city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്ഷരാഭ്യാസമില്ലാത്ത ഉപ്പയാണ് അക്ഷരങ്ങളെ പ്രണയിക്കാൻ പഠിപ്പിച്ചത്

വൈ ഹനീഫ കുമ്പഡാജെ

(www.kasargodvartha.com 21.06.2020)ഇന്നലെ രാത്രി ഞാൻ ഉപ്പയെ വിളിച്ചിരുന്നു.
ഇന്ന് വീണ്ടും വിളിക്കണം നാളെയും അതുണ്ടായില്ലെങ്കിൽ
ഉപ്പ ഉമ്മയോട് നിരന്തരം ചോദിച്ചു കൊണ്ടേയിരിക്കും.
അവൻ വിളിച്ചില്ലേയെന്ന്..?

ഓർമ്മകൾക്ക് മരണം സംഭവിക്കുമ്പോഴാണ് ഒരാൾ
സ്വാർത്ഥതയിലേക്ക് ഉൾവലിയുന്നത്.
നമുക്ക് വേണ്ടി ഉപ്പ കൊണ്ട വെയിലിനെ കുറിച്ചോർക്കണം.
ഉപ്പയുടെ ദേഹത്തിലൂടെ ഒലിച്ചു പോയ വിയർപ്പ് തുള്ളികൾക്ക് മുന്നിൽ കടൽ തിരമാല പോലും തോറ്റുപോയിരിക്കും.
ഉപ്പ നടന്ന വഴികളിലേക്ക് പലപ്പോഴും ഉമ്മ കൈ പിടിച്ചു പോകാറുണ്ട്. ആ ഓർമ്മകളെ ഉമ്മ വീണ്ടും വീണ്ടും മനസ്സിൽ ഉറപ്പിക്കുന്നത് ഉപ്പയെ മറക്കരുതെന്ന് ഉണർത്താനായിരിക്കണം. എവിടെയൊക്കെയോ ഉപ്പ കാണിച്ച ആത്മ ധൈര്യത്തിന്റെ പല ഓർമ്മകളും മനസ്സിലോടുന്നുണ്ട്.

ഉമ്മയെ പോലെ തന്നെ ജൈവ ശാസ്ത്രപരവും സാമൂഹികവും
നിയമപരവുമായി ഉപ്പക്കും മക്കളുമായി ബന്ധമുണ്ടെന്ന് പലരും മറന്നു പോവുന്നു. ഉമ്മയെ കുറിച്ച് ഒരുപാട് പറയും,എഴുതും. പക്ഷെ ഉപ്പയെ എഴുതാൻ പലർക്കും സമയമില്ലാതെയാവുന്നു. ചരിത്ര പരമായി കുട്ടികളുടെ പൈതൃകത്തിന്റെ അടിസ്ഥാനത്തിലാണ് പിതൃത്വം നിർണ്ണയിക്കപ്പെട്ടിരുന്നത്. പൈതൃകത്തിന്റെ തെളിവ് കണ്ടെത്താൻ ചില സാമൂഹിക നിയമങ്ങൾ പണ്ട് കാലം മുതൽക്കു തന്നെ സമൂഹത്തിൽ നടപ്പാക്കിയിട്ടുണ്ട്. മാതാവിന്റെ ഭർത്താവിനെ പിതാവെന്ന് വിളിക്കുന്നത് ഇത്തരം നിയമങ്ങളുടെ ബലത്തിലാണ്. സമൂഹത്തിലെ പ്രത്യുത്പാദനത്തിനു കാരണമാകുന്ന പുരുഷ ദാതാവിനെ ഉപ്പ അല്ലെങ്കിൽ അച്ഛൻ എന്ന് പറയുന്നു. അച്ഛന്റെ അല്ലെങ്കിൽ ഉപ്പയുടെ സ്ത്രീലിംഗമാണ് 'അമ്മ യും ഉമ്മയും.
അക്ഷരാഭ്യാസമില്ലാത്ത ഉപ്പയാണ് അക്ഷരങ്ങളെ പ്രണയിക്കാൻ പഠിപ്പിച്ചത്

മഴക്കാലം വേനൽ കാലത്തേക്ക് മാറുമ്പോൾ തോടുകൾ വറ്റി തുടങ്ങും. പല സ്ഥലങ്ങളിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ നല്ല മീനുകൾ ഉണ്ടാവും. അത് പിടിക്കാൻ വലിയവർ വലിയ വലിയ വലയിടും. കുട്ടികൾ ഉമ്മയുടെ തലയിലെ ഷാളോ മറ്റോ കൊണ്ട് പോയി മീനിനായി വല പിടിക്കും.
അതൊരു കുസൃതി കാലം.. ഓർക്കാൻ സുഖമുള്ള നല്ല കാലം.
കണ്ണി മാങ്ങക്ക് കല്ലെറിഞ്ഞ, കണ്ണൻ ചിരട്ടയിൽ മണ്ണപ്പം ചുട്ട് കളിച്ച നല്ല കാലത്തെ മൊബൈൽ ഗെയിമിൽ മസ്തിഷ്‌കം പണയം വെച്ച പുതിയ കാലത്തെ കൂട്ടുകാരോട് പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല. 

