീന്‍, ബ്രൗണ്‍, ബ്ലാക്ക്. ബ്ലാക്ക് ബല്‍റ്റ് 10 ഡാന്‍ വരെയുണ്ട്. സെബുക്കാന്‍ സ്റ്റൈലില്‍ ലോകത്ത് ആകെ 30 പേരാണ് ബ്ലാക്ക് ബെല്‍റ്റ് 10 ഡാന്‍ ആയിട്ടുള്ളത്. ഇതില്‍ 90 ശതമാനവും ജപ്പാന്‍കാരാണ്.
യു.എ.ഇയിലെ ശിഷ്യര്‍ ?
ഇന്ത്യ, അറബ്, അമേരിക്ക, ആഫ്രിക്ക എന്നിങ്ങനെ വ്യത്യസ്തരായ വ്യക്തികള്‍. കൂട്ടത്തില്‍ പെണ്‍കുട്ടികളുമുണ്ട്. രക്ഷിതാക്കള്‍ക്ക് മക്കള്‍ കരാട്ടെ പഠിക്കണമെന്ന ആഗ്രഹമുണ്ട് എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.
കളരിയില്‍ നിന്നും കരാട്ടെ എങ്ങനെ വ്യത്യാസപ്പെടുന്നു ?
ബ്ലോക്ക് ആന്റ് അറ്റാക്ക്, രണ്ടിലും പ്രാമുഖ്യം ഇതിനാണ്. കരാട്ടെയില്‍ ബ്ലോക്ക് കൂടുതലാണ്. കളരിയില്‍ ആക്രമണം കൂടുതലും. കളരി മെയ്‌വഴക്കത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കരാട്ടെ ബലത്തിനും വേഗത്തിനും പ്രാധാന്യം കൊടുക്കുന്നു.
-കെ. പ്രദീപ്
-കെ. പ്രദീപ്
Keywords: Article, K.Pradeep,Okinawan-seibukan-karate-centre