Agriculature | ആർക്കും വേണ്ടാതിരുന്ന പനങ്കുരുവിന് വൻ വില; കാസർകോടിന്റെ ഉൾഗ്രാമങ്ങളിൽ ഇപ്പോൾ താരം!
● പനങ്കുരു വിവിധ ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്നു
● വില വർധിച്ചതോടെ കർഷകർക്ക് വൻ ലാഭം
● വിപണി തിരിച്ചറിഞ്ഞവർ പലയിടങ്ങളിൽ വിളവെടുക്കുന്നുണ്ട്
കാസർകോട്: (KasargodVartha) ജില്ലയിലെ ഉൾഗ്രാമങ്ങളിൽ പനങ്കുരുവാണ് ഇപ്പോൾ താരം! ആനയ്ക്ക് തീറ്റയായി കൊടുക്കാനായി വെട്ടി ഉപേക്ഷിച്ചിരുന്ന പനങ്കുല ഇന്ന് വൻ സമ്പാദ്യം നേടിത്തരുന്ന ഇനമായി മാറിയിരിക്കുകയാണ്. വർഷങ്ങളായി ആർക്കും വേണ്ടാതെ കിടന്നിരുന്ന പനങ്കുരുവിനെ ഇപ്പോൾ പണം നൽകി വാങ്ങാൻ ഏജൻസികൾ ജില്ലയിലെത്തുന്നുണ്ട്.
വയനാട്ടിലെ തരുവണയിലുള്ള കേരളത്തിലെ ഏക സംസ്‌കരണ കേന്ദ്രത്തിലൂടെ കാസർകോട് നിന്ന് ഗുജറാത്ത്, തമിഴ്നാട്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പനങ്കുരു കയറ്റി അയക്കുന്നു. കേരളത്തിൽ നിരോധിച്ചിട്ടുള്ള പാൻ മസാല, ഗുട്ക തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളിൽ പനങ്കുരു ചേർക്കാറുണ്ട്. വിവിധ മരുന്നുകളുടെയും വസ്തുക്കളുടെയും നിർമാണത്തിന് ഇവ ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നു.
വെരുക് ഭക്ഷിക്കുന്ന പനങ്കുരു ആരും അത്ര ശ്രദ്ധിക്കാറില്ലായിരുന്നു. പച്ച കായ തൊട്ടാൽ ചൊറിച്ചിലും ഇതിൽ യക്ഷി ഉണ്ടാകും എന്നുള്ള പ്രചാരണവും മൂലം ആരും ഇതിന്റെ അടുക്കലേക്ക് അടുക്കാറില്ലായിരുന്നു. കാട് പിടിച്ച് ഉപയോഗശൂന്യമായ പറമ്പിലാണ് പ്രധാനമായും പന വളരുന്നത്. വീട് നിർമാണത്തിന് വ്യാപകമായി കരിമ്പന വെട്ടിമാറ്റുന്നത് കൊണ്ട് ചുരുങ്ങിയ പ്രദേശത്ത് മാത്രമേ മരം ഉള്ളൂ.
അടയ്ക്ക വില ഉയർന്നതോടെ ബദലായി പനങ്കുരു ഉപയോഗിച്ചു തുടങ്ങിയതാണ് മരപ്പട്ടിയുടെയും വവ്വാലിന്റെയും ആഹാരമായിരുന്ന പനങ്കുരുവിന് ആവശ്യക്കാരുണ്ടാകാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. പൊതു വിപണി ഇല്ലാത്തതിനാൽ പനങ്കുരുവിന്റെ യഥാർത്ഥ വില കർഷകർക്ക് അറിയുന്നില്ല. കിലോയ്ക്ക് 40 രൂപ വരെ ലഭിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇടനിലക്കാരുടെ ചൂഷണം, കർഷകർക്ക് യഥാർത്ഥ വില ലഭിക്കാത്തത് തുടങ്ങിയ പ്രശ്നങ്ങളും ഇതിനൊപ്പം നിലനിൽക്കുന്നുണ്ടെന്ന് ജില്ലയിൽ പനങ്കുരു ശേഖരിക്കുന്ന മൗവ്വലിലെ കരീം പറയുന്നു. വിപണി തിരിച്ചറിഞ്ഞ കർഷകർ പലയിടങ്ങളിൽ നിന്നും ഇപ്പോൾ പനങ്കുരു വിളവെടുക്കുന്നുണ്ട്.
#palmfruit #Kerala #agriculture #export #sustainabledevelopment #naturalproducts