തോട്ടിൽ നിന്നും മീൻ പിടിച്ചു വീട്ടിലേക്ക് വരുന്ന വഴിയാണ്
ഉപ്പ വലിയൊരു ആക്സിഡന്റിൽ പെടുന്നത്. പിന്നെ രണ്ട് മാസം ആശുപത്രിയിൽ. എത്ര വലിയ ദുരിതം പേറേണ്ടി വന്നാലും ഒരു ദിവസം പോലും സ്ക്കൂളിൽ പോവാതിരിക്കാൻ ഉപ്പ സമ്മതിക്കില്ലായിരുന്നു. അക്ഷരാഭ്യാസം തെല്ലുമില്ലാത്ത ഉപ്പാക്ക് നിർബന്ധമായിരുന്നു മക്കളെ നാലക്ഷരം പഠിപ്പിക്കണമെന്നത്. അതിനു വേണ്ടി അന്ന് ഉപ്പ ചെയ്ത ത്യാഗങ്ങൾ ഓർക്കുമ്പോൾ ജീവിത കാലം മുഴുവൻ ഉപ്പയെ തോളിൽ വെച്ച് നടന്നാലും മതിയാവില്ല.

ഒരു നേരത്തെ അരിക്ക് വകയുണ്ടാക്കാൻ അവർ നടന്ന വഴികളുടെ ഗത കാല ഓർമ്മകൾക്ക് മുന്നിൽ ഉപ്പ അൽഭുതമായിരുന്നു എന്നോർക്കാൻ പേരിനു മുന്നിൽ വലിയ വലിയ ബിരുദങ്ങൾ ആവശ്യമില്ല. നാളത്തെ അന്നത്തിനു വേണ്ടിയുള്ളത് കൊണ്ടുവരാൻ അതിരാവിലെ
വീട് വിട്ടിറങ്ങിയ ഉപ്പ പാതിരാവിൽ വീടണയും. അപ്പോഴേക്കും കുസൃതികളുടെ മാലപ്പടക്കങ്ങളൊക്കെ കഴിഞ്ഞു ഞങ്ങൾ ഓലപ്പായയിലേക്ക് കിടക്കാൻ പോയിരിക്കും. ഉപ്പ വന്ന ഉടനെ ഉമ്മയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. മരണം വരെ മറക്കാനാവാത്ത ആ ചോദ്യമാണ് ഉപ്പ ആരായിരുന്നു എന്ന് വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നത്.

ഹേയ്‌.. അവർ കഴിച്ചോ ?
വിയർത്തൊലിച്ചു, കാൽ മട്ട് വേദനിച്ചു, ചിലപ്പോൾ പൊള്ളുന്ന
വെയിലേറ്റ് തല പൊട്ടിത്തെറിക്കാൻ മാത്രം വേദന സഹിച്ചു
വീട്ടിലെത്തുന്ന ഉപ്പയോട് അവർ എല്ലാവരും കഴിച്ചാണ് കിടന്നതെന്ന ഉമ്മയുടെ മറുപടി മതി ഉപ്പയുടെ എല്ലാ സങ്കടങ്ങളും മാറാൻ. പിറ്റേ ദിവസവും അതി രാവിലെ പാറക്കല്ല് പൊട്ടിച്ചു നാളേക്കുള്ള അന്നത്തിനു വഴി കണ്ടെത്താൻ പോകുന്നതിനു മുന്നേ സ്‌കൂളിൽ പോവാനുള്ള പൈസയും മറ്റും അപ്പുറത്തെ ആരോടെങ്കിലും
കടം വാങ്ങിച്ചെങ്കിലും ഉമ്മയെ ഏൽപ്പിച്ചിട്ടുണ്ടാവും.
കുട്ടിക്കാലത്ത് പാഠശാലയിൽ പോകാൻ മടിച്ചിരുന്നതിനു മാത്രമാണ് ഉപ്പ എന്നെ ശകാരിച്ചത് ഓർമയിലുള്ളു.
അന്ന് ഉപ്പയോടൊപ്പം കൂലിപ്പണിക്ക് നമ്മളെയും കൈപിടിച്ചു
കൊണ്ട് പോയിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഒരു കീ ബോർഡ് ഞാൻ കാണില്ലായിരുന്നു. അന്നവർ ഒഴുക്കിയ വിയർപ്പിന് ഇന്നാണ് കസ്തുരിയുടെ ഗന്ധം കുറച്ചെങ്കിലും ആസ്വദിക്കുന്നത്.
ഉപ്പയെ കുറിച്ച് ഇന്നത്തെ ഒരു ദിവസം മാത്രം ഓർക്കണമെന്ന്
പറയുന്നത് എന്തൊരു മൗഢ്യമായ ചിന്തയാണ്...

ഉപ്പയുടെ ഗത കാല ജീവിത ഓർമ്മകൾ ഓരോ പ്രഭാതത്തിലും ഓർത്തെടുക്കണം. ഉറങ്ങാൻ കിടക്കുമ്പോഴും അവർ
നടന്നു തീർത്ത വഴിയമ്പലങ്ങളിലൂടെ ഒന്ന് സഞ്ചരിക്കണം.
ഉപ്പയുടെ കണ്ണ് നിറയേണ്ടത് നമ്മുടെ സ്നേഹവും കരുതലും കൊണ്ടാവണം. മക്കളുടെ വഴിവിട്ട ജീവിതത്തെ ഓർത്ത് പോലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടിവരുന്ന  പിതാവിനെ നമ്മളുണ്ടാക്കരുത്. കാലം നമ്മളെയും ഒരു പിതാവാക്കി മാറ്റും.
അന്ന് നമ്മുടെ മക്കൾ നമ്മുടേതായി മാറണമെങ്കിൽ
ഇന്ന് നമ്മുടെ ഉപ്പാക്ക് സ്വർഗ്ഗ ജീവിതം സമ്മാനിക്കാൻ നമുക്കാവണം. നമുക്ക് വേണ്ടി ഇന്നലെ വരെ ഉരുകി തീർന്ന ഉപ്പയെ ഇന്ന് നമുക്ക് നല്ലൊരു പീഠത്തിൽ കയറ്റിയിരുത്താം...



Keywords:  Article, My Father's Love

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia