പ്രതിസന്ധിയുടെ കാലത്തെ നെൽകൃഷിയിൽ അബ്ദുൽ ഖാദറിന്റെ പാടത്ത് നൂറ് മേനി
Oct 8, 2021, 14:32 IST
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.10.2021) പ്രതിസന്ധിയുടെ കാലത്ത് എല്ലാം അതിജീവിച്ച് അബ്ദുൽ ഖാദറിന്റെ പാടത്ത് വിളഞ്ഞത് നൂറുമേനി. ബളാൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കുഴിങ്ങാട്ടെ ടി അബ്ദുൽ ഖാദറിൻ്റെ ഒരേകെറോളം വരുന്ന പാടത്താണ് സമൃദ്ധിയുടെ പൊൻ കതിർ നൂറ് മേനി വിളഞ്ഞത്. കൊയ്ത്തുത്സവത്തിന് ആളും ആരവങ്ങളൊന്നുമില്ലെങ്കിലും പണിക്കാർക്കൊപ്പം പാടത്തിറങ്ങിയത് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു.
പാരമ്പര്യ കർഷകൻ കൂടിയാണ് അബ്ദുൽ ഖാദർ. ജനപ്രതിപ്രതിനിധിയെന്ന നിലയിലെ തിരക്കുകൾക്കിടയിലും ഈ പ്രതിസന്ധി കാലത്ത് കൃഷിക്കായി അദ്ദേഹം സമയം കണ്ടെത്തി. ശ്രേയസ് നെൽവിത്ത് ഉപയോഗിച്ചാണ് ഇക്കുറി കൃഷിയിറക്കിയത്. ഒരു കാലത്ത് ഹെക്ടർ കണക്കിന് നെൽവയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായത്തിൽ, ലാഭനഷ്ടങ്ങൾ കണക്കാക്കാതെ വർഷങ്ങളായി സ്ഥിരം നെൽകൃഷി ചെയ്യുന്ന ഏക കർഷകൻ കൂടിയാണ് അബ്ദുൽ ഖാദർ.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്റെ നെൽകൃഷിയുടെ കൊയ്ത്തുത്സവം വയലിൽ ഇറങ്ങി നെൽക്കതിർ കൊയ്തെടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. നെൽകൃഷി അന്യം നിന്ന് പോകുന്ന ബളാൽ പഞ്ചായത്തിൽ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്നും കൃഷിയെ നെഞ്ചോട് ചേർക്കുന്ന അബ്ദുൽ ഖാദറിനെ പോലെയുള്ളവർ മറ്റ് കർഷകർക്ക് മാതൃകയാണെന്ന് രാജു കട്ടക്കയം പറഞ്ഞു.
പാരമ്പര്യ നെൽകൃഷി രീതികൾ പിന്തുടർന്നു വന്നിരുന്ന അബ്‌ദുൽ ഖാദർ അടുത്ത കാലത്ത് യന്ത്രവൽകൃത കൃഷിരീതിയും പരീക്ഷിച്ചെങ്കിലും ഞാറ് നടുന്നതും വിള കൊയ്യുന്നതും, കറ്റ മെതിക്കുന്നതും എല്ലാം പരമ്പരാഗത രീതിയിൽ തന്നെയാണ്. സഹായത്തിനു മകൻ ഹൈദറും കൂടെയുണ്ട്.
തൊഴിലാളികളുടെ ലഭ്യതക്കുറവും, വന്യമൃഗങ്ങളുടെ ശല്യവും, കാലാവസ്ഥാ വ്യതിയാനവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ലാഭനഷ്ടങ്ങളുടെ കണക്ക് നോക്കാതെ കൃഷിയെന്ന സംസ്കാരത്തെ പുതുതലമുറയിലേക്ക് പകർന്ന് നൽകുകയെന്ന ഒറ്റ ലക്ഷ്യമാണ് തൻ്റെ കൃഷിക്ക് പിന്നിലെ പ്രചോദനമെന്ന് അബ്ദുൽ ഖാദർ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kasaragod, News, Kerala, Vellarikundu, Agriculture, Panchayath, Balal, President, Inauguration, Farmer, kasargod Vartha, Success story for Abdul Khadar in paddy cultivation.
< !- START disable copy paste -->